ജീവിതത്തിന്റെ കണ്ണാടിയെന്നു തോന്നുംവിധം എന്നെ അദ്ഭുതപ്പെടുത്തിയ നോവലാണ് ആൽക്കെമിസ്റ്റ്. ഡിഗ്രിക്കു പഠിക്കുമ്പോഴാണ് ആദ്യമായി ആ പുസ്തകം വായിച്ചത്. തിരിച്ചറിവിലേക്കുള്ള തിരിച്ചു വരവാണ് ആൽക്കെമിസ്റ്റിന്റെ ഉള്ളടക്കം. അപ്രതീക്ഷിതമായ മാറ്റങ്ങൾ ഓരോ അധ്യായങ്ങളിലും വഴിത്തിരിവുണ്ടാക്കുന്നു. പിൽക്കാലത്ത് എന്റെ ജീവിതത്തിലും അതുപോലെ അപ്രതീക്ഷിതമായ മാറ്റങ്ങൾ സംഭവിച്ചു.
എത്ര തവണ വായിച്ചാലും മടുപ്പുണ്ടാക്കാത്ത കഥയാണ് ആൽക്കെമിസ്റ്റ്. സഞ്ചാരത്തിന്റെ പാതയിലുണ്ടാകുന്ന മാറ്റങ്ങളാണ് ഇതിവൃത്തം. എന്റെ യാത്രകളിലും അത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഹിമാലയത്തിലേക്കു നടത്തിയ സോളോ ട്രിപ്പ് എന്റെ ജീവിതം മാറ്റി. പരിചയക്കാരായി കൂടെ ആരുമില്ലാതെ രണ്ടു മാസം ഹിമാലയത്തിൽ സഞ്ചരിച്ചു. ആ യാത്ര പൊടുന്നനെയുള്ള തീരുമാനമായിരുന്നു. ടിക്കറ്റ് ബുക്ക് ചെയ്തു, പുറപ്പെട്ടു. എവിടെയെല്ലാം പോകണമെന്നോ എന്തൊക്കെ കാണണമെന്നോ എവിടെ താമസിക്കണമെന്നോ തീരുമാനിച്ചിരുന്നില്ല. അവിടെ എത്തിയ ശേഷം എന്നെ തിരഞ്ഞെത്തിയ ട്വിസ്റ്റുകളിലൂടെ ഞാൻ സഞ്ചരിച്ചു.
സെൻട്രൽ നേപ്പാളിൽ ഉൾപ്പെടുന്ന ഹിമാലയത്തിലൂടെ നടത്തുന്ന അന്നപൂർണ ട്രെക്കിങ്ങിനെക്കുറിച്ച് ആളുകൾ പറഞ്ഞാണ് ഞാൻ അറിഞ്ഞത്. ഉടൻ തന്നെ അങ്ങോട്ടു പോകാൻ തീരുമാനിച്ചു.
മാസങ്ങളോളം തയാറെടുപ്പു നടത്തിയാണ് സഞ്ചാരികൾ ഹിമാലയം കയറാൻ പുറപ്പെടാറുള്ളത്. സാഹസിക പാതയിൽ യാതൊരു തയാറെടുപ്പുമില്ലാതെ ഞാൻ നടത്തിയ യാത്ര ഇപ്പോൾ അദ്ഭുതമായി തോന്നുന്നു. ആൽക്കെമിസ്റ്റ് എന്ന നോവലിനെ സമ്പൂർണമാക്കുന്ന യാത്രകളുടെ പശ്ചാത്തലങ്ങളിൽ ഇതുപോലെ പൊടുന്നനെ സംഭവിക്കുന്ന അദ്ഭുതമുഹൂർത്തങ്ങളുണ്ട്. എന്റെ ജീവിതയാത്രയുമായി താരതമ്യം ചെയ്താൽ നിമിത്തങ്ങളെന്നു പറയാം.
ഹിമാലയത്തിൽ നിന്നുള്ള മടക്കയാത്രയിലും ക്ഷണിക്കാത്ത അതിഥിയായി നിമിത്തം വന്നുചേർന്നു. അറുപതു ദിവസത്തോളം ഹിമാലയത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ യാത്ര ചെയ്തതിനു ശേഷം നാട്ടിലേക്കു മടങ്ങാമെന്നു കരുതിയപ്പോഴാണ് ഒരു ഇമെയിൽ വന്നത്. ബോധി എന്ന ആൽബത്തിൽ അഭിനയിക്കാൻ ക്ഷണിച്ചുകൊണ്ടുള്ള കത്തായിരുന്നു അത്. ഹിമാലയത്തിന്റെ ഭാഗമായ സ്പിതി വാലിയിലായിരുന്നു ചിത്രീകരണം. തിരിച്ചു വരവിന്റെ യാത്രയിലും ഈ വിധം തിരിച്ചറിവുകൾ എന്നെ പിൻതുടർന്നു. ആവർത്തിച്ചു പറയട്ടെ, ആൽക്കെമിസ്റ്റിന്റെ തനിയാവർത്തനം ഈ ജീവിതത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നു.
ദ് ആൽക്കെമിസ്റ്റ് : പോർച്ചുഗീസ് ഭാഷയിൽ എഴുതി 1988ൽ പുറത്തിറങ്ങിയ ലോകപ്രശസ്ത നോവലാണ് ദ് ആൽക്കെമിസ്റ്റ്. ബ്രസീലിയൻ സാഹിത്യകാരനായ പൗലോ കൊയ്ലോയുടെ ഈ വിഖ്യാത രചന 67 ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു. ഏറ്റവുമധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്ത നോവലിനുള്ള ഗിന്നസ് റെക്കോഡ് ഈ പുസ്കതത്തിനു ലഭിച്ചു. 163 പേജുകളിൽ പ്രസിദ്ധീകരിക്കപ്പെട്ട നോവൽ 150 രാജ്യങ്ങളിലായി ആറര ലക്ഷത്തോളം കോപ്പികൾ വിറ്റു.
ഈജിപ്തിലെ മരുഭൂമിയിൽ നിധിയുണ്ടെന്ന് അറിഞ്ഞതിനെ തുടർന്ന് ആട്ടിടയൻ സാന്റിയാഗോ നടത്തുന്ന യാത്രയാണ് ദ് ആൽക്കെമിസ്റ്റിന്റെ പ്രമേയം. അപ്രതീക്ഷിതമായ വഴിത്തിരിവുകളിലൂടെയാണ് യാത്ര. മരുഭൂമിയിലൂടെയുള്ള സഞ്ചാരത്തിൽ അയാൾ സ്വപ്നം കാണുന്നു. പുതിയ ഭാഷ പഠിക്കുന്നു. പ്രണയവും വഞ്ചനയും അനുഭവിക്കുന്നു. രാജാവു മുതൽ ഭിക്ഷക്കാരൻ വരെയുള്ള മനുഷ്യകുലത്തിന്റെ സ്വഭാവരീതികൾ പരിചയപ്പെടുന്നു. ദുഖവും സന്തോഷവും സംതൃപ്തിയും നിരാശയും മോഹവും മോഹഭംഗങ്ങളും കടന്ന് ലക്ഷ്യസ്ഥാനത്ത് എത്തുമ്പോൾ അയാൾ ഈ ജീവിതത്തിന്റെ നിരർഥകത തിരിച്ചറിയുന്നു.