Friday 08 March 2019 12:40 PM IST

അന്ന് ആ പണി കൊടുത്തത് ഞാനല്ല, നാഗവല്ലിയാണ്; ഒരു മണിച്ചിത്രത്താഴ് ഇഫക്റ്റ്

Lakshmi Premkumar

Sub Editor

soumya

പെൺമയുടെ ആഘോഷ ദിനമാണിന്ന്. കരുത്തും കരുതലും കൈമുതലാക്കിയ പെൺമനസുകൾക്കു മുന്നിൽ ലോകം ശിരസു നമിക്കുന്ന നിമിഷം. അന്താരാഷ്ട്ര വനിതാ ദിനം ഒരുപിടി ഓർമപ്പെടുത്തലുമായി നമുക്ക് മുന്നിലെത്തുമ്പോൾ വനിത ഓൺലൈൻ പരിചയപ്പെടുത്തുകയാണ് ചില പെൺമണികളെ. പലരും നമുക്ക് ചിരപരിചിതർ. വെള്ളിത്തിരയിലും, എഴുത്തിന്റെ ലോകത്തും, ബ്ലോഗറായുമൊക്കെ മികവു തെളിയിച്ച പെൺതരികൾ.

മലയാള സിനിമാ സംവിധായകരുടെ നിരയിലെ പെൺമുഖം സൗമ്യ സദാനനന്ദൻ മനസു തുറക്കുന്നു...

തിരുവന്തപുരത്ത് നടന്ന 2017 ലെ ചലച്ചിത്ര മേളയിൽ അപ്രതീക്ഷിതമായാണ് അവളെ കണ്ടത്. ഇരുപത്തിയഞ്ചു കൊല്ലം മുൻപത്തെ എന്റെ പ്രിയപ്പെട്ട കൂട്ടുകാരി. എന്റെ സീറ്റിന്റെ തൊട്ട് അപ്പുറത്ത് അവൾ. ഞങ്ങളുടെ ഇടയിൽ അറിയാതെ പെട്ടുപോയ പാവം സിനിമ പ്രേമിയെ ഇപ്പുറത്താക്കി ഞാൻ അവളുടെ അടുത്ത് സ്ഥാനം പിടിച്ചു. പെട്ടെന്ന് ഒാർമകളുടെ പിൻതിരയിളകി. സ്കൂൾ അവധിക്കാലവും അമ്മയുടെ ശൂരനാട്ടെ വീടും മനസ്സിന്റെ സ്ക്രീനിൽ തെളിഞ്ഞു. ഇപ്പോൾ അപ്പുറത്തെ സീറ്റിലിരിക്കുന്ന കൂട്ടുകാരിയാണ് ഓർമയുടെ വെള്ളിത്തിരയിൽ എനിക്കൊപ്പം. വിസിആർ ആയിരുന്നു അന്ന് ഞങ്ങളുടെ വിസ്മയം. കടുത്ത മോഹൻലാൽ ഭക്തരായ ഞങ്ങൾക്ക് ലാലേട്ടൻ ഡയലോഗെല്ലാം മനഃപാഠം.
അവളെ നുണക്കഥകൾ പറഞ്ഞു വിശ്വസിപ്പിക്കലായിരുന്നു സിനിമ കാണൽ കഴിഞ്ഞാൽ എന്റെ പ്രധാന വിനോദം. എന്നിലെ കഥകളുടെ നാഗവല്ലി പ്രവർത്തിച്ചു തുടങ്ങുമ്പോ ൾ ഒരിക്കൽ പോലും അവൾ ‘ഗംഗേ..’ എന്നുറക്കെ വിളിച്ചിട്ടില്ല. ഞാൻ പറയുന്ന നുണക്കഥകളെല്ലാം അവൾ വെള്ളം തൊടാതെ വിശ്വസിക്കും. ഒരുപാട് നുണപറഞ്ഞു പറ്റിച്ചിട്ടുണ്ട് പാവത്തിനെ. അതിൽ ഒന്നെങ്കിലും എനിക്കിന്ന് തിരുത്തണം. തിയറ്ററിൽ ലൈറ്റുകൾ അണഞ്ഞു. കുമ്പസാരത്തിന്റെ ഇൻട്രോ ആയി ഞാൻ ചോദിച്ചു.
‘പണ്ട് ലാലേട്ടനെ കണ്ട കാര്യം ഞാൻ പറഞ്ഞത് നിനക്ക് ഓർമയുണ്ടോ ? ’
‘യെസ്, നീ വല്ല്യമ്മയുടെ വീട്ടിൽ പോയപ്പോൾ അല്ലേ.’

‘ഹമ്പടി അതുവരെ നീ മറന്നിട്ടില്ല അല്ലേ. എങ്കിൽ ഞാനൊരു സത്യം പറയട്ടെ. ഞാൻ ലാലേട്ടനെ കണ്ടിട്ടില്ല.’
‘ എടീ കള്ളീ....’ അവളുടെ പൊട്ടിച്ചിരി തിയറ്ററിന്റെ നിശബ്ദതയിൽ കിലുങ്ങി. പഴയ ചതിയുടെ ശിക്ഷയായി നല്ലൊരു നുള്ള് കിട്ടി. എന്നാലും കുഴപ്പമില്ല. ബുദ്ധിപരമായി ഞാനെടുത്ത പല തീരുമാനങ്ങളും പാളിപ്പോയിട്ടുണ്ട്. അതു തിരിച്ചറിയുന്ന നിമിഷത്തെ വേദന പറഞ്ഞറിയിക്കാൻ കഴിയില്ല. അതിനിടയിൽ ഇതു പോലുള്ള കുഞ്ഞ് കാര്യങ്ങളാണ് ഒാർക്കാൻ കൂടുതൽ രസം.