Friday 09 February 2018 03:37 PM IST

മൂന്നാർ കണ്ടു മടുത്തവർ മാങ്കുളത്തേക്ക് പോവുക

Baiju Govind

Sub Editor Manorama Traveller

1)-Kainakari-falls മാങ്കുളം കൈനഗിരി വെള്ളച്ചാട്ടം. ഫോട്ടോ: ടിബിൻ അഗസ്റ്റിൻ

മൂന്നാർ പോലെ വേറൊരു ലൊക്കേഷൻ തിരയുന്നവർക്കുള്ള ബെസ്റ്റ് ചോയ്സാണ് മാങ്കുളം. തണുപ്പിന്റെയും പ്രകൃതി ഭംഗിയുടെയും തൂക്കം നോക്കിയാൽ മൂന്നാറും മാങ്കുളവും ഒപ്പത്തിനൊപ്പം നിൽക്കും. മൂന്നാറിലേതു പോലെ കെട്ടിടങ്ങൾ ഇല്ലാത്തതിനാൽ മാങ്കുളത്തിന്റെ പ്രകൃതി അൽപ്പംകൂടി പരിശുദ്ധമാണ്. ആനകൾ എല്ലാ ദിവസവും വെള്ളം കുടിക്കാനിറങ്ങുന്ന കുളവും പത്തു മീറ്റർ നീളമുള്ള വെള്ളച്ചാട്ടവും ചേർത്തുവച്ച് ഇപ്പോൾ മൂന്നാറിനെ മാങ്കുളം വെല്ലുവിളിക്കുകയാണ്... വനംവകുപ്പ് ഏർപ്പാടാക്കിയിട്ടുള്ള ട്രെക്കിങ്, താമസ സൗകര്യം എന്നിവ മാങ്കുളത്തെ കംപ്ലീറ്റ് ടൂറിസ്റ്റ് ഡെസ്റ്റിനേഷനാക്കി മാറ്റുന്നു. മാങ്കുളത്ത് ഇത്രയും സൗകര്യങ്ങളുള്ള കാര്യം യാത്രികരുടെ ലോകത്ത് അറിയപ്പെട്ടു തുടങ്ങുന്നതേയുള്ളൂ.

മലയാറ്റൂർ വനവും രാജമലയും തേയിലത്തോട്ടങ്ങളും ചേർത്തു പ്രകൃതിയുണ്ടാക്കിയ ‘കുമ്പിളാ’ണ് മാങ്കുളം. സ്വാതന്ത്ര്യത്തിനു മുൻപ് ബ്രിട്ടീഷുകാർ ആലുവയിൽ നിന്നു മൂന്നാറിലേക്കു വണ്ടിയോടിച്ച പാലവും തൂക്കു പാലങ്ങളും മാങ്കുളമെന്ന നിഷ്കളങ്കതയെ സമൃദ്ധമാക്കുന്നു. മാങ്കുളത്തു നിന്നു വഴി തുറക്കുന്ന കാടിനുള്ളിൽ നിരവധി ആദിവാസി ഗോത്രങ്ങളുണ്ട്. പുറം ലോകവുമായി ബന്ധമില്ലാത്ത ആ മനുഷ്യ കുലങ്ങളെ കാണാനുള്ള അവസരം കൂടിയാണ് മാങ്കുളം യാത്ര.

2)-Kainakari-rock-falls മഞ്ഞു മൂടിയ മാങ്കുളത്തിന്റെ അനുഗ്രഹമാണ്. വളഞ്ഞൊഴുകുന്ന കൈനഗിരി വെള്ളച്ചാട്ടം. ഫോട്ടോ: ടിബിൻ അഗസ്റ്റിൻ

വിരിപാറയിലെ വനം വകുപ്പിന്റെ ഓഫിസാണ് മാങ്കുളം യാത്രയുടെ ഹബ്ബ്. ഇവിടെ നിന്ന് അനുമതി വാങ്ങി ടിക്കറ്റെടുത്ത ശേഷം ഗാർഡിന്റെ അകമ്പടിയോടെയാണ് ട്രെക്കിങ്. ഡിവിഷണൽ ഫോറസ്റ്റ് ഓഫിസർ ബി.എൻ. നാഗരാജാണ് ‘കമ്യൂണിറ്റി ബേസ്ഡ് ഇക്കോ ടൂറിസം പ്രോഗ്രാം’ എന്നു പേരിട്ട് മാങ്കുളം യാത്രയ്ക്ക് സുരക്ഷിതമായ ചട്ടക്കൂടുണ്ടാക്കിയത്.

വെള്ളച്ചാട്ടം, നീന്തൽക്കുളം, കോടമഞ്ഞിന്റെ തേരോട്ടം – ഇത്രയുമാണ് കൈനഗിരിയിലെ കാഴ്ച. മാങ്കുളത്തിന്റെ മണ്ണിലേക്ക് കുതിച്ചൊഴുകുന്ന നല്ലതണ്ണിയാറിന്റെ തുടക്കഭാഗത്തെ അരുവിയാണ് കൈനഗിരിയിലെ പാറപ്പുറത്ത് ഒഴുകുന്നത്. തെക്കു നിന്ന് ഒലിച്ചിറങ്ങി പാറയുടെ വിടവിലൂടെ വളഞ്ഞ് കൈനഗിരി വെള്ളച്ചാട്ടം ഇരുപതുമീറ്റോളം വീതിയിൽ കിഴക്കോട്ട് ഒഴുകുന്നു. വെള്ളം കുത്തിയിറങ്ങുന്നിടത്ത് തടയണ ഉണ്ട്. വിശാലമായ പാറപ്പുറത്തും തടയണയിലും ഇരുന്ന് വെള്ളച്ചാട്ടം ആസ്വദിക്കാം. ആർത്തലയ്ക്കുന്ന കൈനഗിരി വെള്ളച്ചാട്ടത്തിനു താഴെ പുകമൂടിയ നീന്തൽക്കുളത്തിൽ നീരാട്ടത്തിനു സൗകര്യമുണ്ട്.

3)-Mankulam---Georgiar-bridge ജോർജിയാർ തൂക്കുപാലം. ഫോട്ടോ: ടിബിൻ അഗസ്റ്റിൻ

വിരിപ്പാറയിൽ നിന്നു നക്ഷത്രക്കുത്തിൽ പോയി വരാൻ മൂന്നര മണിക്കൂർ വേണം. കുടിവെള്ളവും ലഘു ഭക്ഷണങ്ങളുമായി സംഘം ചേർന്നാണ് യാത്ര. വന്യമൃഗങ്ങളുടെ സാന്നിധ്യമില്ലാത്ത കൊടുംകാടിലൂടെ ആദിവാസി യുവാക്കൾ വഴികാട്ടികളായി കൂടെ വരും. അട്ടയില്ലാത്ത സമയമാണ് ട്രെക്കിങ്ങിനു നല്ലത്.

കിളിക്കല്ല്, കണ്ണാടിപ്പാറ, കോഴിയലക്കുത്ത് എന്നീ വനാന്തർഭാഗങ്ങളിലേക്കും ട്രെക്കിങ് സംഘടിപ്പിക്കുന്നുണ്ട്. മൂന്നാറിന്റെ ഭൂപ്രകൃതിയെ മലയുടെ മുകളിൽ നിന്നു കണ്ടാസ്വദിക്കാൻ കണ്ണാടിപ്പാറയിലേക്കുള്ള ട്രെക്കിങ് അവസരമൊരുക്കുന്നു.

4)-Mankulam---Pampinkayam-falls പാമ്പുംകയം വെള്ളച്ചാട്ടം.ഫോട്ടോ: ടിബിൻ അഗസ്റ്റിൻ

വെള്ളം കുടിക്കാൻ വരുന്ന സ്ഥലമാണ് ആനക്കുളം. മാങ്കുളത്തു നിന്ന് നാലു കിലോമീറ്റർ അകലെ നല്ല തണ്ണിയാറിന്റെ കടവാണ് ആനക്കുളം. േസ്റ്റഷനറി കടകളും ഒരു ചായക്കടയുമാണ് ആനക്കുളം കവല. ഈ പ്രദേശത്ത് അമ്പതിലേറെ വീടുകളുണ്ട്.

പുഴയുടെ പടിഞ്ഞാറു ഭാഗം കാടാണ്. കാട്ടിൽ നിന്ന് എല്ലാ ദിവസവും ആനകൾ പുഴക്കരയിൽ വെള്ളം കുടിക്കാൻ വരും. കവലയോടു ചേർന്നാണ് ആനകൾ വെള്ളം കുടിക്കുന്ന കടവ്. കൂട്ടത്തോടെ വരുന്ന കാട്ടാനകൾ ഇക്കാലത്തിനിടെ ഒരിക്കൽപ്പോലും അവിടെയാരെയും ഉപദ്രവിച്ചിട്ടില്ല.

5)-Mankulam---Anakkulam-jeep-trekking ഓഫ് റോഡ് ട്രെക്കിങ്. ഫോട്ടോ: ടിബിൻ അഗസ്റ്റിൻ

അരിയും വീട്ടുപയോഗത്തിനുള്ള സാധനങ്ങളും വാങ്ങാൻ മാസത്തിലൊരിക്കൽ കാടിറങ്ങുന്ന നാല് ആദിവാസി ഗോത്രങ്ങളുള്ള വനമേഖലയാണ് മാങ്കുളം. കോഴിയള, മാങ്ങാപ്പാറ, എടമല, ഉറിയമ്പട്ടി എന്നിവിടങ്ങളാണ് അവരുടെ സെറ്റിൽമെന്റുകൾ. ഇടമലക്കുടിയാണ് ഗോത്രവിഭാഗം പാർക്കുന്ന മറ്റൊരു സ്ഥലം. അവിടെ എത്താൻ കാട്ടിലൂടെ നാലു കിലോമീറ്ററിലേറെ നടക്കണം.

മൂന്നാർ – ആലുവ റോഡിനെ ബന്ധിപ്പിക്കുന്ന പാലം മാങ്കുളത്തിനടുത്തു പെരുമ്പൻകുത്തിലാണ്. മാങ്കുളത്തെ ഏറ്റവും വലിയ വെള്ളച്ചാട്ടം ഈ പാലത്തിനു താഴെയാണ്. അതിരപ്പിള്ളിയിലെ വാർപ്പാറ വെള്ളച്ചാട്ടത്തോളം വലുപ്പമുള്ള കുത്തൊഴുക്കാണ് പെരുമ്പൻകുത്തിലേത്. കൈവരികളും പ്ലാറ്റ് ഫോമും ഇല്ലാത്തതിനാൽ വെള്ളച്ചാട്ടത്തിനടുത്തേക്ക് പോകാൻ പറ്റില്ല. നൂറു മീറ്ററിലേറെ നീളമുള്ള വെള്ളച്ചാട്ടം സമീപത്തുള്ള റബർ തോട്ടത്തിൽ നിന്നാൽ കാണാം.

6)-Mankulam-Eco-trip-starting-point ഇക്കോ സഫാരി ആരംഭിക്കുന്ന സ്ഥലം. ഫോട്ടോ: ടിബിൻ അഗസ്റ്റിൻ

കല്ലാറിൽ നിന്ന് ആനക്കുളം വരെ കണ്ടാസ്വദിക്കാനുള്ള സ്ഥലങ്ങളുടെ ‘ഔട് ലൈൻ’ ഇത്രയുമാണ്. മാങ്കുളത്ത് രാപാർക്കാൻ താത്പര്യമുള്ളവർക്ക് അപ്രിസിയേഷൻ സെന്ററിൽ മുറികളുണ്ട്. നേരത്തേ ഫോൺ വിളിച്ച് ബുക്ക് ചെയ്താൽ തണുപ്പുള്ള രാത്രികൾ ആസ്വദിക്കാം. മൺസൂൺ മഴ മാങ്കുളത്ത് നൃത്തം ചെയ്യുന്നതു കാണാൻ വിളിക്കുക – 9447979044.

മാങ്കുളം : അടിമാലി, കല്ലാർ, മാങ്കുളം. കോട്ടയം–മാങ്കുളം, തിരുവല്ല– ആനക്കുളം ബസ് സർവീസുകളുണ്ട്. കോട്ടയം–മാങ്കുളം : 156 കി.മീ.

7)-Mankulam-DFO---B.N.-Nagaraj ബി.എൻ നാഗരാജ് (മാങ്കുളം ഡിഎഫ്ഒ). ഫോട്ടോ: ടിബിൻ അഗസ്റ്റിൻ

baijugovind@gmail.com