അനു സിത്താര എത്രയോ തവണ മുത്തങ്ങ വനത്തിലൂടെ കർണാടകയിലേക്കു പോയിട്ടുണ്ട്. കല്യാണം കഴിഞ്ഞതിനു ശേഷം വിഷ്ണുവിനൊപ്പം മുത്തങ്ങയിലൂടെ കടന്നു പോയതാണ് ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത യാത്ര.
വിഷ്ണുവാണ് അന്നു കാറോടിച്ചിരുന്നത്. വിൻഡോ ഗ്ലാസ് താഴ്ത്തി അനു കാട്ടിലേക്കു നോക്കിയിരുന്നു. കുറച്ചു ദൂരം പോയപ്പോഴേയ്ക്കും ചാറ്റൽമഴ പെയ്തു. മഴയുടെ കുളിരണിഞ്ഞ് അനു പുറത്തേയ്ക്കു കൈകൾ നീട്ടിയപ്പോൾ അങ്ങു ദൂരെ ഒരു നിഴൽ. വെളുത്ത മുണ്ടും ഷർട്ടുമാണ് വേഷം. നരച്ച തലമുടി, വെളുത്ത താടി. കാറിനു പുറത്തേക്കു തലയിട്ട് ‘അച്ഛാ’ എന്നു വിളിച്ചു. പക്ഷേ, അനുവിന്റെ ശബ്ദം തൊണ്ടയിൽ കുടുങ്ങി. കണ്ണുകൾ തിരുമ്മി പിന്നെയും നോക്കി. അതെ, കുട്ടിക്കാലം മുതൽ അച്ഛനെന്നു വിളിച്ചിരുന്ന മുത്തച്ഛൻ മഴ നനഞ്ഞ് നടുറോഡിൽ നിൽക്കുന്നു. എത്രനേരം അങ്ങനെ നോക്കിയിരുന്നുവെന്ന് അനുവിന് ഓർമയില്ല. കാറിന്റെ ഹോണടി കേട്ടാണ് ഞെട്ടിയുണർന്നത്. അപ്പോഴേയ്ക്കും മഴ തോർന്നിരുന്നു. നീണ്ടു കിടക്കുന്ന റോഡല്ലാതെ മുന്നിൽ മറ്റൊന്നുമില്ല. തിരികെ വീട്ടിലെത്തിയപ്പോൾ അമ്മ ഉമ്മറത്ത് കാത്തു നിൽക്കുന്നുണ്ടായിരുന്നു.
‘‘ ഇന്ന് മുത്തച്ഛന്റെ ശ്രാദ്ധമാണ്. എത്ര പെട്ടന്നാണ് വർഷങ്ങൾ കടന്നു പോകുന്നത്’’ അമ്മ ഇതു പറഞ്ഞപ്പോൾ അനുവിന്റെ ശരീരം വിറച്ചു. തിരിച്ചൊന്നും പറയാനാവാതെ അനു കിടപ്പുമുറിയിലേക്ക് ഓടി. കുറേ നേരം ഒറ്റയ്ക്കിരുന്നു തേങ്ങിക്കരഞ്ഞു. ആ സംഭവത്തിനു ശേഷം ഓരോ തവണ വയനാട്ടിലെ വീട്ടിലെത്തുമ്പോഴും അനു മുത്തങ്ങയിൽ പോകാതെ മടങ്ങാറില്ല.
‘‘നമുക്കു പ്രിയപ്പെട്ടവർ വിട്ടു പിരിഞ്ഞാലും അവരുടെ സ്നേഹം നമുക്കൊപ്പമുണ്ട്. അവർക്കു പ്രിയപ്പെട്ട സ്ഥലത്ത് നമുക്ക് അവരുടെ സാന്നിധ്യം ചിലപ്പോൾ അനുഭവപ്പെട്ടേക്കാം’’ സ്നേഹവാത്സല്യങ്ങൾ ബാക്കിയാക്കി വിട്ടുപിരിഞ്ഞ മുത്തച്ഛന്റെ ഓർമകളിൽ ഈറനണിഞ്ഞ് അനു സിത്താര ജീവിതയാത്രയെക്കുറിച്ച് പറഞ്ഞു തുടങ്ങി.
ചെറുതുരുത്തിയിലെ ഗുരുകുലം
വയനാട്ടിൽ കൽപറ്റയിലാണ് ഞാൻ ജനിച്ചത്. കുന്നും മലയും കാടും ചുരങ്ങളുമുള്ള നാടാണ് വയനാട്. അവിടത്തെ പ്രകൃതിയും കാറ്റും ആസ്വദിച്ചാണ് സ്കൂളിൽ പോയിരുന്നത്.
വന്നു കയറുന്നവരേയും വീട്ടുകാരായി സ്വീകരിക്കുന്നതാണ് വയനാട്ടിലുള്ളവരുടെ രീതി. ഞങ്ങളുടെ അയൽപക്കത്ത് തമിഴ്നാട്ടിൽ നിന്നുള്ള ഒരു കുടുംബം താമസിച്ചിരുന്നു. ആ വീട്ടിലെ മണിക്കുട്ടിയായിരുന്നു ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ എന്റെ കൂട്ടുകാരി. മണിക്കുട്ടിയും കുടുംബവും തമിഴ്നാട്ടിലേക്ക് താമസം മാറിയതിനു ശേഷം അവരെ കാണാൻ ഞങ്ങൾ മധുരയിലേക്കു പോയി. കോഴിക്കോടു ചെന്ന് അവിടെ നിന്നാണു മധുരയിലേക്കുള്ള ട്രെയിനിൽ കയറിയത്. നാലാം ക്ലാസിൽ പഠിച്ചിരുന്ന എനിക്ക് ട്രെയിൻ യാത്ര നൽകിയ അദ്ഭുതം പറഞ്ഞറിയിക്കാനാവില്ല. ഓട്ടോയിലും ബസ്സിലും ഇരിക്കുമ്പോൾ വീഴാതിരിക്കാൻ പിടിക്കുന്നതു പോലെ ഇരുമ്പഴികളിൽ പിടിച്ചാണ് അന്നു ഞാൻ ട്രെയിനിൽ ഇരുന്നത്. തമിഴ്നാട്ടിലെ തെരുവുകളും മണിക്കുട്ടിയുടെ വീടും അവിടേക്കുള്ള വഴിയുമൊക്കെ ഇപ്പോഴും കൺമുന്നിലുണ്ട്.
എട്ടാം ക്ലാസിൽ എത്തിയപ്പോൾ പഠനത്തിനൊപ്പം നൃത്തവും പരിശീലിക്കാനായി കേരള കലാമണ്ഡലത്തിൽ ചേർന്നു. താമരശേരി ചുരമിറങ്ങി കോഴിക്കോട് കടന്ന് ഭാരതപ്പുഴ താണ്ടി ചെറുതുരുത്തിയിലേക്കുള്ള യാത്ര അന്നൊരു ‘സംഭവ’മായിരുന്നു. അക്കാലത്ത് വണ്ടിയിൽ കയറിയാൽ ഞാൻ ഛർദിക്കുമായിരുന്നു. ഭാരതപ്പുഴ കണ്ടപ്പോഴാണ് ചുരം കടന്നുള്ള യാത്രയുടെ കഷ്ടപ്പാടുകൾ മറന്നത്.
കമലദളം ഷൂട്ട് ചെയ്ത സ്ഥലമാണ് കലാമണ്ഡലമെന്ന് അറിയാമായിരുന്നു. മോഹൻലാൽ ഡാൻസ് ചെയ്ത സ്ഥലം, ആ സിനിമയിൽ മോനിഷ നൃത്തം ചെയ്ത വേദി – കലാമണ്ഡലത്തിലെ ക്ലാസ് മുറികളിലൂടെ അത്ഭുതം നിറഞ്ഞ കണ്ണുകളുമായി ഞാൻ നടന്നു.
അവിടെ പഠനം ഗുരുകുല സമ്പ്രദായമായിരുന്നു. പുലർച്ചെ നാലരയ്ക്ക് പാട്ടു സാധകം, അതു കഴിഞ്ഞ് മെയ് സാധകം. പ്രഭാതഭക്ഷണം കഞ്ഞിയാണ്. രാവിലെ ഒൻപതു മുതൽ ഉച്ചവരെ നൃത്ത പരിശീലനം. ഉച്ചയ്ക്ക് വെജിറ്റേറിയൻ ഊണ്. അതു കഴിഞ്ഞ് നാലു മണിവരെ സ്കൂൾ പഠനം. മോഹിനിയാട്ടം സ്പെഷലൈസ് ചെയ്ത് ഭരതനാട്യം ഉപവിഭാഗമായാണ് ഞാൻ പരിശീലനം നടത്തിയത്. അവിടെ പത്താം ക്ലാസ് പൂർത്തിയാക്കിയ ശേഷം പ്ലസ് വൺ, പ്ലസ് ടു പഠനത്തിനായി വയനാട്ടിലേക്കു മടങ്ങി. പ്ലസ് ടുവിന് പഠിക്കുമ്പോഴാണ് ആദ്യമായി സിനിമയിൽ അഭിനയിച്ചത്. ചിത്രം പൊട്ടാസ് ബോംബ്.
എന്നും പ്രിയം പൂക്കളുടെ നാട്
അലഞ്ഞു തിരിഞ്ഞ് യാത്ര ചെയ്യാൻ എനിക്ക് ഇഷ്ടമല്ല. ഇഷ്ടം തെന്നുന്ന സ്ഥലങ്ങളിലേക്ക് വീണ്ടും പോകാനാണ് താൽപര്യം. വയനാടിന്റെ അയൽദേശമാണു കർണാടക. മുത്തങ്ങ വനം കടന്നാൽ കർണാടകയിലെ ഗുണ്ടൽപേട്ടിലെത്താം. വഴിയുടെ ഇരുവശത്തും പൂക്കൾ വിടർന്നു നിൽക്കുന്നുണ്ട്. പരുത്തിയും പൂക്കളുമാണ് അവിടുത്തെ പ്രധാന കൃഷി. കൃഷിയിടങ്ങൾക്കു നടുവിലൂടെയുള്ള റോഡിലൂടെ പോകുമ്പോൾ ഇടത്തോട്ടും വലത്തോട്ടും ഇടവഴി കാണാം. ആ പാതയിലൂടെ പോയാൽ ചെറിയ ഗ്രാമങ്ങളുണ്ട്. അവിടുത്തെ വീടുകൾക്കു ചുവപ്പ്, പച്ച, മഞ്ഞ നിറങ്ങളാണ്. ഓരോ ഗ്രാമങ്ങൾക്കും വെവ്വേറെ അമ്പലവും കുളവുമുണ്ട്. പശുക്കളെ മേച്ചു ജീവിക്കുന്ന നിഷ്കളമായ നാട് എത്ര കണ്ടാലും മതിവരില്ല. നെൽപാടവും മലകളുമുള്ള പാലക്കാടൻ ഗ്രാമങ്ങളാണ് എനിക്ക് ഇഷ്ടമുള്ള മറ്റൊരു സ്ഥലം.
രാമന്റെ ഏദൻതോട്ടം എന്ന സിനിമ വാഗമണിലാണ് ഷൂട്ട് ചെയ്തത്. വാഗമണിൽ വ്യൂ പോയിന്റും ട്രെക്കിങ് പാതയുമൊക്കെയുണ്ട്. കാടിനു സമീത്തായിരുന്നു ചിത്രീകരണം. പക്വതയുള്ള കഥാപാത്രമാണ് ആ സിനിമയിൽ ഞാൻ അവതരിപ്പിച്ച മാലിനി. എന്നാൽ, ഷൂട്ടിങ് കഴിഞ്ഞുള്ള സമയത്ത് എന്റെ മക്കളായി അഭിനയിച്ച കുട്ടികളോടൊപ്പം റിസോർട്ടിനു മുറ്റത്ത് ഞാനും ഊഞ്ഞാലാടി. മനസ്സിന് തൃപ്തി തോന്നുംവിധം സാഹചര്യങ്ങളെ ആസ്വദിക്കുമ്പോഴാണ് എനിക്കു സന്തോഷം തോന്നാറുള്ളത്.
ലൈസൻസുണ്ട്, വണ്ടിയോടിക്കാൻ പേടി
വയനാട്ടിൽ നിന്ന് പെട്ടെന്ന് എത്തിച്ചേരാവുന്ന രണ്ടു വിനോദസഞ്ചാര കേന്ദ്രങ്ങളാണ് മൈസൂരും ഊട്ടിയും. വിഷ്ണുവേട്ടന്റെ വീട്ടുകാരും എന്റെ അച്ഛനും അമ്മയുമൊക്കെ ചേർന്ന് അടുത്തിടെ മൈസൂർ പോയിരുന്നു. മൈസൂർ പാലസും ബൃന്ദാവൻ ഗാർഡനുമൊക്കെയാണ് സന്ദർശിച്ചത്.
ഊട്ടിയിലേക്ക് പോയപ്പോൾ റമീസും ചൂയിയും കൂടെയുണ്ടായിരുന്നു. നൂറു കിലോമീറ്റർ അധികം ചുറ്റിക്കറങ്ങണമെങ്കിലും കാടിനു നടുവിലൂടെയുള്ള റോഡിലൂടെയാണ് ഊട്ടിയിലേക്കു പോയത്. ഊട്ടിയിൽ രുചികരമായ ബർഫി കിട്ടും. ഉപ്പിലിട്ട മാങ്ങയാണ് അവിടെ എനിക്ക് ഇഷ്ടപ്പെട്ട മറ്റൊരു സാധനം. ഊട്ടി യാത്രയിൽ ഡ്രൈവിങ് രസകരമായി ആസ്വദിക്കാം. പതിനെട്ടു വയസ്സ് പൂർത്തിയായി രണ്ടു മാസം കഴിഞ്ഞപ്പോൾ എനിക്ക് ഡ്രൈവിങ് ലൈസൻസ് കിട്ടി. പക്ഷേ, ഇപ്പോഴും ഡ്രൈവ് ചെയ്യാൻ പേടിയാണ്.
സ്വാദറിയാൻ കോഴിക്കോട് പോണം
മലബാറിലെ ഷൂട്ടിങ്ങാണ് എനിക്ക് കൂടുതൽ ഇഷ്ടം. കോഴിക്കോടാണെങ്കിൽ പെരുത്തിഷ്ടം. കുട്ടിക്കാലത്ത് ഞാൻ കണ്ടിട്ടുള്ള ഏറ്റവും വലിയ പട്ടണമാണ് കോഴിക്കോടാണ്. ഞങ്ങൾ വയനാട്ടുകാർക്ക് കോഴിക്കോട് നഗരവും സ്വന്തം നാടു തന്നെയാണ്. രുചികരമായ വിഭവങ്ങളുടെ നാടാണ് കോഴിക്കോട്. ‘നീയും ഞാനും’ എന്ന സിനിമയുടെ ലൊക്കേഷൻ കോഴിക്കോടായിരുന്നു. ഷൂട്ടിങ്ങിന്റെ ഇടവേളയിൽ വിഷ്ണുവേട്ടൻ, ഷറഫ് ഇക്ക, അസീസ് ചേട്ടൻ എന്നിവരോടൊപ്പം ബീച്ചിൽ പോയി. കടൽത്തീരത്തു കുറേ ഭക്ഷണശാലകളുണ്ട്. അവിടെ നിന്നു കഴിച്ച കല്ലുമ്മക്കായ പൊരിച്ചതിന്റെ സ്വാദ് ഓർക്കുമ്പോൾ നാവിൽ വെള്ളമൂറുന്നു.
കാറിൽ യാത്ര ചെയ്യുമ്പോൾ പാട്ടു കേൾക്കാറുണ്ട്. കാഴ്ചകൾ ആസ്വദിച്ച് പാട്ടുകേട്ട് പോകുമ്പോൾ ഭംഗിയുള്ള ജംക്‌ഷനുകളിൽ എത്തും. നാട്ടിൻപുറങ്ങളിലെ ജംക്‌ഷനുകളിൽ ചായക്കടയും ചന്തയും മുറുക്കാൻകടയുമൊക്കെ ഉണ്ടാകും. അവിടുത്തെ തട്ടുകടകളിലെ ചായയ്ക്കു നല്ല രുചിയാണ്.
വയനാട്ടിൽ സ്വാദിഷ്ടമായ വിഭവങ്ങൾ കിട്ടുന്ന കുറേ ചെറിയ കടകളുണ്ട്. കൽപറ്റയിലുള്ള നസീർക്കാന്റെ തട്ടുകടയിൽ സ്ഥിരമായി പോകാറുണ്ട്. ഇവിടെ ലേറ്റസ്റ്റായി ഇറങ്ങിയ ഐറ്റമാണ് ‘പോത്തുംകാൽ’. അതു കഴിച്ചു തീർക്കാൻ നാലു പേർ വേണമെന്നാണ് പറഞ്ഞു കേട്ടത്. കുറച്ചാളുകളെ കൂട്ടി പോത്തുംകാൽ കഴിക്കാൻ പോകണമെന്ന് വിഷ്ണുവേട്ടനോട് പറഞ്ഞിട്ടുണ്ട്.
സങ്കടത്തിലാക്കിയ കൊല്ലത്തുകാരൻ
ദുബായിയാണ് ഞാൻ കണ്ടിട്ടുള്ള ഒരേയൊരു വിദേശരാജ്യം. മോമോ ആൻഡ് ദുബായ് എന്ന സിനിമ ദുബായിയിലാണ് ഷൂട്ട് ചെയ്തത്. പിന്നീട് ഞാനും വിഷ്ണുവേട്ടനും ദുബായ് കാണാൻ പോയി. പത്തു ദിവസം അവിടെയുണ്ടായിരുന്നു. ദുബായ് ഷോപ്പിങ് മേളയിൽ പങ്കെടുത്തു. ഹൃദയത്തിന്റെ ആകൃതിയിൽ തടാകം നിർമിച്ച ഒരു സ്ഥലത്തും പോയിരുന്നു. അതു കണ്ടപ്പോൾ വയനാട്ടിലെ ചെമ്പ്ര കുന്നിനു മുകളിൽ പ്രകൃതി ഒരുക്കിയിട്ടുള്ള ‘ഹൃദയതടാകം’ ആണ് ഓർമ വന്നത്.
ഓരോ യാത്ര കഴിയുമ്പോഴും മനസ്സിനെ ആ സ്ഥലവുമായി ബന്ധിപ്പിക്കുന്ന ‘അനുഭവം’ ഉണ്ടാകാറുണ്ട്. കൊല്ലത്ത് ഒരു ചടങ്ങിൽ പങ്കെടുത്തു മടങ്ങുമ്പോഴും മനസ്സിനെ വേദനിപ്പിച്ച അനുഭവമുണ്ടായി.
ഞങ്ങൾ ടൗണിൽ എത്തിയപ്പോൾ അതിരൂക്ഷമായ ഗതാഗതക്കുരുക്ക്. അതിനിടെ മഴയും പെയ്തു. വഴിയോരത്തെ കടത്തിണ്ണയിൽ കൂനിക്കൂടിയിരുന്ന വൃദ്ധനിലായിരുന്നു എന്റെ ശ്രദ്ധ. നടന്നു പോകുന്നവരുടെ കയ്യിലേക്ക് അദ്ദേഹം സൂക്ഷ്മതയോടെ നോക്കുന്നതു കണ്ടു. കുട നന്നാക്കുന്നയാളാണ്. കേടായ കുടയുമായി ആരെങ്കിലും വരുന്നുണ്ടോ എന്നാണ് അദ്ദേഹം തിരഞ്ഞത്. അദ്ദേഹത്തിന് എന്തെങ്കിലും കൊടുക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, അപ്പോഴേക്കും വാഹനം മുന്നോട്ടു നീങ്ങി. എനിക്ക് വല്ലാതെ സങ്കടം തോന്നി.
ജീവിതത്തിന്റെ ദുരവസ്ഥകളിൽ കഷ്ടപ്പെടുന്നവരെ കാണുമ്പോൾ അവർ എനിക്ക് വേണ്ടപ്പെട്ടവരാണെങ്കിൽ എന്തു ചെയ്യുമായിരുന്നു എന്നോർത്ത് മനസ്സു വേദനിക്കാറുണ്ട്. യാത്രകളുടെ സന്തോഷം ഒടുങ്ങുന്നത് പലപ്പോഴും ഇതുപോലെ നീറുന്ന അനുഭവങ്ങളിലാണ്. ഒരുപക്ഷേ, യാത്രാനുഭവം എന്നുപറയുന്നത് ഇതായിരിക്കാം...