Friday 09 February 2018 04:51 PM IST : By സ്വന്തം ലേഖകൻ

നേരംപോക്കിനൊപ്പം വരുമാനവും കണ്ടെത്തി ബിന്ദു സുധാകരൻ

chicken-002

ബിസിനസ് തുടങ്ങിയിട്ട് വീഴ്ച പറ്റിയാൽ പിന്നെ റിസ്ക് എടുക്കേണ്ടെന്നോ? അങ്ങനെ ചിന്തിക്കുന്നവർ എല്ലാം കെട്ടിപൂട്ടി കൊല്ലം ഉമയനെല്ലൂരുള്ള ബിന്ദുവിന്റെ കോഴിഫാം വരെയൊന്ന് ചെന്ന് നോക്കണം. അവിടെ നാലു ഷെഡ്ഡുകളിൽ നിറയെ 2000 കോഴിക്കൂഞ്ഞുങ്ങൾ നിറഞ്ഞു നിൽക്കുന്നത് കാണാം. കുടുംബത്തിന്റെ പ്രധാനവരുമാനമായി കോഴി ഫാം മാറിയതിന്റെ ചിരി നിറച്ചാണ് ബിന്ദു 12 വർഷമായി തുടരുന്ന തന്റെ വിജയകഥ പറഞ്ഞു തുടങ്ങുന്നത്.

വീഴ്ചയിൽ നിന്ന്

‘കാടക്കോഴികളെ വളർത്താനായിരുന്നു ഞാനാദ്യം ആലോചിച്ചത്. ആ സമയത്ത് കാടയും കാടമുട്ടയുമൊന്നു ആർക്കും അത്ര പരിചയമില്ല. എള്ളുന്തറ ഹാച്ചറിയിൽ നിന്ന് മുട്ടയെടുത്ത്, നല്ലൊരു മാർക്കറ്റ് ഉണ്ടാക്കാമെന്നും ഞാൻ വിചാരിച്ചു. പക്ഷേ, പ്രതീക്ഷിച്ചതൊക്കെ തലതിരിഞ്ഞാണ് വന്നത്. കാടമുട്ടയ്ക്ക് മാർക്കറ്റില്ലാത്തത് വിനയായി. കാടമുട്ട ശരീരത്തിന് ഗുണമുള്ളതാണെന്ന് പറഞ്ഞിട്ടും ആരും വിശ്വസിച്ചില്ല. പാമ്പിന്റെ മുട്ടയാണെന്നൊക്കെയുള്ള  തെറ്റിധാരണ വന്നപ്പോൾ കൂടുതൽ പ്രശ്നമായി. ഒരൊറ്റയെണ്ണം പോലും വിറ്റുപോയില്ല, നല്ല സങ്കടമായി.

എന്റെ മകൻ സുബിന് കുറച്ചുകൂടെ ഇഷ്ടം കോഴി വളർത്തൽ ആയിരുന്നു. അവനാണ് കാട പോയപ്പോൾ കോഴികുഞ്ഞിനെ വളർത്താമെന്ന് പറഞ്ഞത്. ആദ്യം കേട്ടപ്പോൾ മുട്ടയ്ക്ക് വേണ്ടി കോഴിവളർത്തുമെന്നാണ് വിചാരിച്ചത്. പക്ഷേ, ഹാച്ചറിയിൽ ചെന്ന് വിവരം അന്വേഷിച്ചപ്പോഴാണ് കോഴിക്കുഞ്ഞിനെ കച്ചവടം ചെയ്യാനാണെന്ന് മനസ്സിലായത്. മൃഗാശുപത്രിയിൽ നിന്ന് വിതരണം ചെയ്യണമെങ്കിൽ കോഴി വളർത്തലിനുള്ള സർട്ടിഫിക്കറ്റ് കിട്ടണം. അങ്ങനെ ഞാനും മകനും കൂടെ െട്രയിനിങ്ങിന് പോയി, അതിന്റെ സർട്ടിഫിക്കറ്റ് ഒക്കെ കിട്ടിയശേഷമാണ് ബിസിനസിലേക്ക് ഇറങ്ങിയത്.

വളർത്തുന്ന രീതി

കോഴിയെ വളർത്താൻ വലിയ ഇഷ്ടമായിരുന്നെങ്കിലും ട്രെയിനിങ് കഴിഞ്ഞപ്പോഴാണ് ഇതിന്റെ ബുദ്ധിമുട്ട് എനിക്ക് മനസ്സിലായത്. വിരിഞ്ഞ കോഴിക്കുഞ്ഞിനെ കൊണ്ടുവന്ന് 45 ദിവസം പ്രായമാക്കി വിൽക്കുക എന്നതായിരുന്നു ഞങ്ങളുടെ ബിസിനസ്. അതുകൊണ്ട് തന്നെ കുഞ്ഞുങ്ങളെ അതീവ ശ്രദ്ധയോടെ വേണം പരിപാലിക്കാൻ. കോഴികളെ 5–ാം ദിവസം കണ്ണിലും മൂക്കിലും മരുന്ന് ഒഴിക്കണം, 14 ദിവസമാകുമ്പോൾ വാക്സിൻ ഐവിഡി കൊടുക്കണം, 30–ാം ദിവസം വിരയ്ക്കുള്ള മരുന്ന്, അവസാനം 45–ാം ദിവസം  ഇൻജക്‌ഷൻ.

chicken001

തുടക്കകാലത്ത് ഇൻജക്‌ഷൻ ചെയ്യാൻ നല്ല പേടിയായിരുന്നു. കൈയിലെടുത്തു പിടിക്കാൻ നോക്കുമ്പൊ കോഴിക്കുഞ്ഞുങ്ങൾ ചാടിപോകാൻ നോക്കും. പതിയെ എല്ലാം പഠിച്ചു. ആദ്യമൊക്കെ ഹാച്ചറികളിൽ മാത്രമായിരുന്നു കോഴിവിൽപന. ഇപ്പോൾ പുറത്തു നിന്നൊക്കെ ആളുകൾ വന്ന് കോഴിയെ വാങ്ങി കൊണ്ടുപോകുന്നുണ്ട്. ഒരു കോഴിക്ക് നൂറു രൂപയെന്ന നിരക്കിൽ ഗവൺമെന്റ് വിലയടിസ്ഥാനത്തിലാണ് വിൽപന. മാസം 2000 കോഴികളെ വിൽക്കാറുണ്ട്.

നേരംപോക്കിനൊപ്പം വരുമാനം

ഗൾഫിലെ ജോലി ഉപേക്ഷിച്ച് നാട്ടിൽ വന്ന് ബിസിനസ് ചെയ്യാൻ ഭർത്താവ് സുധാകരൻ പറഞ്ഞപ്പോഴാണ് ബിന്ദു കോഴി വളർത്തലിനെ പറ്റി സംസാരിച്ചത്. കൃഷി താൽപര്യമുള്ളതുകൊണ്ട് സുധാകരനും എല്ലാവിധ സഹായങ്ങളുമായി കൂടെനിന്നു. മകനും ഗൾഫിലെ ജോലിക്ക് ശേഷം നാട്ടിൽ കോഴി  വളർത്തലിലേക്ക് കടക്കാനുള്ള പ്ലാനിലാണ്. ആരെങ്കിലും ഒരാൾ വീട്ടിൽ ഉണ്ടാകണമെന്നൊരു നിർബന്ധം ഒഴിച്ചുനിർത്തിയാൽ വേറെ ബുദ്ധിമുട്ടുകളൊന്നുമില്ല.

മൂന്നുതരം കോഴികളാണ് ഇവിടെയുള്ളത്. കൈരളി, വിവിത്രി80, സാസോ. ഇതിൽ കൈരളി, വിവിത്രി 80 എന്നീ കോഴികളെ ഒരേ കൂട്ടിലിട്ടാണ് വളർത്തുന്നത്. സാസോ കോഴികൾ അങ്കമാലിയിൽ നിന്ന് കൊണ്ടുവരുന്നവയാണ്. കൂടുതൽ വിലയും വലുപ്പവുമുള്ള കോഴികളാണിവ. മറ്റു കോഴികളുമായി ഇണങ്ങി പോകുന്ന കൂട്ടരല്ലാത്തതുകൊണ്ട് പ്രത്യേകം കൂട്ടിലാണ്  ഇട്ടിരിക്കുന്നത്.

കുഞ്ഞിക്കോഴികളായതുകൊണ്ട് തള്ളകോഴിയുടെ ചിറകിനിടിയിലെ ചൂട് ഇവയുടെ ആരോഗ്യകരമായ വളർച്ചയ്ക്ക് ആവശ്യമാണ്. വിരിഞ്ഞയുടനെ എടുത്തു വളർത്തുന്നതുകൊണ്ട് കോഴിക്കുഞ്ഞുങ്ങൾക്ക് ചൂട് കിട്ടുന്ന തരത്തിൽ ‘ബ്രൂഡർ’ കൂടുകളാണ് ഇവിടെയുള്ളത്. ഹീറ്റ് ലാമ്പും ഭക്ഷണവും വെള്ളവും അടങ്ങുന്നതാണ് ബ്രൂഡർ കൂടുകൾ. 10 സ്ക്വയർ ഫീറ്റ് വലുപ്പത്തിൽ വേണം ഇതൊരുക്കാൻ. കോഴിക്കുഞ്ഞുങ്ങൾക്ക് ചൂട് കിട്ടാനായി കൂടിന്റെ ഒരു ഭാഗത്തായി അലൂമിനിയം കവറിങ്ങിന് താഴെ ബൾബുകൾ വച്ച് വേണം ഇവ നിർമിക്കാൻ.

ബ്രൂഡറിലെ ബൾബ് ഓണാക്കിയാൽ ഒരു കോഴിക്ക് ഒരു വാട്സ് ബൾബിന്റെ ചൂടെന്ന കണക്കിലാണെല്ലാം ഒരുക്കിവച്ചിരിക്കുന്നത്. ബ്രൂഡറിൽ ബൾബ് കത്തുമ്പോൾ അലൂമിനിയം കവറിങ് ചൂടാകും. നിലത്ത് തടിയുടെ ചീകൽ ഉള്ളതുകൊണ്ട് ചൂട് നഷ്ടപ്പെട്ടു പോകില്ല. അതുകൊണ്ട് ചൂട് ആവശ്യമുള്ള സമയത്ത് മാത്രം കോഴികൾക്ക് അലൂമിനിയം കവറിങിനടുത്ത് ചെന്നിരുന്നാൽ മതി. ഓട്ടോമാറ്റിക് ഡ്രിങ്കർ വഴി ആവശ്യത്തിന് വെള്ളം കൂടുകളിൽ എത്തും. പുറത്തേക്കിറക്കിയാൽ  പ്രതിരോധശേഷിയെ ബാധിക്കുമെന്നതിനാൽ കൂടുകളിൽ തന്നെയാണ് തീറ്റയും കൊടുക്കാറുള്ളത്.’

(കുഞ്ഞു കോഴികളായതുകൊണ്ട് തന്നെ വളർച്ചാ സംബന്ധമായ അസുഖങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. മരുന്നുകൾ കൃത്യമായ അളവിൽ നൽകാൻ ശ്രദ്ധിക്കുക. കോഴികളിൽ ഏതെങ്കിലും ഒന്നിന് രോഗമുള്ളതായി തോന്നിയാൽ ഉടനെ അതിനെ കൂട്ടിൽ നിന്നു മാറ്റി ശുശ്രൂഷിക്കുന്നതാണ് നല്ലത്. കൂടിന്റെ വൃത്തിയിൽ നല്ല ശ്രദ്ധ വേണം. കോഴികൾക്കു പ്രതിരോധശക്തി കുറവായതുകൊണ്ട് കാലാവസ്ഥയിലെ ചെറിയ മാറ്റം പോലും ഇവയ്ക്ക് അസുഖം വരുത്താം.)

chicken003