Friday 09 February 2018 02:17 PM IST

പുട്ടിനെ ദിലീപ് താരമാക്കി, നാദിർഷ മേക്കപ്പിടീച്ചു

Baiju Govind

Sub Editor Manorama Traveller

Puttu-1 സ്പ്ലെൻഡർ താലി പുട്ട്, ഫോട്ടോ: ടിബിൻ അഗസ്റ്റിൻ

ഇന്നസെന്റിനെ മാവേലിയാക്കി ഓണത്തിനിടയ്ക്ക് പുട്ടു കച്ചവടം നടത്തിയ വിരുതന്മാരാണ് ദിലീപും നാദിർഷയും. പാരഡി ഗാനങ്ങളും പുട്ടിനു പീരയെന്ന പോലെ കോമഡിയും ഉൾപ്പെടുത്തി അവരിറക്കിയ ഓഡിയോ കസെറ്റുകൾ തൊണ്ണൂറുകളിൽ തരംഗമായിരുന്നു. അക്കാലത്ത് ഇന്നത്തെപ്പോലെ എല്ലാ വീടുകളിലും ടിവിയില്ല. മൊബൈൽ ഫോണില്ല. ഇന്റർനെറ്റ് എന്നൊരു സംഗതിയെക്കുറിച്ചു കേട്ടു കേൾവി പോലുമില്ല. ആ സാഹചര്യത്തിലാണ് മിമിക്രിയിൽ കഥയൊരുക്കി ‘ദിലീപിന്റെ മാവേലി’ മലയാളികളെ ഹാസ്യത്തിന്റെ കൊമ്പത്തു കയറ്റിയത്. ചിരിയുണ്ടാക്കും വിധം വാക്കുകളിട്ട് അമ്മാനമാടി നാദിർഷയെഴുതിയ പാരഡികളിലെ വിഷയങ്ങൾക്ക് ഇന്നും കാലിക പ്രസക്തിയുണ്ട്. ഈ പറഞ്ഞ രണ്ട് കലാകാരന്മാരേയും ഇങ്ങനെ ആവർത്തിച്ചു പ്രശംസിക്കാൻ കാരണം പുട്ടാണ്. അതെ, അരിപ്പൊടിയിൽ തേങ്ങയിട്ട് ആവിയിൽ വേവിച്ചെടുക്കുന്ന പുട്ട്.

പിന്നിൽ നിന്നു കുത്തു കിട്ടിയിട്ടും തളരാതെ ആവി പറപ്പിക്കുന്ന വിഭവമാണ് പുട്ട്. ആവി എൻജിൻ കണ്ടു പിടിക്കുന്നതിനു മുൻപ് മലയാളികൾ മുളങ്കുറ്റിയിൽ ആവി കയറ്റി വേവിച്ചെടുത്ത വിഭവമാണ് പുട്ട്. അരിപ്പൊടിയും തേങ്ങയുമിട്ട് മലയാളികൾ വേവിച്ചെടുക്കുന്ന ഈ പുട്ടിനെ ദിലീപും നാദിർഷയും ചേർന്ന് മേക്കപ്പിടീച്ചു. കോഴിയിറച്ചിയും കോഴിമുട്ടയും ബീഫും ചേർത്ത് അലങ്കരിച്ച പുട്ടുകൾ നിരത്തി വച്ച് അവർ ആളുകളോടു പറഞ്ഞു, ദേ പുട്ട്. അങ്ങനെ, എറണാകുളത്ത് ഇടപ്പള്ളിയിലും കോഴിക്കോട് പുതിയറയിലും പുട്ടിന്റെ വെറൈറ്റികളൊരുങ്ങി.

Puttu-2 ശൃംഗാരവേലൻ പുട്ട്

മനോരമ ട്രാവലറിന്റെ ഫുഡ് ജേണി കോളത്തിനു വേണ്ടി കഴിഞ്ഞ ദിവസം ലുലു മാളിനടുത്തുള്ള ദേ പുട്ടിൽ കയറി. സിനിമയുടെ പേരുകളിൽ പുട്ടുണ്ടാക്കുന്ന ഷെഫ് സിനോയ് ജോണിനെ പരിചയപ്പെട്ടു. അടുക്കളയിലേക്കു ക്ഷണിച്ച് അദ്ദേഹം കുറേ പുട്ടുകൾ കാണിച്ചു തന്നു. ഇറച്ചിപ്പുട്ട്, കപ്പക്കുത്തു പുട്ട്, ബനാന പുട്ട്, റിങ് മാസ്റ്റർ പുട്ട്, അമർ അക്ബർ അന്തോണി പുട്ട്... ഈ വിധം പുട്ടുകൊണ്ടാറാട്ട്.

സിനിമ പോലെയാണ് ദേ പുട്ടിൽ പുതിയ ഐറ്റംസിന്റെ റിലീസ്. ദിലീപിന്റെയും നാദിർഷയുടെയും സിനിമകൾ റിലീസ് ചെയ്യാനൊരുങ്ങുമ്പോൾ ഷെഫ് സിനോയ് പുതിയ പുട്ടിന്റെ പണിപ്പുരയിലേക്കു കയറും. ലോകത്തെവിടെയും ഇതുവരെ സൃഷ്ടിക്കപ്പെട്ടിട്ടില്ലാത്ത പുട്ടിന് ചേരുവ തയാറായാൽ ദിലീപിനെയും നാദിർഷയെയും ക്ഷണിക്കും. പുതിയ വിഭവം അദ്ദേഹത്തിന് ഇഷ്ടമായാൽ സ്ഥിരമായി റസ്റ്ററന്റിൽ വരുന്നയാളുകളുടെ അഭിപ്രായം തേടും. എല്ലാവരും നല്ല അഭിപ്രായം പറ‍ഞ്ഞാൽ പുതിയ പുട്ട് റസ്റ്ററന്റിന്റെ മെനുവിൽ ഉൾപ്പെടുത്തും. റിങ് മാസ്റ്റർ, അമർ അക്ബർ അന്തോണി എന്നീ പേരുകളിൽ പുട്ടുണ്ടായത് അങ്ങനെയാണ്.

Puttu-3 അമർ അക്ബർ അന്തോണി പുട്ട്

ചെമ്മീനും കൂന്തലും അരിപ്പൊടിയിൽ കലർത്തിയുണ്ടാക്കിയതാണ് റിങ് മാസ്റ്റർ പുട്ട്. മുട്ട, പുട്ട്, ഫലൂഡ എന്നിവയാണ‘അമർ അക്ബർ അന്തോണി’ പുട്ടിലെ കഥാപാത്രങ്ങൾ. ഈ പുട്ടിനുള്ളിൽ കുഴമ്പ് പരുവത്തിൽ കറിയുണ്ട്. എന്നു വച്ചാൽ, അമർ അക്ബർ അന്തോണി കഴിക്കാൻ പ്രത്യേകിച്ച് കറി വേണ്ട.

അരിപ്പൊടിയും കോഴിയിറച്ചിയും രണ്ടു രാജ്യങ്ങൾ. രണ്ടും വേർപേട്ടു നിൽക്കുന്നുവെന്നു സങ്കൽപ്പിക്കുക. വെളുത്തുള്ളിയും നൂഡിൽസും ചേർന്ന് സോസിന്റെ മധുരത്തോടെ അവയെ കൂട്ടി യോജിപ്പിക്കുന്നു. ഈ കഥയാണ് ടൂ കൺട്രീസ് എന്ന പുട്ടിനു പറയാനുള്ളത്.

Puttu-4 റോസ്റ്റ‍ഡ് ബനാന പുട്ട്

ഏത്തപ്പഴം നെയ്യിൽ വറുത്തെടുത്ത് തേൻ പുരട്ടിയ ശേഷം അരിപ്പൊടിയിൽ അടുക്കുകളാക്കി ഡിസൈൻ ചെയ്യുന്നതാണ് റോസ്റ്റഡ് ബനാന പുട്ട്. ഹൃദയത്തിന്റെ ആകൃതിയിലുള്ള പുട്ട് രണ്ടു കഷണം കഴിച്ചാൽ ഹൃദയം അലിഞ്ഞു ചേരും.

ഉച്ചയ്ക്ക് ഊണു കഴിച്ചു ശീലിച്ച മലയാളികൾക്ക് വിഭവസമൃദ്ധമായൊരു ‘പുട്ടു സദ്യ’, അതാണ് ‘സ്പ്ലെൻഡർ താലി’. അഞ്ചു തരം കറികൾ, രണ്ട് ഡെസേർട്ട്, ഫലൂഡ, ജ്യൂസ് എന്നിവ ഉൾപ്പെടുന്നതാണ് സ്പ്ലെൻഡർ താലി. വട്ടപ്പാത്രത്തിനു നടുവിൽ കുറ്റിപ്പുട്ട്. ചുറ്റും ചെറിയ പാത്രങ്ങളിൽ കറി.

നാദിർഷ സംവിധാനം ചെയ്ത ‘കട്ടപ്പനയിലെ ഹൃത്വിക് റോഷൻ’ എന്ന സിനിമ റിലീസായപ്പോൾ സിനോയ് ഇറക്കിയ പുട്ടാണ് കട്ടപ്പനയിലെ സിസ്‌ലേഴ്സ്. നഗരസൗന്ദര്യവും നാടൻ ഭംഗിയുമൊത്തിണങ്ങിയ പുട്ട്. നിറവും ചന്തവുമൊക്കെച്ചേർന്ന് കാണാൻ നല്ല ഐശ്വര്യം.

puttu-5 ഷെഫ് സിനോയ് ജോൺ

അവലിനൊരു ശൃംഗാരഭാവമുണ്ട്. വിളയിക്കുമ്പോൾ അതിനു ഭംഗിയേറും. വിളയിച്ച അവലിനൊപ്പം ഏത്തപ്പഴവും മിക്സചറും ചേർക്കുമ്പോൾ പിന്നെയും രുചി മാറുന്നു.’’ ശൃംഗാരവേലൻ എന്ന സിനിമയിറങ്ങിയപ്പോൾ തയാറാക്കിയ പുട്ടിന്റെ ശൃംഗാരഭാവത്തെക്കുറിച്ചാണ് പറയുന്നത്. റോസ്റ്റഡ് ബനാന പുട്ടും ശൃംഗാരവേലനും സ്നാക്സായി കഴിക്കാം. കറി ഇല്ലെങ്കിലും കുഴപ്പമില്ലെങ്കിലും കുഴപ്പമില്ല.

പുട്ടിന്റെ പല രൂപങ്ങൾ കണ്ടിട്ടുണ്ട്. ഇത്രയും വ്യത്യസ്തമായൊരു വെർഷൻ ഇതാദ്യം. പലതരം കറികൾ കൂട്ടിക്കുഴച്ച് പുട്ടിനെ ഞെരിച്ചുടച്ചു. കറികൾ മാറ്റി മാറ്റിയൊഴിച്ച് മാർബിൾ പുട്ടിനെ കണ്ടംതുണ്ടം വെട്ടി. പതിനെട്ടു കൂട്ടം കറികൾ ചേർത്ത് ഊണു കഴിച്ചാലും ഈ പുട്ടിന്റെ സ്വാദ് കിട്ടില്ല.

അങ്കമാലി സ്വദേശിയായ സിനോയ് ജോൺ എന്ന മിടുക്കനായ ഷെഫാണ് പുട്ടിനെ പുതുമോടിയണിയിക്കുന്ന കലാകാരൻ. സ്വാദിഷ്ഠമായ പുട്ട് കഴിച്ച് പുറത്തിറങ്ങുന്നതിനു മുൻപ് സിനോയ് ജോണിനെ അടുക്കളയിൽ പോയി കണ്ടു. ‘‘പുട്ടിന്റെ ലോകം വിശാലമാക്കിയ ഷെഫേ നന്ദി, ഒരായിരം നന്ദി...’’ നാടക ഡയലോഗിന്റെ ഈണത്തിൽ അദ്ദേഹത്തെ പ്രശസിക്കാനും മടിച്ചില്ല.

baijugovind@gmail.com