ജൂലൈ മാസത്തിലാണ് ടിബറ്റ് വംശജരുടെ ആത്മീയാചാര്യനായ ദലൈ ലാമയുടെ ജന്മദിനം. ഇന്ത്യയിലെ ടിബറ്റൻ കോളനിയായ ബൈലക്കുപ്പയിൽ താമസിക്കുന്ന ടിബറ്റ് വംശജർ ആത്മീയാചാര്യന്റെ പിറന്നാളാഘോഷത്തിന് ഏപ്രിൽ മാസത്തിൽത്തന്നെ ഒരുക്കങ്ങൾ ആരംഭിച്ചിരിക്കുന്നു.
പണ്ട് ചൈനക്കാരുടെ ആക്രമണം പേടിച്ച് ടിബറ്റിൽ നിന്ന് ഇന്ത്യയിലെത്തിയ പത്തുപേരുടെ സംഘം ഇപ്പോൾ പതിനായിരം ആളുകളുള്ള വലിയ സമൂഹമാണ്. ഗോൾഡൻ ടെംപിളിനെ കേന്ദ്രീകരിച്ച് ‘ഭരണം നടത്തുന്ന ടിബറ്റൻ രാജ്യമായി’ മാറിയിരിക്കുന്നു ബൈലക്കുപ്പ. അവരുടെ ആശ്രമവും ക്ഷേത്രവുമെല്ലാം സന്ദർശിക്കാൻ ദിവസേന ആയിരക്കണക്കിന് സഞ്ചാരികൾ എത്താറുണ്ട്. ബുദ്ധ ശിൽപ്പങ്ങളുള്ള ഗോൾഡൻ ടെംപിളാണ് ഇതിൽ മുഖ്യ ആകർഷണം.
അമ്പത്തിനാലു വർഷം മുമ്പ് റിൻപോച്ചെ കെട്ടിപ്പടുത്ത അടിത്തറയിൽ ‘സുവർണക്ഷേത്രം’ വെട്ടിത്തിളങ്ങി. സന്യാസിമാർ താമസിക്കുന്ന മൂന്നു നിലക്കെട്ടിടത്തിന്റെ നടുമുറ്റമാണ് ആദ്യം. ‘എൽ’ ഷെയ്പ്പിലുള്ള ഈ ബിൽഡിങ്ങിനു നടുവിൽക്കൂടി കടന്നാൽ പ്രധാനമന്ദിരം. ഇടവും വലവും പ്രാർഥനാലയങ്ങൾ. ഇടതു വശത്തെ പ്രാർഥനാ ഹാളിനപ്പുറത്തു ‘ഗോൾഡൻ ടെംപിൾ’ അഥവാ, ‘പദ്മ സംഭവ ബുദ്ധിസ്റ്റ് വിഹാര’.
മടിക്കേരിയിൽ നിന്നു കുശാൽ നഗറിലൂടെയാണ് ബൈലക്കുപ്പയിലേക്കുള്ള റോഡ്. ബൈലക്കുപ്പയിലെ പത്തുകിലോമീറ്റർ ചുറ്റളവിൽ ടിബറ്റ് വംശജരാണ് താമസക്കാർ. സന്യാസിമാരും അവരുടെ അച്ഛനമ്മമാരുമായി 10,000 പേർ താമസിക്കുന്ന ‘കോളനി’യെന്നു പറയുന്നതാണ് ശരി.
ടിബറ്റ് വംശജരാണ് ബൈലക്കുപ്പയുടെ ‘ഉടമകൾ’. അവരുടെ ആത്മീയകേന്ദ്രമാണു ഗോൾഡൻ ടെംപിൾ. ടിബറ്റൻ കുടുംബങ്ങളിലെ ദമ്പതികൾ അവർക്കുണ്ടാകുന്ന ആദ്യത്തെ ആൺകുട്ടിയെ ആത്മീയ ജീവിതത്തിനു നിയോഗിക്കണം, അതാണു കീഴ് വഴക്കം. ഈ കുട്ടികളാണു പിന്നീട് ഗോൾഡൻ ടെംപിളിലെ സന്യാസികളാകുന്നത്. നേരം പുലരുമ്പോൾ മുതൽ അർധരാത്രി വരെ പ്രാർഥനയുമായി കഴിയുന്ന ടിബറ്റൻ സന്യാസിമാരുടെ ആചാരങ്ങളെല്ലാം ‘മനോഹരങ്ങളാണ്’. രാവിലെ എട്ടു മുതൽ വൈകിട്ട് അഞ്ചു വരെ ബൈലക്കുപ്പയിലെത്തുന്നവർക്ക് അവരുടെ പാട്ടും കുഴലൂത്തുമൊക്കെ കണ്ടാസ്വദിക്കാം.
ജീവിതത്തിന്റെ മൂന്നു വാതിലുകൾ
നംദ്രോലിങ്ങിലെ മണിനാദം കേട്ടാണ് ബൈലക്കുപ്പയിൽ സൂര്യനുദിക്കുന്നത്. അപ്പോൾ മുതൽ സുവർണക്ഷേത്രത്തിൽ പ്രാർഥനകൾ തുടങ്ങും. ക്ഷേത്രമുറ്റത്ത് ആദ്യമെത്തുന്നത് ബുദ്ധസന്യാസം സ്വീകരിക്കാനെത്തിയ കുട്ടികളാണ്. കൈയില്ലാത്ത മഞ്ഞക്കുപ്പായത്തിനു കുറുകെ, കടും തവിട്ടു നിറമുള്ള മേലങ്കിയണിഞ്ഞ സന്യാസികൾ കൂട്ടത്തോടെ വരുന്നതു കണ്ടാൽ യൂണിഫോമിട്ട സ്കൂൾ കുട്ടികളാണെന്നു തോന്നും. ചെറിയ പാഠശാലയിലാണ് അവരുടെ ഇരിപ്പിടം.
സുവർണക്ഷേത്രത്തിന്റെ ഒന്നാമത്തെ വാതിലിനു മുമ്പിൽ കെട്ടിത്തൂക്കിയ മണിയുടെ ചുവട്ടിൽ ഒരു സന്യാസി ഇരിപ്പുറപ്പിച്ചു. അമ്മിക്കല്ലിനോളം വലുപ്പമുള്ള ഒരു ദണ്ഡുകൊണ്ട് അദ്ദേഹം മണിയടിച്ചു. വട്ടപ്പാത്രത്തിന്റെ രൂപമുള്ള മണിയുടെ ശബ്ദം കേട്ട് സന്യാസികൾ ഓരോരുത്തരായി ക്ഷേത്രത്തിലേക്കു വന്നു തുടങ്ങി. രണ്ടു കുട്ടി സന്യാസികൾ ക്ഷേത്രത്തിന്റെ നട തുറന്നു. പന്ത്രണ്ടടിയോളം ഉയരമുള്ള മൂന്നു വാതിലുകളാണ് സുവർണ ക്ഷേത്രത്തിനുള്ളത്.
മനുഷ്യപ്രകൃതിയുടെ പ്രതിരൂപങ്ങളാണ് മൂന്നു വാതിലുകൾ. ‘മനസ്, ശരീരം, വർത്തമാനം’ – റിൻപോച്ചെയുടെ പഠനം. ചിന്തിക്കുന്ന മനസും, വിചാരങ്ങൾ നടപ്പാക്കുന്ന ശരീരവും, ആലോചനകളെ പ്രകടിപ്പിക്കാനുള്ള വർത്തമാനവും മനുഷ്യന്റെ മൂന്നു വാതിലുകളായി നിലകൊള്ളുന്നുവെന്നു പൊരുൾ.
മൂന്നു വാതിലുകളിലൂടെയും സന്യാസിമാർ ക്ഷേത്രത്തിനുള്ളിലേക്കൊഴുകി. അവർ ആയിരത്തിലധികമുണ്ടായിരുന്നെങ്കിലും സൂചി വീണാൽ കേൾക്കാവുന്നത്രയും നിശ്ബ്ദമായിരുന്നു ക്ഷേത്ര പരിസരം.
മാർബിൾ പതിച്ച ഹാളിൽ ബുദ്ധവിഗ്രഹങ്ങൾക്കു മുന്നിലായി സന്യാസികൾ ഇരിപ്പുറപ്പിച്ചു. നീളൻ പരവതാനിയിൽ മുഖാമുഖമിരുന്നാണ് പ്രാർഥന. പതിെനട്ടാം നൂറ്റാണ്ടിൽ ടിബറ്റിൽ ജിവിച്ചിരുന്ന പത്മസംഭവൻ എന്ന ബുദ്ധസന്യാസി എഴുതിയ വരികൾ ഇപ്പോഴത്തെ റിൻപോച്ചെ മൈക്കിലൂടെ വായിച്ചു. താളിയോലയുടെ മാതൃകയിൽ അച്ചടിച്ച കൈപ്പുസ്തകങ്ങൾ നോക്കി മറ്റു സന്യാസിമാർ അത് ഏറ്റുചൊല്ലി. ഇരിപ്പിടങ്ങളിൽ ഒരുക്കിവച്ചിരുന്ന കാവിത്തുണി മടിയിൽ വിരിച്ച് അതിനു മുകളിലാണ് എല്ലാവരും പ്രാർഥനാ പുസ്തകം ഒതുക്കിപ്പിടിച്ചിരുന്നത്.
ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ മുഖ്യകാർമികൻ സ്വർണ നിറമുള്ള ഒരു സ്തൂപം എടുത്തുയർത്തി. ബുദ്ധപ്രതിമയ്ക്ക് അഭിമുഖമായി അതു പിടിച്ച് ഉറക്കെ പ്രാർഥിച്ചു. ആപ്പിൾ, പൈനാപ്പിൾ, ഓറഞ്ച്, ചെറിപ്പഴം, അരി, കൽക്കണ്ടം തുടങ്ങിയവയാണ് സ്വർണനിറമുള്ള സ്തൂപത്തിൽ നിറച്ചിട്ടുള്ളത്. പ്രാർഥനയുടെ ഓരോ അധ്യായങ്ങൾ കഴിയുമ്പോഴും പൂജാനിവേദ്യങ്ങൾ മറ്റൊരു ബക്കറ്റിലേക്ക് മാറ്റിക്കൊണ്ടിരുന്നു. പ്രാർഥനയ്ക്കിടെ സന്യാസിമാർക്ക് കുടിക്കാൻ കൊടുത്ത പാനീയങ്ങളുടെ കുപ്പികൾ ഒരു ചാക്കിലാക്കി സന്യാസിമാർ പുറത്തേയ്ക്കു കൊണ്ടുവന്നു.
ഗോൾഡൻ ടെംപിളിൽ ബുദ്ധന്റെ മൂന്നു സ്വർണ പ്രതിമകളാണുള്ളത്. പദ്മസംഭവൻ, ശ്രീബുദ്ധൻ, അമിതയൂസ് എന്നിവരുടെ ശിൽപ്പങ്ങളാണിത്. ആത്മീയാചാര്യനായ ദലൈലാമ ആശിർവദിച്ച ക്ഷേത്രത്തിൽ 1961 മുതൽ ഈ വിഗ്രഹങ്ങളെ സന്യാസിമാർ പൂജിച്ച് ആരാധിക്കുന്നു.
ആരാധനാ സമയത്ത് ക്ഷേത്രത്തിനകത്ത് സന്ദർശകർക്കു പ്രവേശനമില്ല. വാതിലിനു പുറത്തു നിന്ന് പ്രാർഥനയും ധ്യാനവും കാണാം, ക്യാമറയിൽ പകർത്താം. ഉച്ചയ്ക്ക് 12 മണി ആയപ്പോൾ പ്രഭാത പ്രാർഥന അവസാനിച്ചു. സന്യാസികൾ പുറത്തേയ്ക്കിറങ്ങി. ക്ഷേത്രത്തിനപ്പുറത്തുള്ള താമസ സ്ഥലത്തേയ്ക്ക് അവർ നടക്കുമ്പോൾ അത്രനേരത്തെ നിശബ്ദത ടിബറ്റൻ ഭാഷയുടെ തിരയിളക്കത്തിനു വഴിമാറി.
ക്ഷേത്രത്തിനുള്ളിലേക്ക് സന്ദർശകരെ കടത്തിവിട്ടു തുടങ്ങി. നീളത്തിൽ വിരിച്ച പരവതാനിക്കു ചുറ്റും ടൂറിസ്റ്റുകൾ ഇരുന്നും നിന്നുമൊക്കെ ഫോട്ടൊയെടുക്കുന്നു. ബുദ്ധവിഗ്രഹങ്ങൾക്കു മുന്നിൽ നിന്നു സെൽഫിയെടുക്കുന്നവരോട് തിക്കും തിരക്കും ഒഴിവാക്കണമെന്ന് ഒരു സന്യാസി അഭ്യർഥിച്ചു.
ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠകളായ മൂന്നു ബുദ്ധ വിഗ്രഹങ്ങളുടെ ചുറ്റും പലതരം ചിത്രങ്ങളുണ്ട്. ടിബറ്റൻ ബുദ്ധരുടെ ഐതിഹ്യങ്ങളിലെ ദൈവിക കഥാപാത്രങ്ങളുടെ പകർപ്പാണ് അതെല്ലാം. വിഗ്രഹങ്ങൾക്കു താഴെയുള്ള ഭാഗം തോരണങ്ങളും അലങ്കാര വിളക്കുകളും ചാർത്തിയാണ് ഭംഗിയാക്കിയിട്ടുള്ളത്. ചന്ദനത്തിരികളുടെ സുഗന്ധം നിറഞ്ഞ അൾത്താര ഹൈന്ദവ ക്ഷേത്രത്തിന്റെ ്‘ഫീൽ’ പകർന്നു.
എട്ടു വലിയ തൂണുകളിൽ ഉയർന്നു നിൽക്കുന്ന വലിയ ഹാളാണ് ഗോൾഡൻ ടെംപിൾ. ചുറ്റും ജനലുകളുണ്ടെങ്കിലും വാതിലുകൾ മൂന്നെണ്ണം മാത്രം, അതെല്ലാം മുൻഭാഗത്ത്. ക്ഷേത്രത്തിന്റെ മുൻഭാഗത്തു നിന്നു നോക്കിയാൽ വലിയൊരു കല്യാണമണ്ഡപത്തിന്റെ രൂപമാണ്. ടിബറ്റൻ ഭാഷയിലും കന്നഡയിലും തെലുങ്കിലും ‘പദ്മസംഭവ വിഹാരം’ എന്ന് എഴുതിയിട്ടുണ്ട്.
ദലൈലാമയുടെ ചിത്രമുള്ള വിഹാരമാണു നംദ്രോലിങ്ങിലെ മറ്റൊരു വലിയ കെട്ടിടം. അവിടെ സന്ദർശകർക്കു പ്രവേശനമില്ല. ഉത്സവാഘോഷങ്ങൾ വരുമ്പോഴാണ് അതു തുറക്കാറുള്ളത്.
ബൈലക്കുപ്പയിൽ എന്തൊക്കെയാണു കാണാനുള്ളതെന്ന് ആരെങ്കിലും ചോദിച്ചാൽ ചരിത്രം ചേർത്തൊരു മറുപടിയാണ് നൽകേണ്ടത്. ചൈനയുടെ അതിർത്തിയിലുള്ള ടിബറ്റൻ കുന്നുകൾക്കു മുകളിൽ പ്രാർഥനയുമായി കഴിയുന്ന സന്യാസിമാരുടെ ചരിത്രം പറയാതെ വിശദീകരണം പൂർണമാകില്ല.
അവർ വലിയൊരു സമൂഹമായി
ചൈനയുടെ ഭൂപ്രദേശത്താണെങ്കിലും ടിബറ്റിനെ ചൈനയുമായി യാതൊരു ബന്ധവുമില്ലാത്ത സ്ഥലമെന്ന രീതിയിലാണ് പാശ്ചാത്യ രാജ്യങ്ങൾ നോക്കിക്കണ്ടത്. ചൈനയിലെ കമ്യൂണിസ്റ്റ് സർക്കാർ ഇതൊരു ആത്മാഭിമാന പ്രശ്നമായി കണ്ടു. ഇതിനിടെ, ദലൈലാമയെ ഭരണാധികാരിയായി അംഗീകരിച്ചുവെന്ന് ടിബറ്റിലെ ജനങ്ങൾ പ്രഖ്യാപിച്ചു. അതോടെ ഈ പ്രദേശം പിടിച്ചടക്കാൻ ചൈന തീരുമാനിച്ചു. ആക്രമിക്കുന്നവരെ സ്നേഹംകൊണ്ടും പ്രാർഥനകൊണ്ടും നേരിടാൻ പഠിച്ച ബുദ്ധശിഷ്യന്മാർ ചിന്നിച്ചിതറിയോടി. ജയിലിൽ പോകേണ്ടി വരുമെന്ന അവസ്ഥ വന്നപ്പോൾ ദലൈലാമ ഇന്ത്യയിൽ അഭയം തേടി. തണുത്ത കാലാവസ്ഥയുള്ള സ്ഥലത്ത് താമസിക്കാൻ അനുമതി നൽകണമെന്ന് ലാമ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവിനോട് അഭ്യർഥിച്ചു. കുടകിലെ മടിക്കേരിയിൽ നിന്നു 33 കിലോമീറ്റർ അകരെ ബൈലക്കുപ്പയിൽ സന്യാസിമാർക്ക് പ്രധാനമന്ത്രി ഇടം നൽകി. ചൈനയിലെ രാഷ്ട്രീയം കലങ്ങിത്തെളിഞ്ഞപ്പോൾ ലാമ ടിബറ്റിലേക്കു മടങ്ങി. പക്ഷേ, ആത്മീയാചാര്യനൊപ്പം ബൈലക്കുപ്പയിൽ വന്ന സന്യാസിമാരിൽ ചിലർക്ക് ഇവിടം വിട്ടുപോകാനായില്ല.
ടിബറ്റൻ സന്യാസിമാരിൽ പതിനൊന്നാമനായ പേമ നൊർബ റിൻപോച്ചെ 1961ൽ കുടകിലെത്തി. കൂടെയുള്ള കുറച്ചു സന്യാസിമാരും 300 രൂപയുമായിരുന്നു അന്ന് റിൻപോച്ചെയുടെ കൈമുതൽ. മൊട്ടക്കുന്നായിക്കിടന്ന ബൈലക്കുപ്പയിൽ റിൻപോച്ചെ ഒരു ടെന്റ് നിർമിച്ചു. 80 സ്ക്വയർഫീറ്റുള്ള മുറിയിലിരുന്ന് റിൻപോച്ചെയും പത്തുപന്ത്രണ്ടു സന്യാസിമാരും ബുദ്ധനെ പ്രാർഥിച്ചു. 1969ൽ ബൈലക്കുപ്പയിൽ ക്ഷേത്രം ഉയർന്നു.
കുട്ടികളെ ‘നിങ്മ’ സന്യാസം പരിശീലിപ്പിച്ച പേമ റിൻപോെച്ച 2009ൽ ഇഹലോകം വിട്ടു, അഥവാ ‘പരിനിർവാണം’ പ്രാപിച്ചു. അപ്പോഴേയ്ക്കും മക്കളും കൊച്ചുമക്കളും അവരുടെ മക്കളും ബന്ധുക്കളുമായി ബൈലക്കുപ്പയിൽ ടിബറ്റൻ വംശജരുടെ എണ്ണം 10,000 കടന്നു. സെറ, ടാഷിലുംപോ, സാഖ്യ, നംദ്രോലിങ് എന്നിങ്ങനെ നാല് ആശ്രമങ്ങളിലായി സന്യാസിമാർ ഭജനയും പൂജയും നടത്തി. സ്കൂൾ, ടെലിഫോൺ എക്സ്ചേഞ്ച്, പോസ്റ്റ് ഓഫിസ്, ബാങ്കുകൾ, ഹോട്ടലുകൾ എന്നിവ ഉൾപ്പെടെ ‘ഇന്ത്യയിലെ ടിബറ്റായി’ മാറി ബൈലക്കുപ്പ.
‘പല്യൂൽ’ പരമ്പരയിലുള്ളവരാണ് ബൈലക്കുപ്പയിലെ സന്യാസിമാർ. ടിബറ്റൻ സന്യാസിമാരിലെ ഏറ്റവും പഴക്കമേറിയ വിഭാഗമാണ് പല്യൂൽ. ടിബറ്റിലെ രാജാവായിരുന്ന ട്രിസോങ് ഡ്യൂറ്റ്സന്റെ കാലത്താണ് പല്യൂൽ വിഭാഗം രൂപീകരിച്ചത്. ആചാര്യ പദ്മസംഭവൻ, ബോധസത്വ ശാന്തരക്ഷിത, സാഖ്യമുനി ബുദ്ധ എന്നിവരാണ് ഈ വിഭാഗത്തിന്റെ അടിത്തറ കെട്ടിപ്പടുത്തത്. ‘മഹായോഗ, അനുയോഗ, അതി യോഗ’ എന്നിങ്ങനെ ആന്തരിക താന്ത്രിക വിദ്യകളിലൂന്നിയാണ് ഈ ബുദ്ധന്മാർ ശിഷ്യരെ സന്യാസം പരിശീലിപ്പിച്ചത്. നംദ്രോലിങ് ആശ്രമത്തിലെ വിദ്യാർഥികൾ പരിശീലിക്കുന്നതും ഇതു തന്നെയാണ്.
‘യോദ്ധ’ എന്ന സിനിമയിൽ പറയുന്ന റിൻപോച്ചെ തന്നെയാണ് ടിബറ്റൻമാരുടെ റിൻപോച്ചെ. ബൈലക്കുപ്പയിലെ സന്യാസി പരമ്പരയിൽ ഇപ്പോൾ മൂന്നു റിൻപോച്ചെമാരുണ്ട്. ക്യാബ്ജെ കർമകുജൻ റിൻപോച്ചെ, കെന്റുൽ ഗ്യങ് കാങ് റിൻപോച്ചെ, മുങ്സാങ് കുചൻ റിൻപോച്ചെ.
ഉത്സവകാലത്ത് ബൈലക്കുപ്പയിലെത്തിയാൽ കൂടുതൽ കാഴ്ചകൾ ആസ്വദിക്കാം. ടിബറ്റൻ കലണ്ടർ പ്രകാരം പുതുവർഷം ഫെബ്രുവരി – മാർച്ച് മാസങ്ങളിലാണ്. ന്യൂഇയർ ആഘോഷിക്കാനുള്ള ഒരുക്കങ്ങൾ സെപ്റ്റംബറിൽ ആരംഭിക്കും. അപ്പോൾ മുതൽ അടുത്ത മേയ് വരെ ബൈലക്കുപ്പയിൽ ആഘോഷത്തിന്റെ ദിവസങ്ങളാണ്. മേയ്–ജൂൺ മാസങ്ങളിലാണ് സാഗദാവ ഉത്സവം. ടിബറ്റുകാരെ സംബന്ധിച്ചിടത്തോളം ‘ദേശീയോത്സവ’മാണിത്. ജൂൺ മാസത്തിലാണു ബുദ്ധജയന്തി. ദലൈലാമയുടെ ജന്മദിനം ജൂലൈയിൽ. – ഈ വിശേഷ ദിവസങ്ങളിലെല്ലാം ബൈലക്കുപ്പയിൽ ഉത്സവമാണ്.
ലോകസമാധാനം, പ്രാർഥന
ഉച്ചകഴിഞ്ഞപ്പോൾ നംദ്രോലിങ്ങിൽ പ്രാർഥനയ്ക്കും കുഴലൂത്തിനും ശക്തികൂടി. ടിബറ്റൻ കുഴൽവിളിയുടെ മുഴക്കം കേട്ട് ആശ്രമത്തിന്റെ പടിയിറങ്ങുകയാണ്. മാലയും വളയും അലങ്കാര വസ്തുക്കളും വിൽക്കുന്ന രണ്ടു കടകൾ ഇവിടെയുണ്ട്. സന്യാസിമാരാണ് കച്ചവടക്കാർ. ‘തെഗ് ചെഗ് നംദ്രോൽ ഷെദ് രബ് ദർഗ്യെലിങ് ഗോൾഡൻ ടെംപിൾ’ എന്നെഴുതിയ ബോർഡിനു മുന്നിൽ നിന്നു കവാടം കടന്നു പുറത്തേയ്ക്ക്. അപ്പോഴും, ബൈലക്കുപ്പയുടെ ആകാശത്തേയ്ക്ക് ബോധിസത്വന്മാരുടെ ശാന്തിമന്ത്രം ഒഴുകുന്നുണ്ടായിരുന്നു.
‘‘ഇത് അമൃതാണ്. മരണത്തിന്റെ പരമാധികാരത്തെ ഇതു മറികടക്കുന്നു. അക്ഷയനിധിയാണിത്. അത് ലോകത്തിന്റെ ദാരിദ്രമകറ്റും. ഇതു പരമമായ മരുന്ന്, രോഗശാന്തി നൽകുന്നു. ലോകത്തിന്റെ പാലമാണിത്. ഇതു ജന്മസങ്കടത്തിൽ നിന്ന് ആനന്ദത്തിലേക്കുള്ള വഴി, മനസിന്റെ ചന്ദ്രോദയം. ദുരതമുണ്ടാക്കുന്ന സാഹചര്യങ്ങളിൽ നിന്ന് ഇതു മോചനം നൽകുന്നു...’’
ബൈലക്കുപ്പയിലേക്ക് ബസ് യാത്ര :
കാസർഗോഡു നിന്നു സുള്ളിയയ്ക്കു ബസ് കിട്ടും. അവിടെ നിന്നു മടിക്കേരി. മടിക്കേരിയിൽ നിന്നു ബൈലക്കുപ്പ. ബംഗളൂരു – മൈസൂർ (ബി.എം. റോഡ്) റോഡിലാണ് കുശാൽനഗർ. കുടകിന്റെ വാണിജ്യ നഗരമാണു കുശാൽനഗർ. ഇവിടെ നിന്നു ഗുണ്ടികൊപ്പ, ഗൊഡ്ഡെ ഹൊസ്റു, കൊപ്പ. കൊപ്പ റൂട്ടിൽ വലത്തോട്ടു തിരിഞ്ഞാൽ നംദ്രോലിങ്. ലോഡ്ജുകളും റസ്റ്ററന്റുകളും ഇവിടെയുണ്ട്.