Wednesday 08 September 2021 03:06 PM IST : By K A Shaji

‘‘എന്റെ മകളിലുള്ള വിശ്വാസം. അവൾ ധീരയാണ്. വിവേകമുണ്ട്. ശരിയെന്നു തോന്നുന്നതേ ചെയ്യൂ’’ കെ. രവീന്ദ്രൻ

Dhanya-Raveendran-1

ധന്യ രവീന്ദ്രനും ഖൊറാമും വാർത്തകളിൽ നിറയുമ്പോൾ നമ്മൾ മലയാളികൾ പരിചയപ്പെടേണ്ട ഒരു അച്ഛനുമമ്മയുമുണ്ട്. വയനാട് പൊഴുതന വാസുദേവ ഇടം കെ. രവീന്ദ്രനും ഭാര്യ രമയും. വയനാട് ടൂറിസം സംരംഭകരുടെ തുടക്കക്കാരനും മാർഗദർശിയുമായണ് രവിയേട്ടൻ എന്ന വാസുദേവ ഇടം കെ. രവീന്ദ്രൻ. രവിയേട്ടനെ പരിചയപ്പെട്ടിട്ട് ഇപ്പോൾ കാൽനൂറ്റാണ്ടാകുന്നു. വയനാട്ടിൽ പുൽപള്ളിക്കടുത്ത് കബനീ നദിയിൽ കേരളവും കർണാടകയും അതിരിടുന്ന കണ്ണാരംപുഴ എന്ന ഗ്രാമത്തിൽ വച്ചായിരുന്നു അത്. വയനാട്ടിലെ ടൂറിസം അന്നൊക്കെ ശൈശവാവസ്ഥയിൽ ആയിരുന്നു. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള സഞ്ചാരികളുടെ ഒഴുക്ക് തുടങ്ങിയിട്ടില്ല. കണ്ണാരംപുഴയുടെയും പരിസര പ്രദേശങ്ങളുടെയും ടൂറിസം സാദ്ധ്യതകൾ പരിശോധിക്കുന്നതിനായി അന്നത്തെ വയനാട് ജില്ലാ കലക്ടർ എൻ മോഹൻദാസും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി മാത്യു വെട്ടിയാങ്കലും പോകുന്നുണ്ടെന്നും കൂടെ വരാൻ താത്പര്യം ഉണ്ടോയെന്നും ചോദിച്ചത് കൗൺസിലിലെ ജീവനക്കാരനായ ദിനേശൻ ആയിരുന്നു. അങ്ങനെ ഞാനും കൂടി.

കലക്ടറും ഞങ്ങളും കബനിയിൽ തോണിയാത്ര നടത്തി. ടൂറിസം കേന്ദ്രമാക്കിയാൽ ഉണ്ടാകാവുന്ന നേട്ടങ്ങൾ സംബന്ധിച്ച് നാട്ടുകാർ പറഞ്ഞത് വിശദമായി കേട്ടു. വൈകിട്ടോടെ കലക്ടർ ജില്ലാ ആസ്ഥാനമായ കൽപറ്റയ്ക്ക് മടങ്ങി. നമ്മളിപ്പോൾ മടങ്ങുന്നില്ല എന്നും പുഴയോരത്ത് ടെന്റുകൾ തയാറാക്കിയിട്ടുണ്ട് എന്നും അവിടെ താമസിച്ചു പിറ്റേന്ന് രാവിലെയേ പോകുന്നുള്ളൂ എന്നും പറഞ്ഞത് ദിനേശനാണ്.

അപ്പോഴാണ് മാത്യു സാറിനെ കൂടാതെ സംഘത്തിൽ ഉണ്ടായിരുന്നവരെ പരിചയപ്പെടുന്നത്. ഏഷ്യാനെറ്റിലും കിൻഫ്രയിലും ഉയർന്ന തസ്തികകളിൽ ജോലി ചെയ്തിരുന്ന കെ. എൻ. ശ്രീകുമാർ, ടൂറിസം സംരംഭകനായ കെ. ഗിരീശൻ, അദ്ദേഹത്തിന്റെ മുതിർന്ന സഹോദരൻ കെ. രവീന്ദ്രൻ എന്നിവരായിരുന്നു അവർ. കൂട്ടത്തിൽ മുതിർന്നയാളായതിനാലും ഗിരീശന്റെ ജ്യേഷ്ഠൻ ആയിരുന്നതിനാലും രവീന്ദ്രൻ എല്ലാവർക്കും രവിയേട്ടനായി.

എറണാകുളത്ത് വ്യവസായ സ്ഥാപനത്തിൽ ജനറൽ മാനേജരായി വിരമിച്ച ശേഷം രവിയേട്ടൻ വയനാട്ടിൽ വൈത്തിരി അടുത്ത് പൊഴുതനയിലേക്ക് താമസം മാറ്റിയിട്ടേയുള്ളു. പാട്ടും കവിതയും പുഴയുടെ ആരവങ്ങളുമെല്ലാമായുള്ള ഉറങ്ങാത്ത ഒരു രാത്രി പിന്നിടുമ്പോൾ ഞങ്ങൾ എല്ലാവരും വലിയ സുഹൃത്തുക്കളായി മാറി.

Rama-&-Raveendran രമയും രവീന്ദ്രനും, ഫോട്ടോ: സയ്യദ് ഷിറാസ് മിർസ

ഏറെ വൈകാതെ രവിയേട്ടന്റെ ക്ഷണം സ്വീകരിച്ച്‌ പൊഴുതനയിലെ വാസുദേവ ഇടം എന്ന അദ്ദേഹത്തിന്റെ വീട്ടിൽ അതിഥിയായി. അതിഥി സത്കാരപ്രിയയായ രമ ചേച്ചിയുടെ സ്നേഹവും കരുതലും വേറിട്ടതായിരുന്നു. തങ്ങൾക്കു രണ്ടു പെണ്മക്കളാണെന്നും ഇരുവരും വിവാഹിതരാണെന്നും രണ്ടാമത്തെയാൾ വാടകരയിലാണ് എന്നും മൂത്തയാൾ ഇന്ത്യക്കു പുറത്താണ് എന്നും പറഞ്ഞപ്പോൾ ഏത് രാജ്യത്തെന്ന് ചോദിക്കാൻ വിട്ടുപോയി. സംസാരം മറ്റേതോ വിഷയത്തിലേക്ക് മാറിയിരുന്നു.

ഹോംസ്റ്റയുടെ തുടക്കക്കാരൻ

പ്രൗഢമനോഹരമായിരുന്നു രവിയേട്ടന്റെയും രമ ചേച്ചിയുടെയും വീട്. വലിയൊരു കാപ്പി തോട്ടത്തിനുള്ളിൽപ്രശാന്തമായ അന്തരീക്ഷം. തോട്ടത്തിന് വെളിയിൽ ഹാരിസൺ മലയാളത്തിന്റെ വിശാലമായ ഒരു തേയില എസ്റ്റേറ്റും പശ്ചാത്തലത്തിൽ വലിയ മലനിരകളുമായി അതിമനോഹരമായ സ്ഥലം.

വീട്ടിലെ രണ്ടുമുറികൾ സഞ്ചാരികൾക്ക് ഹോംസ്റ്റേ എന്ന നിലയിൽ അവർ ഇരുവരും മാറ്റിവയ്ക്കുമ്പോൾ അത് വലിയൊരു തുടക്കമായിരുന്നു. വയനാട്ടിലെ ഹോംസ്റ്റേ ടൂറിസം സംരഭങ്ങളിൽ ആദ്യത്തേത്. പ്രണവം ഹോംസ്റ്റേ, ഒരിക്കൽ വന്നു താമസിച്ചവർ വീണ്ടും വീണ്ടും വന്നു. മറ്റാളുകളെ പറഞ്ഞയച്ചു.

അത് വലിയൊരു തുടക്കമായി. ഹോംസ്റ്റേ മേഖലയിൽ മുതൽ മുടക്കാൻ താത്പര്യം പ്രകടിപ്പിച്ചു വന്ന എല്ലാവർക്കും രവിയേട്ടൻ കൺസൽട്ടൻറ് ആയി. വയനാട് ടൂറിസം ഓർഗനൈസേഷൻ എന്ന സംഘടന രൂപീകരിച്ചു. വയനാട്ടിലെ ഹോംസ്റ്റേകൾക്കും റിസോർട്ടുകൾക്കും പൊതുവായ നിലവാരവും തത്വങ്ങളും ഉണ്ടായി. അവയെ സാമൂഹിക ഉത്തരവാദിത്വങ്ങൾ നിറവേറ്റാനും പരിസ്ഥിതിയെ നശിപ്പിക്കാതിരിക്കാനും പ്രേരിപ്പിച്ചു. പ്രളയം പോലുള്ള അവസ്ഥകളിൽ ടൂറിസം സംരഭങ്ങൾ രവിയേട്ടന്റെ പ്രേരണയിൽ ദുരിതബാധിതർക്ക് സഹായവുമായി എത്തി. സർക്കാരുമായും വിനോദ സഞ്ചാര വകുപ്പുമായും സംരംഭകരെ ഏകോപിപ്പിച്ചു.. വയനാട്ടിലെ ടൂറിസം ചരിത്രത്തിൽ സൗമ്യനും ശാന്തനും ഉത്സാഹശീലനുമായ രവിയേട്ടനുള്ള സ്ഥാനം മറ്റാർക്കും ഇല്ല.

ധന്യ ആദ്യം വാർത്തയിൽ

2003 ജനുവരിയിൽ ഒരു പ്രഭാതത്തിൽ രവിയേട്ടന്റെ വിളിയെത്തി. ഞാൻ അന്ന് കോഴിക്കോട് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്സിൽ ജോലി ചെയ്യുന്നു. തിരക്കില്ലെങ്കിൽ വയനാട് വരെ ഒന്ന് വരണം. അഫ്ഗാനിസ്ഥാനിൽ നിന്നു മകൾ ധന്യയും ഭർത്താവും കുട്ടികളും വന്നിട്ടുണ്ട്. അവരെ കാണാം. പരിചയപ്പെടാം. അവിടെ താലിബാൻ അധികാരത്തിനു പുറത്തായിരുന്നു. ധന്യയുടെ ഭർത്താവ് അഫ്ഗാൻകാരനാണ്. അവിടുത്തെ സാഹചര്യങ്ങളെക്കുറിച്ചു ഒക്കെ ചോദിച്ചു മനസിലാക്കാം.

Dhanya-Khorom ധന്യയും ഖൊറാമും

വേഗം കോഴിക്കോട് നിന്നും പൊഴുതനയിലേക്ക് പുറപ്പെട്ടു. മല്ലിക അന്ന് കൈക്കുഞ്ഞാണ്. നവീന് മൂന്നു വയസ്സ്. ധന്യയും ഭർത്താവ് ഹുമയൂൺ ഖൊറാമും വളരെവേഗം സുഹൃത്തുക്കളായി. ധന്യ സോവിയറ്റ് യൂണിയനിലെ ലെനിൻ ഗ്രാഡിൽ പഠിക്കാൻ പോയതും അവിടെ വച്ച് സീനിയർ ആയിരുന്ന കൊറാമുമായി പ്രണയത്തിലായതും നാട്ടിൽ വന്ന് ഹിന്ദു ആചാരപ്രകാരം വിവാഹിതരായതും താലിബാൻ ഭരണം പിടിച്ചെടുത്തതിന് ശേഷം അഞ്ചു കൊല്ലം പർദ്ദ ധരിച്ചു അവിടെ അജ്ഞാതയായി ജീവിച്ചതും എല്ലാം പറഞ്ഞു. ഈ വർഷങ്ങളിൽ ഒരിക്കൽ പോലും വീട്ടുകാരെ ഫോണിൽ പോലും ബന്ധപ്പെടാൻ ആകാഞ്ഞതു അടക്കമുള്ള ദുരിതങ്ങളെക്കുറിച്ചും വിവരിച്ചു. താലിബാന് കീഴിൽ ജീവിച്ച ഏക മലയാളി വനിതയാണ് മുന്നിലിരിക്കുന്നത്.

വലിയ വാർത്തയാണ്. എന്റെ ഉള്ളിലെ മാധ്യമ പ്രവർത്തകൻ എന്നെ ഓർമിപ്പിച്ചു. ദേശീയ തലത്തിൽ നോക്കിയാൽ താലിബാന് കീഴിൽ മതം മാറാതെ ജീവിച്ച ഒരുപക്ഷേ ഒരേയൊരു ഇന്ത്യൻ സ്ത്രീ. ഇത് റിപ്പോർട്ട് ചെയ്തേ പറ്റൂ... മനസ്സ് പറഞ്ഞു. അപ്പോഴാണ് ഞാൻ വേറെ ഒരു കാര്യം ഓർത്തത്. ഞാൻ രവിയേട്ടനെയും രമ ചേച്ചിയെയും അല്പം രൂക്ഷമായി തന്നെ നോക്കി. മകൾ ഇന്ത്യക്ക് പുറത്താണ് എന്നല്ലാതെ ഇതൊന്നും ഇതുവരെ എന്തുകൊണ്ട് പറഞ്ഞില്ല? താലിബാന്റെ ഭരണം അവസാനിക്കുമെന്നോ മകൾ എന്നെങ്കിലും തിരിച്ചു വരുമെന്നോ പ്രതീക്ഷിക്കാതെയാണ് അവർ ഇരുവരും അഞ്ചുകൊല്ലം ജീവിച്ചത്. പക്ഷെ ഒരിക്കൽ പോലും എന്തെങ്കിലും വിഷമം അവരെ അലട്ടുന്നതായി ഈ വർഷങ്ങളിൽ കണ്ടിട്ടില്ല. നിസ്സാര കാര്യങ്ങൾക്ക് പോലും മക്കളെക്കുറിച്ചു ആകുലരാകുന്ന മലയാളികൾക്കിടയിൽ....

രവിയേട്ടൻ ശാന്തമായി മറുപടി പറഞ്ഞു, ‘‘ഒന്നാമതായി മകളിൽ ഉള്ള വിശ്വാസം. അവൾ ധീരയാണ്. ബുദ്ധിയുള്ളവളാണ്. വിവേകമുണ്ട്. തനിക്കു ശരിയെന്നു തോന്നുന്നത് മാത്രമേ ചെയ്യൂ. വിഡ്ഢിത്തങ്ങളിൽ ചെന്ന് ചാടില്ല. രണ്ടാമതായി മകളുടെ ഭർത്താവായ ഖൊറാമിലുള്ള വിശ്വാസം. വിവാഹം കഴിഞ്ഞ ശേഷം ആറുമാസം തങ്ങളുടെ കൂടെ ജീവിച്ചയാളാണ്. അയാളുടെ കരങ്ങളിൽ മകൾ സുരക്ഷിതയായിരിക്കും എന്ന ഉറപ്പ്.’’

ഏത് താലിബാന് കീഴിലായാലും മകൾ അതിജീവിക്കുമെന്നതിൽ അവർക്ക് ഒരു സംശയമില്ലായിരുന്നു.

‘‘എങ്കിൽ എന്തുകൊണ്ട് എന്നോട് മകൾ താലിബാനു കീഴിലാണ് ജീവിക്കുന്നത് എന്ന് ഇത്രയും കാലം പറഞ്ഞില്ല?’’

‘‘നീ പത്രക്കാരൻ ആയതുകൊണ്ട്. പറഞ്ഞാൽ നീ വാർത്ത എഴുതും. ചാനലുകൾ വരും. ഞങ്ങളുടെ സ്വകാര്യത പോകും. ബന്ധുക്കളുടെയും നാട്ടുകാരുടെയും അനാവശ്യ സിംപതിയൊക്കെ കാണേണ്ടി വരും.’’

‘‘എങ്കിൽ പിന്നെ ഇന്നെന്തിനാണ് എന്നെ വിളിച്ചത്?’’

‘‘അത് നീ ഞങ്ങളുടെ കുടുംബ സുഹൃത്തായതു കൊണ്ട്. വാർത്ത കൊടുപ്പിക്കാൻ വിളിച്ചതല്ല. വാർത്തയും വേണ്ട.’’

തർക്കിക്കാൻ ഒന്നും പോയില്ല. ധന്യ പറഞ്ഞ കാര്യങ്ങൾ മനസ്സിൽ കുറിച്ചിട്ടു. തന്ത്രപരമായി സാഹചര്യം കൈകാര്യം ചെയ്യണം എന്ന് നിശ്ചയിച്ചു. യാത്ര പറഞ്ഞിറങ്ങാൻ നേരം ധന്യയോട് ചോദിച്ചു: അഫ്ഗാനിസ്ഥാനിൽ നിങ്ങൾ രണ്ടുപേരും നിൽക്കുന്ന ഒരു ഫോട്ടോ വേണം. ധന്യക്ക് കാര്യം മനസ്സിലായി. മനസ്സില്ലാ മനസ്സോടെ തന്നു.

ആദ്യം മുങ്ങിപ്പോയ വാർത്ത, പിന്നീട് ട്വിസ്റ്റ്

2003 ജനുവരി 12ന് ന്യൂ ഇന്ത്യൻ എക്സ്പ്രസ്സിൽ വാർത്ത അടിച്ചു വന്നു. ചിത്രം സഹിതം. പക്ഷേ, നിരാശ തോന്നി. കോഴിക്കോട് എഡീഷനിൽ മാത്രമേ വന്നിട്ടുള്ളൂ. അതും വളരെ അപ്രധാനമായ നിലയിൽ. കാര്യമായി ആരും ശ്രദ്ധിച്ചുമില്ല. കോഴിക്കോട്ടെ ചില ടെലിവിഷൻ ചാനലുകൾ വിളിച്ചപ്പോൾ അവർ തിരിച്ചുപോയി എന്ന് പറഞ്ഞു രവിയേട്ടൻ പ്രാദേശിക ഹൈപ്പിനുള്ള സാധ്യതയും ഇല്ലാതാക്കി. വിചാരിച്ചത് പോലെ ഒന്നും നടന്നില്ല.

Dhanya-and-family ധന്യ കുടുംബത്തോ‍ടൊപ്പം

പിറ്റേന്ന് ഡൽഹിയിലെ ഇന്ത്യൻ എക്സ്പ്രസ്സ് ഓഫീസിൽ നിന്നും അപ്രതീക്ഷിതമായി ഒരു ഫോൺ. നിങ്ങൾ ഇന്നലെ എഴുതിയ വാർത്ത ന്യൂ ഇന്ത്യൻ എക്സ്പ്രസ്സിനും ഇന്ത്യൻ എക്സ്പ്രസ്സിനും പൊതുവായുള്ള എക്സ്പ്രസ്സ് ന്യൂസ് സർവീസിൽ കണ്ടു. കുറച്ചുകൂടി വിപുലമായി അതൊന്ന് മാറ്റി എഴുതി അയക്കാമോ? ഞങ്ങൾക്ക് അതു വലിയ നിലയിൽ പ്രസിദ്ധീകരിക്കാൻ ആഗ്രഹമുണ്ട്.

വലിയൊരു ട്വിസ്റ്റ്. അങ്ങനെ ജനുവരി 14ന് ഇന്ത്യൻ എക്സ്പ്രസ്സ് അതിന്റെ എല്ലാ എഡീഷനുകളിലും ഒന്നാം പേജിൽ അതീവ പ്രാധാന്യത്തോടെ ആ വാർത്ത പ്രസിദ്ധീകരിച്ചു. അവർക്ക് അന്നു ന്യൂയോർക്കിൽ ഒരു വീക്കിലി എഡീഷൻ ഉണ്ടായിരുന്നു. അതിലും ആ വാർത്ത ഇടംപിടിച്ചു. അഫ്ഗാനിസ്ഥാനിലെ യുഎൻ ഓഫീസടക്കം ആ വാർത്ത ശ്രദ്ധിച്ചു. കാബൂളിൽ തിരിച്ചെത്തിയ ധന്യയ്ക്കും ഖൊറാമിനും യുഎന്ന് കീഴിൽ ജോലി ലഭിക്കുന്നതിൽ ആ വാർത്തയും ഒരു കാരണമായി.

വർഷങ്ങൾക്കിപ്പുറം ഇപ്പോൾ താലിബാൻ വീണ്ടും അഫ്ഗാൻ പിടിച്ചെടുക്കുമ്പോൾ ധന്യ റോമിലാണ്. ഖൊറാം വയനാട്ടിൽ രവിയേട്ടനും ചേച്ചിക്കുമൊപ്പം പ്രണവം റിസോർട്ടും സ്പായും നടത്തുന്നു. നവീൻ ലണ്ടനിലെ ബിരുദപഠനത്തിന് ശേഷം വയനാട്ടിലുണ്ട്. മല്ലിക എഡിൻബറോയിൽ പഠിക്കുന്നു. ഇനിയവർ ആരും കാബൂളിലേക്ക് പോകുന്നില്ല.

ചരിത്രം വീണ്ടും ആവർത്തിക്കപ്പെടുമ്പോൾ ധന്യയെ കേരളം അറിയേണ്ടതുണ്ട്. സോവിയറ്റ് യൂണിയനിൽ പഠിക്കാൻ പോയി സോഷ്യലിസ്റ്റ് സ്വർഗം തകർന്നില്ലാതാകുന്നത് നേരിൽ കണ്ട മലയാളി വനിത. നജീബുള്ളയുടെ അഫ്‌ഗാനിസ്‌ഥാനിൽ നിന്നു സോവിയറ്റ് യൂണിയനിൽ പഠിക്കാൻ വന്ന യുവാവിനെ പ്രണയിച്ചു വിവാഹം കഴിച്ച മലയാളി യുവതി. താലിബാനു കീഴിൽ ജീവിച്ച ഏക മലയാളി വനിത.

വയനാട്ടിൽ പോയി ഖൊറാമിനെയും നവീനെയും കണ്ടും റോമിലുള്ള ധന്യയുമായി ഫോണിൽ സംസാരിച്ചും ഫീച്ചർ എഴുതുമ്പോൾ അത് വരേണ്ട പ്രസിദ്ധീകരണം ഏതെന്ന് ഉറപ്പുണ്ടായിരുന്നു: വനിത.

മറ്റെവിടെയും ഇത് വന്നാൽ ശരിയാകില്ല.

വിഷയം കേട്ട പത്രാധിപരുടെ ആവേശവും പ്രോത്സാഹനവും കൂടി ആയപ്പോൾ കാര്യങ്ങൾ ട്രാക്കിലായി.

ജീവിതത്തെ വാർധക്യം വിഴുങ്ങാൻ അനുവദിക്കാതെ ഇപ്പോഴും കർമനിരതനായ രവിയേട്ടൻ പഴയ മട്ടിൽ വീണ്ടും ചോദിക്കുന്നുണ്ട്: ഇതൊക്കെ വേണോ? അനാവശ്യമായ പൊതുശ്രദ്ധ ഞങ്ങളുടെ മേൽ ഉണ്ടാകില്ലേ?

മക്കളെ സ്വതന്ത്രരും നിർഭയരും നല്ല മനുഷ്യരുമായി വളരാൻ അനുവദിക്കുന്ന അപൂർവം മലയാളി അച്ഛനമ്മമാരിൽ പെടുന്നവരാണ് രവിയേട്ടനും രമ ചേച്ചിയും. ജീവിതത്തിലെ ഏറ്റവും പ്രതിസന്ധി നിറഞ്ഞ കാലത്തും കൂളായി അതിനെ തരണം ചെയ്ത അവരുടെ മനസ്സുകളുടെ ബലമാണ് ഏറ്റവും വിസ്മയകരം.

പരിചയപ്പെടുന്ന ഓരോ മനുഷ്യരുടെ ഉള്ളിലും സ്നേഹവും നന്മയും സൗഹൃദവും കാരുണ്യവുമായി എല്ലാം മാറുന്ന ആ മനുഷ്യരുടെ മകൾക്ക് മാത്രമാണ് ഇത്ര ധീരമായി ജീവിതത്തെ സമീപിക്കാൻ ആവുകയുമുള്ളൂ.

ചരിത്രത്തിലെ ഒരടയാളപ്പെടുത്തൽ ധന്യയും മാതാപിതാക്കളും അർഹിക്കുന്നുണ്ട്.