‘ആ ദിവസത്തിനു ശേഷം ഉറങ്ങിയിട്ടില്ല. കണ്ണടച്ചാൽ ആ മനുഷ്യന്റെ മുഖമാണ്. ജീവൻ രക്ഷിക്കാൻ ശ്രമിച്ചതിന് നാനാദിക്കിൽ നിന്നും അഭിനന്ദനങ്ങൾ എത്തുന്നുണ്ട്. പക്ഷേ മനസു നിറയെ സങ്കടമാണ്. ജീവൻ രക്ഷിക്കാൻ കിണഞ്ഞു ശ്രമിച്ചിട്ടും അദ്ദേഹം പോയല്ലോ’
നെഞ്ചുനീറിയുള്ള ഈ വാക്കുകൾ ഒരു മാലാഖയുടേതാണ്. മരണം പടിവാതിൽക്കലെത്തിയ ഒരു നിമിഷത്തിൽ ദൈവത്തിന്റെ കരസ്പർശവുമായി അവർ അവതരിച്ചിരുന്നു. ഒരു മനുഷ്യന്റെ ജീവൻ രക്ഷിക്കാൻ തന്നാലാവുന്നത് ചെയ്യുകയും ചെയ്തു. പക്ഷേ കൊണ്ടു പോകുമെന്ന വാശിയോടെയെത്തിയ മരണം രഞ്ജുവിന്റെ പ്രയത്നവും അവിടെ തടിച്ചു കൂടിയ മനുഷ്യരുടെ പ്രാർത്ഥനയും വൃഥാവിലാക്കി.
തിരുവനന്തപുരം നഗരഹൃദയം അപ്രതീക്ഷിത കെഎസ്ആർടിസി സമരത്തിൽ സ്തംഭിച്ച ദിനത്തിലാണ് രഞ്ജുവെന്ന കാവൽ മാലാഖയെ കേരളം കണ്ടത്. കെഎസ്ആർടിസി സമരത്തിനിടെ ബസ് കാത്തിരിക്കുമ്പോൾ തളർന്നു വീണ് ജീവൻ പൊലിഞ്ഞ സുരേന്ദ്രന്റെ ജീവൻ രക്ഷിക്കാനെത്തിയ അപരിചിതയായ നഴ്സ്. ബസ് കാത്ത് നിന്ന് നട്ടംതിരിഞ്ഞ് ഒടുവിൽ സുരേന്ദ്രൻ മരണത്തിലേക്ക് കുഴഞ്ഞു വീഴുമ്പോൾ രഞ്ജു ഓടിയെത്തി. സുരേന്ദ്രന്റെ മരണത്തിൽ വേദനിച്ചതിനൊപ്പം കേരളം രഞ്ജുവിന്റെ നന്മയെ വാഴ്ത്തുന്നതാണ് പിന്നെക്കണ്ടത്. ഒരു ജീവൻ രക്ഷിക്കാനായി തന്നാലാവുന്നതെല്ലാം ചെയ്ത നഴ്സിന് ഓരോ മലയാളിയും അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ സമ്മാനിക്കുകയും ചെയ്തു. നിസ്വാർത്ഥമായ പ്രവർത്തിയുടെ പേരിൽ രഞ്ജുവെന്ന കാവൽ മാലാഖ വനിത ദിനത്തിൽ ആഘോഷിക്കപ്പെടുമ്പോഴും അവരുടെ മനസ് നിറയെ നഷ്ടബോധമാണ്. രക്ഷിക്കാൻ ശ്രമിച്ച മനുഷ്യനെ കയ്യിൽ നിന്നും മരണം തട്ടിപ്പറിച്ചെടുത്തു കൊണ്ടു പോയ വേദനയുടെ കഥ...രഞ്ജു സംസാരിക്കുകകയാണ് വനിത ഓൺലൈൻ വായനക്കാരോട്.

മാറില്ല ആ വേദന
‘സമയോചിതമായ പ്രവർത്തിയുടെ പേരിൽ ഐഎംഎയുടെ പുരസ്കാരം. കേരളത്തിന്റെ മുഴുവൻ അഭിനന്ദനങ്ങൾ. സോഷ്യൽ മീഡിയയുടെ നല്ല വാക്കുകൾ. എല്ലാവരോടും സ്നേഹം സന്തോഷം. പക്ഷേ ഞാൻ രക്ഷിക്കാൻ ശ്രമിച്ച മനുഷ്യൻ ഇന്ന് നമ്മളോടൊപ്പം ഉണ്ടായിരുന്നെങ്കിൽ ഞാൻ ഇതിലും സന്തോഷിച്ചേനെ.’– രഞ്ജു സംസാരിച്ചു തുടങ്ങുകയാണ്.
ബസ് സമരം തുടങ്ങിയതോടെ കിഴക്കേക്കോട്ട ബസ് സ്റ്റേഷൻ തിരക്കിലേക്ക് വീഴുകയായിരുന്നു. ബസിനായുള്ള പലരുടേയും കാത്തിരിപ്പ് മണിക്കൂറുകളോളം നീണ്ടു. ഞാനും ഭർത്താവ് വിനുവും നെട്ടയത്തെ വീട്ടിലേക്ക് പോകാനായി ബസ് കാത്ത് നിൽപ്പായിരുന്നു. എനിക്കരികിൽ നിൽക്കുകയായിരുന്നു സുരേന്ദ്രൻ ചേട്ടനും. അദ്ദേഹം തളർന്ന് നിലത്തേക്ക് വീണത് പെട്ടെന്നാണ്. എന്താണ് സംഭവിക്കുന്നതെന്നറിയാതെ ഞാനും അന്തിച്ചു നിന്നു. ഞാനും. വീഴ്ച കണ്ട് ഓടിക്കൂടിയ പലരും അദ്ദേഹത്തെ താങ്ങിയെടുക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. വല്ലാതെ അസ്വസ്ഥതനായതോടെ അദ്ദേഹത്തിന് ആരോ ജ്യൂസ് വാങ്ങി നൽകുകയും ചെയ്തു. ഷുഗർ നിലയിൽ വ്യത്യാസം വന്നതാണ് എന്നാണ് ആദ്യം കരുതിയത്. പക്ഷേ ഹൃദയാഘാതം ആണെന്ന് മനസിലാക്കിയതോടെ ഉണർന്ന് പ്രവർത്തിച്ചു. ഒട്ടും വൈകിയില്ല, സിപിആർ നൽകി. തല പൊസിഷൻ ചെയ്തു. എല്ലാം ചെയ്ത് കഴിഞ്ഞ ആശുപത്രിയിലേക്ക് എത്തിക്കുമ്പോഴും എനിക്കൊരു പ്രതീക്ഷയുണ്ടായിരുന്നു ആ മനുഷ്യൻ തിരിച്ചു വരുമെന്ന്. വൈകി വീട്ടിലെത്തിയപ്പോഴാണ് അറിഞ്ഞത്, അദ്ദേഹം പോയെന്ന്. മനസ് മരവിച്ച നിമിഷമായിരുന്നു അത്– രഞ്ജു വേദനയോടെ ഓർക്കുന്നു.

അഭിനന്ദനങ്ങളും നല്ല വാക്കുകളും കേൾക്കുമ്പോൾ സന്തോഷത്തേക്കാളേറെ അദ്ദേഹം ഇല്ലല്ലോ...എന്ന വേദനയാണ്. കരിയറിലെ ഒരു ബ്ലാക് മാർക് പോലെ ആ വേദന ജീവിത കാലം മുഴുവൻ എന്നെ പിന്തുടരും. വിധിയുടെ തീരുമാനം തടുക്കാനാകില്ലല്ലോ. എങ്കിലും നല്ല വാക്കുകളിൽ സന്തോഷം. എന്റെ സ്ഥാനത്ത് മറ്റാരാണെങ്കിലും ഇങ്ങനെയൊക്ക തന്നെയാകും പ്രവർത്തിക്കുക. വലിയ കാര്യം എന്നതിനപ്പുറം, മനസു നിറച്ച ചാരിതാർത്ഥ്യമായി ആ നിമിഷത്തെ കാണുന്നു.
നഴ്സിങ് മേഖലയിൽ ഞാൻ 15 വർഷം പൂർത്തിയാക്കി കഴിഞ്ഞു. തിരുവനന്തപുരം പിആർഎസ് ആശുപത്രിയിലാണ് ജോലി ചെയ്യുന്നത്. ഭർത്താവ് വിനു കാർഷോറൂമിൽ ജോലി ചെയ്യുന്നു.– രഞ്ജു പറഞ്ഞു നിർത്തി.

സ്വകാര്യബസിന്റെ ക്രമക്കേട് തടഞ്ഞ DTOയെ കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധം കനത്തതോടെയാണ് തലസ്ഥാന നഗരി സമരഭൂമികയായത്. സമരത്തിനിടെ കുഴഞ്ഞു വീണ് മരിച്ച സുരേന്ദ്രൻ കുമാരപുരം ചെന്നിലോട് സ്വദേശിയാണ്. ബെവ്റേജസ് ഔട്ട്‌ലെറ്റുകളിൽ ലോഡ് എത്തിക്കുന്ന വാഹനത്തിന്റെ ഡ്രൈവറായിരുന്നു സുരേന്ദ്രന്‍.
