ADVERTISEMENT

എം.ടി. വാസുദേവൻ നായരുടെ രചനയിൽ ഹരിഹരന്റെ സംവിധാനത്തിൽ മലയാള സിനിമയ്ക്കു ലഭിച്ച മികച്ച സൃഷ്ടികളിലൊന്നാണ് 1998 ല്‍ റിലീസായ ‘എന്നു സ്വന്തം ജാനകിക്കുട്ടി’. ആ സിനിമ മലയാളത്തിനു സമ്മാനിച്ചത് രണ്ട് നായികമാരെക്കൂടിയാണ്. ജോമോളും ചഞ്ചലും. ഇതില്‍ വെള്ളാരം കണ്ണുകളുള്ള കുഞ്ഞാത്തോലായി എത്തിയ ചഞ്ചല്‍ പ്രശസ്തിയുടെയും താരപദവിയുടെയും സജീവതയിൽ നിൽക്കേ സിനിമ വിട്ടു. കുഞ്ഞാത്തോല്‍ എന്ന യക്ഷി കഥാപാത്രം മലയാള സിനിമ അന്നോളം കണ്ടു പരിചയിച്ച പാത്രസൃഷ്ടിയായിരുന്നില്ല. ആർക്കും ഇഷ്ടം തോന്നുന്ന ഒരു ക്യൂട്ട് യക്ഷിയാണ് കുഞ്ഞാത്തോല്‍.

കൊച്ചിക്കാരിയായ ചഞ്ചല്‍ വിവാഹശേഷം സിനിമ ഉപേക്ഷിച്ച് ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പം അമേരിക്കയിലേക്കു പോയി. മോഡലിങ്ങിലൂടെ കരിയർ ആരംഭിച്ച ചഞ്ചൽ ടെലിവിഷന്‍ രംഗത്തും സജീവമായിരുന്നു. നർത്തകിയുമാണ്.

ADVERTISEMENT

ഇപ്പോഴിതാ, ചഞ്ചലിന്റെ ഒരു പുതിയ വിഡിയോയാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. ഹെയർ സ്റ്റൈലിസ്റ്റുകളായ സജിത്ത് ആൻഡ് സുജിത്തിന്റെ ഇൻസ്റ്റഗ്രാം പേജിലാണ് ഈ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചഞ്ചലിന്റെ മുടി ഒരുക്കുന്നതാണ് വിഡിയോയിൽ. ‘ഇപ്പോഴും ചെറുപ്പമാണല്ലോ, പ്രായം റിവേഴ്സ് ഗിയറിലാണ്’ എന്നാണ് ആരാധകർ കമന്റിടുന്നത്. ‘ഇഷ്ടം തോന്നിയ ഒരേയൊരു യക്ഷി’ എന്നാണ് ഒരാള്‍ കമന്റിട്ടത്. ‘അസൂയ തോന്നിയ കണ്ണുകൾ അന്നും ഇന്നും നിങ്ങളുടേത് മാത്രം’ എന്നു മറ്റൊരാൾ കുറിച്ചു.

ADVERTISEMENT
ADVERTISEMENT