ആറടിയിലധികം ഉയരം. ഒത്തശരീരം. നിഷ്കളങ്കമായ സംസാരം. ബിഗ് ബോസ് ആദ്യ സീസണിന്റെ ഇടയ്ക്കു വച്ചു വൈൽഡ് കാർഡ് എൻട്രിയായി കയറി വന്ന സുന്ദരനെക്കുറിച്ച് ആളുകളുടെ ആദ്യ ധാരണ ഇങ്ങനെയായിരുന്നു. പിന്നീട് അടുത്തറിഞ്ഞപ്പോൾ അവർക്ക് അവനോടുള്ള അടുപ്പം കൂടി. ഉമ്മയുടെ കൈപിടിച്ച് വേദനകളുടെ കനൽക്കാലം താണ്ടി ജീവിതത്തിലേക്ക് ചുവടുവച്ച ഷിയാസ് എന്ന ചെറുപ്പക്കാരനെ പ്രേക്ഷകരും ചേർത്തു പിടിച്ചു. പരിശ്രമത്തിലൂടെ ജീവിതത്തിൽ വിജയം സ്വന്തമാക്കാം എന്നു സ്വന്തം ജീവിതത്തിലൂടെ തെളിയിക്കുകയായിരുന്നു അവിടുന്ന് അവനങ്ങോട്ട്. നടന്, മോഡല്‍, ഫുട്ബോള്‍ പ്ലെയര്‍.. ഇപ്പോൾ വിശേഷണങ്ങൾ പലതാണ് അവന്. വിജയത്തിളക്കത്തിൽ നിൽക്കുമ്പോഴും നീന്തിക്കയറിയ സങ്കടക്കടൽ അവന്റെ മനസ്സിൽ ഇപ്പോഴും നിറഞ്ഞു നിൽക്കുന്നു. ആ കഥകൾ ‘വനിത ഓൺലൈനു’മായി പങ്കുവയ്ക്കുമ്പോൾ പലപ്പോഴും അവന്റെ കണ്ണുകൾ നിറഞ്ഞു. ‘ഇത്രകാലം ഇതൊന്നും ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല. ആരും എന്റെ ബാല്യത്തെക്കുറിച്ച് ചോദിച്ചിട്ടുമില്ല’ – തൊണ്ടയിടററി ഷിയാസ് പറഞ്ഞതും വേദനകളുടെയും അവഗണനകളുടെയും ആ കുട്ടിക്കാലത്തെക്കുറിച്ചു തന്നെയായിരുന്നു.
കഷ്ടപ്പാടിന്റെ ബാല്യം
പെരുമ്പാവൂരിനടുത്ത് വല്ലമാണ് എന്റെ നാട്. പത്താം ക്ലാസ് വരെ കുന്നുമ്മല്‍ സ്കൂളിലും പ്ലസ് ടൂ അകനാടിലുമാണ് പഠിച്ചത്. ഉമ്മ ഹാജിറ, അനിയന് നിബാസ്, അനിയത്തി ഷീബ, വല്യുമ്മ ഷെരീഫ എന്നിവരടങ്ങുന്നതാണ് കുടുംബം. ബാപ്പ കുടുംബം ശ്രദ്ധിക്കാതെ ഉത്തരവാദിത്വങ്ങളില്‍ നിന്നു മാറി നടന്നു. അതോടെ ഞങ്ങളുടെ ചുമതല മുഴുവൻ ഉമ്മയുടെ ചുമലിലായി. ഒരുപാട് കഷ്ടപ്പെട്ട് പല ജോലികളും ചെയ്താണ് ഉമ്മയും വല്യുമ്മയും ഞങ്ങളെ വളര്‍ത്തിയത്. ഞാന്‍ ബിഗ് ബോസില്‍ വരുന്ന കാലം വരെ ഉമ്മ പ്ലൈവുഡ് കമ്പനിയില്‍ ജോലിക്കു പോയിരുന്നു.

ഉമ്മയും വല്യുമ്മയും ആദ്യം ഇന്റര്‍ലോക്ക് കട്ടകള്‍ ഉണ്ടാക്കുന്ന കമ്പനിയിലായിരുന്നു. വീട്ടിലെ ജോലികളൊക്കെ തീർത്ത് പണിസ്ഥലത്തേക്കുള്ള ബസ് പിടിക്കാൻ ഓടുന്ന ഉമ്മയുടെയും വല്യുമ്മയുടെയും ചിത്രം ഇപ്പോഴും എന്റെ മനസ്സിലുണ്ട്. വൈകുന്നേരം സ്കൂള്‍ വിട്ടു വന്നാല്‍ ആറ് മണി വരെ ഞങ്ങള്‍ ഉമ്മയെയും വല്യുമ്മയെയും നോക്കിയിരിക്കും. അവര്‍ ഭക്ഷണം കൊണ്ടു വന്നിട്ടു വേണം കഴിക്കാന്‍. ഉച്ചയ്ക്ക് സ്കൂളില്‍ നിന്നു പയറും കഞ്ഞിയും കിട്ടും. കാശുള്ള വീട്ടിലെ കുട്ടികളുടെ പഴയ വസ്ത്രങ്ങളാണ് ഞങ്ങള്‍ ഉപയോഗിച്ചിരുന്നത്.

പണിയെടുത്ത് ജീവിതം
കുട്ടിക്കാലം മുതല്‍ ഞാന്‍ ജോലിക്ക് പോയിരുന്നു. കാറ്ററിങ്ങായിരുന്നു പ്രധാന വരുമാന മാര്‍ഗം. വെക്കേഷന് കാലത്ത് പെയന്റിങ്, പ്ലംബിങ്, വാര്‍ക്കപ്പണി അങ്ങനെ പല ജോലിക്കും പോകും. ഏഴാം ക്ലാസ് മുതല്‍ ഈ നിമിഷം വരെ എന്റെ കാര്യത്തിനുള്ള പണം ഞാൻ തന്നെ അധ്വാനിച്ചു കണ്ടെത്തുകയാണ് പതിവ്. വീട്ടിലെ ബുദ്ധിമുട്ടുകള്‍ അറിയാവുന്നതിനാല്‍ അവരെ ആശ്രയിച്ചിരുന്നില്ല. എന്നെക്കാള്‍ എട്ടു വയസ്സിന് ഇളയതാണ് അനിയന്. അനിയത്തി മൂന്ന് വയസ്സിനും. അവരൊക്കെ ചെറിയ കുഞ്ഞുങ്ങളായിരുന്നു. എനിക്ക് നല്ല പൊക്കമുള്ളതിനാല്‍ എന്തു ജോലിക്കും പോകാം. പ്രായം കുറവാണെന്നു തോന്നില്ല. എന്റെ സഹോദരങ്ങളെയും ഉമ്മയെയും വല്യുമ്മയെയുമൊക്കെ നന്നായി പരിപാലിക്കുക എന്നതായിരുന്നു വലിയ ആഗ്രഹം. ഇപ്പോള്‍ ഒരു കഷ്ടപ്പാടുമില്ലാതെ അതിനു സാധിക്കുന്നു. ആ കാലത്തിന്റെ വേദനകള്‍ മനസ്സില്‍ നിന്നു മായാത്തതിനാല്‍ കഷ്ടപ്പെടുന്നവരെ എന്നെക്കൊണ്ടാകും വിധം സഹായിക്കാന്‍ ഇപ്പോള്‍ ശ്രമിക്കാറുണ്ട്. അനിയത്തിയുടെ കല്യാണം കഴിഞ്ഞു. അളിയന് ഫൈസല്‍. രണ്ടു കുട്ടികളായി.

നാണക്കേടിന്റെ കാലം
സ്കൂളില്‍ പഠിക്കുമ്പോഴേ ആര്‍ട്സിലും സ്്പോര്ട്സിലുമൊക്കെ സജീവമായിരുന്നെങ്കിലും പഠിക്കാന്‍ പിന്നോട്ടായിരുന്നു. ഫുട്ബാളായിരുന്നു മറ്റൊരു പ്രധാന ഇഷ്ടം. നാഷനല്‍ സ്കൂള്‍ ടീമിനു വേണ്ടിയും യൂണിവേഴ്സിറ്റി ടീമിനു വേണ്ടിയും കളിച്ചിട്ടുണ്ട്. ഇപ്പോഴും കളി മുടക്കിയിട്ടില്ല. പെങ്ങളുടെ കല്യാണം നടത്താനായി വീട് വില്‍ക്കേണ്ടി വന്നു, 2010 ല്‍. അന്നു മുതല്‍ വാടക വീട്ടിലായിരുന്നു താമസം. ബിഗ് ബോസാണ് ബ്രേക്കായത്. ഇപ്പോൾ സ്വന്തമായി വീടും കാറുമൊക്കെ വാങ്ങി.

2008 ൽ ഡിണ്ഡിഗലിലെ ഗാന്ധിഗ്രാം യൂണിവേഴ്സിറ്റിയില്‍ ബാച്ച്ലര് ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ചെയ്യുമ്പോഴാണ് ബോഡി ബിൽഡിങ്ങില്‍ കൂടുതല്‍ ശ്രദ്ധിച്ചു തുടങ്ങിയത്. ഹോസ്റ്റലില്‍ ജിമ്മുണ്ടായിരുന്നു. അതിനിടെ, പെങ്ങളുടെ വിവാഹം കഴിഞ്ഞ്, ആദ്യത്തെ കുട്ടി ജനിച്ചതോടെ ബാപ്പ രണ്ടാമത് കല്യാണം കഴിച്ചു. ഇതോടെ നാട്ടുകാര്‍ കളിയാക്കാന്‍ തുടങ്ങി. മനസ്സ് തളര്‍ന്നു. സാമ്പത്തികമായും ബുദ്ധിമുട്ടിലായി. അങ്ങനെയാണ് ദിണ്ഡിഗലില്‍ നിന്നു തിരികെ വന്നത്.
നേട്ടങ്ങളുടെ ആദ്യ ചുവടുകള്‍
ആ സമയം മോഡലിങ്ങിലേക്ക് എത്തിപ്പെടാനുള്ള ഒരു സ്ട്രഗിളിങ് പിരീഡു കൂടിയായിരുന്നു. അവിടുന്നാണ് ഞാന്‍ അതിജീവിച്ചത്. ജിം, മ്യൂസിക്, ഫുട്ബോള്‍ എന്നിവയില്‍ ആഴത്തില്‍ മുഴുകി. അങ്ങനെയാണ് ഇപ്പോഴത്തെ ഷിയാസ് കരീം പരുവപ്പെട്ടതും ജീവിതം തിരികെപ്പിടിച്ചതും. 2010 മുതലാണ് മോഡലിങ്ങില്‍ സജീവമായത്. ഓഡിഷനിലൂടെയാണ് ആദ്യ അവസരം കിട്ടിയത്. ഇന്ത്യയ്ക്കകത്തും പുറത്തുമായി പല ബ്രാന്‍ഡുകള്‍ക്കും വേണ്ടി പ്രവര്‍ത്തിച്ചു. ഡാലു ശിവദാസ് ആണ് ഗുരു. ബിഗ് ബോസിനു ശേഷം, 2019 ല്‍ മിസ്റ്റര്‍ കേരള ബ്രാന്‍ഡ് അംബാസഡറായിരുന്നു. അതിനു മുമ്പേ ഇന്ത്യയെ പ്രതിനിധീകരിച്ച് യൂറോപ്പില്‍ വച്ച് നടന്ന മിസ്റ്റര്‍ ഗ്രാന്‍സി ഇന്റര്‍നാഷനല്‍ മോഡല്‍ ആയി പങ്കെടുത്തു.

ബിഗ് ബോസിലേക്ക്
ഞാന്‍ മമ്മൂക്കയുടെയും സല്മാന് ഖാന്റെയും കടുത്ത ആരാധകനാണ്. അങ്ങനെയാണ് ബിഗ് ബോസ് ശ്രദ്ധിച്ചു തുടങ്ങിയത്. ബോംബെയില്‍ വച്ച്, അവര്‍ സൗത്തില്‍ നിന്നൊരാളെ സെലക്ട് ചെയ്യുന്നുണ്ട് എന്നറിഞ്ഞ്, ഹിന്ദി ബിഗ് ബോസില്‍ പങ്കെടുക്കാന്‍ ശ്രമിച്ചിരുന്നു. അത് നടന്നില്ലെങ്കിലും അണിയറ പ്രവര്‍ത്തകരുമായി പരിചയത്തിലായി. അതു വഴിയാണ് മലയാളത്തില്‍ ഇന്റര്‍വ്യൂവിന് വിളിച്ചത്. ഒരാഴ്ച കഴിഞ്ഞ് അവര്‍ സെലക്ടായി എന്നറിയിച്ചെങ്കിലും ഞാനപ്പോഴേക്കും മിസ്റ്റര്‍ ഗ്രാന്‍സി ഇന്റര്‍നാഷനല്‍ മോഡലില്‍ മത്സരിക്കാന്‍ വിസ എടുത്ത്, ടിക്കറ്റും ബുക്ക് ചെയ്തിരുന്നു. പിന്നീട് അതില്‍ മത്സരിച്ച ശേഷം തിരിച്ചു വന്നാണ് രണ്ടാമത്തെ ആഴ്ച മുതല്‍ ബിഗ് ബോസില്‍ പങ്കെടുത്തത്. അതോടെ ജീവിതം മാറിമറിഞ്ഞു. ബിഗ് ബോസില്‍ വരും മുമ്പേ ക്യാപ്ടന്, വീരം എന്നീ സിനിമകളില്‍ അഭിനയിച്ചിരുന്നു. ഇപ്പോള്‍ തമിഴ് ഉള്‍പ്പടെ ആറ് സിനിമകള്‍ അണിയറയില്‍ ഒരുങ്ങുന്നു. കുഞ്ഞാലി മരയ്ക്കാരാണ് മലയാളത്തിൽ ഉടന്‍ റിലീസാകുന്നത്.
ട്രോളൊന്നും ബാധിക്കില്ല
ബിഗ് ബോസില്‍ ഒപ്പമുണ്ടായിരുന്ന ഒരാള്‍ എന്നെ അനാവശ്യമായി ട്രോളുകയും പരിഹസിക്കുകയും ചെയ്തപ്പോഴാണ് ഞാനും ട്രോളിയത്. ഒരു ഗെയിമില്‍ വച്ചു നടന്നതൊക്കെ ഗെയിം കഴിയുമ്പോള്‍ മറക്കണം. അതാണ് മാന്യത. ചിലര്‍ മറക്കാറില്ല. അതാണ് ഇപ്പോള്‍ കാണുന്നത്. എന്നെ അതൊന്നും ബാധിക്കില്ല. എങ്കിലും ചിലതൊക്കെ കാണുമ്പോള്‍ വിഷമം വരും. ഇതിലും വല്യ പ്രശ്നങ്ങള്‍ കടന്നു വന്ന ആളാണ് ഞാന്‍. അതുകൊണ്ട് പലതും ചിരിച്ചു തള്ളും.