പെങ്ങളെ.. പെങ്ങളേ... രമ്യേച്ച്യേ...
ഈ ആലത്തൂര് മണ്ഡലം
ഇങ്ങക്കിള്ളതാട്ടാ... ആലത്തൂര് മണ്ഡലം ഇങ്ങക്കിള്ളതാട്ടാ
ആലത്തൂരിന്റെ വീഥികളിലെ മതിലുകൾ പോലും ഇപ്പോൾ പാട്ടു പാടും. ചിരിച്ചും ചിന്തിപ്പിച്ചും, പൊരുതിയും പാട്ടു പാടിയും ഒരു പെൺകുട്ടി വിജയക്കൊടി പാറിച്ച നാട്. നിലവാരമില്ലാത്ത വാക്കുകൾ കൊണ്ടു മുറിവേറ്റപ്പോൾ അവൾ ചെറുചിരിയോടെ ജീവിതത്തെ നേരിട്ടു. ഹൃദയം ഹൃദയത്തോട് ചേർത്തു വെച്ചാൽ വിജയമാണ് ഫലമെന്ന് ആലത്തൂരെ സാധാരണക്കാർ ചരിത്രത്തിൽ കുറിച്ചു. രമ്യാ ഹരിദാസ് ഇപ്പോള്‍ ആലത്തൂരിന്റെ മാത്രമല്ല കേരളത്തിന്റെയാകെ ചങ്കാണ്. കൂട്ടുകാരിയാണ്.
ഗോവണിച്ചുവട്ടിൽ ഒളിച്ചു വയ്ക്കേണ്ട! ഇൻവെർട്ടർ ഇനി ചുമരിൽ തൂങ്ങിക്കിടക്കും
നാടെങ്ങും വിജയഭേരി മുഴങ്ങുമ്പോളും സോഷ്യൽ മീഡിയ പെങ്ങളൂട്ടിയുടെ വിജയം ആഘോഷിക്കുമ്പോഴും കരകവിഞ്ഞുള്ള സന്തോഷ പ്രകടനങ്ങളില്ല. കണ്ണുകൾ വിടർത്തിയുള്ള പതിവ് ചിരിയിൽ രമ്യാ ഹരിദാസ്. ഷേക്ക്ഹാൻഡ് നൽകി നല്‍കി കയ്യും പണിമുടക്കി. എ ന്നിട്ടും ആരേയും മാറ്റി നിര്‍ത്തുന്നില്ല. തനിക്കു നേരെ നീളുന്ന ഓരോ കൈകളും സ്വന്തം കൈക്കുള്ളിലേക്കു ചേർത്തു വയ്ക്കുന്ന രമ്യ.
പാലക്കാടു നിന്നു തൃശ്ശൂരിലേക്കുള്ള യാത്രയിലാണ് ‘വനിത’വായനക്കാര്‍ക്കായി രമ്യ വിശേഷങ്ങൾ പങ്കു വച്ചത്. സംസാരത്തിനിടയിലും വഴിയരികിൽ കാണുന്ന കുഞ്ഞുങ്ങളെ വരെ കയ്യുയർത്തി അഭിവാദ്യം ചെയ്യുന്നു. തിരികെ ലഭിക്കുന്ന സ്നേഹപുഞ്ചിരികളി ൽ ഉൗർജം കൂട്ടിയ മനസ്സോടെ സംസാരിക്കുന്നു.
ഭർത്താവിനെ കാണാനില്ല! വികാരാധീനയായി ആശ ശരത്; സംഭവിച്ചത്
തുന്നിച്ചേർത്തു, ഇസയോട് പറയാൻ കരുതി വച്ച സന്ദേശം! മാമോദിസ നാളിലെ പ്രിയയുടെ അനാർക്കലി സ്പെഷ്യൽ
എങ്ങനെയാണ് ഈ ‘പെങ്ങളൂട്ടി’ ജനഹൃദയത്തിലേക്ക് ഇത്ര ആഴത്തിൽ ഇറങ്ങിയത് ?
ഒരുപാട് സ്നേഹം നൽകുന്നവരാണ് ആലത്തൂര്കാര്. പ്രചരണത്തിന്റെ ആദ്യ ദിനം തന്നെ എനിക്കത് ബോധ്യമായി. സ്നേഹിച്ചാൽ ഹൃദയം പറിച്ചു നൽകുന്നവർ. ഞാനവരെ സ്നേഹിച്ചു എന്റെ ഹൃദയത്തിന്റെ ഭാഷയിൽ. അതിന്റെ സമ്മാനമാണ് ഈ വിജയം.
വളരെ ചെറുപ്പത്തിൽ പാർട്ടിയിൽ വന്നയാളാണ് ഞാൻ. പ്രവർത്തകർക്കിടയിൽ ഞാനായിരുന്നു ഏറ്റവും ഇളയത്. അന്നുതൊട്ടേ പെങ്ങളേ എന്നാണ് എല്ലാവരും വിളിക്കുക. തുടർന്ന് ആലത്തൂര് വന്നപ്പോഴും ആ വിളി തുടർന്നു. അതു നാട് മുഴുവൻ ഏറ്റെടുത്തു. ഹൃദയം കൊണ്ടാണ് അവരെല്ലാം പെങ്ങളേ എന്ന് വിളിച്ചത്,
കോഴിക്കോടു നിന്നു പാലക്കാടെത്തി, ഇവിടെ വിജയക്കൊടി പാറിച്ചു. നാട്ടിലെ വിശേഷങ്ങൾ?
കോഴിക്കോട് അമ്മ കാത്തിരിക്കുന്നുണ്ട് അതാണ് ഏറ്റവും വലിയ കാര്യം. അമ്മ രാധയ്ക്ക് രാഷ്ട്രീയ പ്രവർത്തനമുണ്ട് അതിനൊപ്പം തന്നെ എൽഐസി ഏജന്റുമാണ്. അച്ഛൻ ഹരിദാസിനു കൂലിപ്പണിയാണ്. അനിയൻ രജിൽ പിഎസ്‌സി കോച്ചിങ്ങിന് പോകുന്നു. ഇത്രയും പേരടങ്ങുന്നതാണ് കുടുംബം. ഞാൻ ജനിച്ചതും വളർന്നതും എല്ലാം കുറ്റിക്കാട്ടൂരാണ്.
കഥയായി പറയാൻ മാത്രം വലിയ കളറൊന്നും എ ന്റെ ബാല്യകാലത്തിനില്ല. ജീവിതത്തോട് പടവെട്ടി എ ന്നൊക്കെ പറയാറില്ലേ. എന്റെ കാര്യത്തിൽ അതൊരു ആലങ്കാരിക വാചകമല്ല, ജീവിതം ഒരോ ദിവസവും അ ങ്ങനെ തന്നെയായിരുന്നു.
ഓലമേഞ്ഞ ചെറിയ വീടായിരുന്നു. കുട്ടിക്കാലത്ത് അതൊക്കെ വലിയ വിഷമങ്ങളാണ്. ഓരോ ആഘോഷങ്ങൾ വരുമ്പോഴും പുതിയ ഉടുപ്പിന് വേണ്ടി അമ്മയോട് വഴക്കുണ്ടാക്കും, കരയും. അമ്മേടെയടുത്ത് പൈസയൊന്നും ഉണ്ടാകില്ല. പാവം എവിടുന്നെങ്കിലുമൊക്കെ ഒപ്പിച്ച് ചിലപ്പോൾ വാങ്ങി തരും. അല്ലാത്തപ്പോൾ കുറേ കരയുമ്പോൾ സങ്കടമങ്ങ് പതിയെ മായും.
ഏഴാം ക്ലാസുവരെ കുറ്റിക്കാട്ടൂര് സ്കൂളിലാണ് പഠിച്ചത്. ഹൈസ്കൂൾ ആയപ്പോഴേക്കും അമ്മയുടെ അച്ഛൻ മാവൂരെ അമ്മവീട്ടിലേക്ക് കൊണ്ടു പോയി. ഒരു കൗമാരക്കാരിക്ക് ജീവിക്കാൻ തക്കതായ സുരക്ഷ എന്റെ ചെറിയ വീട്ടിൽ ഇല്ലാത്തതു കൊണ്ടാകാം. പിന്നീട് അമ്മ വീട്ടിലായിരുന്നു ജീവിതം. അമ്മാവൻ ഓണത്തിനും വിഷുവിനുമൊക്ക നല്ല ഉടുപ്പ് വാങ്ങി തരും. പത്താം ക്ലാസ് കഴിഞ്ഞപ്പോഴാണ് തിരിച്ച് കുറ്റിക്കാട്ടൂർക്ക് വരുന്നത്. അപ്പോഴേക്കും ഞങ്ങളുടെ വീട് നന്നാക്കി.
സംസാരത്തിൽ എപ്പോഴും അമ്മ കടന്നു വരാറുണ്ട്, അമ്മയാണോ ജീവിതത്തിൽ ഏറ്റവും സ്വാധീനിച്ച വ്യക്തി ?
സ്വാധീനം എന്നതിനേക്കാൾ നിലനിൽപ് എന്നു പറയുന്നതാകും ശരി. അമ്മയില്ലങ്കിൽ ഞാനില്ലല്ലോ. ഞാൻ കുഞ്ഞായിരിക്കുമ്പോഴേ രാഷ്ട്രീയത്തില്‍ അമ്മ സജീവമാണ്. സ്കൂൾ സമയത്തേ അമ്മ പാർട്ടി പ്രവർത്തനം തുടങ്ങിയതാണ്. രണ്ട് തവണ ബ്ലോക് പഞ്ചായത്ത് മെംബറായിരുന്നു. ഇപ്പോൾ മഹിളാ കോൺഗ്രസ്സിന്റെ സംസ്ഥാന സെക്രട്ടറിയാണ്. എന്നേക്കാൾ പത്ത് മടങ്ങ് ആക്ടീവാണ് അമ്മ. രാഷ്ട്രീയം മാത്രമല്ല, ചെറുപ്പത്തില്‍ എന്നെ ഡാൻസ് പഠിപ്പിച്ചതും അമ്മയാണ്. വീട്ടിൽ അമ്മ പറഞ്ഞു തന്ന സ്‌റ്റെപ്പുകളാണ് എന്റെ കലാജീവിതത്തിന്റെ ആദ്യപാഠം.
പിന്നീട് മുതിർന്നപ്പോഴും പെൺകുട്ടിയാണ് അടങ്ങിയൊതുങ്ങി കഴിഞ്ഞോളണമെന്നൊന്നും ഒരിക്കലും അമ്മ പറഞ്ഞിട്ടില്ല. സംസാരിക്കാനും, ഈ ലോകത്ത് എവിടെയും ഒറ്റയ്ക്ക് യാത്ര പോകാനും ആരുമായും കൂട്ടുകൂടാനും അമ്മ നൽകിയ സ്വാതന്ത്ര്യമാണ് എന്റെ എല്ലാ വളർച്ചയുടേയും ആധാരം.
പഠിക്കാൻ മിടുക്കിയായ കുട്ടിയായിരുന്നോ രമ്യ ?
ഒരിക്കലുമില്ല. ഓരോ ക്ലാസിലും വ്യത്യസ്തരായ കുട്ടികൾ ഉണ്ടാകില്ലേ. ഞാനെപ്പോഴും ശരാശരിക്കാരി ആയിരുന്നു. പഠനത്തേക്കാളും കലാപരിപാടികളിലായിരുന്നു താൽപര്യം. അംഗൻവാടി മുതലേ ഡാൻസിലും പാട്ടിലും ആക്ടീവാണ്. ഡാൻസ് പ്രഫഷനാക്കണം എന്ന് മോഹമുണ്ടായിരുന്നു. പക്ഷേ, ഉടുപ്പിനും ആഭരണങ്ങൾക്കുമൊക്കെ വല്യ വിലയല്ലേ. ഞങ്ങളുടെ കയ്യിലാണെങ്കിൽ കാശുമില്ല.
അമ്മ ഡാൻസ് പഠിപ്പിച്ച ഒരു ചേട്ടനുണ്ടായിരുന്നു. പിന്നീട് കലാമണ്ഡലത്തിലൊക്കെ പോയി പഠിച്ചു. ആ ചേട്ടനാണ് പിന്നെ, എന്നെ ഡാൻസ് പഠിപ്പിച്ചത്. നാട്ടിൽ ക്ലബ് പരിപാടിയോ ശിവരാത്രിയോ അമ്പലത്തിലെ ഉത്സവമോ എന്തുമാകട്ടെ, ഞാൻ നൃത്തം ചെയ്യാത്ത വേദികളില്ല.
നാടോടിനൃത്തമാണ് പ്രിയപ്പെട്ട ഏരിയ. അതിൽ പരീക്ഷണങ്ങൾ നടത്താൻ ഇഷ്ടമായിരുന്നു. നാടോടി നൃത്തത്തിന് ഒരു പ്രത്യേകതയുണ്ട്. ഒന്നുകിൽ അത് സന്തോഷത്തിലായിരിക്കും അവസാനിക്കുക, അതല്ലങ്കിൽ സങ്കടത്തിൽ. നമ്മുടെയൊക്കെ ജീവിതം പോലെ. പിന്നീട് ഞാനും ഡാൻസ് പഠിപ്പിക്കാൻ തുടങ്ങി. അതോടെ കുറച്ചു പൈസ സമ്പാദിച്ച് അത്യാവശ്യം സാധനങ്ങളൊക്കെ വാങ്ങിത്തുടങ്ങി. ഞാൻ ഡാൻസ് പഠിപ്പിച്ച അപർണ എന്ന കുട്ടിക്ക് ജില്ലാകലോത്സവത്തില്‍ എ ഗ്രേഡ് ഉണ്ടായിരുന്നു.
രാഷ്ട്രീയത്തിലേക്കുള്ള വരവ് ?
സ്കൂളിൽ പഠിക്കുമ്പോൾ സാമൂഹികപാഠം ക്ലാസുകളാണ് എനിക്ക് ഏറ്റവും ഇഷ്ടം. സ്വാതന്ത്ര്യസമരത്തെക്കുറിച്ച് നിരവധി പുസ്തകങ്ങൾ വായിക്കുമായിരുന്നു. ഇതിനെല്ലാം അപ്പുറം അമ്മയുടെ അച്ഛനാണ് എന്റെ ഉള്ളിലേക്ക് രാഷ്ട്രീയത്തിന്റെ കനൽ പകർന്നത്. ഇന്ദിരാഗാന്ധിയെക്കുറിച്ചും മഹാത്മാ ഗാന്ധിയെക്കുറിച്ചുമെല്ലാം നിരവധി കഥകള്‍ പറഞ്ഞു ത രുമായിരുന്നു.
കുട്ടിക്കാലം തൊട്ടേ പ്രസംഗങ്ങള്‍ ഇഷ്ടമാണ്. അമ്മ പോകുന്ന കുടുംബയോഗങ്ങളിലും പാർട്ടി മീറ്റിങ്ങുകളിലുമെല്ലാം പോകാൻ തുടങ്ങി. അങ്ങനെ അതിനോടൊരു ഇഷ്ടം തുടങ്ങി. പ്ലസ്ടു പഠനം പൂർത്തിയാക്കുന്നതിനു മുന്നേ ഞാൻ പ്രീ പ്രൈമറി ടീച്ചേഴ്സ് ട്രെയിനിങ് കോഴ്സിനു പോയി. കുട്ടികളെ പഠിപ്പിക്കുന്നതായിരുന്നു എനിക്കേറ്റവും ഇഷ്ടം. നിലമ്പൂര് ആര്യാടൻ ഷൗക്കത്ത് സാറിന്റെ മുനിസിപാലിറ്റിയില്‍ ആദിവാസി കുട്ടികളെ പഠിപ്പിക്കലായിരുന്നു പൊതുപ്രവർത്തന രംഗത്തേക്ക് ആദ്യമായി എടുത്തുവെച്ച ചുവട്.
ഉത്തരേന്ത്യയിൽ നടന്ന ജനദേശ് പ്രക്ഷോഭം, പ്ലാച്ചിമട സ മരം ഇവയിലൊക്കെ പങ്കെടുത്തു. പിന്നീട് കെഎസ്‌യു ഭാരവാഹിയായി, യൂത്ത് കോൺഗ്രസ്സിന്റെ മണ്ഡലം സെക്രട്ടറിയായി, പാർലമെന്റ് സെക്രട്ടറിയായി, ബ്ലോക് പഞ്ചായത്ത് പ്രസിഡന്റായി.... ആലത്തൂരിലെ ലോകസഭാ സീറ്റിലേക്ക് ആരാണ് എന്റെ പേര് നിർദേശിച്ചതെന്ന് ഇപ്പോഴും ഒരു പിടിയുമില്ല. പത്രത്തിലൂടെയാണ് ഞാൻ ഈ വിവരം ആദ്യം അറിഞ്ഞത്. പത്രത്തില്‍ പേരു വന്ന രമ്യാ ഹരിദാസ് ഞാൻ തന്നെയാണോ എന്നു പല നേതാക്കൻമാരേയും വിളിച്ചു ചോദിക്കുക പോലുമുണ്ടായി. പിന്നെ, ചാനലുകളിൽ നിന്നെല്ലാം വിളി വന്നതോടെ ഉറപ്പിച്ചു. ആ രമ്യ തന്നെ ഈ രമ്യ.
രമ്യ ജയിച്ച ശേഷമാണ് പ്ലാച്ചിമട സമരത്തിലെ ആക്ടീവ് നേതാവായിരുന്നു എന്നു പുറംലോകമറിയുന്നത് ?
സമരമുഖത്തേക്ക് പോയത് സ്വന്തം താൽപര്യ പ്രകാരമാണ്. രാഷ്ട്രീയപ്രവർത്തക എന്നതിനേക്കാളും സാമൂഹിക പ്രവ ർത്തകയായി മാറാനാണ് ഇഷ്ടം. അതിനെ വേറൊരു രീതിയിൽ ഉപയോഗപ്പെടുത്താൻ ഞാനിഷ്ടപ്പെടുന്നില്ല, പ്ലാച്ചിമടയിലെ സമരവേദികളിൽ ദിവസങ്ങളോളമിരുന്ന് പാട്ടുകൾ പാടി, മയിലമ്മയ്ക്കൊപ്പം ആ സമരത്തിന്റെ ഭാഗമാകാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യമാണ്.
‘പാട്ടു പാടി വോട്ടു നേടുക’. നിരവധി വിവാദങ്ങൾ തുട ക്കം മുതൽ രമ്യക്കൊപ്പമുണ്ടായിരുന്നു ?
ആദ്യത്തെ പ്രശ്നം ഒരു അധ്യാപികയുമായി ബന്ധപ്പെട്ടാണ്. അവർ അവരുടെ വളരെ വ്യക്തിപരമായിട്ടുള്ള അഭിപ്രായം പറഞ്ഞു. അത്രയേ ഞാൻ കണക്കാക്കിയിട്ടുള്ളൂ. അല്ലാതെ യഥാർഥ ഇടതുപക്ഷക്കാർ പാട്ടിനെ ഒരിക്കലും വില കുറച്ചു കാണില്ല. പല രാഷ്ട്രീയപാർട്ടികളും പ്രചരണത്തിൽ പാട്ട് എന്ന മാർഗം ഉപയോഗിക്കാറുണ്ട്. പല നാടക ഗാനങ്ങളും സിനിമാപാട്ടുകളും തിരഞ്ഞടുപ്പു കാലത്തു വരെ ഉപയോഗിച്ചിരുന്നു. കല രാഷ്ട്രീയത്തിനൊപ്പമുള്ള കാര്യം തന്നെയാണ്. ക്യാംപസുകളിൽ പോലും അങ്ങനെയല്ലേ. കവിതയും പാട്ടുമൊക്കെ ക്യാംപസിൽ ഏറ്റവുമധികം നിറയുന്നത് തിരഞ്ഞെടുപ്പ് കാലത്തല്ലേ.
വിവാദം ഉണ്ടാക്കുന്നവർ ഇതേകുറിച്ചൊന്നും ചിന്തിക്കാതെയാണ് പലതും പറയുന്നത്. അതൊന്നും എന്നെ ബാധിക്കുന്ന കാര്യമേയല്ല. പാട്ടു പാടുകയെന്നത് എന്നെ സംബന്ധിച്ച് ഏറ്റവും വലിയ ആയുധമാണ്. അതിനെ ചോദ്യം ചെയ്യാനോ കളിയാക്കാനോ ആർക്കും അവകാശമില്ലെന്ന് വിശ്വസിക്കുന്നുമുണ്ട്. പല വേദികളിലും ആളുകൾ ഇങ്ങോട്ട് ആവശ്യപ്പെടുകയാണ് പതിവ്.
രണ്ടാമത്തെ വിവാദം ഞാൻ കുഞ്ഞാലിക്കുട്ടി സാറിന്റെ വീട്ടിൽ പോയതിനെ കുറിച്ചാണ്. സത്യം പറഞ്ഞാൽ എന്നെ അൽപമെങ്കിലും മാനസികമായി വേദനിപ്പിച്ച പരാമർശമായിരുന്നു അത്. കാരണം, പറഞ്ഞ വ്യക്തി രാഷ്ട്രീയത്തിലെ മുതിർന്ന നേതാവാണ്. പാര്‍ട്ടി ഏതുമായിക്കൊള്ളട്ടെ, അദ്ദേഹത്തെയൊക്കെ നമ്മൾ ഗുരുക്കൻമാരുടെ സ്ഥാനത്താണ് കാണുന്നത്. ഇത്രയും മോശമായി പറയാൻ എങ്ങനെ കഴിയുന്നു എന്നാണു തോന്നിയത്. ആലത്തൂരുകാർക്ക് എന്നെ അറിയാം. ഈ വിജയം അതിന്റെ പ്രതിഫലനമാണ്.
ജീവിതത്തിൽ പരാജയങ്ങൾ ഉണ്ടായിട്ടുണ്ടോ ?
പരാജയം എന്ന് പറയാൻ കഴിയില്ല. പണമില്ലായ്മയുടെ പേരി ൽ പല അവസരങ്ങളും നഷ്ടമായിട്ടുണ്ട്. ചില സ്ഥലങ്ങളെക്കുറിച്ച് കേൾക്കുമ്പോൾ അവിടേക്കൊരു യാത്ര പോയാലോ എന്ന് തോന്നാറില്ലേ. ആഗ്രഹം എത്ര തീവ്രമായിരുന്നാലും പോ കാനുള്ള കാശ് വേണ്ടേ? അങ്ങനെ വേണ്ടെന്ന് വച്ച യാത്രകളുണ്ട്. ബാക്കിയായ സങ്കടങ്ങളും.
ജീവിതത്തിൽ മറക്കാനാകാത്ത സന്ദർഭം?
ഒരു ജില്ലാ കലോത്സവത്തിന് ഞാൻ ലളിതഗാനം പാടാന്‍ പോ യി. എന്റെ തൊട്ടു മുന്നില്‍ പാടേണ്ട കുട്ടി മുഖം പൊത്തിയിരുന്ന് കരയുന്നു. എന്റെ അമ്മ ചോദിച്ചു, ‘മോളെന്തിനാ കരയുന്നതെന്ന്.’ എല്ലാ കലാപരിപാടികൾക്കും ആ കുട്ടിയെ െകാണ്ടു പൊയ്ക്കൊണ്ടിരുന്ന അച്ഛൻ മരിച്ചിട്ട് ദിവസങ്ങളേ ആയിരുന്നുള്ളൂ. അച്ഛൻ പഠിപ്പിച്ച പാട്ടാണ് അവൾ പാടേണ്ടതും. അവൾക്കതിനു കഴിയുന്നില്ല. അതോര്‍ത്തായിരുന്നു കരച്ചില്‍.
അമ്മയും ആ കുട്ടിയുെട ടീച്ചറും ഒരുപാട് സമാധാനിപ്പിച്ചു. അവര്‍ ഉപദേശിച്ചു, ‘അവസരങ്ങൾ നമ്മെ ഒരു തവണയേ തേടി വരൂ. ആ സമയം കഴിഞ്ഞാൽ പിന്നെയത് വരില്ല.’
നിര്‍ബന്ധങ്ങള്‍ക്കു വഴങ്ങി ആ കുട്ടി പാടാൻ കയറി. ‘കഴിഞ്ഞു പോയ കാലം കടലിനക്കരെ...’ എന്ന പാട്ടായിരുന്നു. ഞാൻ ഇതുവരെ കേട്ടിട്ടുള്ളതിൽ ഏറ്റവും മനോഹരമായ ആലാപനം. ഹൃദയത്തിൽ നിന്നു പാടും പോലെ. റിസല്‍റ്റ് വന്നപ്പോള്‍ അവള്‍ക്കു തന്നെ ഒന്നാം സ്ഥാനം. ഇപ്പോഴും ആ പാട്ടു കേ ൾക്കുമ്പോൾ കണ്ണറിയാതെ നനയും. മനസ്സിൽ ആ കലോത്സവം ഓടിയെത്തും.
ഇലക്‌ഷനില്‍ ഇത്ര വലിയ വിജയം നേടിയിട്ടും വലിയ ആഹ്ലാദ ആവേശമൊന്നും മുഖത്ത് കാണാനില്ലല്ലോ?
ജീവിതത്തിൽ അങ്ങനെ ഒരുപാടു സന്തോഷിച്ച നിമിഷങ്ങളില്ല. ആഘോഷങ്ങളും കുറവ്. അതുകൊണ്ടാകാം ഒന്നിലും അമിതമായ ആവേശം തോന്നാത്തത്. കയ്യിൽ ഒരു പൈസയുമില്ലാതെയാണ് ഞാൻ തിരഞ്ഞെടുപ്പിന് ഇറങ്ങിയത്. കോഴിക്കോടു നിന്നു പുറപ്പെടുമ്പോൾ മൂന്ന് ജോഡി ചുരിദാർ ബാഗിലുണ്ടായിരുന്നു.
ആലത്തൂര് നിന്നു ലഭിച്ച സ്നേഹം എന്റെ കണ്ണ് നിറയിച്ചു. അറുപത്തിയഞ്ച് ജോഡി വസ്ത്രങ്ങൾ ഉണ്ടെനിക്കിപ്പോൾ. ആകെയുള്ള ചെറിയ സമ്പാദ്യത്തില്‍ നിന്ന്, ‘മോള് ഉടുപ്പ് വാങ്ങിക്കോ’ എന്നു പറഞ്ഞു പൈസ തന്നവരുണ്ട്. അതെല്ലാം വിജയത്തിനും മേലെയുള്ള സന്തോഷങ്ങളാണ്. ജീവിതത്തിൽ പ്രതീക്ഷിക്കാതെ വന്ന സന്തോഷങ്ങൾ.
ഫാഷൻ സങ്കൽപങ്ങളൊക്കെ എങ്ങനെ ?
ഒരു ഫാഷനുമില്ല. കാരണം ഷോപ്പിങ്ങിനു വേണ്ടി പണം ചെലവഴിച്ച് ജീവിച്ചയാളല്ല ഞാൻ. വസ്ത്രത്തിനൊപ്പം ചേരുന്ന വളയോ മാലയോ കമ്മലോ ഒന്നും ഉണ്ടായിരുന്നില്ല. പതിയെ അതൊന്നും വേണ്ടെന്നു തോന്നിത്തുടങ്ങി. ഒരു കറുത്തപൊട്ട്, ഒരു ചന്ദനക്കുറി, ഉള്ളതിലെ നല്ല വസ്ത്രം. അതാണ് എന്‍റെ ഫാഷന്‍. വസ്ത്രം എപ്പോഴും കംഫർടബിളായിരിക്കണം എന്നു മാത്രമേ നോക്കാറുള്ളൂ. എന്നാലും ഞാൻ സുന്ദരിയല്ലേ... എന്റത്ര സുന്ദരി വേറെയാരുണ്ട് ?
വിവാഹ പ്രായമായില്ലേ ? പ്രണയമുണ്ടോ?
വിവാഹത്തിന് എപ്പോൾ വേണേലും തയാറാണ്. ആലത്തൂര്കാര് സമ്മതിച്ചാൽ ഉടൻ വിവാഹമുണ്ടാകും. പക്ഷേ, ആലത്തൂര്കാര് സമ്മതിക്കണം.
പഠിക്കുന്ന കാലം മുഴുവൻ ഡാൻസിന്റെ പുറകേ പോയതിനാല്‍ പ്രണയിക്കാൻ സമയം കിട്ടിയില്ല. ഒരിക്കൽ പ്രണയത്തെ കുറിച്ചു സംസാരിക്കുന്നതിനിടയില്‍ മാവൂര്‍ സ്കൂളിലെ എന്റെ പ്രിയപ്പെട്ട അജിത ടീച്ചർ പറഞ്ഞു, ‘നന്നേ ചെറുപ്പത്തിൽ ഒരാളെ പ്രണയിച്ചാൽ കുറച്ചു കഴിയുമ്പോൾ തോന്നും ഇതിലും നല്ലൊരാളെ കിട്ടിയേനെ എന്ന്. പ്രായത്തിന്റെ ഓരോ ഘട്ടത്തിലും നമ്മൾ ചിന്തിക്കും ഭാവിയിൽ നമുക്ക് ഇതിലും നല്ലത് കിട്ടിയാലോ എന്ന്. അതുകൊണ്ട് ആദ്യം കാണുമ്പോഴേ ചാടിക്കേറി ആരേയും പ്രണയിക്കരുത്.’ അന്നും ഇന്നും ജീവിതത്തിൽ ആ പോളിസി നെഞ്ചോടു ചേർക്കുന്ന ആളാണ് ഞാന്‍.