ബിജുക്കുട്ടൻ ഇപ്പോൾ കറുപ്പാണ് ഉടുക്കുന്നത്. മ ണ്ഡലകാലം കഴിഞ്ഞല്ലോ പിന്നെ, എന്താണ് ഇങ്ങനെ എന്നു പലരും ചോദിക്കും. ‘‘അതിന്റെ പിന്നിൽ വലിയ രഹസ്യമൊന്നുമില്ല കേട്ടോ. ഒരു ഉദ്ഘാടനത്തിനു ചെന്നപ്പോൾ വൈകി. ‘ഉദ്ഘാടന സ്പെഷൽ കോസ്റ്റ്യൂംസ്’ ഒന്നും ഇടാൻ പറ്റിയില്ല. കറുത്തമുണ്ടും കൂളിങ് ഗ്ലാസും. സംഘാടകരും സ്ഥലത്തു കണ്ടു പരിചയപ്പെട്ട യൂത്തും ഹാപ്പി. അങ്ങനെ പ്രോഗ്രാമുകൾക്ക് ആ വേഷം സ്ഥിരമാക്കി.’’ മകളുമൊത്തുള്ള വൈറൽ ഡാൻസിലും ഇതുത ന്നെയായിരുന്നു ബിജുക്കുട്ടന്റെ വേഷം.
‘‘കറുപ്പും കഷണ്ടിയുമായിരുന്നു മുൻപ് കേട്ടിരുന്ന രണ്ടു പോരായ്മകൾ. തുടക്കത്തിൽ ചില മിമിക്രി ട്രൂപ്പുകളിൽ ഇന്റർവ്യൂവിന് പോയിട്ടുണ്ട്. അന്ന് ഇതു രണ്ടും പ്രശ്നമായിട്ടുമുണ്ട്. പലരും എന്നോടു പറഞ്ഞിട്ടുണ്ട്; ‘എടാ സ്റ്റേജിൽ നിന്നാൽ നിന്നെ കാണണമെങ്കിൽ ടോർച്ച് അടിച്ചു നോക്കണമല്ലോ എന്ന്. ഇപ്പോൾ ഇങ്ങനെ പറയുന്നതു തമാശയാണ്. അന്ന് അതു വലിയ വേദനയായിരുന്നു. ഇന്നു ജീവിതത്തിലെ രണ്ടു പ്ലസ് പോയിന്റ്സ് എന്താണെന്നു ചോദിച്ചാൽ അ തു രണ്ടും തന്നെ എന്നു ഞാൻ പറയും. കാലം കലയിലൂടെ മൈനസുകളെ എന്റെ പ്ലസ് ആക്കി മാറ്റി.’’ നോർത്ത് പറവൂരിലുള്ള വീട്ടിലിരുന്ന് ബിജുക്കുട്ടൻ സംസാരിക്കുന്നു.
എങ്ങനെയാണു കലാരംഗത്തേക്കു വരുന്നത്?
പത്താം ക്ലാസ് കഴിഞ്ഞപ്പോൾ മുതൽ ഞാൻ ടൈൽസിന്റെ പണിക്കു പോയി തുടങ്ങി. സുഹൃത്ത് രാജേഷിന്റെ കൂടെയാണ് പണി. അത്യാവശ്യം മിമിക്രി പരിപാടിയുമുണ്ട്.
എന്റെ അമ്മവീടിന്റെ അടുത്താണ് സലിംകുമാർ താമസിക്കുന്നത്. ഇടയ്ക്കൊക്കെ ചേട്ടനെ പോയി കാണും, സംസാരിക്കും. പത്താം ക്ലാസ്സിൽ പഠിക്കുന്ന സമയത്താണ് മഹാരാജാസ് കോളജിൽ ചേട്ടനൊപ്പം മിമിക്രി കളിക്കാൻ പോയത്. കലാജീവിതത്തിന്റെ തുടക്കത്തിൽ പ്രോത്സാഹനം തരുന്ന ഒരാളെ ജീവിതകാലത്തോളം മറക്കാൻ കഴിയില്ല. അങ്ങനെയൊരാളാണ് എനിക്കു സലിമേട്ടൻ. അതുകൊണ്ട് അദ്ദേഹത്തോട് ആജീവനാന്തം കടപ്പാടുണ്ട്. സലിമേട്ടനുമായി എനിക്കു മറ്റൊരു ബന്ധം കൂടിയുണ്ട്. അദ്ദേഹത്തിന്റെ ഭാര്യ എന്റെ അധ്യാപിക കൂടിയാണ്.
തുടക്കകാലത്തു പല ട്രൂപ്പുകളിലും കയറിപ്പറ്റാൻ പ ല ശ്രമങ്ങളും നടത്തിയിട്ടുണ്ട്. എല്ലാം പരാജയപ്പെട്ടു കഴിഞ്ഞപ്പോൾ ഒരു തീരുമാനമെടുത്തു. സ്വന്തം ട്രൂപ്പ് തുടങ്ങുക. അങ്ങനെ ഞങ്ങൾ ആലുവ മിമി വോയ്സ് എന്ന പേരിൽ സ്വന്തം പരിപാടി തുടങ്ങി. ‘മാട്ട’ എന്ന ഒാമനപ്പേരിൽ അറിയപ്പെടുന്ന തട്ടിക്കൂട്ട് പ്രോ ഗ്രാമുകൾ ചെയ്തുതുടങ്ങി.

അങ്ങനെയൊരു പ്രോഗ്രാം കഴിഞ്ഞ് തിരികെ പോകാനൊരുങ്ങി നിൽക്കുന്നു ഞങ്ങൾ. കാശ് വാങ്ങാൻ കമ്മിറ്റി ഓഫിസിലേക്കു പോയ സുഹൃത്തിനെ കാണാനില്ല. ആകെ ടെൻഷനായി. പെട്ടെന്നൊരാൾ ഓടി വന്നു പറഞ്ഞു, ‘നിങ്ങളുടെ കൂടെ വന്നയാൾ അവിടെ തല കറങ്ങി വീണു. ഇപ്പോൾ കുഴപ്പമില്ല’. അതു കേട്ടതും ഞങ്ങളെല്ലാവരും അങ്ങോട്ടോടി. അവൻ കസേരയിൽ ഇരിക്കുന്നുണ്ട്. കയ്യിൽ 2500 രൂപ ചുരുട്ടി പിടിച്ചിട്ടുണ്ട്. കുറച്ചു വെള്ളം കൊടുത്തു പതിയെ അവനെയും കൊണ്ട് അവിടെ നിന്നു പോയി. പിന്നെയാണ് കാര്യം മനസ്സിലായത്.
പരിപാടി ബുക്ക് ചെയ്യുന്ന സമയത്തു ഞങ്ങൾ കമ്മിറ്റിക്കാരോടു പറഞ്ഞത് രണ്ടര രൂപയാണെങ്കിൽ പരിപാടി ക ളിക്കാം എന്നാണ്. ബുക്ക് ചെയ്യാൻ വന്ന ചേട്ടൻ ‘രണ്ടര കൂടുതലാണ്. രണ്ടു രൂപ തരാം’ എന്നാദ്യം പറഞ്ഞെങ്കിലും അവസാനം രണ്ടര രൂപയ്ക്കു തന്നെ സമ്മതിച്ചു. സുഹൃത്തിനു തല കറങ്ങാൻ കാരണം അതാണ്. ഞങ്ങൾ ഉദ്ദേശിച്ച രണ്ടര 250 രൂപയാണ്. കമ്മിറ്റിക്കാർ ധരിച്ചത് 2500 രൂപ. സന്തോഷം കൂടിയാലും മനുഷ്യർക്കു തല കറങ്ങുമെന്ന് അന്നു മനസ്സിലായി.
വീട്, കുടുംബം, കലാപാരമ്പര്യം?
അച്ഛൻ അനന്ദനു കൂലിപ്പണിയായിരുന്നു. അമ്മ ചന്ദ്രിക. ഞങ്ങൾ മക്കൾ മൂന്നുപേർ. അച്ഛൻ നന്നായി പാടും. അല്ലാതെ കലാപാരമ്പര്യമൊന്നുമില്ല. നാട്ടിൽ എന്റെ ഏതു പ്രോഗ്രാം ഉണ്ടെങ്കിലും അച്ഛൻ വരും. തലയിലൊരു കെട്ടൊക്കെ കെട്ടി ബീഡി വലിച്ച് ഒാരം ചേർന്നു നിൽക്കും. പ രിചയമില്ലാത്തവരോടു സ്വന്തം നിലയ്ക്ക് അഭിപ്രായ സർവേയും നടത്താറുണ്ടായിരുന്നു.
എന്റെ പെർഫോമൻസ് കഴിയുമ്പോൾ സഹസദസ്യരോട് അച്ഛൻ ചോദിക്കും. ‘ ആ പയ്യൻ കൊള്ളാം അല്ലേ.’ അരങ്ങിലെ പയ്യന്റെ അച്ഛനാണു ചോദിക്കുന്നതെന്നറിയാതെ അവരിൽ പലരും പറഞ്ഞിട്ടുണ്ടത്രേ. ‘കൊള്ളാം അവനൊരു ഭാവിയുണ്ട്.’ ആ സന്തോഷത്തിലാണ് അച്ഛന്റെ വീട്ടിലേക്കുള്ള മടക്കം.
കടുത്ത മമ്മൂട്ടി ആരാധകനായിരുന്നു അച്ഛൻ. മമ്മൂക്കയ്ക്കൊപ്പം അഭിനയിച്ച എന്റെ ആദ്യ സിനിമ പോത്തൻ വാവ ഞങ്ങൾ കുടുംബക്കാരെല്ലാം ഒന്നിച്ചാണു കണ്ടത്. വീട്ടിലെത്തിയതും ‘രണ്ടു കവിൾ പ്രശംസ’ പ്രതീക്ഷിച്ച് അച്ഛന്റെയടുത്തു ചെന്നു. ‘ഉം പോരട്ടെ, മകനെ മതിവരുവോളം പ്രശംസിക്കൂ അച്ഛാ’ എന്ന മട്ടിൽ കാത്തുനിന്നു. രണ്ടു മൂന്നു മിനിറ്റ് അങ്ങനെ പോയി. പിന്നെ, അച്ഛൻ ചോദിച്ചു, ‘മമ്മൂക്ക സൂപ്പറാ അല്ലേ..’

സിനിമയിൽ എത്തുന്നതെങ്ങനെയാണ്?
ഒരു ദിവസം സലിമേട്ടന്റെ വീട്ടിലിരിക്കുമ്പോൾ നിർമാതാവ് ഫിറോസ് അവിടെ വന്നു. സലിമേട്ടന് അഡ്വാൻസ് കൊടുക്കാൻ വന്നതാണ്. എന്നെ കണ്ടപ്പോൾ ഏതോ മിമിക്രി പരിപാടിക്കു മുൻപു കണ്ടിട്ടുണ്ട് എന്നു പറഞ്ഞു. പിന്നെയും കുറച്ചു നേരം വർത്തമാനം പറഞ്ഞു. ഇറങ്ങാൻ നേരം അദ്ദേഹം പറഞ്ഞു. ‘ഈ സിനിമയിൽ ബിജുവും ഒരു കഥാപാത്രം ചെയ്യൂ.’ അതാണ് സിനിമയിലേക്കുള്ള ആദ്യ വിളി.
എനിക്ക് ജഗതിചേട്ടനുമായിട്ടായിരുന്നു ആ സിനിമയിലുള്ള സീനുകൾ. അദ്ദേഹം ഷൂട്ടിനു വന്നില്ല. അതുകൊണ്ട് അഭിനയിക്കാനും പറ്റിയില്ല. ആ സിനിമ പിന്നീട് റിലീസ് ആയതുമില്ല. അങ്ങനെ സിനിമാമോഹം തൽക്കാലത്തേക്ക് ഉപേക്ഷിച്ചു.
സിനിമയിൽ എത്താൻ കാരണം മമ്മൂക്കയാണ്. മിമിക്രിയിൽ അത്യാവശ്യം പച്ചപിടിച്ചു തുടങ്ങിയ കാലം. ഗൾഫിൽ ഒരു മാസത്തെ പരിപാടിക്കുള്ള എഗ്രിമെന്റ് ഒപ്പിട്ട സമയത്താണ് നിർമാതാവ് ആന്റോ ചേട്ടൻ വിളിക്കുന്നത്. ആദ്യസിനിമ മോഹം പൊലിഞ്ഞ പേടിയിൽ മറുപടി പറഞ്ഞു. ‘ഗൾഫിൽ ഒരു പരിപാടി ഏറ്റിട്ടുണ്ട്. വരാൻ പറ്റില്ലല്ലോ ചേട്ടാ’. രണ്ടും നഷ്ടപ്പെടുമോ എന്ന പേടിയായിരുന്നു.
പിന്നെയൊരു ദിവസം മമ്മൂക്കയുടെ വിളി വന്നു. ‘ഇയാള് മിമിക്രി മാത്രമേ ചെയ്യാൻ ഉദ്ദേശിക്കുന്നുള്ളോ? സിനിമയിൽ അഭിനയിക്കില്ലേ?’ മമ്മൂക്ക ചോദിച്ചു. ഞാൻ ഗൾഫിലെ പരിപാടിയുടെ കാര്യം സൂചിപ്പിച്ചു. ‘ആലോചിച്ച് തീരുമാനമെടുക്കൂ’ അദ്ദേഹം പറഞ്ഞു. ആ ഒറ്റ ഫോൺകോൾ പകർന്ന ധൈര്യത്തിൽ ഞാൻ തീരുമാനിച്ചു. സിനിമയ്ക്ക് കൈ കൊടുക്കാം. അങ്ങനെ ആദ്യമായി സിനിമയിൽ അഭിനയിച്ചു. മമ്മൂക്കയ്ക്കൊപ്പം പോത്തൻവാവയിൽ. അതൊരു നല്ല തുടക്കമായിരുന്നു. പിന്നെ, നൂറിലേറെ സിനിമകളിൽ അഭിനയിച്ചു എങ്കിലും പോത്തൻവാവയിലെ മാറാമ്പൽ ആണ് ഇപ്പോഴും മനസ്സിൽ.
ഏറ്റവും ചിരിച്ച ജീവിതത്തിലെ കോമഡി?
സിനിമയിൽ വന്ന ശേഷമാണ് ഈ സംഭവം നടക്കുന്നത്. മലപ്പുറത്ത് ഒരു ഉദ്ഘാടനപരിപാടി. നാട്ടിൽ നിന്നു കാറിൽ ഞാനും സുഹൃത്തും കൂടി പോയി. 50000 രൂപയാണു പ്രതിഫലം. ഉദ്ഘാടനം കഴിഞ്ഞ് അവരു പറഞ്ഞു. ആഹാരം കഴിച്ചിട്ടു പോകാം. പോകുന്ന വഴിക്കു കഴിച്ചോളാമെന്നു പറഞ്ഞു ഞങ്ങൾ അവിടെ നിന്നിറങ്ങി. വരുന്ന വഴി നല്ല വൃത്തിയുള്ള ഒരു ഹോട്ടൽ കണ്ടു. ഡെക്കറേഷൻ ഒക്കെ ഉണ്ട്. പുതിയ ഹോട്ടലല്ലേ. നല്ല ഫൂഡ് കിട്ടുമെന്നു പ്രതീക്ഷയായി. കാറിൽ നിന്നിറങ്ങിയപ്പോൾ ബൊക്കയും മാലയും തന്നു സ്വീകരിച്ചു. ഇതെന്ത് ആചാരം എന്നു തോന്നിയെങ്കിലും സന്തോഷത്തോടെ സ്വീകരിച്ചു. അപ്പോഴാണ് അകത്ത് അനൗൺസ്മെന്റു കേൾക്കുന്നത്. നമ്മൾ കാത്തിരുന്ന അതിഥി ഇപ്പോൾ ഇവിടെയെത്തിയിരിക്കുന്നു. മലയാള സിനിമാതാരം ബിജുക്കുട്ടൻ ഉദ്ഘാടനത്തിന് എത്തിച്ചേർന്നിരിക്കുന്നു.
എന്താണു സംഭവിക്കുന്നതെന്നു മനസ്സിലായില്ല. അതിനു മുൻപു തന്നെ ഹോട്ടലിന്റെ ഉടമസ്ഥൻ പറഞ്ഞു. ആ നിലവിളക്കു കത്തിച്ച് ബിജുക്കുട്ടൻ ഉദ്ഘാടനം ചെയ്യണം. ഞാൻ അതുപോലെ ചെയ്തു. അവിടെ നിന്നു ഭക്ഷണം കഴിച്ചു. പോരാൻ നേരം ഉടമസ്ഥൻ വന്നു പറഞ്ഞു; വേറൊരു നടനെ ഉദ്ഘാടനത്തിനു ക്ഷണിച്ചിരുന്നു. അദ്ദേഹം അവസാനനിമിഷം പിന്മാറി. ആ സമയത്തു ഞാൻ കയറിച്ചെന്നത് അവർക്കു വലിയ സന്തോഷമായി.
യാത്ര പറഞ്ഞിറങ്ങവേ ആ ഉടമസ്ഥൻ ഒരു പൊതി എന്നെ ഏൽപ്പിച്ചു. മറ്റേ നടന് കൊടുക്കാൻ വച്ചിരുന്നതാണ്. കൂടുതലാണെങ്കിലും കുറവാണെങ്കിലും പൊരുത്തപ്പെടണം. അദ്ദേഹം പറഞ്ഞു. ആദ്യം ഞാനതു വേണ്ടെന്നു പറഞ്ഞു. പക്ഷേ, അദ്ദേഹം നിർബന്ധിച്ചു. വീട്ടിലെത്തി പണമെത്രയെന്നു നോക്കിയപ്പോൾ ചെറുതായി ഒന്നു ഞെട്ടി. 75000 രൂപ. നേരത്തെ വരാെമന്നേറ്റ നടനു കൊടുക്കാൻ വച്ചിരുന്ന പണമായിരുന്നു അത്.
കുടുംബം, കുട്ടികൾ?
സുബിതയെ വിവാഹം ചെയ്യുന്ന കാലത്തു ഞാൻ മിമിക്രിക്കാരനാണ്. സിനിമാനടനല്ല. പക്ഷേ, സുബിത പിന്നീട് പറഞ്ഞിട്ടുണ്ട്. ‘ചേട്ടനെ എനിക്ക് അന്നേ അറിയാമായിരുന്നു. ഞാൻ മിമിക്രി കണ്ടിട്ടുണ്ട്.’ മൂത്തമകൾ ലക്ഷ്മിക്കുട്ടി ഡിഗ്രി കഴിഞ്ഞു. കുട്ടിക്കാലം മുതൽക്കേ ക്ലാസിക്കൽ ഡാൻസ് പഠിക്കുന്നുണ്ട്. വലിയ ഡാൻസറാണ്.
അപ്പോൾ വന്നു ലക്ഷ്മിക്കൂട്ടിയുടെ കമന്റ്. ‘‘അച്ഛനു പണ്ട് ഡാൻസിന്റെ പേരിൽ ‘ബ്രേക്ക് ബിജു’ എന്നൊരു പേരുണ്ടായിരുന്നില്ലേ.’ അതുകേട്ട് മൂന്നാംക്ലാസുകാരിയായ ഇളയമകൾ പാർവതി ബിജുക്കുട്ടനെ നോക്കി. അതോടെ സംഭാഷണം ചിരിയിൽ ബ്രേക്കിട്ടു നിന്നു.