യാത്ര ചെയ്യാനുള്ള താത്പര്യവും നല്ല കയ്യക്ഷരങ്ങളും കൂട്ടിച്ചേർത്ത് വേറിട്ട ചിത്രമൊരുക്കുകയാണ് പ്രജ്വൽ എന്ന കൊച്ചിക്കാരൻ. ഇഷ്ടമുള്ള സ്ഥലങ്ങളിലേക്കു യാത്ര ചെയ്ത് ആ സ്ഥലത്തിന്റെ പേരെഴുതി സെൽഫിയെടുക്കലാണ് പ്രജ്വലിന്റെ ഹോബി. എറണാകുളം മറൈൻ ഡ്രൈവിൽ വച്ചാണ് പ്രജ്വലിനെ പരിചയപ്പെട്ടത്. ഭംഗിയുള്ള അക്ഷരങ്ങളിൽ ‘മറൈൻ ഡ്രൈവ് ’ എന്നെഴുതിച്ച് പ്രജ്വലിനെക്കൊണ്ട് ഒന്നുരണ്ടു സെൽഫിയെടുപ്പിച്ചു. ആ ഫോട്ടോസ് കണ്ടപ്പോൾ ഒരു കാര്യം ഉറപ്പായി, ഏറെ വൈകാതെ യാത്രികരുടെ ലോകത്ത് ഇതൊരു ട്രെൻഡായി മാറും.
പ്രജ്വലിന്റെ ചിത്രങ്ങൾ സിനിമാ സ്കോപ്പ് കൗതുകങ്ങളാണ്. പറഞ്ഞു പരിചയിച്ച സ്ഥലപ്പേരുകളുടെ ഭംഗിയാണ് അവയുടെ പ്രത്യേകത. ബീച്ചിന്റെ ചിത്രം കാണിച്ചാൽ കോഴിക്കോടിന്റെ മുഖം കാണിക്കാമെന്നും മിഠായിത്തെരുവിന്റെ നെയിം ബോർഡിൽ കോഴിക്കോടിന്റെ പശ്ചാത്തലമുണ്ടെന്നും പ്രജ്വലിന്റെ ചിത്രങ്ങൾ കാണിച്ചു തരുന്നു. മഴയെ പിന്നാമ്പുറമാക്കി ഇടവപ്പാതിയെന്ന് എഴുതുമ്പോഴും കഫേറ്റീരിയയുടെ മുന്നിൽ നിന്ന് ബർഗർ സ്ട്രീറ്റ് എന്ന വാക്ക് കുറിക്കുമ്പോഴും അതിന്റെ വരാനിരിക്കുന്ന ക്യാമറാ ഫ്രെയിമുകൾ പ്രജ്വലിന്റെ മനസ്സിലുണ്ട്.
മലയാള നാട്ടിൽ ഇങ്ങനെയൊരു സംഭവം ആദ്യമാണെന്നു പ്രജ്വൽ മനസ്സിലാക്കിയത് ഇൻസ്റ്റഗ്രാമിലെ കമന്റുകളിൽ നിന്നാണ്. ‘‘ഒട്ടുമിക്ക യാത്രകളും ഒറ്റയ്ക്കാണ്. യാത്ര ആസ്വദിക്കാൻ ഇഷ്ടം പോലെ സമയം കിട്ടും. എഴുതാൻ മൂഡുണ്ടെങ്കിൽ കഫേറ്റീരിയയാണെങ്കിലും മിസ്സാക്കാറില്ല.’’ പ്രജ്വൽ പറഞ്ഞു. സഞ്ചാരം എല്ലാവരും വിനോദമാക്കിയപ്പോഴാണ് പ്രജ്വൽ ഈ മേഖലയിൽ വ്യത്യസ്തമായ ആശയത്തെക്കുറിച്ചു ചിന്തിച്ചത്. ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമകളുടെ ടൈറ്റിൽ പോലെ പ്രജ്വൽ എഴുതിയ സ്ഥലപ്പേരുകൾ ആളുകൾക്ക് ഇഷ്ടപ്പെട്ടു.
ഒരു നാടിന്റെ വാതിൽ തുറക്കുന്ന സീനാണ് പ്രജ്വലിന്റെ ഫോട്ടോകൾ. ആ സീരീസിൽ ആദ്യ ചിത്രം ബെംഗളൂരൂവിലെ ലാൽ ബാഗിൽ തുടങ്ങുന്നു. ബെംഗളൂരുവിന്റെ സ്പന്ദനം മൊത്ത വ്യാപാരം ചെയ്യുന്ന സ്ഥലമാണ് ലാൽ ബാഗ്. സായാഹ്നങ്ങളിൽ ലാൽ ബാഗ് ‘മിനി ഇന്ത്യ’യായി മാറും. മഷിയിൽ പേന മുക്കി പ്രജ്വൽ അവിടെയിരുന്ന് എഴുതി – ലാൽ ബാഗ്. ആ കടലാസു കഷണം കയ്യിൽപ്പിടിച്ചൊരു സെൽഫിയെടുത്ത് ഇൻസ്റ്റഗ്രാമിലിട്ടു. സുഹൃത്തുക്കൾ ലൈക്കടിച്ചു, കമന്റുകൾ പ്രവഹിച്ചു... ആ വഴിയിലൂടെ യാത്ര തുടരാമെന്ന് പ്രജ്വൽ ഉറപ്പിച്ചു. പ്രജ്വലിന്റെ ‘സോളോ ട്രാവലു’കൾ ടൈപ്പോഗ്രഫിയുമായി ഇണങ്ങി. ചെന്നൈ, മഹാബലിപുരം, മിഠായിത്തെരുവ്, ജൂത സിനഗോഗ്... ദക്ഷിണേന്ത്യയിലൂടെ അക്ഷരങ്ങൾ ഓടിത്തുടങ്ങി.
സ്കൂളിൽ പഠിക്കുന്ന കാലത്ത് നോട്ടു പുസ്തകത്തിന്റെ ചട്ടയിൽ പേരെഴുതാൻ കൂട്ടുകാരെല്ലാം പ്രജ്വലിനെ സോപ്പിടുമായിരുന്നു. അക്ഷരങ്ങൾ നീട്ടിയും കുറുക്കിയും പേരെഴുതിക്കൊടുത്ത് പ്രജ്വൽ ക്ലാസ് ഹീറോയായി. mathematics പോലെയുള്ള രസകരമായ വാക്കുകൾ ചിഹ്നങ്ങളുടെ രൂപത്തിലെഴുതിയ പ്രജ്വലിനെ അധ്യാപകരും പ്രോത്സാഹിപ്പിച്ചു. പ്ലസ് ടുവിനു ചേർന്നപ്പോഴും അക്ഷരങ്ങളിൽ നിന്നു മാറി നിൽക്കാൻ പ്രജ്വലിനായില്ല. സയൻസും കൊമേഴ്സും വഴി നടക്കുന്ന വരാന്തയിലിരുന്ന് പ്രജ്വൽ വാക്കുകളുടെ ചന്തനത്തിനു നിറം പകർത്തി.
പേനയിൽ മഷി തീരുന്നപോലെ കാലം കടന്നു പോയി. പ്രജ്വൽ പോളി ടെക്നിക്കിൽ ചേർന്നു. ഇലക്ട്രോണിക്സിലെ സാങ്കേതിക പദങ്ങളുടെ അർഥം മനസ്സിലായില്ലെങ്കിലും ആ വാക്കുകളുടെ ഭംഗി പ്രജ്വലിനെ സന്തോഷിപ്പിച്ചു. നോട്ട് പുസ്തകത്തിൽ അതെല്ലാം അഴകുള്ള അക്ഷരങ്ങളായി തെളിഞ്ഞു. ഇലക്ട്രോണിക് സർക്യൂട്ടിനെക്കുറിച്ച് മാഷ് ക്ലാസെടുക്കുന്ന സമയത്ത് പ്രജ്വൽ വേറൊരു ലോകത്തായിരുന്നു. ആ സ്വപ്നലോകത്തു നിന്നു പ്രജ്വലിന്റെ പേനത്തലപ്പിലേക്ക് കുറച്ചു വാക്കുകൾ വീണു കിട്ടി – വിപഞ്ജിക, ചഷകം, ചിമിഴ്... പഴയ മാസികകളിൽ വായിച്ച വാക്കുകളായിരുന്നു ഇവ.
‘‘ബോറടിക്കുന്ന സമയത്തെല്ലാം അത്തരം വാക്കുകൾ ഭംഗിയായി എഴുതി. ഇംഗ്ലിഷിന് പലതരം ഫോണ്ടുകൾ കംപ്യൂട്ടറിൽ കണ്ടു ശീലിച്ചതുകൊണ്ട് മലയാളം അക്ഷരങ്ങളോടായിരുന്നു കമ്പം. അസ്തമിക്കാത്ത പകലുകൾ, ഇത്തിരിപ്പൂവേ ചുവന്ന പൂവേ തുടങ്ങിയ സിനിമാ പേരുകൾ എഴുതാൻ നല്ല രസമാണ്. ’’ പ്രജ്വൽ പറയുന്നു.
‘‘ബിടെക് കഴിഞ്ഞതോടെ കളി മാറി. ഒരു വർഷത്തോളം ചില്ലറ ജോലികളൊക്കെയായി കൊച്ചിയിൽ ഒതുങ്ങി. കാര്യങ്ങൾ കൈവിട്ടു പോകുമെന്നു തോന്നിയപ്പോൾ ബെംഗളൂരുവിലേക്കു വണ്ടി കയറി. അവിടെയൊരു ഡിജിറ്റൽ മാർക്കറ്റിങ് കമ്പനിയിൽ ജോലിക്കു കയറി. ഫ്രീ ടൈം കിട്ടുന്ന ജോലിയായിരുന്നു. അപ്പോഴാണ് യാത്ര തുടങ്ങിയത്. ബെംഗളൂരു നഗരത്തിന്റെ മുക്കും മൂലയും കണ്ടു. ഈ സമയത്താണ് ഒരു രാജ്യാന്തര യാത്രാ സംഘത്തിന്റെ ഗ്രൂപ്പ് ഇൻസ്റ്റഗ്രാമിൽ കണ്ടത്. സന്ദർശിക്കുന്ന സ്ഥലങ്ങളുടെ പേരുകൾ ടൈപ്പോഗ്രഫി ചെയ്ത് അവർ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുന്നു. ഞാനും അതൊന്നു പരീക്ഷിച്ചു’’ പ്രജ്വൽ പറയുന്നു. എറണാകുളം പനങ്ങാട് സ്വദേശി സേവ്യറിന്റെയും ജോൾഫിയുടെയും മകനാണ് പ്രജ്വൽ.
baijugovind@gmail.com