‘‘അക്കരെ അക്കരെ അക്കരെ എന്ന സിനിമയ്ക്കു വേണ്ടി അമേരിക്കയിൽ പോയപ്പോഴാണ് ആദ്യമായി കാനഡ സന്ദർശിച്ചത്. അവിടെ പകൽ സമയത്തും പ്രവർത്തിക്കുന്ന ഡാൻസ് ബാറുണ്ട്. ഞാൻ ഇക്കാര്യം മുകേഷിനെ അറിയിച്ചു. മറ്റാരും അറിയാതെ ന്യൂഡ് ഡാൻസ് കാണാൻ ഞങ്ങൾ തീരുമാനിച്ചു. ഞാനും മുകേഷും തന്ത്രപരമായി ഹോട്ടലിൽ നിന്നു മുങ്ങി ഡാൻസ് ബാറിൽ കയറി. മറ്റൊരു ലോകത്ത് എത്തിയ പോലെ അതു കണ്ടിറങ്ങി. ഇക്കാര്യം മറ്റാരോടും പറയരുത് – മുകേഷ് എന്നെക്കൊണ്ട് സത്യം ചെയ്യിച്ചു. ‘‘ഭൂമിയിൽ വച്ച് ആരോടും പറയില്ല, പോരേ’’ ഞാൻ വാക്കു നൽകി. ധൃതിയിൽ ഓടിപ്പിടിച്ച് ഹോട്ടലിൽ എത്തിയപ്പോൾ ഞങ്ങളുടെ മുറിയുടെ മുന്നിൽ മോഹൻലാൽ നിൽക്കുന്നു. ‘‘എവിടാരുന്നു’’ ലാലിന്റെ ചോദ്യം. മുകേഷ് അതിനു മറുപടിയായി എന്തൊക്കെയോ കഥകൾ പറഞ്ഞു. ആ സമയത്തിനുള്ളിൽ ഞാൻ മുറിയിൽ കയറി ബാഗെടുത്ത് വിമാനത്താവളത്തിലേക്കുള്ള വാഹനത്തിൽ കയറി. ഫ്ളൈറ്റ് പറന്നുയർന്നപ്പോൾ ലാൽ എന്റെയടുത്തു വന്നു. ‘‘സത്യം പറ, നിങ്ങൾ എവിടെ പോയതായിരുന്നു’’ എന്റെ കണ്ണുകളിലേക്കു നോക്കിക്കൊണ്ട് ലാൽ ചോദിച്ചു. ഡാൻസ് ബാറിൽ പോയതും ന്യൂഡ് ഡാൻസ് കണ്ടതും സിനിമാക്കഥ പോലെ ഞാൻ വിവരിച്ചു. എല്ലാം കേട്ടതിനു ശേഷം മുകേഷിന്റെ അടുത്തേക്കാണു ലാൽ പോയത്. ഞാൻ തിരിഞ്ഞു നോക്കിയതേയില്ല. അവിടെ എന്താണു സംഭവിക്കുകയെന്ന കാര്യം എനിക്കു നന്നായറിയാം. കോപം ജ്വലിക്കുന്ന മുഖവുമായി മുകേഷ് എന്റെയരികിൽ വന്നു. ‘‘ആരോടും പറയില്ലെന്ന് നീ സത്യം ചെയ്തതല്ലേ?’’ കരയുന്ന ശബ്ദത്തിൽ മുകേഷ് ചോദിച്ചു. എന്തെങ്കിലും പറയുമ്പോൾ കേൾക്കണം. ഭൂമിയിൽ വച്ച് ആരോടും പറയില്ലെന്നാണു ഞാൻ സത്യം ചെയ്തത്. വിമാനം പറക്കുന്നത് ഭൂമിയിലൂടെയല്ല, ആകാശത്താണ്. ആകാശത്തു വച്ചു പറഞ്ഞതിൽ എന്താണു കുഴപ്പം? ഞാൻ പറഞ്ഞതിന്റെ ലോജിക് മനസ്സിലാകാതെ മുകേഷ് കുറേ നേരം ആലോചിച്ചു നിന്നു. അപ്പോഴേക്കും ഞങ്ങൾ ന്യൂഡ് ഡാൻസ് കാണാൻ പോയ കാര്യം കുടെയുള്ളവരെല്ലാം അറിഞ്ഞിരുന്നു.’’
മനോരമ ട്രാവലറിനു നൽകിയ അഭിമുഖത്തിൽ മണിയൻപിള്ള രാജു പണ്ടുണ്ടായ രസകരമായ ഓർമ പങ്കുവച്ചു.
വിദഗ്ധനായ നയതന്ത്രജ്ഞനായിരുന്നു ഇന്നസെന്റ്
എനിക്ക് ഏറ്റവും ഇഷ്ടമുള്ള വിദേശരാജ്യം ദുബായിയാണ്. ഒരുപാട് നല്ല സുഹൃത്തുക്കൾ ദുബായിയിലുണ്ട്. അവരോടൊക്കെ വർത്തമാനം പറഞ്ഞിരിക്കാനും വിശേഷം പങ്കുവയ്ക്കാനുമായി ദിവസങ്ങളോളം ഗൾഫിൽ താമസിക്കാറുണ്ട്. നാട്ടിലെ മീൻ കറി കഴിച്ചിട്ട് കുറേക്കാലമായെന്ന് ദുബായിയിൽ വച്ച് ഒരു സുഹൃത്ത് പറഞ്ഞു. ആ പ്രശ്നം ഇപ്പോൾത്തന്നെ പരിഹരിക്കാമെന്ന് ഞാൻ വാക്കു നൽകി. അതിഥിയായി അവരുടെ വീട്ടിലെത്തിയ ഞാൻ അടുക്കളയിൽ കയറി പാചകം തുടങ്ങി. അന്നു തയാറാക്കിയ മീൻകറി ആ വീട്ടിലെ എല്ലാവർക്കും ഇഷ്ടമായി. പിറ്റേന്നു നാട്ടിലേക്കു തിരിക്കാറായപ്പോൾ അവിടുത്തെ ജോലിക്കാരൻ എന്നെ കാണാൻ വന്നു. തലേദിവസം കുടംപുളിക്കു പകരം ഉണക്കമുന്തിരിയാണു നൽകിയതെന്ന് അദ്ദേഹം കുറ്റസമ്മതം പോലെ അറിയിച്ചു. ഞാൻ പൊട്ടിച്ചിരിച്ചു. മീൻകറിയിൽ കുടംപുളിക്കു പകരം ഉണക്കമുന്തിരി ചേർക്കാം! അതൊരു പുതിയ അറിവായിരുന്നു. ഏതു ഭക്ഷണവും ആസ്വദിച്ച് കഴിക്കുന്നയാളാണു ഞാൻ. ഓരോ സിനിമയ്ക്കും ഓരോ കഥയല്ലേ, അതുപോലെ ഓരോ വിഭവത്തിനും വെവ്വേറെ സ്വാദാണ്. നോർത്ത് ഇന്ത്യൻ വിഭവങ്ങളും നാടൻ ഭക്ഷണവും കോണ്ടിനെന്റൽ ഡിഷുകളും ആസ്വദിച്ച് കഴിക്കാറുണ്ട്. വിറകടുപ്പിൽ അമ്മ തയാറാക്കിയ ചോറും കൂട്ടാനും കഴിച്ചാണ് ഞാൻ വളർന്നത്. അക്കാലത്ത് അടുപ്പിൽ പുകയൂതാൻ അമ്മയെ ഞാൻ സഹായിക്കുമായിരുന്നു. ചായക്കടയിലെ മേശ തുടച്ചിട്ടായാലും ഇവൻ ജീവിച്ചോളും – അതു കണ്ട് അച്ഛൻ തമാശ പറയുമായിരുന്നു. പാചകത്തെക്കുറിച്ച് പറയുമ്പോൾ ഇന്നസെന്റിനെയാണ് ഓർക്കുന്നത്. ഊട്ടിയിലെ നവരംഗ് പാലസിൽ ഞങ്ങൾ ഒരുമിച്ചു താമസിച്ചിട്ടുണ്ട്. എനിക്കു ചിക്കൻ ടിക്ക ഉണ്ടാക്കാനറിയാമെന്നു പറഞ്ഞപ്പോൾ കോഴിയിറച്ചി വാങ്ങാൻ ഇന്നസെന്റ് മുന്നിട്ടിറങ്ങി. ഇറച്ചി കിട്ടിയെങ്കിലും അതു കോർക്കാനുള്ള കമ്പി കണ്ടെത്താനായില്ല. ‘നീയൊരു കുട വാങ്ങെടാ’ ഇന്നസെന്റ് പറഞ്ഞു. കുടയിലെ ശീല മുഴുവൻ കീറിക്കളഞ്ഞ് കമ്പികൾ വേർപെടുത്തി. കോഴിയിറച്ചി അതിൽ കോർത്ത് ഫയർ പ്ലേസിൽ വച്ചു. പ്രിയദർശനും മോഹൻലാലുമൊക്കെ അന്നു ചിക്കൻ ടിക്ക കഴിച്ച് എന്നെ പുകഴ്ത്തി. അവസരോചിതമായി പ്രവർത്തിക്കാനുള്ള ഇന്നസെന്റിന്റെ കഴിവ് അപാരമായിരുന്നു. വിദ്യാഭ്യാസം കുറവാണെന്ന് ഇടയ്ക്കിടെ അദ്ദേഹം പറയുമായിരുന്നു. എന്നാൽ, ഒരു രാജ്യത്തിന്റെ അംബാസഡറാക്കാനുള്ള നയതന്ത്ര ബുദ്ധിയുള്ള ആളായിരുന്നു ഇന്നസെന്റ്.
ബെൻസ് കാറിൽ തൊട്ടതിന് അയാൾ എന്റെ മുഖത്തടിച്ചു
മണിയൻപിള്ള രാജുവിനെ ആദ്യമായി മൂകാംബിക ക്ഷേത്രത്തിൽ കൊണ്ടു പോയതു നടി സുകുമാരിയാണ്. കോഴിക്കോട് ഒരു സിനിമയുടെ ഷൂട്ടിങ് നടക്കുന്നതിനിടെ ടാക്സി വിളിച്ചാണു കൊല്ലൂരിലേക്കു പോയത്. ദർശനം കഴിഞ്ഞിറങ്ങിയപ്പോൾ വഴിയരികിലെ കടയിൽ നിന്ന് രാജുവൊരു മൂകാംബികയുടെ ശിൽപം വാങ്ങി. കാറിനുള്ളിൽ വയ്ക്കാനുള്ള ദേവിയുടെ ചെറുരൂപമായിരുന്നു അത്. ‘‘ഇതെന്തിനാണ്’’ സുകുമാരി ചോദിച്ചു. കാറിൽ വയ്ക്കാനാണെന്നു രാജുവിന്റെ മറുപടി. ‘‘നിനക്ക് കാറില്ലല്ലോ’’ – സുകുമാരി അദ്ഭുതം പ്രകടിപ്പിച്ചു. കാർ വാങ്ങുമ്പോൾ വയ്ക്കാമല്ലോ എന്നു പറഞ്ഞ് രാജു പുഞ്ചിരിച്ചു. അതു കഴിഞ്ഞ് പതിമൂന്നാം നാൾ മണിയൻപിള്ള രാജു ഒരു കാർ വാങ്ങി. താഴെ പച്ചയും മുകൾഭാഗത്തു വെള്ള നിറവുമുള്ള ഫിയറ്റ് കാർ. ഈസ്റ്റ് ലാൻഡ് കമ്പനിയുടമ സ്വാമിയുടെ കാറായിരുന്നു അത്. പൂജാ മുറിയിൽ നിലവിളക്കു കൊളുത്തി വലിയൊരു തട്ടിൽ വച്ചാണ് സ്വാമിയുടെ ഭാര്യ കാറിന്റെ താക്കോൽ കൈമാറിയത്. രാജു അവരുടെ കാൽ തൊട്ടു നമസ്കരിച്ചു. പിന്നീട് പതിനാലു കാറുകൾ വാങ്ങാനുള്ള ഭാഗ്യം രാജുവിനുണ്ടായി. ഓരോ പുതിയ കാർ വാങ്ങുമ്പോഴും രാജുവിന്റെ മനസ്സിലേക്ക് നടുക്കത്തോടെ ഓടിയെത്തുന്ന ഒരോർമയുണ്ട്. നാൽപതു വർഷം കഴിഞ്ഞെങ്കിലും ആ സംഭവത്തെക്കുറിച്ചു പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ മിഴികൾ ഈറനണിഞ്ഞു. തിരുവനന്തപുരം തൈക്കാട് സ്വദേശി ശേഖരൻ നായരുടേയും സരസ്വതി അമ്മയുടേയും മകൻ സുധീർ കുമാർ അക്കാലത്തു നാലാം ക്ലാസിൽ പഠിക്കുകയായിരുന്നു. വെള്ള നിറമുള്ള കാറുകൾ സുധീറിന് വലിയ ഇഷ്ടമായിരുന്നു. വീടിനു സമീപത്തുള്ള റോഡിലൂടെ ഒഴുകി നീങ്ങുന്ന കാറുകളെ അവൻ കൗതുകത്തോടെ നോക്കി നിൽക്കാറുണ്ടായിരുന്നു. ഒരു ദിവസം മോഡൽ സ്കൂളിനു മുന്നിൽ ബെൻസ് കാർ നിൽക്കുന്നതു കണ്ടപ്പോൾ എട്ടു വയസ്സുകാരൻ ബാല്യകൗതുകത്തോടെ ആ കാറിലൊന്നു തൊട്ടു. അടുത്ത നിമിഷം തലയുടെ പിൻഭാഗത്ത് ‘പഠേ’ എന്ന് ഒറ്റയടി. ‘പോറിവരയ്ക്കുന്നത് നീയാണല്ലേടാ’ കാറിന്റെ ഡ്രൈവർ ചീത്ത വിളിയോടെ അലറി. തേങ്ങിക്കരഞ്ഞ് അന്നു വീട്ടിലേക്കോടിയ സുധീർ കുമാർ പിൽക്കാലത്ത് മണിയൻ പിള്ള രാജുവായി. നാൽപത്തെട്ടു വർഷത്തെ സിനിമാ ജീവിതത്തിനിടെ ബെൻസും വോൾവോയും ഉൾപ്പെടെ നിരവധി കാറുകൾ വാങ്ങി. നായകനായും സഹനടനായും ഹാസ്യകഥാപാത്രമായും ലോകപ്രശസ്തി നേടി. മനസ്സിനെ ഏറ്റവും വേദനിപ്പിച്ച സംഭവം ഏതെന്നു ചോദിച്ചാൽ ഇന്നും രാജു പണ്ടു മോഡൽ സ്കൂളിൽ പഠിച്ചിരുന്ന നാലാം ക്ലാസുകാരനാവും. മുഖം നിറഞ്ഞ പൊട്ടിച്ചിരിയോടെ മനസ്സുലയ്ക്കുന്ന ആ സങ്കടം പങ്കുവയ്ക്കും.