Wednesday 22 August 2018 05:19 PM IST

പുഴയോരം മുഴുവൻ വേലികളാണ്, വില്ലകളാണ്; വെള്ളം ഏതു വഴി ഒഴുകും – പഴയ ജലപാത എവിടെ?

Baiju Govind

Sub Editor Manorama Traveller

1)Pazhukanilam പഴുക്കാനിലം കായൽ, ഫോട്ടോ: ടിബിൻ അഗസ്റ്റിൻ

കോട്ടയത്തിന്റെ മുക്കിലും മൂലയിലും ഇപ്പോൾ മലവെള്ളം പാഞ്ഞു കയറിയ സ്ഥലങ്ങളെല്ലാം പണ്ട് നദികളായിരുന്നു. ചെറുവണ്ടികളും വാഹനങ്ങളും വരുന്നതിനു മുൻപു മധ്യകേരളത്തിലുള്ളവർ പ്രധാനമായും ആശ്രയിച്ചിരുന്ന ട്രാൻസ്പോർട്ടേഷൻ മേഖലയായിരുന്നു ഈ നീർപാതകൾ. കൊച്ചി കേരളത്തിന്റെ കച്ചവട തലസ്ഥാനമായി മാറുന്നതിന്റെ പൂർവകാലം കോട്ടയത്തുള്ളവർ യാത്ര ചെയ്തതും ചരക്കു നീക്കം നടത്തിയതും ജലപാതകളിലൂടെ ആയിരുന്നു. ഇടുങ്ങിയ മനസ്സിനു ചുറ്റും മതിലുകൾ കെട്ടി നദീതീരങ്ങളിൽ പാർപ്പിടങ്ങളുണ്ടാക്കിയ ശേഷമാണ് നിറഞ്ഞൊഴുകിയിരുന്ന ആറുകളും പുഴകളും നദികളും ശോഷിച്ചത്. ഫലമോ? അറുപതാണ്ടുകൾക്കു മുൻപത്തേതു പോലെ മാനം നിറഞ്ഞു മഴ പെയ്തപ്പോൾ വെള്ളമൊഴുകാൻ ഇടമില്ലാതായി. കൈത്തോടുകളായി മാറിയ പുഴകൾ കരയും കടന്നു കുന്നിൻപുറങ്ങളിലെ വീടുകളുടെ അകത്തളങ്ങളിൽ വരെ കയറിയിറങ്ങി. അന്നും ഇന്നും ജലസമൃദ്ധമായ കുട്ടനാട്ടിലെ വീടുകൾ മുങ്ങിത്താഴ്ന്നു.

2)Kodoorar കൊടൂരാർ, ഫോട്ടോ: ടിബിൻ അഗസ്റ്റിൻ

പാലാ ഭാഗത്തു നിന്നും ഒഴുകിയെത്തുന്ന മീനച്ചിലാറും കോട്ടയത്തെ കൊടൂരാറും ചേർന്നു വീതിയേറിയ നദിയായി വേമ്പനാട്ടു കായലിൽ ലയിക്കുന്ന ‘പഴുക്കാനിലം’ കായലിൽകൂടി വെറുതെയൊന്നു യാത്ര ചെയ്താൽ വെള്ളപ്പൊക്കം ഉണ്ടായതിന്റെ കാര്യകാരണങ്ങൾ നേരിട്ടു മനസ്സിലാക്കാം. കോടിമത ബോട്ട് ജെട്ടിയിൽ നിന്നാണു ബോട്ട് പുറപ്പെടുന്നത്. പഴുക്കാനിലത്ത് പൊട്ടിപ്പൊളിഞ്ഞ ഒരു ലൈറ്റ് ഹൗസിന്റെ അസ്ഥികൂടം ഉണ്ട്. പണ്ടു കോട്ടയം പട്ടണത്തിലേക്കു തിരിയാനുള്ള വള്ളങ്ങൾക്ക് കായലിനു നടുവിൽ ഈ വിളക്കുമാടമാണ് അടയാളം കാണിച്ചിരുന്നത്. തെക്കുംകൂർ രാജ്യവും തിരുവിതാംകൂർ സൈന്യവും ഏറ്റുമുട്ടിയത് ഇവിടെ വച്ചാണെന്നു പഴമക്കാർ പറയുന്നു. തളിക്കോട്ടയിൽ നിന്നുള്ള രാജാക്കന്മാർ ചങ്ങനാശേരിക്കു സഞ്ചരിച്ചിരുന്ന ഈ ജലപാതയിൽ പ്രവേശിച്ചാൽ ഹോളിവുഡ് സിനിമകളിലേതു പോലെ ട്വിസ്റ്റുകളാണ്. കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന കായൽ. നാലുവശങ്ങളിലേക്കും വഴിപിരിയുന്ന കൈത്തോടുകൾ. പച്ചവിരിച്ച നെൽപ്പാടം. അതിരിട്ടു നിൽക്കുന്ന തെങ്ങുകളുടെ നിര. കൂവിയും കുഴൽ വിളിച്ചും പറന്നുയരുന്ന പക്ഷികൾ...

3)Malarikkal കൊടൂരാറും മീനച്ചിലാറും ലയിച്ചു ചേരുന്ന മലരിക്കൽ കടവ്, ഫോട്ടോ: ടിബിൻ അഗസ്റ്റിൻ

ദിവാൻ പേഷ്കാർ സർ ടി. രാമറാവുവിന്റെ ഭരണകാലത്ത് കോട്ടയത്തു നിന്ന് ആലപ്പുഴയ്ക്കു വെട്ടിയ പുത്തൻ തോടാണ് പടിഞ്ഞാറേയ്ക്കു നീണ്ടു കിടക്കുന്നത്. തിരുവാർപ്പ് ഗ്രാമത്തിന്റെയും തിരുവായ്ക്കരി പാടശേഖരത്തിന്റെയും നടുവിലൂടെ പുത്തൻതോട് വെട്ടിക്കാട് മുക്കിൽ ചെന്നു ചേരും. തിരുവാർപ്പ് ഗ്രാമത്തിനോടു ചേർന്നുള്ള പുത്തൻതോടിന്റെ വടക്കു ഭാഗം പാടശേഖരമാണ്. പൂഞ്ഞാർ രാജവംശം കൈവശം വച്ചിരുന്ന നെൽപ്പാടമായതിനാൽ ഈ വയലിനു ‘തിരു വായയ്ക്ക് അരി’ എന്നർഥം വരുന്ന തിരുവായ്ക്കരി എന്നു പേരു വീണു. പാടത്തിന്റെയും ഗ്രാമത്തിന്റെയും നടുവിൽക്കൂടിയാണ് പേഷ്കാർ ആലപ്പുഴയ്ക്കു തോടു വെട്ടിയത്. വള്ളംകളി മത്സരം നടന്ന കടവിന്റെ തൊട്ടു മുൻപിലൊരു ചെറിയ തോട് വന്നു ചേരുന്നുണ്ട്. തെക്കുംകൂർ രാജാക്കാന്മാരുടെ സഞ്ചാര പാതയായിരുന്നു അത്. എം.സി റോഡിന് ഇങ്ങനെയൊരു പിന്നാമ്പുറമുള്ള കാര്യം റോഡിലൂടെ ചങ്ങനാശേരിക്കു ചീറിപ്പായുന്നവർക്ക് അറിയില്ല; അല്ലെങ്കിൽ ആരും അന്വേഷിച്ചു പോയിട്ടില്ല.

4)Puthanthod പുത്തൻതോട്, ഫോട്ടോ: ടിബിൻ അഗസ്റ്റിൻ

വലതു ഭാഗത്തു പാടങ്ങളും ഇടതു ഭാഗം കരയുമായി പകുത്ത കൊടൂരാറിനു കുറുകെ നിർമിച്ച ഗ്രാമിൻപാലം കോട്ടയത്തിന്റെ ബൈപാസായി മാറി. ചങ്ങനാശേരിയിൽ നിന്നു വരുന്നവർക്കു നഗരത്തിൽ കയറാതെ ഈ വഴിയിലൂടെ ഇല്ലിക്കൽ ചെന്നു കുമരകത്തേക്കു നീങ്ങാം. പാലത്തിന്റെ അടിയിലൂടെ കടന്നു പോയപ്പോഴാണ് ആ പ്രദേശത്തിനുണ്ടായ മാറ്റത്തിന്റെ ‘ഫീൽ’ അനുഭവിച്ചത്. ട്രാവൻകൂർ സിമന്റ് പാക്ടറിയുടെ പിന്നിൽ നിന്നു പുഴയിലേക്കു തലനീട്ടി നിൽക്കുന്ന ഇല്ലിമുളങ്കാടു കണ്ടാൽ ഇതു കോട്ടയമാണെന്നു തോന്നുകയേ ഇല്ല. സിമന്റ് ഫാക്ടറിയുടെ കടവിൽ ‘ബാർജ്’ നിർത്തിയിട്ടിട്ടുണ്ട്. വണ്ടിയും റോഡുകളുമൊന്നും ഇല്ലെങ്കിലും ബാർജുകളിൽ കയറ്റി സിമന്റ് ചാക്കുകൾ സുഖകരമായി മറ്റു ജില്ലകളിലെത്തിക്കാം. ഇതു തന്നെയാണ് തൊട്ടപ്പുറത്തു സ്ഥിതി ചെയ്യുന്ന കോട്ടയം തുറമുഖത്തിന്റെ പ്രാധാന്യം. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലേക്ക് കൊല്ലം, കൊച്ചി, ആലപ്പുഴ തുറമുഖങ്ങളിൽ നിന്ന് റോഡ് ഗതാഗത്തിനു സമാന്തരമായി ചരക്കു നീക്കാവുന്ന പോർട്ടാണ് കോട്ടയത്തേത്.

5)thirvaykari തിരുവായ്ക്കരി പാടശേഖരം, ഫോട്ടോ: ടിബിൻ അഗസ്റ്റിൻ

തുറമുഖം കടന്നാൽ കൊടൂരാറിന് വള്ളത്തുഴയുടെ പിടിഭാഗം നനയുന്നത്രയും ആഴമുണ്ട്. പോളകൾ ഇരിപ്പിടമാക്കാനെത്തുന്ന നീർക്കിളികൾ പുഴയുടെ ആഴം സാക്ഷ്യപ്പെടുത്തുന്നു. നീലക്കോഴി, താമരക്കോഴി, ചേരക്കോഴി, നീർക്കാക്ക തുടങ്ങി കായലിലെ അഭയാർഥികളെയൊക്കെ ഇവിടെ കാണാം.

6)Vembanad-Kayal വേമ്പനാട്ടു കായൽ, ഫോട്ടോ: ടിബിൻ അഗസ്റ്റിൻ

കുടമുരുട്ടി മലനിരകളിൽ നിന്നുദ്ഭവിക്കുന്ന മീനച്ചിലാറിന്റെ കൈവഴിയാണ് കൊടൂരാർ. പക്ഷേ, പാലായിൽ നിന്നൊഴുകി വന്ന് കോട്ടയം നഗരത്തെ ചുറ്റി ചുങ്കം കടന്ന് അതേ മീനച്ചിലാർ ഒടുവിൽ വന്നു ചേരുന്ന‍ത് കൊടൂരാറിലാണ്; അതുമൊരു  കൈത്തോടിന്റെ വീതിയിൽ! പരന്നു കിടക്കുന്ന നെൽപ്പാടവും വീതിയേറിയ പുഴയും ചേർന്നൊഴുകുന്ന ഈ പ്രദേശം മലരിക്കൽ എന്നറിയപ്പെടുന്നു. ഇവിടെ നിന്നു കോട്ടയം നഗരത്തിലേക്കും വേമ്പനാട്ടു കായലിലേക്കും ജലമാർഗം പാഞ്ഞു കയറാം. നദികളുടെ സംഗമ സ്ഥാനം കഴിയുന്നതോടെ കൊടൂരാർ പതുക്കെപ്പതുക്കെ വീതിയേറി കായലിന്റെ രൂപത്തിനു വഴിമാറുന്നു. ഇവിടെ ഇടതുഭാഗത്തായി വലിയ രണ്ടു പാറകളുണ്ട്. പാറ വളരുന്നുണ്ടെന്നാണ് പ്രദേശ വാസികൾ പറയുന്നത്. ഇതിനു സമീപത്തൊരു ക്ഷേത്രവുമുണ്ട്.

7)Light-house---Pazhukanila പഴുക്കാനിലത്തെ ലൈറ്റ്ഹൗസ്, ഫോട്ടോ: ടിബിൻ അഗസ്റ്റിൻ

മറിയപ്പള്ളിയുടെ പിൻഭാഗത്തുള്ള മുട്ടവും കരിമ്പുംകാലാ പ്രദേശവും കടന്നു പഴുക്കാനില കായലിലേക്ക് പ്രവേശിക്കുന്നു. ജലപാതയിൽ കോട്ടയത്തിന്റെ പ്രവേശന കവാടമാണിത്. വള്ളങ്ങൾക്കു വഴി കാണിക്കാൻ 1816ൽ ഇവിടെ സ്ഥാപിച്ച ലൈറ്റ് ഹൗസിന്റെ വെളിച്ചം മിഴിയടച്ചെങ്കിലും ടവർ അതേപടി നിലനിൽക്കുന്നുണ്ട്. ആലപ്പുഴ, എറണാകുളം ജില്ലകളിൽ നിന്നുള്ള വള്ളങ്ങൾക്കു കോട്ടയത്തേക്കു വഴി തെളിക്കാൻ കേണൽ ജോൺ മൺറോയാണ് ഈ വിളക്കുമാടം സ്ഥാപിച്ചത്. ലൈറ്റ് ഹൗസിനപ്പുറം കുട്ടനാടിന്റെ ജലസമൃദ്ധിയാണ്. വിളഞ്ഞു നിൽ‌ക്കുന്ന ഒൻപതിനായിരം പാടശേഖരമാണ് വലതു ഭാഗത്തിന്റെ സമൃദ്ധി. എച്ച് ബ്ലോക്കിലേക്കു കടക്കുന്നതിനു മുൻപ് പാടത്തിനു നടുവിൽ ഭദ്രകാളി ക്ഷേത്രം കാണാം. പണ്ടു കാലത്തു ശാക്തേയ പൂജ നടത്തിയിരുന്ന ക്ഷേത്രമായിരുന്നു ഇതെന്നൊരു വിശ്വാസം നിലനിൽക്കുന്നുണ്ട്. എച്ച് ബ്ലോക്ക് കടന്ന് ആർ ബ്ലോക്കിന്റെ പടിഞ്ഞാറു ഭാഗത്ത് മൂന്നായി തിരുന്നിടത്തൊരു ബോർഡുണ്ട് – ആലപ്പുഴ: 11 കി.മീ, കാവാലം: 11 കിമീ.

8)Travancore-cements ട്രാവൻകൂർ സിമന്റ് ഫാക്ടറിയുടെ കടവ്, ഫോട്ടോ: ടിബിൻ അഗസ്റ്റിൻ

നാട്ടിൻപുറത്തെ ജംങ്‌ഷൻ പോലെ വേമ്പനാട് കായലിനു നടുവിലെ കവലയാണ് കൃഷ്ണൻകുട്ടി മൂല. അവിടെ നിന്ന് ആലപ്പുഴയ്ക്കും കാവാലത്തേക്കും കോട്ടയത്തേക്കും ജലപാതയുണ്ട്. ഈ നാൽക്കവലയുടെ കോണിലെ കെട്ടിടമൊരു റസ്റ്ററന്റാണ്. കരിമീൻ, കൊഞ്ച്, കക്ക, കൊഴുവ, കൂന്തൽ തുടങ്ങി മീൻവിഭവങ്ങളാണ് അവിടുത്തെ സ്പെഷൽ. വേമ്പനാട് കായലിലൂടെ ബോട്ട് സവാരി നടത്തുന്നവർ ക്ഷീണം മാറ്റാൻ കൃഷ്ണന്റെ മൂലയിലെ കടയിൽ കയറുന്നു. കപ്പയും മീൻ കറിയുമാണ് മിക്കവർക്കും പ്രിയപ്പെട്ട വിഭവം. കൃഷ്ണൻകുട്ടി മൂലയൊരു ഇടത്താവളമാണ്. ഇവിടം വിട്ടാൽ പിന്നെ ഇതുപോലൊരു ഇടത്താവളം കമലന്റെ മൂലയാണ്. അവിടെ നിന്നു കുറച്ചു ദൂരമേയുള്ളൂ ആലപ്പുഴയ്ക്ക്.

9)Krishnankutty-Moola കൃഷ്ണൻകുട്ടിമൂല, ഫോട്ടോ: ടിബിൻ അഗസ്റ്റിൻ

കോട്ടയത്തേക്ക് തിരിച്ചുള്ള യാത്രയിൽ അങ്ങോട്ടു പോയ വഴി മാറ്റിപ്പിടിക്കാം. പുത്തൻതോട്ടിലൂടെ കോട്ടയത്തേക്കുള്ള യാത്രയിൽ വഴിയോരക്കാഴ്ചകൾ മനോഹരമാണ്. ആർപ്പൂക്കര പഞ്ചായത്തിന്റെ തെക്കുഭാഗത്തുള്ള പുത്തൻതോടിനക്കരെ പഴമയുടെ പ്രതാപം ഉറങ്ങുന്ന, അറയും നിരയുമിട്ട മനോഹരമായ വീടുകളുണ്ട്. അസ്തമയ സൂര്യന്റെ പശ്ചാത്തലത്തിൽ ആ കാഴ്ചകളിലൂടെ പതിനഞ്ചിൽക്കടവു കടന്നാൽ കോടിമത ബോട്ട് ജെട്ടിയിൽ എത്തും.

10)H-Block കുട്ടനാട്ടിലെ എച്ച് ബ്ലോക്ക്, ഫോട്ടോ: ടിബിൻ അഗസ്റ്റിൻ

കോട്ടയത്തു നിന്നു വേമ്പനാട്ടു കായലിലേക്ക് നടത്തിയ ജലയാത്രയിൽ ചെറുതും വലുതുമായ ബണ്ടുകൾ നിരവധി കണ്ടു. പണ്ടു വെള്ളം പരന്നൊഴുകിയിരുന്ന സ്ഥലം മണ്ണിട്ടു നികത്തിയ പരന്ന പറമ്പുകളും കണ്ടു. പാലായ്ക്കപ്പുറം കുടമുരുട്ടി മലയുടെ അടിവാരം വരെ ഇതുപോലെ അണകളും ചിറകളും നികത്തിയ നിലങ്ങളും ഏറെയുണ്ട്. നാട്ടിലെ പുഴയോരം മുഴുവൻ നമ്മൾ കെട്ടിയ വേലികളാണ്, വില്ലകളാണ്. മലയിറങ്ങുന്ന വെള്ളം ഏതു വഴി ഒഴുകും?

11)Kodimatha-Boat-Jetty കോടിമത ബോട്ട് ജെട്ടി, ഫോട്ടോ: ടിബിൻ അഗസ്റ്റിൻ

baijugovind@gmail.com

12)Kottayam-Port കോട്ടയം തുറമുഖം, ഫോട്ടോ: ടിബിൻ അഗസ്റ്റിൻ