Saturday 09 May 2020 04:25 PM IST

‘അമ്മേ, കല്യാണത്തിന് ഏത് നിറമാ എന്നെ ഇടീക്യാ’ ; മോനിഷയുടെ ഓർമകളിൽ അമ്മ ശ്രീദേവി ഉണ്ണി

V N Rakhi

Sub Editor

rakhi

എല്ലാ കൊല്ലവും മോള്‍ക്കു േവണ്ടി മുടങ്ങാതെ ഞാൻ കണിയൊരുക്കും. രാവിലെ വിളക്കു കൊളുത്തി അവളെ വിളിക്കും. പരിഭവമെല്ലാം മറന്ന് അവൾ കണി കാണുന്നതു ഞാൻ ധ്യാനിക്കും. അതെന്റെ ഒരു സ്വകാര്യ ആനന്ദമാണ്. ആഘോഷങ്ങളിൽ അത്രയേറെ ആഹ്ലാദിച്ചിരുന്ന അവൾക്കു വേണ്ടി അത്രയെങ്കിലും ചെയ്യേണ്ടേ?’ മോനിഷയുെട അമ്മ ശ്രീദേവി ഉണ്ണിയാണ് പറയുന്നത്.

മോള്‍ പോയിട്ട് 28 വര്‍ഷമായി. എന്റെ മനസ്സിൽ അവൾക്കിന്നും ഇരുപത്തൊന്നു വയസ്സാണ്. അവളുമൊത്താഘോഷിച്ച എല്ലാ വിേശഷ ദിവസങ്ങളും ഇന്നലെയെന്ന പോലുള്ള ഓർമകളാണ്. വിഷുവും ഓണവും തിരുവാതിരയും നവരാത്രിയും പിറന്നാളുകളും... കണിയൊരുക്കാനും സദ്യയ്ക്കു വിഭവങ്ങള്‍ വിളമ്പാനും ഒാണപ്പൂക്കളമിടാനും ചിട്ടയായി പഠിച്ചിരുന്നു. തിരുവാതിരയ്ക്ക് പാതിരാപ്പൂ ചൂടലും ചടങ്ങുകളുമൊക്കെ തറവാട്ടിൽ പാലിക്കാറുണ്ട്. അതും അവൾക്കറിയാം.

വിഷുവിന്റെ പേരിലൊരു പരിഭവം

നാട്ടിൽ പോകാൻ പറ്റിയില്ലെങ്കിൽ ബെംഗളൂരുവിൽ തന്നെയാകും ഞ ങ്ങളുടെ വിഷു. കല്യാണം കഴിഞ്ഞ സമയത്ത് ഒരു പ്രത്യേക സാഹ ചര്യത്തിൽ എന്റെ കയ്യിൽ വന്നു ചേർന്ന ഒരു കൃഷ്ണബിംബമുണ്ട്. ആ കൃഷ്ണനെയാണ് ബെംഗളൂരുവില്‍ കണി കാണാറ്. മോനിഷയ്ക്കും അതേ കൃഷ്ണനെ കണി വയ്ക്കണം.

rk33

അന്നൊക്കെ മോൾക്ക് കോളജിലെ വെക്കേഷൻ ആകുമ്പോൾ ഞാ ൻ ദുബായിലേക്കു പോകും. മോനിഷയുടെ ഏട്ടൻ സജിത് അന്ന് ദുബായിലാണ്. ചെറിയ കുഞ്ഞുണ്ടായിരുന്നതുകൊണ്ട് അവിടെ അവന്റെ ചങ്ങാതിമാരെയൊക്കെ വിളിച്ച് വിഷു ഗംഭീരമായി ആഘോഷിക്കും. ഫോൺ വിളിച്ച് അതിന് അവൾ എന്നും എന്നോടു പരിഭവിക്കും, ‘അമ്മയ്ക്ക് എന്നോടിഷ്ടമില്ല, ഏട്ടനെയാണ് ഇഷ്ടം. അതോണ്ടല്ലേ വിഷുവിന് എന്നെ ഒറ്റയ്ക്കാക്കി പോകുന്നത്?’ എന്നും പറഞ്ഞ്.

ഞാനടുത്തില്ലെങ്കിലും, വളരെ ചിട്ടയോടെ അവള്‍ കണിയൊരു ക്കും. എന്നോടു മത്സരിക്കാൻ എന്ന മട്ടിൽ ആവുംപോലെ സദ്യയുണ്ടാക്കി, പാൽപായസവും വച്ച് ചങ്ങാതിമാരെയൊക്കെ വിളിച്ച് അവളും അച്ഛനും കൂടി വിഷു കേമമാക്കും. മൂന്നാല് വിഷുവിന് എന്നോടവൾ സങ്കടം തുടർന്നു. അവസാനം ഞാൻ പറഞ്ഞു, ‘എല്ലാ വിഷൂനും ഞാൻ ഏട്ടന്റടുത്തും ഓണത്തിന് നിന്റടുത്തും ആയിരിക്കും’ എന്ന്. എന്നെയങ്ങനെ പകുത്തു നൽകി ഒരുവിധത്തിൽ അവളെ സമാധാനിപ്പിച്ചു.

വെക്കേഷന് ഉണ്ണിയേട്ടന്റെ ഒഴിവ് നോക്കി ബെംഗളൂരുവിൽ നിന്ന് ഞങ്ങളെല്ലാരും കൂടി കോഴിക്കോട്ടേക്ക് ഡ്രൈവ് ചെയ്ത് പോകും. അ പ്പോഴേക്കും അവളുടെ മുത്തശ്ശി കണി ഒരുക്കാന്‍ തയാറെടുപ്പ് തുടങ്ങിയിട്ടുണ്ടാകും. ഉരുളിയും കണ്ണാടിയും അഷ്ടമംഗല്യവും വച്ച് കണിവെള്ളരിയെ സ്വർണമാലയിട്ട് അണിയിച്ചൊരുക്കി, വാൽക്കണ്ണാടിയെ പട്ട് ഞൊറിഞ്ഞുടുപ്പിച്ച്...

ഫലങ്ങളിൽ ചക്ക, ഇരട്ട മാങ്ങ ഇതൊക്കെയേ അന്ന് വ യ്ക്കാറുണ്ടായിരുന്നുള്ളൂ. പറമ്പിൽ നിന്നു തന്നെ ഇടീപ്പിച്ച ചക്കയും മാങ്ങയും ആണ് അമ്മ കണി വയ്ക്കുക. എന്തൊക്കെയാണ് മുത്തശ്ശി കണിവച്ചിരിക്കണെ, എന്തിനാ ഇരട്ടമാങ്ങ വയ്ക്കണെ എന്നൊക്കെ വലിയ കൗതുകത്തോടെ ചോദിച്ചറിയും. കണിയൊരുക്കുമ്പോൾ അവളങ്ങനെ നോക്കി നിൽക്കുന്നത് അമ്മയ്ക്ക് വലിയ ഇഷ്ടവും സന്തോഷവുമാണ്.

പടക്കം അവൾക്ക് ഭയങ്കര പേടിയാണ്. പൂത്തിരി, കമ്പിത്തിരി, നിലച്ചക്രം ഒക്കെയാണ് ഇഷ്ടം. കണി കണ്ടു കഴിഞ്ഞാൽ വീടിന്റെ വലിയ മുറ്റത്തേക്കിറങ്ങി അവളുടെ ഏട്ടനും കസിൻസുമായി ചേർന്ന് ഇതെല്ലാം കത്തിച്ചൊരു കളിയാണ്. അഞ്ചാറ് വയസ്സുള്ളപ്പോൾ കൈനീട്ടം കിട്ടിയാൽ തുള്ളിച്ചാടും. നിനക്കെത്ര കിട്ടി, എനിക്കിത്ര കിട്ടി എന്നൊക്കെ പറഞ്ഞ് മറ്റ് കുട്ടി കളുമായി ബഹളം വയ്ക്കും. കൈനീട്ടം കിട്ടിയ പൈസ മുഴുവൻ എന്നെ ഏൽപിക്കും. എന്തെങ്കിലും വാങ്ങണം എന്നു പറയും. ചിലപ്പോൾ വാങ്ങും, ചിലപ്പോൾ മറന്നു പോകും.

അവള്‍ ജനിച്ച് മൂന്നാം മാസത്തിൽ വിഷു എത്തി. കോഴിക്കോട് പന്നിയങ്കരയിലെ എന്റെ വീട്ടിലായിരുന്നു അവളുടെ ആദ്യ വിഷു. എല്ലാവരും കൂടി കണ്ണെഴുതി പൊട്ടുതൊട്ട്, കസവുമുണ്ടുടുപ്പിച്ച് സുന്ദരിക്കുട്ടിയാക്കി. മുത്തശ്ശനും മുത്തശ്ശിമാരും അമ്മാവൻമാരുമൊക്കെ ഓരോ ഉറുപ്യയുടെ നാണ്യം കയ്യിൽ വച്ചു കൊടുത്തു.

പിന്നെ, ഉണ്ണിയേട്ടന്റെ ജോലിയുമായി ബന്ധപ്പെട്ട് പാറ്റ്നയിലേക്കു പോകേണ്ടി വന്നു. അങ്ങനെ മൂന്നാമത്തെ വിഷു പാറ്റ്നയിലായി. കണി കണ്ടു കഴിഞ്ഞ് പട്ടുപാവാടയിട്ട് തത്തിത്തത്തി നടന്നതൊക്കെ കണ്ണിലിപ്പോഴും ഞാൻ കാണാറുണ്ട്.

അവളുടെ പ്രിയപ്പെട്ട ഒാണം

അക്കാലത്ത് െബംഗളുരുവിൽ ഓണത്തിന് അവധിയില്ല. എ ന്നാലും അച്ഛൻ ലീവെടുത്ത് ഓണം ആഘോഷിക്കണം. അ മ്മയും ഏട്ടനും ചങ്ങാതിമാരും ഒപ്പം ഉണ്ടാകുകയും വേണം. അ തും നിർബന്ധമാണ്. അവളുടെ കോളജിലെ പ്രിൻസിപ്പൽ സിസ്റ്റർ ജിനേവിയ എന്നോടു പറയുമായിരുന്നു, ‘ഓണത്തിന്റെ തലേന്ന് മോനിഷ എന്റടുത്ത് വരും. സിസ്റ്റർ, റ്റുമോറോ ഇസ് ഓണം... എന്നേ പറയൂ. അപ്പോഴേ കാര്യം മനസ്സിലാകും. ശരി, നാളെ നീ വരേണ്ട, ലീവെടുത്തോളൂ എന്നു പറയും.’

JJ2A4139

തിരുവോണത്തിന് പായസം അടക്കമുള്ള സദ്യയൊക്കെ ഒ രുക്കി അവളുടെ കൂട്ടുകാരെ മുഴുവനും വിളിക്കും. വീട്ടില്‍ നിലത്ത് പായ വിരിച്ച് നാക്കിലയിട്ട് വിളമ്പാനും കൊടുക്കാനുമൊക്കെ ഒരുപാട് ഇഷ്ടമായിരുന്നു. അന്ന് അവൾ നല്ല കസവുമുണ്ടും വേഷ്ടിയുമൊക്കെ ഉടുത്ത് സുന്ദരിയാകും. ആദ്യമായി സെറ്റ് മുണ്ട് ഉടുക്കുന്നത് ‘നഖക്ഷതങ്ങളി’ലാണ്, ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ. കോളജിലായപ്പോഴാണ് സ്വയം ഉടുപ്പുകൾ സെലക്ട് ചെയ്തു തുടങ്ങിയത്. അതുവരെ അമ്മ എടുത്തുകൊടുക്കുന്ന ഉടുപ്പുകളിട്ട് മാത്രം നടന്നിരുന്നവൾ.

ഭഗവതിയുടെ ഉത്സവം കൂടാൻ

പന്നിയങ്കര തട്ടകത്തിലെ ഭഗവതിയുടെ ഉത്സവത്തിന് പോകുന്നതാണ് അവളുടെ മറ്റൊരു ഇഷ്ടം. നവരാത്രിക്കാണ് ഉത്സവം. ഒന്‍പതു ദിവസം ഓരോ വീട്ടുകാരുടെ വക പൂജയും വിളക്കുമുണ്ടാകും. ഞങ്ങളുടേത് മൂന്നാംദിവസമായ തൃതീയയ്ക്കാണ്. പഞ്ചവാദ്യവും തായമ്പകയും കാണാൻ ഉത്സാഹത്തോടെ പോകും. കുടുംബത്തിലെ എല്ലാവരും കൂടി ചേരുന്ന അവസരങ്ങളെല്ലാം സന്തോഷമാണവൾക്ക്.

തട്ടകത്തിനു പുറത്ത് ഒരമ്പലത്തിൽ ആദ്യമായി ഉത്സവത്തിന് പോകുന്നത് ഏറ്റുമാനൂരാണ്. ഏഴരപ്പൊന്നാന ദിവസം ഒരിക്കൽ മോനിഷയുടെ ഡാൻസ് ഉണ്ടായിരുന്നു. ഹരിഹരൻ സാർ പറഞ്ഞിട്ട്. അന്ന് ഞാനും നൃത്തം ചെയ്തു. പിറ്റത്തെ ആഴ്ച പത്താംക്ലാസ് പരീക്ഷയെഴുതണം. പോകുമ്പോൾ പുസ്തകമൊക്കെ എടുത്തിരുന്നു. ഫസ്റ്റ്ക്ലാസ് തന്നെ കിട്ടി.

അവളെക്കുറിച്ചോർക്കുമ്പോൾ അഭിമാനം തോന്നുന്ന ഒരു ദിവസമുണ്ട്. 1980 ഒക്ടോബർ 24ന് ബെംഗളൂരുവിലെ രവീന്ദ്രകലാക്ഷേത്രത്തിൽ വച്ചു ഗംഭീരമായി നടന്ന അവളുടെ നൃത്ത അരങ്ങേറ്റം. നിറഞ്ഞു കവിഞ്ഞ സദസ്സ്. ചീഫ് ഗസ്റ്റ് ആയി ദാസേട്ടൻ. ഒൻപതു വയസ്സുള്ള കുട്ടി രണ്ട് താളവട്ടം വരെയൊക്കെ ശിവനായി പല പോസുകളിൽ അനങ്ങാതെ നിൽക്കുന്നത് ‘എ റെയർ സെൻസ് ഓഫ് ബാലൻസ്’ എന്നാണ് പത്രങ്ങ ൾ വിശേഷിപ്പിച്ചത്.

monuy

ആഘോഷങ്ങളെത്തുമ്പോൾ നോവായി ഒരു ചിത്രം മനസ്സിൽ തെളിയും. ഞങ്ങളെല്ലാവരും അവസാനമായി സന്തോഷിച്ച് ആഘോഷിച്ച അവസാന ഓണം. 1992 സെപ്റ്റംബറിൽ. ഷൂട്ടിങ് ആയതുകൊണ്ട് പന്നിയങ്കര വീട്ടിലായിരുന്നു ഞങ്ങ ൾ. അടുത്തു തന്നെയുള്ള ഒരു സമൂഹവിവാഹം ഉദ്ഘാടനം ചെയ്യാൻ നല്ല വീതിയുള്ള കസവുമുണ്ടുടുത്ത് മുല്ലപ്പൂ ചൂടി സുന്ദരിയായി മോൾ രാവിലെ പോകാനിറങ്ങി.

‘മോളേ വാ, മാതേവർക്ക് രണ്ട് പൂവിട്ടിട്ട് പൊയ്ക്കോളൂ,’ മുത്തശ്ശി വിളിച്ചു. ഞങ്ങളുടെ തറവാട്ടിൽ മാതേവരെ പൂജിക്കുന്നത് സ്ത്രീകളാണ്. മുറ്റം ചാണകം മെഴുകിയിട്ടാണല്ലോ പൂവിടുക. ‘മുണ്ടിലൊക്കെ ചാണകമാക്വോ മുത്തശ്ശീ’ എന്നു ചോദിച്ച് ഇത്തിരി കഷ്ടപ്പെട്ടാണെങ്കിലും ശ്രദ്ധയോടെ അവ ൾ പൂവിട്ടു. ‘ഉച്ചയാകുമ്പോഴേക്കും സദ്യയുണ്ണാൻ വരണം ട്ടോ’ എന്നും പറഞ്ഞ് മുത്തശ്ശി അവളെ യാത്രയാക്കി. അവൾ അവളെത്തന്നെ മനസ്സിലാക്കിത്തുടങ്ങിയ കാലമായിരുന്നു അത്. ചിലപ്പോഴൊക്കെ ഞാൻ അവളെ ആശ്രയിക്കാൻ തുടങ്ങിയിരുന്നു അപ്പോൾ. ‘ശരിക്കും നീ അമ്മയാണോ മകളാണോ?’ ഞാൻ ചോദിക്കും. അപ്പോഴവൾ ഗമയിൽ‍ ചിരിക്കും. ആ ഡിസംബറിൽ അവൾ പോയി.

എന്റെ കല്യാണത്തിന് എന്താ ഇടീക്യാ?

ഒരു സ്വപ്നജീവിയാണെന്ന് തോന്നുമെങ്കിലും വളരെ പ്രാക്ടിക്കലായിരുന്നു അവളുടെ ചിന്തകൾ. എട്ടൊന്‍പതു വയസ്സായപ്പോൾ മുതലേ ‘അമ്മയെപ്പോഴും സ്വപ്നലോകത്താ. എനിക്കതൊന്നും പറ്റില്ലട്ടോ. ഐ ആം എ പ്രാക്ടിക്കൽ ഗേൾ. ’എന്നവൾ ഇടയ്ക്ക് പറയും. കളിചിരി തമാശയൊക്കെ ഉണ്ടെങ്കിലും കാര്യങ്ങളെല്ലാം കൃത്യമായി മനസ്സിലാക്കി വിവേകത്തോടെ ജീവിതത്തെ കണ്ടിരുന്ന കുട്ടി. എല്ലാം ആസ്വദിക്കും, പക്ഷേ, സ്വപ്നങ്ങൾ കെട്ടിപ്പടുക്കാൻ ഇഷ്ടമല്ലായിരുന്നു. ‘അതുകൊണ്ടൊന്നും ജീവിക്കാൻ പറ്റില്ലമ്മേ’ എന്ന് എന്നോടു പറയും.

‘എന്റെ കല്യാണത്തിന് എന്ത് നിറമാ എന്നെ ഇടീക്യാ? എ ല്ലാ നിറവും അമ്മ എന്നെ ഇടീപ്പിച്ചില്ലേ’ എന്നാകും ചിലപ്പോൾ. അപ്പോൾ ഞാൻ പറയും, ‘നിന്നെ അടിമുടി സ്വർണത്തിൽ പൊതിയും, സാരിയും ബ്ലൗസും എല്ലാം സ്വർണം.’ ‘എന്നാപ്പിന്നെ എന്റെ മുഖത്തും കൂടി സ്വർണം പൂശിക്കോളൂ, സ്വർണപ്രതിമയാകാലോ’ എന്നായിരുന്നു അവളുടെ മറുപടി.

നല്ല ഇംഗ്ലിഷ് പുസ്തകങ്ങൾ തിരഞ്ഞെടുത്ത് വേഗത്തിൽ വായിച്ചു തീർക്കും. കുറച്ച് ഉൾവലിഞ്ഞ പ്രകൃതമാണ്. ആ രോടും അത്രയ്ക്കങ്ങ് അടുക്കില്ല. ഒരേ മനസ്സുള്ള വിരലിലെണ്ണാവുന്ന ചങ്ങാതിമാരേ അവൾക്കുള്ളൂ. അവരുടെ കൂടെയാകുമ്പോൾ അവൾ വളരെ സന്തോഷവതിയാണ് .

വീടു നിറയും അവളുടെ ചിരി

r455

മോളുടെ ഏറ്റവും വലിയ ഇഷ്ടം നായ്ക്കളായിരുന്നു. അച്ഛനും ഏട്ടനും അങ്ങനെ തന്നെ. മൃഗസ്നേഹം കാരണം കഴിവതും വെജിറ്റേറിയൻ ഭക്ഷണമാണ് അവൾ കഴിച്ചത്. ബെംഗളുരുവിൽ അഞ്ചേക്കർ സ്ഥലം വാങ്ങി തെരുവുനായ്ക്കൾക്കായി ആശുപത്രി തുടങ്ങണമെന്നത് വലിയൊരു സ്വപ്നമായിരുന്നു.

‘1992നു മുൻപും ശേഷവും... അങ്ങനെയാണെന്റെ ഓർമകൾ. ഈ വീട്ടിലിപ്പോഴും അവളുടെ കിലുകിലും ചിരി കേൾക്കാറുണ്ട്. വീട് നിറഞ്ഞിരുന്നൊരു പെൺകിടാവ്. ഞങ്ങളുടെ ഐശ്വര്യം. അവളിപ്പോൾ ഉണ്ടായിരുന്നെങ്കിൽ... നാൽപത്തൊമ്പതു വയസ്സുള്ള മോനിഷയെ ഒന്നു സങ്കല്‍പിച്ചു നോക്കൂ...’ അമ്മയെ കെട്ടിപ്പിടിച്ച് കുസൃതിച്ചിരിയുമായി നിൽക്കുന്ന മോനിഷയുടെ ചിത്രത്തിലേക്ക് നോക്കിയപ്പോൾ ശ്രീദേവിയുടെ വാക്കുകൾ അലിഞ്ഞലിഞ്ഞ് മൗനമായി.

മനസ്സ് നിറയ്ക്കും ആ മുഖചിത്രം

rak22

ആഘോഷങ്ങള്‍ എത്തുമ്പോള്‍ എന്റെ മനസ്സ് നിറയ്ക്കുന്നൊരു മുഖമുണ്ട്. വനിതയുടെ മുഖചിത്രമായി നിഷ്കളങ്കമായ ചിരിയോടെ നിൽക്കുന്ന അവളുടെ മുഖം. സെറ്റ് മുണ്ടുടുത്ത്, കാശുമാലയും ജിമിക്കിയുമിട്ട്, നീണ്ടമുടിയിൽ നിറയെ മുല്ലപ്പൂ ചൂടി, സിന്ദൂരപ്പൊട്ടിട്ട്, നാടൻ മലയാളിസുന്ദരിയായി അവള്‍ അന്ന് അണിഞ്ഞൊരുങ്ങി.

1987ൽ മികച്ച നടിക്കുള്ള ദേശീയ അവാർഡ് വാങ്ങി, സിനിമകളിൽ നായികയായും നര്‍ത്തകിയായും തിളങ്ങി നിൽക്കുന്ന കാലം. അവളുെട ആദ്യത്തെ സ്റ്റുഡിയോ ഷൂട്ട് ആയിരുന്നു അത്. േകാട്ടയത്തെത്തുമ്പോള്‍ കുടുംബസുഹൃത്ത് ശ്രീകുമാരി നായരുടെ വീട്ടിലാണ് താമസം. ഷൂട്ടിന് ഞങ്ങള്‍ െറഡിയായത് അവിെട നിന്നാണ്. ഡാൻസിന്റെ ബ്ലൗസും ശ്രീകുമാരിയുെട കസവ് മുണ്ടും വേഷ്ടിയും ഉണ്ണിയേട്ടന്റെ അമ്മ കല്യാണത്തിന് എനിക്കു തന്ന ജിമിക്കിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ശ്രീകുമാരി കുറച്ച് മുല്ലപ്പൂ വാങ്ങി വന്നു. ‘എന്റെ കയ്യിലുള്ളതെല്ലാം ഡാൻസിന്റെ മാലകളാ. ആന്റിയുടെ മാലകൾ ഇട്ടോളാം’ എന്നു പറഞ്ഞവള്‍ പരമ്പരാഗതരീതിയിലുള്ള ഒരു മാലയും അണിഞ്ഞു.

ഇന്നത്തെപ്പോലെ ഫോട്ടോ നേരത്തേ കാണാനുള്ള സൗകര്യമൊന്നുമില്ലല്ലോ അന്ന്. വനിത കയ്യിൽ കിട്ടിയതും അവൾക്കു വലിയ സന്തോഷമായി. ‘അമ്മയുടെ വിചാരം അമ്മയാണ് സുന്ദരി എന്നല്ലേ, ഞാൻ തന്നെയാ സുന്ദരി’ എന്നൊക്കെ പറഞ്ഞ് എന്നെ കുറേ കളിയാക്കി.

മകളായി ഇവൾ

മോനിഷയെപ്പോലെ, എനിക്കു പ്രിയപ്പെട്ടവളാണ് എന്‍റെ സഹോദരന്‍റെ മകള്‍ ചൈതന്യയും. ഈ തണലിൽ ഇ ത്തിരി നേരം, സദയം, അധ്യായം ഒന്നു മുതൽ, ടി. പി. ബാലഗോപാലൻ എംഎ അങ്ങനെ കുറച്ച് സിനിമകളിൽ കുഞ്ഞു ചൈതന്യയെ കാണാം. മോനിഷയ്ക്കൊപ്പം ‘തലസ്ഥാന’ത്തിൽ അഭിനയിച്ചിട്ടുമുണ്ട്. ഓർമയിൽ എന്നും എന്ന ചിത്രത്തിലെ അഭിനയത്തിന് 1988ലെ മികച്ച ബാലനടിക്കുള്ള സംസ്ഥാന അവാർഡും കിട്ടി.

rv99

െെചതന്യ ഇപ്പോൾ ഓസ്ട്രേലിയയിൽ ഡോക്ടറാണ്. ഓസ്ട്രേലിയയിൽ പോകുമ്പോള്‍ അവളോടൊപ്പമാണ് താമസം. ഡാന്‍സും പാട്ടും ആേഘാഷങ്ങളും ഒക്കെയായി നല്ല മേളമാകും ആ ദിനങ്ങള്‍. രണ്ടു മാസം മുന്‍പു േപായപ്പോള്‍ കണിയും സദ്യയും ഒരുക്കി കേരളസാരിയൊക്കെ ഉടുത്ത് ഞങ്ങള്‍ വിഷു ഇത്തിരി നേരത്തേ ആഘോഷിച്ചു. അതെന്തായാലും നന്നായി എന്നു തോന്നുന്നു. ഈ െകാറോണക്കാലത്ത് വിഷു മനസ്സില്‍ ഒരുക്കേണ്ടി വരുമെന്നാണ് എനിക്കിപ്പോള്‍ തോന്നുന്നത്