Tuesday 10 May 2022 04:38 PM IST

‘അവന് അച്ഛനാകാനല്ല, കൂട്ടുകാരൻ ആകാനാണ് ഞാൻ ഷെറിത്തിനെ തിരഞ്ഞെടുത്തത്’: അപർണയും ഷെറിത്തും: ഹൃദയംതൊടും കൂടിച്ചേരൽ

Binsha Muhammed

aparna-sherith

ജീവിതത്തിനു റീ ടേക്കുകളില്ലെന്നാണ് പറയാറ്... റീലുപോലെ ഓടിക്കൊണ്ടിരിക്കുന്ന റീ വൈൻഡുകളില്ലാത്ത ആ ജീവിതം ചിലപ്പോഴൊക്കെ ധീരമായ ചില തീരുമാനങ്ങൾ എടുക്കേണ്ടി വരും. അതുവരെ അനുഭവിച്ച വേദനകളും ദുഖങ്ങളും ആ തീരുമാനങ്ങൾക്കൊടുവിൽ ഐസ് പോലെ ഉരുകിയിറങ്ങും. നമ്മളെ വേദനിപ്പിച്ച കഴിഞ്ഞുപോയ കാലത്തിന്റെ പ്രായശ്ചിത്തം കൂടിയായിരിക്കും അത്.

അപർണയെന്ന മുപ്പത്തിയഞ്ചുകാരിക്കും പറയാനുണ്ട് അങ്ങനെയൊരു ധീരമായ തീരുമാനത്തിന്റെ കഥ. . ജീവിതത്തിൽ ഒരിക്കൽ സംഭവിച്ച വലിയൊരു തെറ്റിനെ തിരുത്തി ആ ജീവിതം കൂടുതൽ സുന്ദരമാക്കിയ  വിധിയുടേയും കഥ. ജാതകവും കുടുംബ മഹിമയും തറവാടിത്തവും പത്തിൽ പത്തു പൊരുത്തവുമായി ചേർന്നപ്പോൾ ചേരാതെ പിണങ്ങി നിന്നത് അവരുടെ ജീവിതമായിരുന്നു. ഒരു കാരണവശാലും ഒത്തുപോകാത്ത ഒരു ജീവിതവും ഒക്കത്തെടുത്തുവച്ച് ഒരുപാട് ദൂരം മുന്നോട്ടു പോയി അവൾ. ആ യാത്രയിൽ സ്വന്തം കരിയറും സന്തോഷവും മനസമാധാനവും വരെ അപർണയ്ക്ക് അടിയറ വയ്ക്കേണ്ടി വന്നു. ഒടുവില്‍ മനസില്ലാ മനസോടെ ആ ആദ്യ വിവാഹത്തിന് ഫുൾസ്റ്റോപ്പിട്ട് തിരികെയിറങ്ങി ഈ മഞ്ചേരിക്കാരി.

കാലം കുറച്ചു കടന്നു പോയി... ഒറ്റയ്ക്കു നടന്നു തുടങ്ങാൻ ശീലിച്ച പെണ്ണിന് കാലം പിന്നെയൊരു കൂട്ടു നൽകി. ആ കൂട്ട് അപർണയെ മാത്രമല്ല, അവളുടെ എല്ലാമെല്ലാമായ മകൻ പതിനൊന്നുകാരൻ ആദിത്യനും നല്ല ചങ്ങാതിയായി. നരക തുല്യമായ ജീവിതത്തിൽ കടിച്ചു തൂങ്ങി വേദന തിന്ന് ജീവിക്കുന്ന നിരാലംബരായ വീട്ടമ്മമാരോടും അബലകളായ ഭാര്യമാരോടും സ്വപ്നങ്ങൾ കുഴിച്ചുമൂടി ജീവിതം അഡ്ജസ്റ്റ് ചെയ്ത് ജീവിക്കുന്ന ഭാര്യമാരോടും അപർണ തന്റെ കഥ പറയുകയാണ്. ഡോ. അപർണയും ഭർത്താവ് ഷെറിത്തും ആദിത്യനും കാൽവിനും ഒരുമിച്ച് ഒരു നദിപോലെ ഒഴുകി സ്നേഹസാഗരമായി മാറിയ കൂടിച്ചേരലിന്റെ കഥ... അപർണ വനിത ഓൺലൈനോട് സംസാരിക്കുന്നു.

ലൈഫിൽ ഇല്ലാ അഡ്ജസ്റ്റ്മെന്റ്...

മറ്റുള്ളവരുടെ താത്പര്യത്തിനും ഇഷ്ടത്തിനും അനുസരിച്ച് അഡ്ജസ്റ്റു ചെയ്തു ജീവിക്കേണ്ടി വരുന്ന എത്രയോ പെണ്ണുങ്ങളുണ്ട്. സാഹചര്യങ്ങളുടെ സമ്മർദ്ദം കൊണ്ടും കുടുംബത്തിന്റെ നല്ല പേരിനെ കരുതിയും പലർക്കും അങ്ങനെ നിൽക്കേണ്ടി വരുന്നു എന്നതാണ് സത്യം. ഇങ്ങനെയൊക്കെ അഡ്ജസ്റ്റ്മെന്റ് ചെയ്യേണ്ടി വരുന്ന പെണ്ണിന് സ്വന്തം ജീവിതം തന്നെ കുഴിച്ചു മൂടേണ്ടി വരും. ചെന്നു കയറുന്നയിടം നരകമാണെന്ന് ബോധ്യപ്പെട്ടാലും മരിച്ചു ജീവിക്കേണ്ടി വരും. പക്ഷേ ഒരിക്കലെങ്കിൽ ഒരിക്കൽ... സ്വന്തം ജീവിതത്തെ കരുതി ഒരു തീരുമാനം എടുത്തില്ലെങ്കിൽ നിങ്ങൾക്ക് നിങ്ങളെ തന്നെ നഷ്ടമാകും. ഇക്കണ്ട ജീവിത സാഹചര്യങ്ങളുടെ പേരിൽ ഒരിക്കൽ കഴുത്തു നീട്ടേണ്ടി വന്നവളാണ് ഞാനും. പക്ഷേ ആ ചങ്ങല പൊട്ടിക്കണം  എന്ന് തോന്നിയ നിമിഷത്തിൽ ഞാൻ ജയിച്ചു തുടങ്ങി. എന്റെ കഥ തുടങ്ങുന്നതും അവിടെ നിന്നാണ്.– അപർണ പറഞ്ഞു തുടങ്ങുകയാണ്.

ഇരുപത്തിമൂന്നാം വയസിലാണ് വിവാഹം.പഠിച്ചു ആയുർവേദ ഡോക്ടർ ആയി . അതു കഴിഞ്ഞ് ജോലിയൊക്കെ തരപ്പെട്ടു തുടങ്ങേണ്ട പ്രായത്തിൽ നടന്ന കല്യാണം. ‘പഠിത്തം കഴിഞ്ഞാൽ പിന്നെന്താ... കല്യാണം.’ അതിനപ്പുറത്തേക്ക് ചിന്തിക്കാൻ അന്ന് അറിയില്ലായിരുന്നു.

ആരൊക്കെയോ എന്തൊക്കെയോ തീരുമാനിച്ചു. പയ്യനെ കണ്ടു, ജാതകം നോക്കി തറവാടു നോക്കി. കണ്ണടച്ചു തുറക്കും മുന്നേകല്യാണം അത്ര തന്നെ.  അല്ലെങ്കിലും അന്ന് അതൊക്കെ ചിന്തിക്കാനും വേണ്ടാ എന്നു പറയാനുമുള്ള പക്വത ഇല്ലായിരുന്നു. ചുരുക്കി പറഞ്ഞാൽ എന്റെ ആദ്യ വിവാഹത്തിന്റെ കാര്യത്തിൽ എനിക്കു പ്രത്യേകിച്ചു ചെയ്യാനോ തീരുമാനിക്കാനോ കഴിയില്ലായിരുന്നു.

കരിയറും സ്വപ്നങ്ങളും ഒരു കരയ്ക്കെത്തും മുന്നേ നടന്ന വിവാഹം എന്നെ സംബന്ധിച്ചിടത്തോളം സങ്കടത്തിന്റേതും വേദനകളുടേതുമായിരുന്നു. വീട്ടുകാർ തന്ന സ്വർണം ഭർതൃവീട്ടുകാർ അവരുടെ ഇഷ്ടത്തിനനുസരിച്ച് പെരുമാറി. അക്കാലത്ത് ആയൂർവേദത്തിൽ പിജിക്കു അഡ്മിഷൻ കിട്ടി. ഞാൻ പഠിക്കാൻ പോകുന്നത് അവർക്കു സമ്മതമായിരുന്നില്ല. എങ്കിലും എങ്ങിനെയോ പോയി ചേർന്നു. ഫീസിന് എന്റെ അച്ഛൻ തന്ന പൈസ  പോലും അദ്ദേഹം ഇഷ്ടത്തിന് അനുസരിച്ച് പെരുമാറി. പഠനം മുഴുവനാക്കാൻ കഴിഞ്ഞില്ല. എല്ലാത്തിനും മേലെ ഞാൻ അനുഭവിച്ച മെന്റൽ ടോർച്ചർ. മകനായിരുന്നു ആ ജീവിതത്തിൽ സംഭവിച്ച ഏക സന്തോഷം. പക്ഷേ അതിനു മേലെ സങ്കടങ്ങളും വേദനകളും വന്ന് മൂടി. സന്തോഷമോ ബഹുമാനമോ ലഭിക്കാത്തിടത്തു ജീവിക്കേണ്ടതില്ല എന്ന് മനസു പറഞ്ഞപ്പോൾ ഞാൻ ആ മറക്കാനാഗ്രഹിക്കുന്ന ജീവിതത്തിൽ നിന്നും ഇറങ്ങിപ്പോന്നു.

ഡിവോഴ്സ് ഫയൽ ചെയ്ത് രണ്ടോ മൂന്നോ വർഷങ്ങളെടുത്ത ശേഷമാണ് നിയമ നടപടികൾ പൂർത്തിയായത്. മകൻ ആദിത്യന് ഇന്ന് 11 വയസാകുന്നു. അവന്റെ അമ്മ അനുഭവിച്ചതും കടന്നു വന്ന വഴികളും എന്തെന്ന് അവന് കൃത്യമായും ബോധ്യമുണ്ട്.

aparna-sherith-3

കല്യാണസമയത്തു വീട്ടിൽനിന്നും കൊണ്ടുപോയതൊന്നും അതായത് സ്വർണവും പണവും പോലും എടുക്കാതെയാണ് ഇറങ്ങിപ്പോന്നത്. പക്ഷേ സ്വർണത്തേക്കാളും മതിപ്പുള്ള സ്വാതന്ത്ര്യത്തിലേക്കാണ് പിന്നീട് ഞാനിറങ്ങി ചെന്നത്. ഞാൻ ആഗ്രഹിച്ച ജീവിതത്തിലേക്ക്. ആ വേർപിരിയലിനു ശേഷം ശേഷം എന്തു മാറ്റമുണ്ടായി എന്നു ചോദിച്ചാൽ പഠനം മുഴുവനായില്ലെങ്കിലും സ്വന്തമായി ഒരു ആയൂർവേദ ക്ലിനിക്ക് തുടങ്ങി. ഇപ്പോൾ ഹോസ്പിറ്റലും മരുന്ന് നിർമാണ ഫാക്ടറിയും ഉണ്ട്.ആയൂർവേദത്തിലൂന്നിയ പ്രോഡക്ടുകൾ വിപണിയിൽ അവതരിപ്പിച്ചു. ഫിനാൻഷ്യലി മുന്നേറി... എന്തിനേറെ പറയണം എന്റെ ജീവിതത്തിൽ നല്ല നിമിഷങ്ങൾ തിരികെയെത്തി.

സന്തോഷങ്ങളെ ഇതിലേ... ഇതിലേ...

നല്ല സൗഹൃദങ്ങൾക്കിടയിൽ നല്ല പ്രണയവും പരസ്പരം മനസിലാക്കാനുള്ള മനസും ഉണ്ടാകും എന്നു പറയാറില്ലേ. അങ്ങനെ സൗഹൃദക്കൂട്ടങ്ങൾക്കിടയിൽ കിട്ടിയ ഗിഫ്റ്റാണ് ഷെറിത്ത്. ഐടി മേഖലയിലാണ് ഷെറിത്ത് ജോലി ചെയ്യുന്നത്. പുള്ളിയും ഒരു സിംഗിൾ പാരന്റ് ആണ്. തുടക്കത്തിൽ ഞങ്ങൾ നല്ല സുഹൃത്തുക്കളായിരുന്നു. പരസ്പരം അറിഞ്ഞും മനസിലാക്കിയും വന്നപ്പോൾ ഞങ്ങളെ കണക്റ്റ് ചെയ്യുന്ന എന്തൊക്കെയോ ജീവിതത്തിൽ പൊതുവായി ഉണ്ടെന്നു തോന്നി. ഒരുമിച്ചു സ്വപ്നം കാണാൻ കഴിയുന്ന ആളുകളാണ് ഞങ്ങൾ.

മനസു തുറന്നു പറയട്ടെ, എന്റെ മകന് ഒരു അച്ഛനെ കിട്ടാനോ ഷെറിത്തിന്റെ മകന് ഒരു അമ്മയെ കിട്ടാനോ അല്ല ഞങ്ങൾ ഒരുമിച്ചത്. എന്റെ മകൻ ആദിത്യന് ഷെറിത്ത് എന്നും നല്ല സുഹൃത്താകുക എന്നതാണ് പ്രധാനം.  അവർ ശരിക്കും നല്ല കൂട്ടാണ്. അതു കാണുമ്പോൾ അമ്മയെന്ന നിലയിൽ എനിക്കുള്ള സന്തോഷം വളരെ വലുതാണ്. ഷെറിത്തിന്റെ മകൻ കാൽവിനും ഡബിൾ ഹാപ്പിയാണ്. അവൻ എഞ്ചിനീയറിംഗ് രണ്ടാം വർഷ വിദ്യാർഥിയാണ്. അവന്റെ അച്ഛന് പുതിയൊരു ജീവിതം ഉണ്ടാകുന്നതിൽ അവനും വലിയ സന്തോഷം.

ജീവിതത്തിൽ സന്തോഷം കണ്ടെത്താനോ പുതിയ ജീവിതം തുടങ്ങാനോ ഒന്നുമല്ല ഞങ്ങൾ വിവാഹിതരായത്. സ്വന്തമായി സന്തോഷങ്ങളും ജീവിതവും കണ്ടെത്താനറിയുന്ന സ്വതന്ത്രരും സ്വാശ്രയരും ആയ രണ്ടുപേർ പ്രണയത്തിലാണ് എന്ന ഒറ്റക്കാരണത്താൽ വിവാഹിതരാകാൻ തീരുമാനിക്കുകയായിരുന്നു. ഇക്കഴിഞ്ഞ മേയ് 1ന് മഞ്ചേരിയിൽ വച്ച് വീട്ടുകാരുടേയും സുഹൃത്തുക്കളുടേയും സാന്നിദ്ധ്യത്തിലേയായിരുന്നു വിവാഹം.

aparna-sherith-2

എന്റെ പ്രിയപ്പെട്ട പെണ്ണുങ്ങളോട് ഒരു കാര്യം ഓർമിപ്പിക്കട്ടെ. സ്വന്തം നിലയിൽ ഒരു നിലനിൽപ്പുണ്ടാകുമ്പോഴാണ് നമ്മുടെ വിവാഹവും തുടർന്നുള്ള ജീവിതവും ഏറ്റവും മനോഹരമാകുന്നത്. അതിന് എന്റെ ജീവിതം തന്നെ ഏറ്റവും വലിയ ഉദാഹരണം. ഒരിക്കൽ നഷ്ടപ്പെട്ടുവെന്ന് തോന്നിയ സന്തോഷങ്ങൾ എന്റെ ജീവിതത്തിലേക്ക് തിരികെ വരുന്നത് ആ തിരിച്ചറിവിൽ നിന്നാണ്. ജീവിതത്തിൽ മാത്രമല്ല സാമ്പത്തികമായും ഭദ്രതയുള്ള ഒരു ജീവിതം ഞാൻ നയിക്കുന്നുണ്ട് എങ്കിൽ അത് ഞാൻ ജീവിതത്തിൽ ഞാന്‍ ശക്തമായി പറഞ്ഞ ‘നോ’യുടെ ശക്തി കൊണ്ടു കൂടിയാണ്. എന്റെ തന്റേടമുള്ള തീരുമാനം കൊണ്ടാണ്. കാരണം നമ്മുടെ വേദനകളും സന്തോഷങ്ങളും നമ്മളാണ് തിരഞ്ഞെടുക്കുന്നത്. നമുക്ക് നമ്മളേയുള്ളൂ...– അപർണ പറഞ്ഞു നിർത്തി.