Thursday 23 May 2024 01:54 PM IST

അനുഭവങ്ങളിലൂടെ വളർന്നയാളാണു ഞാൻ; സൗഹൃദങ്ങളാണ് എന്റെ കരുത്ത് : ജോയ് മാത്യു

Baiju Govind

Sub Editor Manorama Traveller

joy-mathew-column-baiju-govind-cover

എന്റെ അച്ഛൻ മാത്യു ടയർ വ്യാപാരിയായിരുന്നു. കോഴിക്കോട് വലിയങ്ങാടിക്കടുത്ത് രണ്ടാം ഗേറ്റിനു സമീപം അച്ഛന് ടയർ വിൽപന ശാല ഉണ്ടായിരുന്നു. ബിസിനസ് ആവശ്യങ്ങൾക്കായി അദ്ദേഹം ധാരാളം യാത്ര ചെയ്തിരുന്നു. അച്ഛന്റെയൊപ്പം കടയിലേക്കു പോയപ്പോഴാണ് ഞാൻ ആദ്യമായി കോഴിക്കോട് പട്ടണം കണ്ടത്. ഹൽവാ ബസാറും വലിയങ്ങാടിയും ഉൾപ്പെടുന്ന ചെറിയ പ്രദേശമായിരുന്നു അക്കാലത്തെ കോഴിക്കോട് പട്ടണം. ആദ്യാവസാനം ഞാനൊരു കോഴിക്കോട്ടുകാരനാണ്. ആയതിനാൽത്തന്നെ കോഴിക്കോടിനെക്കുറിച്ചു പറയാതെ എന്റെ ജീവിതയാത്ര പൂർണമാകില്ല. അമ്മയുടെ വീട് പാലക്കാട് ജില്ലയിലെ ചാലിശ്ശേരിയിലാണ്. ‘കടവല്ലൂർ അന്യോന്യ’ത്തിലൂടെ പ്രശസ്തമായ കടവല്ലൂർ ഗ്രാമത്തിനപ്പുറത്താണു ചാലിശ്ശേരി. തർക്കശാസ്ത്ര പണ്ഡിതന്മാരുടെ സാന്നിധ്യത്താൽ പ്രശസ്തമാണു കടവല്ലൂർ. അവിടം താണ്ടിയുള്ള യാത്രയിൽ എനിക്കും ചില അറിവുകൾ പകർന്നു കിട്ടി. കോഴിക്കോട്ടു നിന്നു പട്ടാമ്പി വരെ തീവണ്ടിയിലായിരുന്നു യാത്ര. താനൂർ, തിരൂർ, ഷൊർണൂർ, വെള്ളറക്കാട്, പട്ടാമ്പി – എല്ലാ സ്‌റ്റേഷനുകളിലും നിർത്തി ആളെ കയറ്റും. കരിയും പുകയും പറ്റി മുഷിഞ്ഞ കുപ്പായവുമായാണ് പട്ടാമ്പിയിൽ ഇറങ്ങാറുള്ളത്. പട്ടാമ്പിയിൽ നിന്നു ചാലിശ്ശേരിയിലെ പഴയവെട്ടുവഴിയിലേക്ക് ടാക്സി വിളിക്കും. തൃത്താല – പെരുമ്പിലാവ് റോഡിലെ ഒരു സ്‌റ്റോപ്പാണ് പഴയവെട്ടുവഴി. അവിടെ നിന്ന് അങ്ങാടി വരെ നടത്തം. അങ്ങാടിയുടെ മുന്നിലാണ് അമ്മയുടെ വീട്. മാരാമത്തു പുത്തൂർ എന്നാണു വീട്ടുപേര്.

അമ്മയുടെ സഹോദരൻ പി.എം. കുര്യനാണ് ഞാൻ നേരിൽ കണ്ടിട്ടുള്ള ആദ്യത്തെ മാതൃകാപുരുഷൻ. ഇരുപത്തിയെട്ടാം വയസ്സിൽ സന്യാസം സ്വീകരിച്ച സൈനികനാണു പി.എം. കുര്യൻ. പുരുഷായുസ്സിന്റെ പകുതിയിൽ കുര്യനെ സന്യാസത്തിലേക്കു നയിച്ചതൊരു സംഭവകഥയാണ്. വ്യോമ സേനയിൽ ഉദ്യോഗസ്ഥനായിരുന്നു കുര്യൻ. 1971ൽ ഇന്ത്യ – പാക്കിസ്ഥാൻ യുദ്ധം നടക്കുമ്പോൾ അദ്ദേഹം ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു. ഇന്ത്യ യുദ്ധം ജയിച്ചു. പരാജയപ്പെട്ട പാക് പട്ടാളം അവരുടെ അതിർത്തിയിലേക്ക് പിൻവലിഞ്ഞു. സംഘർഷാവസ്ഥ ഒഴിവായപ്പോൾ യുദ്ധത്തിൽ അവശേഷിച്ച സാമഗ്രികൾ നിർവീര്യമാക്കാനുള്ള ഡ്യൂട്ടിയിൽ കുര്യൻ നിയോഗിക്കപ്പെട്ടു. രാജസ്ഥാനിലെ മരുഭൂമിയിൽ എത്തുന്നതിനു മുൻപ് അവർ കയറിയ ട്രക്കിൽ സ്ഫോടനമുണ്ടായി. നിഷ്ക്രിയമാകാത്ത യുദ്ധോപകരണങ്ങളാണു പൊട്ടിത്തെറിച്ചത്. 12 സൈനികർ തൽക്ഷണം മരിച്ചു. വാഹനത്തിൽ നിന്നു തെറിച്ചു വീണ കുര്യന്റെ ശരീരമാസകലം ബോംബിന്റെ ഷെല്ലുകൾ തുളച്ചു കയറി. രണ്ടു കണ്ണുകൾക്കും കാഴ്ച നഷ്ടപ്പെട്ടു. പരമഭക്തരായ മാതാപിതാക്കളിൽ നിന്നു ഭിന്നനായി അരാജക ജീവിതം നയിച്ചിരുന്നയാളായിരുന്നു കുര്യൻ. പ ട്ടാളക്കാരന്റെ അച്ചടക്കം പാലിക്കുമ്പോഴും തന്നിഷ്ടക്കാരനായിരുന്നു. വെളിച്ചം നഷ്ടപ്പെട്ട കണ്ണുകളുമായി ചാലിശ്ശേരിയിൽ മടങ്ങിയെത്തിയപ്പോൾ കുര്യന്റെ രീതികൾ പാടേ മാറി. പിൽക്കാലം ക്രിസ്തുവിന്റെ ദാസനായി ജീവിക്കാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. പെൻഷൻ തുക ദരിദ്രരെ സഹായിക്കാനായി നീക്കി വച്ചു. ‘അധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും എന്റെ അരികിൽ വരുവിൻ’ എന്നെഴുതിയ ബോർഡ് വീടിനു മുന്നിൽ പ്രദർശിപ്പിച്ചു. ഷർട്ട് ധരിക്കാതെ തന്നെ കാണാനെത്തിയ ഒരാൾക്ക് അദ്ദേഹം സ്വന്തം ഷർട്ട് ഊരിക്കൊടുക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. നിസ്സംശയം പറയാം, എന്റെ ജീവിതയാത്രയിൽ ആത്മീയ വെളിച്ചം തെളിച്ചത് പി.എം. കുര്യനാണ്.

പട്ടണപ്രവേശം

joy-mathew-column-baiju-govind-photo1

പണ്ട് ഇന്ത്യയിലെ ടയർ വ്യാപാരം നിയന്ത്രിച്ചിരുന്നത് വിദേശ കമ്പനികളായിരുന്നു. കേരളത്തിൽ അവരുടെ ആസ്ഥാനം എറണാകുളമായിരുന്നു. പലപ്പോഴും മറ്റു ജില്ലകളിലെ വ്യാപാരികൾ എറണാകുളത്തു നിന്നാണ് ടയർ വാങ്ങിയിരുന്നത്. ടയർ വാങ്ങാൻ എറണാകുളം പോകാനുള്ള ചുമതല അച്ഛൻ എന്നെ ഏൽപിച്ചു. മിക്കപ്പോഴും ഞാൻ ഒറ്റയ്ക്കാണു പോയിരുന്നത്. അച്ഛൻ എനിക്കുള്ള ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യും. നോർത്ത് റെയിൽവേ സ്‌റ്റേഷന്റെ എതിർ വശത്തുള്ള മാസ് ഹോട്ടലിലാണ് താമസിക്കാനുള്ള മുറി ഏർപ്പാടാക്കിയിരുന്നത്. വ്യാപാരം കുറച്ചുകൂടി അഭിവൃദ്ധിപ്പെട്ടപ്പോൾ കൂടുതൽ പണവുമായി യാത്ര ചെയ്യേണ്ടുന്ന സാഹചര്യമുണ്ടായി. ഈ സമയത്ത് എന്നോടൊപ്പം ഞങ്ങളുടെ ഡ്രൈവറായിരുന്ന രാജനേയും ട്രെയിനിൽ കയറ്റി വിട്ടു. ഡ്രൈവിങ്ങിൽ എന്റെ ഗുരുവാണ് രാജൻ. അച്ഛനെ അറിയിക്കാതെ രാജൻ ഡ്രൈവിങ് സീറ്റ് ഒഴിഞ്ഞു തരുമായിരുന്നു. പൊറോട്ടയും ചാപ്സും അര കുപ്പി റമ്മുമാണ് പ്രതിഫലമായി രാജനു കൊടുത്തിരുന്നത്. ചിലപ്പോഴൊക്കെ അതിൽ നിന്ന് ഒരു പെഗ് എനിക്കും കിട്ടുമായിരുന്നു. അങ്ങനെ ഡ്രൈവിങ്ങിനോടൊപ്പം മദ്യത്തിന്റെ ലോകത്തേക്കും അദ്ദേഹം എന്നെ ‘കൈപിടിച്ചുയർത്തി’.

അക്ഷരങ്ങളിലൂടെ ലോകയാത്ര

എസ്എസ്എൽസി കഴിഞ്ഞപ്പോൾ ഗുരുവായൂരപ്പൻ കോളജിലാണു പ്രീഡിഗ്രിക്കു ചേർന്നത്. സ്കൂളിൽ പഠിക്കുമ്പോൾ നാടകങ്ങളിൽ മികച്ച നടനുള്ള സമ്മാനം നേടിയിരുന്നതിനാൽ ലോകനിലവാരമുള്ള നടനായി മാറിയെന്നൊരു തോന്നൽ മനസ്സിലുണ്ടായിരുന്നു. പ്രീഡിഗ്രി ക്ലാസിൽ ചങ്ങാതിയായി കിട്ടിയ ചിത്രകാരൻ പവിത്രൻ എന്റെ ചിന്തകൾക്ക് യോജിച്ച ഒരാളെ പരിചയപ്പെടുത്തി. പേര് – മധു മാഷ്. പത്രവാർത്തകളിലൂടെ അദ്ദേഹത്തിന്റെ പേര് എനിക്ക് പരിചിതമായിരുന്നു. വയനാട്ടുകാരനായ മധു മാസ്റ്റർ അന്നു താമസിച്ചിരുന്നത് കോഴിക്കോടിനു സമീപം മുത്തപ്പൻകാവിനടുത്തുള്ള അദ്ദേഹത്തിന്റെ അമ്മാവന്റെ വീട്ടിലായിരുന്നു. വലിയൊരു തറവാടിന്റെ മച്ചിൻപുറത്താണ് മധു മാഷ് താമസിച്ചിരുന്നത്. മുറിയുടെ വാതിൽ തുറന്നപ്പോൾ ബീഡിപ്പുകയുടെ ഗന്ധം. കട്ടിലിനു മുകളിലും അലമാരയിലും പുസ്തകങ്ങളുടെ നിര. മേശപ്പുറത്ത് എഴുതി മുഴുമിച്ചതും പൂർത്തിയാക്കാത്തതുമായ ലേഖനങ്ങൾ. ഒരു വിപ്ലവകാരിയുടെ വാസസ്ഥലത്തെക്കുറിച്ച് അക്കാലത്ത് എന്റെ മനസ്സിലുണ്ടായിരുന്ന ഭാവനകൾ തൃപ്തിപ്പെടുന്ന ആംബിയൻസ്. ഉടുമുണ്ടു മടക്കിക്കുത്തിയ പുരുഷശബ്ദം എന്നെ പേരു ചൊല്ലി വിളിച്ചു. അദ്ദേഹത്തിന്റെ കണ്ണുകളിലെ തീപ്പൊരിയിൽ എന്നിലെ വിപ്ലവം ജ്വലിച്ചു. പിൽക്കാലത്ത് അതിനേക്കാൾ തീക്ഷ്ണത കണ്ടിട്ടുള്ളത് സുരാസുവിന്റെയും ഓഷോ രജനീഷിന്റെയും നോട്ടത്തിലാണ്. മധുമാഷിലൂടെ ഞാൻ പുസ്തകങ്ങളുടെ മറ്റൊരു ലോകത്തേക്കു നടന്നു.

ടാഗോർ, നെരുദ, ബ്രൈറ്റ്, മാർക്സ്, ദസ്തേവ്‌സ്കി, ചെക്കോവ് എന്നിങ്ങനെ ലോക പ്രശസ്തരുടെ രചനകളിലേക്ക് വായന വഴി തിരിഞ്ഞു. മധുമാഷ് എഴുതിയ നാടകങ്ങളിൽ അഭിനയിച്ചതും കേരളത്തിലെ പതിനാലു ജില്ലകളിലും ആ നാടകങ്ങൾക്കു സ്വീകാര്യത ലഭിച്ചതും ബാക്കി കഥ.

ജോൺ, നിതാന്ത യാത്രികൻ

വായനയുടെയും തീക്ഷ്ണമായ ജീവിതാനുഭവങ്ങളിലൂടെയും യാത്ര ചെയ്തിട്ടുണ്ട്. സൗഹൃദങ്ങളുടെ കരുത്തിൽ ഞാൻ അഭിമാനിക്കുന്നു. എവിടേക്കേങ്കിലും പോകാൻ എന്നെ ആരെങ്കിലും ക്ഷണിച്ചാൽ ജോണിനെ ഓർക്കാറുണ്ട്. ജോൺ എബ്രഹാം എന്നയാൾ എനിക്കു വെറുമൊരു സുഹൃത്തായിരുന്നില്ല. ‘അമ്മ അറിയാൻ’ എന്ന സിനിമയ്ക്കു വേണ്ടി ഞങ്ങളൊരുമിച്ചു നടത്തിയ യാത്രകളെക്കുറിച്ച് എഴുതാൻ ഒരു പുസ്തകം തികയാതെ വരും. പടക്കം പൊട്ടുന്ന പോലെ തീരുമാനമെടുക്കുന്നയാളാണു ജോൺ. എങ്ങോട്ടെങ്കിലും പോകണമെന്നു തോന്നിയാൽ അപ്പോൾ എന്താണോ വേഷം അതുമായി ഇറങ്ങിത്തിരിക്കും. ഉടുക്കാൻ വസ്ത്രമുണ്ടോ പൈസയുണ്ടോ തുടങ്ങിയ കാര്യങ്ങൾ തനിക്കു ബാധകമല്ലെന്നായിരുന്നു ജോണിന്റെ ലൈൻ. ഉണങ്ങിയ ജീൻസും കുർത്തയും തോളത്തൊരു സഞ്ചിയും നടന്നു തേഞ്ഞ ചെരിപ്പുമായിരുന്നു വേഷം. ജോണിന് ഇറ്റലിയിലെ പിസാറോ ഫിലിം ഫെസ്റ്റിവലിലേക്ക് ക്ഷണം ലഭിച്ചു. വിവരം അറിഞ്ഞയുടനെ ക്യാമറാമാൻ വേണുവിനോടു ജോൺ പറഞ്ഞു: ‘‘ എന്നാൽ ശരി, പോയ്ക്കളയാം’’ വേണു കാര്യം അവതരിപ്പിച്ചയുടനെ ജോൺ പുറപ്പെട്ടു. ‘‘എന്താ ജോണേ ഇത്. വള്ളിച്ചെരിപ്പ് ഇട്ടോണ്ടാണോ ഇറ്റലിക്ക് പോകുന്നേ?’’ ഇതു പറഞ്ഞുകൊണ്ട് വേണു ജോണിനേയും കൂട്ടി ചെരിപ്പു കടയിലേക്കു പോയി. ജോണിന്റെ കാലിനു പാകമായ ഒരു ജോഡി ഷൂസ് വാങ്ങിക്കൊടുത്തു. ‘‘ഇതിനെന്താ വില’’ ജോൺ ചോദിച്ചു. ‘‘പത്തിരുനൂറു രൂപയായി.’’ വേണുവിന്റെ മറുപടി. ‘‘അത്രയും വിലയുണ്ടെങ്കിൽ ഇതു കൈക്ക് ഇടാൻ മേലേ’’ ജോൺ നെറ്റി ചുളിച്ചു. ഇതുകൂടി കേട്ടപ്പോൾ വേണുവിന് കോപം കലശലായി. ‘‘അതേയ് ഒരു കാര്യം പറഞ്ഞേക്കാം. ചുമ്മാ ജീൻസ് ഇട്ടോണ്ട് വന്നാൽ പോരാ. അടിയിൽ അണ്ടർ വെയർ ഇടണം’’ ഒരു കടലാസു പൊതി ജോണിനു നൽകിക്കൊണ്ട് വേണു ഓർമിപ്പിച്ചു. അതിനുള്ളിൽ രണ്ട് അണ്ടർവെയറുകൾ ഉണ്ടായിരുന്നു. ഇറ്റലിയിൽ നടന്ന ഫിലിം ഫെസ്റ്റിവൽ പരിസരങ്ങളിലൊന്നും ജോണിനെ കൂടെപ്പോയിരുന്ന അടൂർ ഗോപാലകൃഷ്ണൻ കണ്ടില്ല. അധികനേരവും ജോൺ അവിടെയുള്ള ഏതോ ഒരു മദ്യശാലയിലായിരുന്നു. മദ്യശാല നടത്തിയിരുന്നയാൾ അതിനകം ജോണിന്റെ ആരാധകനായി മാറിയിരുന്നു. ഫ്ളൈറ്റ് പുറപ്പെടാൻ മണിക്കൂറുകൾ ബാക്കിയുള്ളപ്പോൾ ജോണിനെ അടൂർ പിടിച്ചു വലിച്ച് എഴുന്നേൽപ്പിച്ച് കൊണ്ടു വരുകയാണു ചെയ്തത്.

ഇൻക്വിലാബ് നിരോധിച്ച ഹോളിവുഡ്

joy-mathew-column-baiju-govind-photo2

ഉദാരവൽക്കരണത്തിനും ആഗോളീകരണത്തിനും എതിരേ കർഷകർ ലോകവ്യാപകമായി നടത്തിയ സമരത്തിൽ ഇന്ത്യയിൽ നിന്നു പങ്കെടുത്ത നാനൂറു പേർക്കൊപ്പമാണ് ഞാൻ ആദ്യമായി യൂറോപ്പിൽ പോയത്. സമരക്കാർക്കു വേണ്ടി വാർത്ത റിപ്പോർട്ട് ചെയ്യാൻ ഇന്ത്യയിൽ നിന്നുള്ള പത്രപ്രവർത്തകനായാണ് ഞാൻ അവരോടൊപ്പം പോയത്. റഷ്യയുടെ തലസ്ഥാനമായ മോസ്കോയിൽ വിമാനമിറങ്ങി. ക്യാമറാമാ ൻ പ്രേമൻ ഓരോ ദൃശ്യങ്ങളും പകർത്തി. ജർമനി, ഇറ്റലി, ഫ്രാൻസ്, സ്വിറ്റ്സർലൻഡ്, ബൽജിയം എന്നീ രാജ്യങ്ങളിലൂടെ പ്രതിഷേധ സമരം നീങ്ങി. ഇതിനിടയിൽ ഞാനും പ്രേമനും മറ്റു സുഹൃത്തുക്കളും ചേർന്ന് ആംസ്റ്റർഡാമിലും റോമിലും പോയി. ആംസ്റ്റർഡാമിൽ വച്ച് ഏതോ ഒരു മിടുക്കൻ എന്റെ പോക്കറ്റടിച്ചു. കള്ളവണ്ടി കയറിയാണ് തിരികെ വിമാനത്താവളത്തിൽ എത്തിയത്.

ഇക്കഴിഞ്ഞ ഒക്ടോബറിൽ അമേരിക്കയിൽ പോയിരുന്നു. ഷിക്കാഗോയിലെ ക്നാനായ സമുദായക്കാരുടെ വാർഷികോത്സവത്തിൽ അതിഥിയായാണ് അവിടെ എത്തിയത്. എന്റെ മകൾ ആനും മരുമകൻ എഡ്വിനും യുഎസിലെ സിയാറ്റിലിലാണ് ജോലി ചെയ്യുന്നത്. അമേരിക്കയിൽ എത്തിയ സ്ഥിതിക്ക് അവരുടെ വീട്ടിലും പോകാമെന്നു തീരുമാനിച്ചു. മകളും മരുമകനും ഷിക്കാഗോയിൽ വന്നു. ഞങ്ങളൊരുമിച്ച് സാൻഫ്രാൻസിസ്കോയിലേക്കു പോയി. എന്റെ അളിയനും കുടുംബവും അവിടെയാണു താമസിക്കുന്നത്. അവരുടെ കാറിൽ ഞങ്ങൾ ലോസ് ആഞ്ചലസിലേക്കു തിരിച്ചു. എന്റെ ഭാര്യയുടെ ഇളയമമ്മയും കുടുംബവും ലോസ് ആഞ്ചലസിലുണ്ട്. അവർ നാട്ടിൽ പോയിരുന്നതിനാൽ വീട് ഒഴിഞ്ഞു കിടക്കുകയായിരുന്നു. അവിടെ താമസിച്ചുകൊണ്ട് ലോസ് ആഞ്ചലസ് ചുറ്റിക്കാണാമെന്നു തീരുമാനിച്ചു.

ഹോളിവുഡ് സിറ്റിയിലേക്കാണ് ആ ദ്യം പോയത്. ലോകസിനിമയുടെ തറവാട്ടിലേക്കു പുറപ്പെട്ടപ്പോൾ എന്റെ മനസ്സിൽ ചില ചിന്തകളുണ്ടായി. അങ്ങനെയൊരു ആലോചന ഉരുത്തിരിയാൻ തക്കതായ കാരണമുണ്ടായിരുന്നു. മമ്മൂക്ക ഒരു ഇന്റർവ്യൂവിൽ പറഞ്ഞിട്ടുണ്ട് ‘‘സിനിമ നമ്മളെ തേടി വരില്ല. നമ്മൾ സിനിമയെ തേടി പോകണം’’. മമ്മൂക്കയുടെ ഈ വാക്കുകളാണ് ഹോളിവുഡ് സിറ്റി സന്ദർശിക്കാൻ എനിക്കു പ്രേരണയായത്. മാത്രമല്ല, എനിക്കു ഹോളിവുഡ് നടന്റെ ലുക്കാണെന്ന് ജോൺ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. ഇംഗ്ലിഷ് സിനിമാ സംവിധായകന്മാരെ കാണുകയാണെങ്കിൽ ചാൻസ് ചോദിക്കാം. എന്റെ മനസ്സിൽ പദ്ധതികൾ രൂപംകൊണ്ടു. സ്വപ്നങ്ങളങ്ങനെ ചിറകടിച്ച് പറന്നുകൊണ്ടിരിക്കെ കാറുകൾ കൂട്ടത്തോടെ ഹോണടിക്കുന്നതു കേട്ടു. ഹോളിവുഡ് സ്റ്റുഡിയോയുടെ മുന്നിൽ വലിയ ആൾക്കൂട്ടം. ശമ്പള വർധന ആവശ്യപ്പെട്ട് സാഗ് അഫ്‌താറ എന്ന സംഘടനയുടെ നേതൃത്വത്തിൽ അവിടുത്തെ നടീനടന്മാർ സമരം ചെയ്യുകയാണ്. പ്ലക്കാർഡേന്തിയ സമരക്കാർ തലങ്ങും വിലങ്ങും നടക്കുന്നുണ്ട്. സമരക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വഴിയാത്രക്കാർ വാഹനങ്ങളുടെ ഹോൺ മുഴക്കുന്ന ശബ്ദമാണു നേരത്തേ കേട്ടത്. കാറിൽ നിന്നിറങ്ങി സമരക്കാരുടെയടുത്തേക്കു നടന്നു. ഞാൻ സിനിമാ നടനാണെന്ന് മകൾ എന്നെ പരിചയപ്പെടുത്തി. അവരിലൊരാൾ എന്റെ പേര് ഗൂഗിളിൽ സെർച്ച് ചെയ്തു. വളരെ പെട്ടെന്നു തന്നെ ഞാനും സരമക്കാരിലൊരാളായി. ഇൻക്വിലാബ് സിന്ദാബാദ് വിളിക്കട്ടെ? ആവേശത്തോടെ ഞാൻ ചോദിച്ചു. ‘‘വേണ്ട. ആ വാക്ക് ഇവിടെ ഉച്ചരിക്കരുത്’’ അവർ എന്നെ വിലക്കി. ആ നാട്ടിലുള്ളവർക്ക് ഇൻക്വിലാബിനോട് ഇത്രമാത്രം വിരോധമുണ്ടാകാനുള്ള കാരണം അന്വേഷിച്ചു. ‘‘ഞങ്ങൾക്ക് ഇഷ്ടമല്ല. അതു തന്നെ കാരണം.’’ എന്റെ ഹോളിവുഡ് മോഹങ്ങൾ കരിഞ്ഞുണങ്ങി.

മരണത്തെ തിരഞ്ഞ് ഹിമാലയത്തിൽ

മരണത്തെ തേടിപ്പോയ സഞ്ചാരം ലഡാക്കിലെ പാങോങ്ങിലേക്കുള്ള യാത്ര ഒരിക്കലും മറക്കില്ല. ഷൂട്ടിങ്ങിനായാണ് അവിടേക്കു പോയത്. ഷൈൻ ടോം ചാക്കോയും കൂടെയുണ്ടായിരുന്നു. സുനിൽ കുര്യൻ എന്നയാളാണു സംവിധായകൻ. ഒരാൾ മരണത്തെ തേടി പോകുന്നതാണു കഥ. അരാമിക് ഭാഷയിലാണ് സിനിമ എടുക്കുന്നത്. വിമാനം ഡൽഹിയിൽ ഇറങ്ങിയപ്പോഴേക്കും കാലാവസ്ഥ തണുപ്പിലേക്കു മാറിക്കഴിഞ്ഞിരുന്നു. കശ്മീരിൽ കാലാവസ്ഥ തീരെ മോശമാണെന്നും കഴിയുമെങ്കിൽ അവിടേക്കുള്ള യാത്ര മാറ്റിവയ്ക്കണമെന്നും ഡൽഹിയിലെ ഒരു സുഹൃത്ത് മുന്നറിയിപ്പു നൽകി. ഇക്കാര്യം സംവിധായകനെ അറിയിച്ചു. ലഡാക്കിൽ ഷൂട്ടിങ് കഴിഞ്ഞ് നാളെത്തന്നെ തിരിച്ചു വരാമെന്നായിരുന്നു സംവിധായകന്റെ നിലപാട്. കൂടുതൽ വർത്തമാനത്തിനു നിൽക്കാതെ അദ്ദേഹത്തിനൊപ്പം ലേയിലേക്കുള്ള വിമാനത്തിൽ കയറി. മഞ്ഞു പെയ്ത് ഇരുട്ടു മൂടിയ കാലാവസ്ഥ. തണുപ്പ് അസഹ്യമായതിനാൽ ലഡാക്കിലെ താമസക്കാർ സുരക്ഷിതമായ സ്ഥലത്തേക്ക് മാറിക്കഴിഞ്ഞു.

ഓഫ് സീസണിലാണ് ഞങ്ങൾ അവിടെ എത്തിയിട്ടുള്ളത്. ഒരു ട്രെക്കിൽ കയറി ലൊക്കേഷനിലേക്കു പുറപ്പെട്ടു. സാധന സാമഗ്രികളുമായി മറ്റൊരു ട്രക്ക് പുറകെ. കുറേ ദൂരം സഞ്ചരിച്ച ശേഷം കിടക്കാൻ മുറി കിട്ടി. വിശ്രമിക്കാതെ ഒരടി പോലും മുന്നോട്ടു പോകാൻ പറ്റില്ലെന്ന് ഞാൻ തീർപ്പു പറഞ്ഞു. ഭക്ഷണം കയ്യിലുണ്ട്. പക്ഷേ, കഴിക്കാൻ വയ്യ. പ്രഷറിനുള്ള ഗുളിക കഴിക്കാൻ ശ്രമിച്ചെങ്കിലും വെള്ളം കുടിച്ചപ്പോൾ ഛർദിച്ചു. ഓക്സിജൻ കുറഞ്ഞ അന്തരീക്ഷത്തിൽ ശരീരം തളരുകയാണെന്ന് എനിക്കു മനസ്സിലായില്ല. മണിക്കൂറുകൾ എണ്ണിയാണു നേരം വെളുപ്പിച്ചത്. സൂര്യപ്രകാശം തെളിഞ്ഞതോടെ സംവിധായകൻ ഉഷാറായി. അദ്ദേഹം മുന്നിലും ഞങ്ങൾ പിന്നിലുമായി പാങോങ്ങ് തടാകത്തിന്റെ തീരത്തെത്തി. അവിടെ നിന്നു കൊണ്ട് അദ്ദേഹം എനിക്കു പറയാനുള്ള ഡയലോഗ് വായിച്ചു. ‘‘ഓ, ഡെത്ത് വേർ ആർ യു...’’ ഞാൻ ആ സംഭാഷണം ഉറക്കെ പറഞ്ഞു. കൊടും തണുപ്പിൽ തുടർച്ചയായി രണ്ടു മണിക്കൂർ ഷൂട്ട് ചെയ്തു. പക്ഷേ, നക്ഷത്രങ്ങളുടെ ദൃശ്യം കിട്ടിയില്ലെന്ന് സംവിധായകൻ വേവലാതിപ്പെട്ടു. ഇനിയും അവിടെ നിന്നാൽ ചൈനീസ് പട്ടാളക്കാർ നമ്മളെ വെടിവച്ചു കൊല്ലും. ഞാൻ അതിർത്തിയിലേക്കു ചൂണ്ടിക്കാട്ടി. കുറച്ചു സീനുകൾ കൂടി ലഡാക്കിൽ ഷൂട്ട് ചെയ്യാനുണ്ടായിരുന്നു. അതിനാൽ ഷൈൻ അവിടെ തുടർന്നു. ഞാൻ മുംബൈയിലേക്കു തിരിച്ചു. ഹോട്ടലിൽ എത്തിയപ്പോഴേക്കും ഷൈനിന്റെ വിളി വന്നു. ‘‘സുനിൽ മരിച്ചു. ഷൂട്ടിങ് സ്ഥലത്തേക്കു പോകുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.’’ മരണത്തെ തേടിപ്പോകുന്ന കഥയുടെ ക്ലൈമാക്സ് ഇങ്ങനെ ആയിത്തീരുമെന്ന് സ്വപ്നത്തിൽപ്പോലും കരുതിയിരുന്നില്ല.