തെന്നിന്ത്യയും കടന്ന് ബോളിവുഡ് നായികാപദവിയിലേക്കുയർന്ന അഭിനയചാരുതയാണ് അമല പോൾ. പക്ഷേ, വ്യക്തി ജീവിതത്തിൽ പലകാലങ്ങളിലായി നേരിട്ട ചില മോശം അനുഭവങ്ങൾ അമലയെ മൊത്തത്തിൽ ഉടച്ചു വാർത്തു. വിവാഹമോചനത്തിന്റെയും വിഷാദത്തിന്റെയും തുരുത്തുകൾ പിന്നിട്ട്, ആത്മാനുരാഗത്തിന്റെ തുറസ്സിലേക്കെത്തിയ നിമിഷത്തിലാണ് ജഗത് ദേശായി എന്ന ഗുജറാത്തുകാരൻ സുന്ദരൻ അമലയുടെ ജീവിതത്തിലേക്ക് കടന്നു വന്നത്. ‘അൺകണ്ടീഷനൽ ലവ്’ എന്നാണ് ജഗത്തിനെ അമല വിശേഷിപ്പിക്കുക’. ‘ജഗ്’ എന്ന ചെല്ലപ്പേരിൽ ആ ഹൃദയത്തോടുള്ള മുഴുവൻ ഇഷ്ടവും അതിന്റെ പരമാവധിയിൽ അമല നിറച്ചു വച്ചിട്ടുണ്ട്.
ഇപ്പോൾ ആ സ്നേഹക്കൂട്ടില്‍ ഒരാൾ കൂടിയുണ്ട്, അമലയുടെയും ജഗത്തിന്റെയും ആദ്യത്തെ കൺമണി ഇളൈ. ഈ വിഷുക്കാലം അമലയ്ക്കും ജഗത്തിനും ഏറെ സ്പെഷലാകുന്നതും അതുകൊണ്ടാണ്, ഇളൈയുടെ ആദ്യ വിഷു...
‘‘ഈ വർഷത്തെ വിഷു ആഘോഷം ചൈന്നൈയിൽ ആണ്. ഇവിടെ ഇ.സി.ആറിൽ വീട് എടുത്ത് ഞങ്ങളുടെ സെറ്റിൽ ആയി. ഒപ്പം ഇളൈയുടെ ആദ്യത്തെ വിഷു ആഘോഷം എന്ന പ്രത്യേകതയുമുണ്ട്. ഇത്തവണത്തെ വിഷുവിനെ മനോഹരമാക്കുന്ന രണ്ടു വലിയ സന്തോഷങ്ങളാണിവ. ഞാൻ വീണ്ടും അഭിനയരംഗത്ത് സജീവമാകുന്നു എന്നതാണ് മറ്റൊരു പുതിയ വിശേഷം. മലയാളത്തിലും തമിഴിലുമായി അഞ്ചോളം സിനിമകൾ ഇപ്പോൾ കമിറ്റഡാണ്. അതിന്റെ കൂടുതൽ വിവരങ്ങൾ വൈകാതെ അറിയിക്കാം’’. – അമല ‘വനിത ഓൺലൈനോട്’ പറഞ്ഞു.
ഇളൈയ്‌യുടെ ആദ്യത്തെ വിഷു
ഈ വിഷുവിന്റെ ഏറ്റവും വലിയ സന്തോഷം ഇളൈയ്ക്കൊപ്പം ആഘോഷിക്കുന്നു എന്നതാണ്. ഞാനും ജഗ്ഗും പരിചയപ്പെട്ട ശേഷമുള്ള വിഷു ആഘോഷവും ഏറെ സ്പെഷ്യലായിരുന്നു. കണിയൊരുക്കി. സദ്യ തയാറാക്കി. ഇതൊക്കെ ജഗ്ഗിന് പുതിയ അനുഭവമാണല്ലോ. വലിയ സന്തോഷമായി. വേറെ ഒരു കൾച്ചറിൽ നിന്നു വരുന്ന ആളല്ലേ. ഓണം, വിഷു തുടങ്ങി നമ്മുടേതു മാത്രമായ ആഘോഷങ്ങളൊക്കെ അദ്ദേഹത്തിനു വലിയ കൗതുകമാണ്. ഇനി ഞങ്ങളുടെ എല്ലാ ആഘോഷങ്ങളും ഇളൈ കൂടി ചേരുന്നവയാണ്. ഇളൈയുടെ ആദ്യത്തെ വിഷു ഏറ്റവും മനോഹരമാക്കാനുള്ള തയാറെടുപ്പിലാണ് ഞാനും ജഗ്ഗും.
സ്പെഷ്യൽ ചടങ്ങിന്റെ കൗതുകം
ഈ വിഷുവിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഇവിടെ കുഞ്ഞുങ്ങൾക്കു വേണ്ടിയുള്ള ഒരു ആചാരമുണ്ട്. ബുദ്ധിസവുമായി ബന്ധപ്പെട്ടു വരുന്ന ചടങ്ങാണ്. അതായത്, കുഞ്ഞിന്റെ മുന്നിൽ പല സാധനങ്ങൾ വയ്ക്കും. പുസ്തകങ്ങൾ, പട്ട് വസ്ത്രങ്ങൾ, സ്വർണം, നെല്ല്, വിശുദ്ധ ഗ്രന്ഥങ്ങൾ, സംഗീത ഉപകരണങ്ങൾ ഒക്കെയുണ്ടാകും. കുഞ്ഞ് സ്വാഭാവികമായി ഏതിന്റെ അടുത്തേക്കാണോ പോകുന്നത് അത് കുഞ്ഞിന്റെ ഭാവി ജീവിതത്തിൽ പ്രധാനപ്പെട്ട ഒന്നാകും എന്നാണ് വിശ്വാസം. ഇളൈയ്ക്ക് ഞങ്ങൾ ആ ചടങ്ങ് നടത്തുന്നുണ്ട്. അത് ഈ വിഷുവിനോടനുബന്ധിച്ച് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.
അമ്മ ജീവിതം ആസ്വദിക്കുന്നു
അമ്മജീവിതം ഞാൻ ശരിക്കും ആസ്വദിക്കുകയാണ്. മോന്റെ കാര്യങ്ങളൊക്കെ ശ്രദ്ധിച്ച്, അവനൊപ്പം കളിച്ചും യാത്രകൾ ചെയ്തും ഓരോ ദിവസവും ഏറെ സന്തോഷത്തോടെ കടന്നു പോകുന്നു. സമയം തികയുന്നില്ല എന്നേയുള്ളൂ. നേരത്തെ സിനിമയുടെ തിരക്കുകളുമായി ഓടുമ്പോഴും ഉറങ്ങാനൊക്കെ ആവശ്യത്തിനു സമയം കിട്ടിയിരുന്നു. പക്ഷേ, ഇപ്പോൾ അഞ്ചു മണിക്കൂറിൽ കൂടുതൽ ഉറങ്ങിയിട്ട് പത്തു മാസമായി. ജഗ്, മോൻ, ഞങ്ങളുടെ കുടുംബം...അതാണിപ്പോൾ എന്റെ ലോകം. എല്ലാവർക്കും സന്തോഷവും സംതൃപ്തിയും നിറഞ്ഞ ഒരു വിഷു ആശംസിക്കുന്നു. ഈ വിഷുക്കാലവും തുടർന്നുള്ള എല്ലാക്കാലങ്ങളും അങ്ങനെയാകട്ടേ...
(ചിത്രങ്ങൾ – ജിക്സൺ ഫൊട്ടോഗ്രഫി, കടപ്പാട് – ഇൻസ്റ്റഗ്രാം)