എറണാകുളത്ത് ഹൈക്കോടതി ജംക്‌ഷനിൽ വരാനാണ് ഷെറിൻ പറഞ്ഞിരുന്നത്. 8.30ന് എത്തിയാൽ മതിയെന്നും ഓർമിപ്പിച്ചിരുന്നു. കൗതുകം ലേശം കൂടുതലായതിനാൽ അര മണിക്കൂർ മുൻപേ അവിടെയെത്തി. സ്ഥലത്ത് എത്തിയ ശേഷം വിളിക്കാനായി നൽകിയിരുന്ന മൊബൈൽ നമ്പർ ഡയൽ ചെയ്തു. ഭവ്യയാണ് ഫോൺ എടുത്തത്. ‘‘മറൈൻ ഡ്രൈവിലേക്കു വരൂ. ഞാനിവിടെയുണ്ട്’’ കാണാൻ പോകുന്ന ജലമേളയുടെ വേദിയിലേക്ക് ഭവ്യ വഴി കാണിച്ചു. പണ്ടത്തെ കൗമാരങ്ങൾ പ്രണയസല്ലാപം നടത്തിയിരുന്ന കായൽക്കര, അവിടെയൊരു പുതുപാത. അതു വാട്ടർ മെട്രോയുടെ ടെർമിനലിലേക്കുള്ളതാണ്. ആ ടെർമിനലിന്റെ കൺട്രോളറാണു ഭവ്യ. അഴിമുഖത്തിനരികെ നീണ്ടു കിടക്കുകയാണ് ബോൾഗാട്ടി ഐലൻഡ്. അണിഞ്ഞൊരുങ്ങിയ കൊച്ചിക്ക് അഴകു പകർന്ന് ഗോശ്രീ പാലം തൊട്ടരികെ. സൂക്ഷ്മമായി നോക്കിയാൽ വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ കാണാം. അറബിക്കടലിലേക്കു നീളുന്ന ഈ മനോഹാരിതയുടെ അരികിലൂടെയാണ് വാട്ടർ മെട്രൊ കടന്നു പോവുക.
കെഎംആർഎൽ ജലദൗത്യം
കൊച്ചി നഗരത്തിൽ മെട്രൊ റെയിൽ യാഥാർഥ്യമാക്കിയ കെഎംആർഎൽ ജലദൗത്യമാണു വാട്ടർ മെട്രൊ. ഒന്നും രണ്ടുമല്ല, എഴുപത്തിയെട്ട് ആധുനിക ബോട്ടുകളാണ് വാട്ടർ മെട്രോക്കു വേണ്ടി നിർമിക്കുന്നത്. ‘‘ഇലക്ട്രിക് എസി ബോട്ടുകൾ നീറ്റിലിറങ്ങുന്നതോടെ കൊച്ചിയിലെ ജലപാതകളുടെ തലവര തെളിയും’’ പ്രതീക്ഷ പങ്കുവച്ചുകൊണ്ട് പിആർഒ ഷെറിൻ വിൽസൺ ടെർമിനലിലേക്കു സ്വാഗതം ചെയ്തു. 15 റൂട്ട്, 78 എസി ബോട്ടുകൾ എറണാകുളത്ത് പതിനഞ്ച് റൂട്ടുകളിലാണ് വാട്ടർ മെട്രോ സർവീസ് നടത്തുക. ബസ് സർവീസ് വരുന്നതിനു മുൻപ്, അതായത് ഗോശ്രീ പാലം നിർമിക്കുന്നതിനും മുൻപ് ആളുകൾ തോണിയിൽ പോയിരുന്ന റൂട്ടുകളിലൂടെയാണു വാട്ടർ മെട്രൊ സവാരി. ഗതാഗത കുരുക്കിൽപ്പെട്ട് മണിക്കൂറുകളോളം ബസ്സിനുള്ളിൽ തള്ളി നീക്കുന്നവർക്ക് വാട്ടർ മെട്രോ ആശ്വാസമാകും. വൈറ്റിലയിൽ നിന്നു വാട്ടർ മെട്രൊ ബോട്ട് കാക്കനാടെത്താൻ ഇരുപതു മിനിറ്റ് മതി – വാട്ടർ മെട്രോയുടെ ചീഫ് ഓപറേറ്റിങ് ഓഫിസർ സാജൻ പി. ജോൺ കൊച്ചിയിലെ ജലപാതയിലെ മെട്രൊ വിശേഷങ്ങൾ പറഞ്ഞു. പണ്ട് വള്ളം മാത്രമായിരുന്നു കൊച്ചിക്കാരുടെ യാത്രാമാർഗം. പാലവും ബസ്സും വന്നപ്പോൾ ഇവിടത്തുകാർ സ ന്തോഷിച്ചെങ്കിലും ഗതാഗതക്കുരുക്ക് നഗരവേഗതയ്ക്കു തടസ്സമായി. പിന്നെയും വർഷങ്ങൾ കാത്തിരുന്നപ്പോൾ മെട്രൊ റെയിൽ വന്നു, യാത്രാദുരിതം പകുതിയായി. ഇപ്പോൾ ആലുവയിൽ നിന്നു 30 മിനിറ്റിനുള്ളിൽ തൃപ്പൂണിത്തുറയിലെത്താം.
നീറ്റിലിറങ്ങാൻ ബോട്ടുകൾ റെഡി
വാട്ടർ മെട്രൊ നീറ്റിലിറങ്ങുന്നതോടെ നഗരത്തിന്റെ സമീപ പ്രദേശത്തേക്കുള്ള യാത്രാ ദുരിതത്തിനും പരിഹാരമാകും. ഹൈക്കോടതി ടെർമിനലിൽ നിന്നു വൈപ്പിനിലേക്കു യാത്രയ്ക്കുള്ള ബോട്ട് തയാർ. വൈറ്റിലയിൽ നിന്നു കാക്കനാട്ടേക്കും ബോട്ട് റെഡി. പതിനഞ്ച് റൂട്ടുകളിലേക്ക് എഴുപത്തിയെട്ടു ബോട്ടുകൾ. നൂറു പേർക്ക് കയറാവുന്ന ബോട്ടുകൾ 23, അൻപതു യാത്രക്കാർക്ക് സഞ്ചരിക്കാവുന്നവ 55. ഈ വർഷം അവസാനിക്കുമ്പോൾ ജലപാതയിൽ ജനം നിറയുമെന്നാണു പ്രതീക്ഷ. ഒരേ ദിശയിലേക്ക് സിംഗിൾ യാത്രയ്ക്ക് വാട്ടർ മെട്രോയിലും മെട്രൊ റെയിലിലും ഒരു ടിക്കറ്റ് മതി. ഹൈക്കോടതി – വൈപ്പിൻ, വൈറ്റില – കാക്കനാട് സർവീസുകൾക്ക് ബോട്ട് എത്തി. സൗത്ത് ചിറ്റൂരിൽ ടെർമിനൽ നിർമാണം അന്തിമഘട്ടത്തിലാണ്. ഇതുവരെ ഏഴു ബോട്ടുകളാണു ലഭിച്ചിട്ടുള്ളത്. അധികം വൈകാതെ 16 ബോട്ടുകൾ കൂടി കിട്ടും. ഉടൻ തന്നെ സർവീസ് തുടങ്ങാമെന്നാണു കരുതുന്നത്. – സിഒഒ സാജൻ പി. ജോൺ പറഞ്ഞു. ഇന്ധന മാലിന്യം ഇല്ല, ഇലക്ട്രിക് ചാർജിങ് സ്ഥിരം യാത്രക്കാർക്കും വിനോദ സ ഞ്ചാരികൾക്കും പ്രയോജനപ്പെടുംവിധമാണ് വാട്ടർ മെട്രോ ഡിസൈൻ ചെയ്തിട്ടുള്ളത്. ഭിന്നശേഷിക്കാരുടെ വീൽ ചെയർ ബോട്ടിനുള്ളിലേക്കു കയറ്റാൻ നടപ്പാത (പോണ്ട്യൂൺ) ഒരുക്കിയിട്ടുണ്ട്. കുഞ്ഞുങ്ങൾക്കു മുലയൂട്ടാനുള്ള ക്യാബിനുമുണ്ട്.
ഇലക്ട്രിക് ബോട്ടുകൾ ലോക ശ്രദ്ധ നേടും
വാട്ടർ മെട്രോയ്ക്കു വേണ്ടി ബോട്ടുകൾ നിർമിച്ചതു കൊച്ചി ഷിപ് യാഡാണ്. ബാറ്ററിയിലാണ് എൻജിൻ പ്രവർത്തിക്കുന്നത്. പതിനഞ്ച് മിനിറ്റ് ചാർജർ കണക്ട് ചെയ്താൽ ഒരു മണിക്കൂർ സഞ്ചരിക്കാം. ഇന്ധനമാലിന്യം തെല്ലുമില്ല. വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന ബോട്ടുകൾ നഗരസഞ്ചാരത്തിന് ഉപയോഗിക്കുന്നത് ലോകത്ത് ഇതാദ്യം. ഒരു ബോട്ടിന് നിർമാണ ചെലവ് 7.6 കോടി രൂപ. നഗരയാത്രയ്ക്ക് ഇലക്ട്രിക് ബോട്ടുകൾ ഉപയോഗിക്കുന്ന ആദ്യ നഗരമാകാൻ കൊച്ചി ഒരുങ്ങുന്നതായുള്ള റിപ്പോർട്ട് രാജ്യാന്തര ശ്രദ്ധ നേടി. സർവീസ് തുടങ്ങുന്നതിനു മുൻപു തന്നെ ഫ്രാൻസ് കേന്ദ്രീകരിച്ചുള്ള സംഘടനയുടെ ഗസീസ് എന്നൊരു പുരസ്കാരം വാട്ടർ മെട്രൊയെ തേടിയെത്തി. ഒരു ബോട്ടിൽ ക്യാപ്റ്റൻ ഉൾപ്പെടെ മൂന്നു ജോലിക്കാരാണുള്ളത്. ബോട്ടിന്റെ വേഗതയും ദിശയും ദൃശ്യങ്ങളും വാട്ടർ മെട്രോയുടെ കൺട്രോൾ റൂം മോണിറ്ററിൽ ദൃശ്യമാകും. വൈറ്റില ടെർമിനലിലാണ് കൺട്രോൾ റൂം പ്രവർത്തിക്കുക. സുരക്ഷാ ബോട്ട് സദാസമയം തയാറാക്കി നിർത്തും. 20 പേരെ കയറ്റാവുന്ന അതിവേഗ യാനമാണ് ‘റസ്ക്യു ബോട്ട്’. ‘‘കൊല്ലം, ആലപ്പുഴ, കോഴിക്കോട് എന്നിവിടങ്ങളിലും വാട്ടർ മെട്രൊയ്ക്കു സാധ്യതയുണ്ട്. ജലപാതകൾ യാത്രാമാർഗമായി മാറുമ്പോൾ ലോകത്തിന്റെ വിവിധ ഭാഗത്തു നിന്നു വിനോദസഞ്ചാരികൾ കേരളത്തിലെ എല്ലാ ജില്ലകളിലും എത്തും’’ സാജൻ ജോൺ പ്രതീക്ഷ പങ്കുവച്ചു.
ആദ്യം ഫോർട് കൊച്ചിയിലേക്ക്
കൊച്ചിക്കു വേണ്ടി മെട്രൊ അവതരിപ്പിക്കുന്ന പുതുമുഖത്തെ പരിചയപ്പെട്ടതിനു ശേഷം ടെർമിനലിലേക്കു നടന്നു. മെട്രൊ റെയിൽ സ്‌റ്റേഷന്റെ മാതൃകയിലാണ് വാട്ടർ മെട്രോ ടെർമിനലിന്റെയും രൂപകൽപന. പ്രധാന ഹാളിന്റെ ഇരുവശങ്ങളിലായി ടിക്കറ്റ് കൗണ്ടർ. ടിക്കറ്റിലെ ക്യുആർ കോഡ് സ്കാൻ ചെയ്ത് ടെർമിനലിലേക്കു പ്രവേശനം. റൂട്ട്, സമയം എന്നിവ പ്രദർശിപ്പിച്ച് എൽഇഡി ബോർഡ്. എല്ലായിടങ്ങളിലും നിരീക്ഷണ ക്യാമറകൾ. വൃത്തിയുള്ള ശുചിമുറി, വിശ്രമകേന്ദ്രം. നിർദേശം ലഭിച്ചാൽ അടുത്ത നിമിഷം ബോട്ടിറക്കാൻ തയാറായി നിൽക്കുകയാണ് ക്യാപ്റ്റൻമാർ. പരിശീലന സവാരികൾക്കു ശേഷം കന്നിയാത്ര മനോരമ ട്രാവലറിനു വേണ്ടി ഒരുക്കിയപ്പോൾ എൻജിൻ ചലിപ്പിക്കുന്നവർക്ക് ഇരട്ടി സന്തോഷം. എൻജിൻ റൂമിലേക്ക് കയറുന്നതിനു മുൻപ് ക്യാപ്റ്റൻ അനീഷ് ചാർജിങ് പോയിന്റിലേക്കു നടന്നു. ബാറ്ററി നൂറു ശതമാനം ചാർജുണ്ടെന്ന് ഉറപ്പാക്കിയ ശേഷമേ ബോട്ട് പുറപ്പെടുകയുള്ളൂ.
വാട്ടർ മെട്രോയിൽ കൊച്ചി കുതിക്കും
ഹൈക്കോടതിയുടെ സമീപത്തെ ടെർമിനലിൽ നിന്നു ബോട്ട് സ്റ്റാർട്ട് ചെയ്തു. പുറത്ത് പൊരിവെയിൽ കത്തുകയാണ്. വാട്ടർ മെട്രോയിൽ യാത്രക്കാർക്ക് ഇരിക്കാൻ വിസ്താരമുള്ള എസി ഹാളാണ് ഒരുക്കിയിട്ടുള്ളത്. മെട്രോ റെയിലിലേതു പോലെ ഇരിപ്പിടങ്ങളുടെ നിറം ഇളം പച്ച. കായൽക്കാഴ്ച ആസ്വദിക്കാൻ ചുറ്റിലും ചില്ലുകൾ. ഇരിപ്പിടത്തിനു മുൻപിലെ പെട്ടിയിലാണ് സുരക്ഷാ ജാക്കറ്റുകൾ സൂക്ഷിക്കുന്നത്. യാത്രക്കാർക്ക് ഈ പേടകം മേശയായി ഉപയോഗിക്കാം. വാട്ടർ മെട്രോയുടെ ‘വിഴിഞ്ഞം’ എന്നു പേരുള്ള ബോട്ട് മുന്നോട്ടു കുതിക്കുകയാണ്. ഗോശ്രീ പാലവും ബോൾഗാട്ടി പാലസും താണ്ടി കണ്ടെയ്നർ ടെർമിനലിനു സമീപത്തെത്തി. ഈ റൂട്ടിലെ യാത്രയിൽ സന്ദർശകർക്ക് ആസ്വദിക്കാനുള്ള അടുത്ത കാഴ്ച ഫോർട് കൊച്ചിയാണ്. അവിടെ ഇറങ്ങിയാൽ ഷിപ് യാർഡിലേക്കു വരുന്ന കപ്പലുകളും കായലോരത്തെ ചീനവലകളും കാണാം. മടക്കയാത്രയ്ക്ക് ടിക്കറ്റെടുത്ത് അതേ റൂട്ടിൽ മറ്റൊരു ബോട്ടിൽ തിരികെ വരാം...ജലസവാരി സുഖകരം, ശുഭം. .