ഞാൻ ആദ്യമായി സന്ദർശിച്ച വിദേശരാജ്യം വിയന്നയാണ്. അവിടുത്തെ മലയാളി സംഘടനയുടെ വാർഷികാഘോഷത്തിന് അതിഥിയായാണ് എന്നെ ക്ഷണിച്ചത്. വിമാനം ഭൂമിയിൽ നിന്നു പൊങ്ങിയപ്പോൾ ഉടലാകെ തരിപ്പു തോന്നി. അത്രയും കാലം ബസിലും ജീപ്പിലുമൊക്കെ ആയിരുന്നല്ലോ യാത്ര. വിമാനം അങ്ങനെയല്ല, നിലം വിട്ടുള്ള കളിയാണ്. അടുത്ത സീറ്റിലിരുന്നയാൾ എന്റെ പരിഭ്രമം ശ്രദ്ധിച്ചു.
‘‘അച്ചന്റെ ആദ്യത്തെ വിമാനയാത്രയാണ് അല്ലേ? ’’ അദ്ദേഹത്തിന്റെ ചോദ്യം.
വിമാനം താഴെയിറങ്ങട്ടെ. ആദ്യത്തെയാണോ അവസാനത്തെയാണോ എന്ന കാര്യം അപ്പോഴേ പറയാൻ പറ്റൂ. എന്റെ മറുപടി കേട്ട് അദ്ദേഹം പൊട്ടിച്ചിരിച്ചു. വിമാനം താഴെ ഇറങ്ങുമോ എന്ന കാര്യത്തിൽ എയർഹോസ്റ്റസിനു പോലും നൂറു ശതമാനം ഉറപ്പില്ല. ഈ സാഹചര്യത്തിൽ ഞാനെങ്ങനെയാണ് ആദ്യവും അവസാനവും പ്രവചിക്കുക!
കുടുംബനവീകരണ ധ്യാന സദസ്സുകളിൽ ചിരിയുടെ അമിട്ടിനു തിരി കൊളുത്താറുള്ള ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ തന്റെ ജീവിത യാത്രകളെക്കുറിച്ചു പറഞ്ഞപ്പോഴും തമാശക്കഥകൾ പൊട്ടിച്ചിതറി. ഇത്രയും കാലത്തിനിടെ അദ്ദേഹം നാൽപത്തേഴു രാജ്യങ്ങൾ സന്ദർശിച്ചു. അവിടങ്ങളിൽ കണ്ടതും കേട്ടതുമായ കാര്യങ്ങൾ ചൂടുകാപ്പി തയാറാക്കുന്ന പോലെയാണ് അദ്ദേഹം പറയുന്നത്.
വിയന്നയിലെ നിശബ്ദത ഇഷ്ടപ്പെട്ടു
സത്യം പറയട്ടെ, തമാശയുണ്ടാക്കാനായി ഞാൻ വർത്തമാനം പറയാറില്ല. ഓരോ സാഹചര്യങ്ങളിൽ എത്തിപ്പെടുമ്പോൾ അതിനൊത്തു സംസാരിക്കാറുണ്ട്. കേൾക്കുന്നവർക്ക് അതു തമാശയായി തോന്നുന്നതിന് ഞാൻ ഉത്തരവാദിയല്ല.
ആദ്യമായി വിദേശത്ത് ചെന്നിറങ്ങിയപ്പോൾ അദ്ഭുതപ്പെടുത്തിയത് പെണ്ണുങ്ങളുടെ വസ്ത്രധാരണ രീതിയാണ്. എല്ലാ സ്ത്രീകളും പാന്റ്സും ഷർട്ടുമാണ് ധരിക്കുന്നത്. കേരളത്തിൽ അക്കാലത്ത് ഇത്തരം വസ്ത്രരീതികൾ പരിചിതമായിരുന്നില്ല. പാശ്ചാത്യ രാജ്യത്തു താമസിക്കുന്നവർ നമ്മളിൽ നിന്നു വ്യത്യസ്തമായി സ്വതന്ത്രമായി ഇടപഴകുന്നവരാണ്. അതും എനിക്ക് പുതിയ അനുഭവമായിരുന്നു.
സാമ്പത്തികമായി വലിയ ബുദ്ധിമുട്ടില്ലാത്തതിനാൽ പാശ്ചാത്യ രാജ്യത്തു താമസിക്കുന്ന മലയാളികൾ നല്ല മനസ്സുള്ളവരാണ്. അതേസമയം, ഒരാളും മറ്റൊരാളെക്കാൾ ചെറുതാണെന്നു കരുതാൻ തയാറല്ല. ഞാനാണ് കേമൻ അല്ലെങ്കിൽ കേമി എന്നൊരു ഭാവം കൈമുതലായി കൊണ്ടു നടക്കുന്നതിൽ അവർ അഭിമാനിക്കുന്നു.
ആദ്യം സന്ദർശിച്ച വിദേശരാജ്യം ഓസ്ട്രിയയിലെ വിയന്നയാണെന്ന് പറഞ്ഞല്ലോ. പ്രകൃതിഭംഗിയാൽ അനുഗ്രഹീതമാണു വിയന്ന. അവിടുത്തെ പുതാന കെട്ടിടങ്ങളും ബസിലിക്കകളും ലോകപ്രശസ്തമാണ്. ആ നഗരത്തിന്റെ നിശബ്ദതയാണ് എന്നെ ആകർഷിച്ചത്. ഡാന്യൂബ് നദിയുടെ സാന്നിധ്യമാണ് വിയന്നയുടെ സൗന്ദര്യം. മഞ്ഞുകാലത്ത് നദിയുടെ ഉപരിതലത്തിൽ മഞ്ഞുപാളികൾ രൂപപ്പെടും. ആളുകൾ അതിനു മുകളിലൂടെ സ്കേറ്റിങ് നടത്താറുണ്ട്. മഞ്ഞുകട്ടകൾ അടർന്ന് നിരവധി പേർ മുങ്ങിമരിച്ച വാർത്ത പിൽക്കാലത്തു വായിച്ചപ്പോൾ അവിടെ സ്കേറ്റിങ് നടത്തിയിരുന്നവരുടെ മുഖങ്ങൾ ഓർത്തു.
യുനെസ്കോ സ്ഥാപനമായ യുനിഡോ സ്ഥിതി ചെയ്യുന്നതു വിയന്നയിലാണ്. ധാരാളം മലയാളികൾ അവിടെ ജോലി ചെയ്യുന്നുണ്ട്. ആ കെട്ടിടത്തിൽ അവർ ഉച്ചയൂണിന് ഒത്തുചേരുന്ന സ്ഥലത്തിനൊരു ഓമനപ്പേരുണ്ട് – വെടി കോർണർ. സൊറപറച്ചിലിന് ‘വെടിപറയുക’ എന്നൊരു നാടൻ പ്രയോഗമുണ്ടല്ലോ.
ക്രിസ്തുവിന്റെ നാട്ടിൽ ഞാൻ കണ്ടത്
ബൈബിൾ വായിച്ചു തുടങ്ങിയ നാളുകളിൽ അതിലെ സ്ഥലങ്ങളെക്കുറിച്ച് ചിത്രങ്ങളിലൂടെ മനസ്സിലൊരു ധാരണ രൂപപ്പെട്ടിരുന്നു. ഇസ്രയേൽ, പലസ്തീൻ, ജോർദാൻ എന്നീ രാജ്യങ്ങൾ പിൽക്കാലത്ത് സന്ദർശിച്ചപ്പോൾ മനസ്സിലെ ദൃശ്യങ്ങൾ റിയലിസ്റ്റിക്കായി.
ഏഴു തവണ വിശുദ്ധ നാടുകളിലൂടെ സഞ്ചരിച്ചു. 2001ലാണ് ആദ്യമായി ഇസ്രയേൽ സന്ദർശിച്ചത്. പലസ്തീൻ, ഈജിപ്ത് എന്നിവിടങ്ങളും ഉൾപ്പെടുന്നതായിരുന്നു യാത്രാ പാക്കേജ്.
ഉണങ്ങിയ വരണ്ട ഭൂമിയാണ് ജോർദാൻ. മാർബിളിലും ശിലകളിലും നിർമിച്ച അനേകം നിർമിതികൾ അവിടെയുണ്ട്. അവിടെ സന്ദർശകരെ ആകർഷിക്കുന്നത് മൗണ്ട് നോമോബിൻ എന്ന മലയാണ്. ബൈബിൾ പഴയ നിയമത്തിലെ മോശ എത്തിച്ചേർന്ന ‘പ്രവാചകന്റെ മല’യാണ് മൗണ്ട് നമോബിൻ. ആ കുന്നിനു മുകളിൽ നിന്നു നോക്കിയപ്പോഴാണ് പച്ചപ്പുള്ള ഭൂപ്രദേശം മോശ കണ്ടത്. സർപ്പത്തെ മോശ ഉയർത്തിയെന്നു പറയപ്പെടുന്നതിന്റെ പ്രതീകമായി ഈ മലയുടെ മുകളിലൊരു സ്തൂപവുമുണ്ട്. ജോൺപോൾ മാർപാപ്പ 2000ൽ ഇവിടം സന്ദർശിച്ചിരുന്നു. മാർപാപ്പ അന്ന് ഈ മലയുടെ മുകളിൽ ഒലീവിന്റെ തൈ നട്ടു. അതു വളർന്നു മരമായി. ലോകത്തിന്റെ വിവിധ ഭാഗത്തുള്ളവർ ആ മരത്തിന്റെ ചുവട്ടിൽ നിന്നു ഫോട്ടോ എടുക്കാറുണ്ട്.
ജോർദാനിൽ നിന്നു രണ്ടു മണിക്കൂർ ബസ് യാത്ര നടത്തിയാണ് ഇസ്രയേലിന്റെ അതിർത്തിയിൽ എത്തിയത്. ഓരോരുത്തരേയും സൂക്ഷ്മപരിശോധന നടത്തിയാണ് ഇസ്രയേലിലേക്കു കടത്തിവിടുന്നത്. പട്ടാളക്കാർ സന്ദർശകരുടെ ഭക്ഷണ പാത്രങ്ങൾ പോലും തുറന്നു നോക്കാറുണ്ട്. സംശയം തോന്നിയാൽ ഭക്ഷണം കഴിച്ചു കാണിക്കാൻ ആവശ്യപ്പെടും. മയക്കു മരുന്നു കടത്ത് തടയാൻ അവർ പുലർത്തുന്ന ജാഗ്രതയുടെ ഭാഗമാണത്രേ ഈ പരിശോധന.
ഇസ്രയേലിനു രണ്ടു ഭാഗങ്ങളുണ്ട്. താഴ്ന്ന പ്രദേശം ഗലീലി. ഉയർന്ന ഭാഗം യുറേയ. കാനയും നസ്റത്തും ഗലീലിയിലാണ്. കാൽവരി, ജറൂസലം എന്നിവ സ്ഥിതി ചെയ്യുന്നത് യുറേയയിൽ. ഗലീലിയിൽ നിന്നു യുറേയയിലേക്ക് 120 കിലോമീറ്റർ ദൂരം. യേശുക്രിസ്തു ശ്വസിച്ച വായു, കുടിച്ച വെള്ളം, നടന്ന മണ്ണ്... ആദ്യമായി അവിടെ എത്തിയപ്പോൾ ഹൃദയം നിറഞ്ഞു.
ജറൂസലമിലെ ബഥ്സമനിൽ 2400 വർഷം പഴക്കമുള്ള ഒലിവ് മരത്തിന്റെ കുറ്റിയുണ്ട്. ബഥ്സമൻ എന്ന വാക്കിനർഥം ‘ഒലിവ് ആട്ടുന്ന ചക്ക് സ്ഥിതി ചെയ്യുന്ന സ്ഥലം’ എന്നാണ്. യേശുക്രിസ്തുവിന്റെ ചരിത്രവുമായി ബന്ധപ്പെടുത്താവുന്ന ജീവനുള്ള തെളിവാണ് ഒലിവ് മരത്തിന്റെ ശേഷിപ്പ്. യേശുവിന്റെ രക്തം വീണുവെന്നു വിശ്വസിക്കപ്പെടുന്ന ഒലിവിനു മുന്നിൽ സന്ദർശകർ ഹൃദയസമർപ്പണം നടത്തുന്നു.
ബത്‌ലഹേമിലെ മറ്റൊരു തീർഥാടന കേന്ദ്രമാണ് തബോർമല. പ്രാർഥനയിലേക്കു നയിക്കുന്ന ശാന്തമായ പ്രകൃതിയാണ് മൗണ്ട് തബോർ. ലാസറിന്റെ കേസര, ബത്‌ലഹേം എന്നിവ പലസ്തീന്റെ അതിർത്തിക്കുള്ളിലാണ്. വലിയ മതിൽ കെട്ടി ഇസ്രയേൽ – പലസ്തീൻ അതിർത്തി വേർതിരിച്ചിട്ടുണ്ട്. നൂറു കണക്കിനു പലസ്തീനികൾ ഇസ്രയേലിൽ വന്നു ജോലി ചെയ്തു മടങ്ങുന്നുണ്ട്. രാവിലെയും വൈകിട്ടും അതിർത്തിയിൽ അവർ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയരാകുന്നു. പലസ്തീനികളോട് ഇസ്രയേൽ പട്ടാളക്കാരുടെ പെരുമാറ്റം പരുഷമാണ്. ആവശ്യമില്ലാത്ത കുസൃതി കാണിക്കുന്നതിനാലാണ് പട്ടാളക്കാർ അവരോട് അങ്ങനെ പെരുമാറുന്നതെന്ന് അവിടത്തുകാരിലൊരാൾ പറഞ്ഞു. ഇരുരാജ്യങ്ങളും സമാധാനത്തിൽ കഴിയുമ്പോൾ പലസ്തീനിലുള്ള ചിലർ ഓലപ്പടക്കം പൊട്ടിച്ച് ഇസ്രയേലിലേക്ക് എറിയും. ഇതിനു മറുപടിയായി ഇസ്രയേലുകാർ പലസ്തീനിലേക്ക് ബോംബ് അയയ്ക്കും. നിസ്സാര പ്രശ്നങ്ങളാണ് ഇസ്രയേൽ–പലസ്തീൻ യുദ്ധങ്ങൾക്കു വഴിയൊരുക്കുന്നത്.
ലഹരി നുരയുന്ന ബെംഗളൂരു
ഇതുവരെ നാൽപത്തേഴു രാജ്യങ്ങൾ സന്ദർശിച്ചു. വീണ്ടും കാണണമെന്നു തോന്നിയിട്ടുള്ള രാജ്യം ന്യൂസീലൻഡാണ്. മാനുകളേയും ആടുകളേയും വളർത്തി പരിപാലിക്കുന്ന നാടാണ് ന്യൂസീലൻഡ്. റോഡിലൂടെ യാത്ര ചെയ്യുമ്പോൾ കിവി പഴങ്ങളും ആപ്പിളും വിളഞ്ഞു നിൽക്കുന്ന തോട്ടങ്ങൾ കാണാം. ആ രാജ്യത്ത് അരണയും ഓന്തും പാമ്പും ഉൾപ്പെടെ ഇഴജീവികളില്ല. അവിടുത്തെ ഗ്രാമങ്ങളിൽ താമസിക്കുന്നവർ വീടിന്റെ വാതിൽ അടയ്ക്കാറില്ലത്രേ. മോഷണവും കുറ്റകൃത്യങ്ങളുമില്ലാത്ത നാടാണ് ന്യൂസീലൻഡ്. മലയാളികളുടെ എണ്ണം കൂടിയതോടെ ആളുകൾ വീട് പൂട്ടാൻ തുടങ്ങി എന്നൊരു കഥയും അടുത്തിടെ കേട്ടിരുന്നു.
ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലൂടെയും യാത്ര ചെയ്തിട്ടുണ്ട്. ഒരുപാടു കാര്യങ്ങൾ പഠിക്കാനുള്ള സ്ഥലമെന്നു തോന്നിയത് മഹാരാഷ്ട്രയാണ്. ചക്രവർത്തിമാരുടെ ലിഖിതങ്ങളും അജന്ത, എല്ലോറ ശിലാഗുഹങ്ങളും ഇന്ത്യയുടെ പ്രൗഢഗംഭീരമായ ചരിത്രത്തിലെ തിളക്കമുള്ള അധ്യായങ്ങളാണ്.
മലയാളികൾ ധാരാളമായി കുടിയേറുന്ന നഗരമായി മാറിയിരിക്കുന്നു കർണാടകയിലെ ബെംഗളൂരു. ഉപരിപഠനത്തിനായി നമ്മുടെ നാട്ടിൽ നിന്നു വിദ്യാർഥികൾ ഓരോ വർഷവും അവിടേക്കു പോകുന്നുണ്ട്. ആ നഗരം ‘മിനി യൂറോപ്പായി’ മാറിയെന്നു ചിലർ അഭിപ്രായപ്പെടുന്നുണ്ട്. യൂറോപ്യരുടെ ജീവിതത്തിന്റെ ഉയർന്ന നിലവാരം മനസ്സിലാക്കാത്തവരാണ് ഇങ്ങനെ പറയുന്നത്. പകലന്തിയോളം പണിയെടുത്ത് ആഴ്ചാവസാനം ക്ഷീണം മാറ്റാനായി യൂറോപ്പിലുള്ളവർ ആഘോഷ പരിപാടികളിൽ പങ്കെടുക്കാറുണ്ട്. അവിടെയുളുള മലയാളികളുടെ ജീവിതം ചിട്ടയുള്ളതാണ്. ടൈംടേബിൾ ക്രമീകരിച്ച് കൃത്യനിഷ്ഠയോടെയാണ് പാശ്ചാത്യ രാജ്യങ്ങളിലെ മലയാളികൾ ജീവിക്കുന്നത്.
എന്നാൽ, ബെംഗളൂരുവിലെ ഹോസ്റ്റലുകളിലും മറ്റും താമസിക്കുന്ന മലയാളികളിൽ പലരും പാശ്ചാത്യ സംസ്കാരത്തിന്റെ പേരു പറഞ്ഞ് ലഹരിക്ക് അടിമപ്പെട്ട് ഉടുതുണിയില്ലാതെയാണു നടക്കുന്നത്. ആൺ–പെൺ വ്യത്യാസമില്ലാതെ ലഹരി ഉപയോഗിക്കുന്നവരുടെ എണ്ണം വർധിച്ചിരിക്കുന്നു.
ഗൾഫിൽ പട്ടിണി കിടക്കുന്ന മലയാളികൾ
മൂന്നു മണിക്കൂർ യാത്ര ചെയ്താൽ പ്രകൃതിയുടെ മൂന്നു ഭാവങ്ങൾ ആസ്വദിക്കാവുന്ന സംസ്ഥാനമാണു കേരളം – മലനാട്, ഇടനാട്, തീരപ്രദേശം. ഇന്ത്യയിൽ പ്രകൃതിഭംഗിയിൽ ഏറ്റവും മികച്ച സംസ്ഥാനം കേരളമാണ്.
ഏകാന്തമായി അൽപനേരം ഇരിക്കാൻ നല്ലത് കടൽത്തീരമാണെന്നു തോന്നിയിട്ടുണ്ട്. സൂര്യാസ്തമയത്തിനു തൊട്ടു മുൻപ് കടലിനെ നോക്കിയിരിക്കുമ്പോൾ മനസ്സിന് ശാന്തിയും സമാധാനവും അനുഭവപ്പെടുന്നു. മലമ്പ്രദേശങ്ങളിൽ യാത്ര ചെയ്യുമ്പോഴും ഇതേ അനുഭവമുണ്ടാകും. ശബ്ദകോലാഹലങ്ങളിൽ മനസ്സു മടുക്കുമ്പോൾ അമേരിക്കയിലുള്ളവർ ആശ്രയം തേടുന്ന കടൽത്തീരം ഫ്ളോറിഡയിലാണ്. ഡെട്രോണ ബീച്ചിൽ സന്ദർശകരിലേറെയും നിശബ്ദത ആസ്വദിക്കുന്നവരാണ്.
ജീവിതത്തിലും മനസ്സിലും സന്തോഷം ആസ്വദിക്കുന്ന മലയാളികളെ കണ്ടതു ന്യൂസിലൻഡിലാണ്. അയർലൻഡിന്റെ ചില പ്രദേശങ്ങളിലും മാനസിക പിരിമുറുക്കം ഇല്ലാതെ കഴിയുന്ന മലയാളികളെ കണ്ടു. അമേരിക്കയിലും യൂറോപ്പിലുമുള്ള കേരളീയർക്ക് സാമ്പത്തിക പ്രശ്നങ്ങളില്ല. അതേസമയം, അവർ സമ്പാദിക്കാനായി രാപകൽ കഷ്ടപ്പെടുന്നു. അതിന്റെ ഭാഗമായുണ്ടാകുന്ന മാനസിക സംഘർഷം അനുഭവിക്കുന്നു.
ദുരിതം അനുഭവിക്കുന്ന മലയാളികളെ കണ്ടതു ഗൾഫിലാണ്. സമ്പന്നർ, ബിസിനസുകാർ, ഉയർന്ന ശമ്പളം കൈപ്പറ്റുന്ന ജോലിക്കാർ, കുടുംബസമേതം ജീവിക്കുന്ന ഇടത്തരക്കാർ – ഇവർ മികച്ച ജീവിതം ആസ്വദിക്കുന്നു. മൂന്നു നേരം ഭക്ഷണത്തിനു പകയില്ലാതെ കഷ്ടപ്പെടുന്നവരാണ് മറ്റൊരു വിഭാഗം. 5000 രൂപ പോലും മാസ ശമ്പളം കിട്ടാതെ നിരവധി മലയാളികൾ ഗൾഫിൽ ജോലി ചെയ്യുന്നുണ്ട്. നാട്ടിലെ തട്ടുകടയിൽ ജോലിക്കു പോയാലും 500 രൂപ ദിവസക്കൂലി കിട്ടില്ലേ? അവരിലൊരാളോടു ഞാൻ ചോദിച്ചു. വലിയ തുക കടം വാങ്ങിയാണ് വീസയെടുത്തത്. അതു തിരികെ നൽകാതെ നാട്ടിലേക്കു പോകാൻ പറ്റില്ല. വിമാന ടിക്കറ്റിനു പോലും പൈസയില്ലാത്ത അവസ്ഥയിലാണ് – അയാൾ നിറകണ്ണുകളോടെ പറഞ്ഞു. ഗൾഫിലെ ജീവിതം പലരും കരുതുന്ന പോലെ സുന്ദരസുരഭിലമല്ല.
സാന്റാക്ലോസിന്റെ കുപ്പായം ചുവന്നതല്ല
ഇടുക്കിയിൽ കട്ടപ്പനയ്ക്കു സമീപം വലിയതോവാളയിലാണ് ഞാൻ ജനിച്ചത്. ബാല്യകാലത്ത് എന്റെ നാട്ടിലെ ക്രിസ്തുരാജ പള്ളിയിലെ ക്രിസ്മസ് രസകരമായിരുന്നു. പെട്രോൾമാക്സിന്റെ വെളിച്ചത്തിൽ വീടുകൾ കയറിയിറങ്ങുന്ന കരോൾ സംഘങ്ങളെയാണ് ഇപ്പോൾ ഓർക്കുന്നത്. പാട്ടും മേളവുമായി വന്നുകയറുന്ന കരോളുകാരെ കാപ്പിയും കപ്പപ്പുഴുക്കും നൽകിയാണ് വീട്ടുകാർ സൽക്കരിച്ചിരുന്നത്. കൂട്ടുകാരും കുടുംബാംഗങ്ങളും വീടുകളിൽ ഒത്തുചേരുമായിരുന്നു. പടക്കവും പൂത്തിരിയും കത്തിക്കുമായിരുന്നു. ഇപ്പോഴും ക്രിസ്മസ് വരുമ്പോൾ പണ്ട് പുൽക്കൂടൊരുക്കിയത് ഓർക്കും. കൂടൊരുക്കുന്ന പുല്ലിനൊരു ഗന്ധമുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം അതു ക്രിസ്മസിന്റെ സുഗന്ധമാണ്.
2022ൽ ക്രിസ്മസിനെ വരവേൽക്കുമ്പോൾ ഓർക്കാൻ ഒട്ടേറെയുണ്ട്. അതിൽ മുന്നിൽ നിൽക്കുന്നതു വെളുത്ത കുപ്പായവും മഞ്ഞു പോലെ വെളുത്ത താടിയും മീശയുമുള്ള സാന്റാക്ലോസിന്റെ രൂപമാണ്.
അപ്പോൾ നിങ്ങൾ ചോദിക്കും, സാന്റാക്ലോസിന്റെ ഉടുപ്പിന് ചുവപ്പു നിറമല്ലേ?
അല്ല, ശീതളപാനീയം നിർമിക്കുന്ന കമ്പനിയാണ് സാന്റായെ ചുവന്ന കുപ്പായം ഇടീച്ചത്. ചുവന്ന കുപ്പായമിട്ടാണ് സാന്റാ ക്ലോസ് വരുന്നതെന്ന് മറ്റൊരിടത്തും എഴുതിവച്ചിട്ടില്ല.
ഡിസംബർ 25 നാണു ക്രിസ്മസ്. അതിനു മുൻപു ക്രിസ്മസ് ആഘോഷിക്കാൻ നമ്മെ ശീലിപ്പിച്ചതു കച്ചവടക്കാരാണ്. സാന്റായുടെ തൊപ്പി, കുപ്പായം, നക്ഷത്രം, കേക്ക്, പടക്കം, പുത്തനുടുപ്പ്... അങ്ങനെയങ്ങനെ വലിയ വിപണിയിലാണ് നമ്മൾ ഇപ്പോൾ ക്രിസ്മസ് ആഘോഷിക്കുന്നത്. അതിന്റെ എല്ലാ സന്തോഷങ്ങളിലും പങ്കുചേർന്നുകൊണ്ട് എല്ലാവർക്കും ക്രിസ്മസ് ആശംസകൾ.