Friday 09 February 2018 03:36 PM IST

കശ്മീരിൽ വച്ചൊരു പന്തയം; ബാബുരാജിന് 10000 രൂപ സമ്മാനം

Baiju Govind

Sub Editor Manorama Traveller

Himalayas range and Pangong Tso lake-Ladakh,India ബാബുരാജ് (ഫോട്ടോ: സരിൻ ദാസ്)

ബുള്ളറ്റിൽ കശ്മീരിലേക്കു പോയ കഥ കേൾക്കാനായി ബാബു രാജിനെ ഫോൺ വിളിച്ചപ്പോൾ അദ്ദേഹം കാക്കനാടുള്ള ഫ്ളാറ്റിലായിരുന്നു. സിനിമാക്കാർ താമസിക്കുന്ന ഫ്ളാറ്റിന്റെ എട്ടാം നിലയിലെ മുറിയിൽ എത്തിയ സമയത്ത് അദ്ദേഹം ഉറങ്ങുകയായിരുന്നു. തലേന്നു പുലർച്ചെ വരെ നീണ്ട ഷൂട്ടിങ്ങിന്റെ ഉറക്കച്ചടവു വിട്ടു മാറാനായി അദ്ദേഹം ഒരു സ്ട്രോങ് ചായ ഓർഡർ ചെയ്തു. അതിനുശേഷം കസേരയിലേക്ക് ചാരിയിരുന്ന് കാൽപ്പാദം ഉയർത്തിക്കാണിച്ചു. ‘‘കശ്മീർ യാത്രയിൽ ഒരാളുമായി ബെറ്റ് വച്ചതിന്റെ ഫലമായി കിട്ടിയതാണ്’’ കാലിന്റെ അടിഭാഗത്തുള്ള തൊലി അടർന്നു നിൽക്കുന്നതു തൊട്ടു കാണിച്ചുകൊണ്ട് ബാബുരാജ് ആ സംഭവത്തെക്കുറിച്ചു പറഞ്ഞു തുടങ്ങി.

കശ്മീർ ട്രിപ്പിൽ ലാസ്റ്റ് പോയിന്റാണ് കർദുങ്‌ലാ പാസ്. അവിടെ താപനില മൈനസ് ഡിഗ്രിയാണ്. അഞ്ച് കമ്പിളി ഒരുമിച്ചു പുതച്ചാലും തണുപ്പു മാറില്ല. ഷൂസും വുളൻ ജാക്കറ്റുമണിഞ്ഞാണ് യാത്രികർ അവിടേക്കു പോകാറുള്ളത്. കർദുങ്‍‌ലാ യാത്രയുടെ തലേന്നാൾ രാത്രി കൂടെയുണ്ടായിരുന്ന രാജീവ് ഞാനുമായൊരു ബെറ്റ് വച്ചു. കർദുങ് ലാ വരെ ഷൂ ഉപേക്ഷിച്ച് ചെരുപ്പിട്ട് നടന്നാൽ 10000 രൂപയും ഒരു ഹെൽമറ്റും സമ്മാനം തരുമെന്നു രാജീവ് വാഗ്ദാനം ചെയ്തു.

2)Travel-team ബാബുരാജും സംഘവും ലേയിലേക്കുള്ള പാതയിൽ. (ഫോട്ടോ: ജോജസ്റ്റ്)

രാജീവിന്റെ കയ്യിൽ വിദേശത്തു നിന്നു കൊണ്ടുവന്ന വില കൂടിയ ഒരു ഹെൽമെറ്റുണ്ട്. അതു സ്വന്തമായി കിട്ടുന്ന കാര്യം ഓർത്തപ്പോൾ ഞാൻ മറ്റൊന്നും ആലോചിക്കാതെ വെല്ലുവിളി ഏറ്റെടുത്തു. മരം കോച്ചുന്ന തണുപ്പിൽ വെറും കാലുകളുമായി, സ്ലിപ്പർ ചെരിപ്പിട്ട് വണ്ടിയോടിച്ചു. തണുപ്പടിച്ച് കാലിന്റെ നിറം വിളറി. ഞരമ്പുകൾ കോച്ചി വലിഞ്ഞു. ബെറ്റ് വച്ചതല്ലേ, വിഷമങ്ങൾ പുറത്തുകാണിക്കാൻ പറ്റുമോ? കാൽപ്പാദത്തിലെ തൊലി പോയെങ്കിലും പതിനായിരം രൂപയും ഇന്റർനാഷണൽ ഹെൽമറ്റും ഞാൻ സ്വന്തമാക്കി.

ഈ പറഞ്ഞത് കശ്മീർ യാത്രയിൽ അവസാനമുണ്ടായ സംഭവമാണ്. ഇനി ആദ്യം തൊട്ടുള്ള സംഭവങ്ങൾ പറയാം. എന്റെ മക്കൾ അഭയും അക്ഷയുമാണ് കശ്മീരിൽ പോകാൻ എന്നെ പ്രേരിപ്പിച്ചത്. കുറേക്കാലമായി അവർ കശ്മീരിനെക്കുറിച്ച് പലതരം കഥകൾ എന്നോടു പറയുന്നു. ഒടുവിൽ, വിദേശത്തെ കുറച്ചു സുഹൃത്തുക്കളോടൊപ്പം ഒരു കശ്മീർ യാത്ര തരപ്പെട്ടു. കൊച്ചിയിൽ നിന്നു ഡൽഹിയിലേക്കു വിമാനം കയറി. കശ്മീർ യാത്രയ്ക്കുള്ള സംഘം അവിടെ കാത്തു നിന്നിരുന്നു. ഡൽഹിയിൽ നിന്നു വിമാനം കയറി കുളുവിലേക്കു പോയി. അവിടെ നിന്നൊരു ടാക്സിയിൽ മണാലിയിലേക്കു നീങ്ങി.

3)kulu-airport കുളു വിമാനത്താവളം

കശ്മീർ യാത്രയ്ക്കു തയാറായി മണാലിയിൽ നിർത്തിയിട്ട വാഹനങ്ങൾ കണ്ടപ്പോൾ എനിക്കു സന്തോഷം തോന്നി. എഴുപത്തേഴു വയസ്സുള്ള ഭാര്യയേയും കൂട്ടി സ്വിറ്റ്സർലൻഡിൽ നിന്നു ഹിമാലയം കാണാനെത്തിയ എൺപത്തേഴുകാരനായ വല്യപ്പനെ കണ്ട് ഞാൻ അദ്ഭുതപ്പെട്ടു. മണാലിയിൽ വച്ച് കശ്മീർ യാത്രയെക്കുറിച്ചുള്ള ബ്രീഫിങ് ക്ലാസിൽ പങ്കെടുത്തു. വണ്ടിയോടിക്കാൻ പ്രത്യേക പരിശീലനം നൽകി.

മണാലിയിലെ റോഡ് ഒറ്റയടിക്ക് ഓടിച്ചു കയറ്റണം. ഏകദേശം അഞ്ഞൂറ് കിലോമീറ്റർ. ദൂരമല്ല പ്രശ്നം. കുത്തനെയുള്ള വഴിയാണ്. പണ്ടേതോ കാലത്ത് ടാർ ചെയ്തുവെന്നു പറയപ്പെടുന്നു. ഓഫ് റോഡെന്നു പോലും പറയാൻ പറ്റില്ല. വേണമെങ്കിൽ ‘ഓഫ്’ എന്നു പറയാം. റൊത്താൻപാസിലാണ് മണാലിയിൽ നിന്നുള്ള യാത്രികർ ആദ്യം ഒത്തുകൂടുന്നത്. 13058 അടി ഉയരത്തിലാണ് ആ സ്ഥലം. കുളുവിൽ നിന്നു പുറപ്പെട്ട യാത്രികരെല്ലാം അവിടെ നിന്നു ഫോട്ടോ എടുത്തു. അങ്ങനെ ഓടിപ്പാഞ്ഞ് ജിപ്സയിലുള്ള പദ്മ ലോഡ്ജിലെത്തി. രാത്രി അവിടെയാണ് താമസം.

4)Nubra-valley നുബ്ര വാലി

സിർച്യൂ എന്ന സ്ഥലമാണ് പിറ്റേന്നത്തെ ലക്ഷ്യം. ഞങ്ങൾ സുരക്ഷിതമായി സിർച്യുവിലെത്തി. അവിടെ ടെന്റിലാണ് താമസമെന്ന് നേരത്തേ അറിയിച്ചിരുന്നു. ഒരു ടെന്റിൽ രണ്ടുപേർ. കിടുക്കാമണി പോലെയൊരു സോളാർ ലൈറ്റ് മാത്രമാണ് വെളിച്ചത്തിന് ആശ്രയം. ക്ഷീണത്തിൽ ഒന്നു മയങ്ങി. പക്ഷേ, പന്ത്രണ്ടു മണിയായപ്പോഴേക്കും ഞെട്ടിയുണർന്നു. പിന്നെ തിരി‍ഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വന്നില്ല. കട്ടിലിന് എന്റത്രയും വലുപ്പമില്ല. ബെഡ്ഡ് വലിച്ച് നിലത്തിട്ട ശേഷമാണ് കുറച്ചു നേരം ഉറങ്ങിയത്.

ലേയിലേക്കായിരുന്നു അടുത്ത യാത്ര. 190 കി.മീ. ഡ്രൈവ്. നാൽപ്പതു കിലോമീറ്ററോളം കിടിലൻ റോഡായിരുന്നു. ഇരുവശത്തും ഭംഗിയുള്ള മലകൾ. ഈ റൂട്ടിലുള്ള നക്കീല എന്ന സ്ഥലം ഞങ്ങൾ ഫോട്ടോ സെഷനുവേണ്ടി തിരഞ്ഞെടുത്തു. ആ സ്ഥലത്ത് ഓരോ മലയ്ക്കും ഓരോരോ നിറങ്ങളാണ്. പച്ചമല, സ്വർണ നിറമുള്ള മല, മഞ്ഞ നിറമുള്ള കുന്ന്, ചെമ്പൻ നിറമുള്ള പർവതം, അരുവികൾ... ഇതിനിടയിൽ നാലോ അഞ്ചോ വീടുകളുള്ള ചെറിയ ഗ്രാമങ്ങൾ. ഇറക്കമായതിനാൽ സുഖമായി വണ്ടിയിലിരുന്ന് വഴിയോരക്കാഴ്ചകൾ ആസ്വദിക്കാം. വിശാലമായ പറമ്പുകളിൽ യാക്കുകളും ചെമ്മരിയാടുകളും മേയുന്നതു കണ്ടു.

5)Jispa ജിസ്പ

ഹിമാചൽ പ്രദേശ് രജിസ്ട്രേഷൻ വണ്ടികൾക്ക് ലെ വരെയേ പെർമിറ്റുള്ളൂ. ഞങ്ങൾ വന്ന വാഹനം അവിടെ വച്ച് ട്രാവൽസിനു കൈമാറി. മുന്നോട്ടുള്ള യാത്രയ്ക്ക് ജമ്മു ആൻഡ് കശ്മീർ രജിസ്ട്രേഷനുള്ള വണ്ടി തന്നു. പാങോങ്ങിലേക്കായിരുന്നു അടുത്ത യാത്ര. സൂര്യാസ്തമയം ആകുമ്പോഴേക്കും തടാകത്തിനരികിൽ എത്തി. നാനൂറ് കിലോമീറ്റർ പരന്നു കിടക്കുന്ന പാങോങ് തടാകത്തിന്റെ ഒരു ഭാഗം ചൈനയിലാണ്. ഈ തടാകത്തിന്റെ തീരത്താണ് 'ത്രി ഇഡിയട്സ്' ചിത്രീകരിച്ചത്. ഈ പ്രദേശം കടന്ന് നുബ്ര വാലിയെത്തി.

6)Nubra-sheep നുബ്രയിലെ ചെമ്മരിയാടുകൾക്കൊപ്പം.

നുബ്ര വാലിയിൽ ലെ ചാങ് എന്ന ഹോട്ടലിൽ താമസിച്ചു. കാടിനു നടുവിലാണ് ഈ ഹോട്ടൽ. ജാക്കിചാന്റെ സിനിമയിൽ കാണുന്നതുപോലെയുള്ള വസ്ത്രം ധരിച്ചവരാണ് നുബ്രക്കാർ.
പിറ്റേന്നു രാവിലെ കർദുങ്‌ലാ പാസിലേക്കു കയറി. ഉച്ചയ്ക്ക് 11.30ന് കർദുങ് ലായിലെത്തി. മഞ്ഞിന്റെ കൂമ്പാരത്തിനു നടുവിൽ ഉയർന്നു പറക്കുന്ന ദേശീയ പതാകയെ ഞാൻ നിവർന്നു നിന്നു സല്യൂട്ട് ചെയ്തു. ആ കൊടും തണുപ്പിലും എന്റെ ഞരമ്പുകളിൽ ദേശസ്നേഹത്തിന്റെ ചൂടു പടർന്നു. ദേശീയ പതാക സംരക്ഷിക്കാനും സന്ദർശകരെ നിയന്ത്രിക്കാനും അവിടെ നാലു പട്ടാളക്കാരെ നിയോഗിച്ചിട്ടുണ്ട്. നമ്മളെല്ലാം സുരക്ഷിതരായി ഉറങ്ങാൻ വേണ്ടി നമ്മുടെ പട്ടാളക്കാർ ഉറക്കമൊഴി‍ഞ്ഞു സഹിക്കുന്ന കഷ്ടപ്പാടുകൾക്കു മുന്നിൽ ഞാൻ ശിരസ്സു നമിച്ചു.

baijugovind@gmail.com

7)kardungla-Indian-Flag കർദുങ്‌ലാ പാസിലെ ഇന്ത്യൻ പതാകയ്ക്കു മുന്നിൽ. രാജീവുമായുള്ള ബെറ്റ് വിജയിച്ചതിന്റെ സന്തോഷത്തോടെ കർദുങ്‌ലാ ടോപ്പിൽ.