Saturday 30 July 2022 11:32 AM IST

‘തേങ്ങ പൊതിക്കലൊക്കെ ചുമ്മാ ഈസിയല്ലേ...’: മലയാളിയുടെ പണി എളുപ്പമാക്കി, ‘പാര പണിഞ്ഞവർ’ ഇതാ

Rakhy Raz

Sub Editor

para-invention പ്രഫസർ ജോബി ബാസ്റ്റിൻ, ഡോ. ജിപ്പു ജേക്കബ്

കേരളത്തിലെ ഒട്ടു മിക്ക ആളുകളും 28 വർഷമായി തേങ്ങ പൊതിക്കാൻ ഉപയോഗിക്കുന്ന പാര യുടെ നിർമ്മാതാക്കളെ അറിയാം...

‘ചേട്ടാ ആ തേങ്ങയൊന്ന് പൊതിച്ചു തരാമോ’ എന്ന് ചോദിച്ചു മടുത്ത വീട്ടമ്മമാരും, ഭാര്യയുടെ മുന്നിൽ തേങ്ങപൊതിച്ചു വിയർത്ത ഭർത്താക്കന്മാരും ഈ പാരയ്ക്ക് നന്ദി പറയാതിരുന്നിട്ടുണ്ടാകില്ല. പക്ഷേ ആരാണ് ഇതിന്റെ നിർമാതാവ് എന്നു ചോദിച്ചാൽ പലർക്കും ഉത്തരമുണ്ടാകില്ല.

ഏതു ദുർബലനായ വ്യക്തിക്കും തേങ്ങ പൊതിക്കൽ ഒരു പ്രശ്നമല്ലാതാക്കിയ ആ പാര വയ്പുകാർ ഇതാ ഇവിടെയുണ്ട്.

ചെറായിക്കാരനായ ഡോ. ജിപ്പു ജേക്കബും പുഞ്ഞാറുകാരനായ ഡോ. ജോബി ബാസ്റ്റിനും ചേർന്ന് ഇരുപത്തിയേഴു കൊല്ലം മുൻപ് കണ്ടുപിടിച്ച പാരയാണ് ഇന്നും കേരളത്തിന്റെ പ്രിയപ്പെട്ട പാര.

‘‘ ഞങ്ങൾ രണ്ടു പേരും കേരള കാർഷിക സർവകലാശാലയുടെ തവനൂരുള്ള കേളപ്പജി കോളജ് ഓഫ് അഗ്രിക്കൾച്ചറൽ എൻജിനീയറിങ്ങിൽ അധ്യാപകരായിരിക്കെയാണ് ഈ കണ്ടുപിടുത്തതിലേക്ക് ഇറങ്ങുന്നത്. അവിടത്തെ ഹെഡ് ഓഫ് ദ് ഡിപ്പാർട്ട്മെന്റ് പ്രഫ. സി.ഡി. മുഹമ്മദ് തേങ്ങ പൊതിക്കുന്ന പാരയുടെ ഒരു വിദേശ മോഡൽ ബ്ലൂ പ്ലിന്റ് ഞങ്ങളെ ഏൽപിച്ചു. ഇതുപോലെ ഒന്ന് ഇവിടെ ഉണ്ടാക്കാൻ സാധിക്കുമോ എന്നു ചോദിച്ചു. ഇതിനിടെ സാറിന് ഒരു വിദേശ അസൈൻമെന്റ് ലഭിച്ചതിനാൽ അദ്ദേഹം പോയി. ഞാനായി കോളജിന്റെ അടുത്ത ഹെഡ് ഓഫ് ദ് ഡിപ്പാർട്ടുമെന്റ്. ജോബി എന്റെ ആത്മസുഹൃത്തായിരുന്നു. മുഹമമദ് സാർ ഏൽപിച്ച ആശയം മുന്നോട്ടു കൊണ്ടുപോകാൻ തന്നെ ഞങ്ങൾ തീരുമാനിച്ചു. ’’

സാർ തന്ന വിദേശ മാതൃക ഉപയോഗിക്കാൻ ഒട്ടും എളുപ്പമുള്ളതായിരുന്നില്ല. സ്ത്രീകൾക്കും കുട്ടികൾക്കും വരെ ഉപയോഗിക്കാൻ കഴിയുന്നതാകണം ഞങ്ങളുണ്ടാക്കുന്ന പാര എന്ന് നിർബന്ധമുണ്ടായിരുന്നു. അതിനായി കൊടിലിന്റെ മാതൃകയാണ് അടിസ്ഥാനമായി സ്വീകരിച്ചത്. കൊടിലിന്റെ മുന കൂർപ്പിച്ചാലും കുത്തിയിറക്കുക ബുദ്ധിമുട്ടാണ്. അതുകൊണ്ട് അവ തിരിച്ചു വച്ചാലോ എന്നാലോചിച്ചു. പാര മണ്ണിൽ കുത്തി വച്ച് തേങ്ങ പൊതിക്കുന്ന രീതിയുണ്ടല്ലോ. തേങ്ങയിലേക്ക് പാര കുത്തിയിറക്കുക എളുപ്പമാണ്. അല്പം ശക്തിയായി പാരയിലേക്ക് തേങ്ങ കുത്തിയാൽ മതിയാകും. പക്ഷെ പൊളിക്കുക പാരയിൽ എളുപ്പമല്ല. പാരയുടെ കുത്തലും കൊടിലിന്റെ പൊളിയ്ക്കലും ചേർന്നാൽ നന്നാകും എന്നു തോന്നി. പക്ഷേ കൊടിലിന്റേതുപോലെയാണ് ഹാൻഡിലിന്റെ ആകൃതിയെങ്കിൽ വീണ്ടും കാര്യം ബുദ്ധിമുട്ടാകും. അങ്ങനെയാണ് വശത്തേക്കുള്ള ഹാൻഡിൽ നിർമിക്കുന്നത്.

para-2

1995 ആഗസ്റ്റ് ഇരുപത്തിയഞ്ചാം തീയതി തേങ്ങ പൊതിക്കുന്ന പാരയ്ക്കായുള്ള പേറ്റൻറ് പ്രഫ. ജിപ്പു ജേക്കബിനും ജോബി ബാസ്റ്റിനും സ്വന്തമായി. അതായത് ഈ പാര നിർമിക്കാനുള്ള അവകാശം ഇവർക്കു മാത്രം. പക്ഷെ ജിപ്പു സാറിനും ജോബി സാറിനും പേറ്റന്റിന്റെ പണമൊന്നും വേണ്ട. പരമാവധി ആളുകൾ അത് ജീവിതത്തിൽ പ്രയോജനപ്പെടുത്തട്ടേ എന്നതാണ് ഇരുവരുടെയും ആഗ്രഹം.

ഇന്ന് കേരളത്തിലങ്ങോളമിങ്ങോളം പല ഇരുമ്പ് കടകളിലും ഈ പാര ലഭ്യമാണ്. ഉപയോഗിക്കുന്നവർ ധാരാളവും. കണ്ടുപിടിക്കുക എന്നതിലെ ഹരം മാത്രം ഇവർക്കു സ്വന്തം.

para-3

തേങ്ങ പൊതിക്കുന്ന പാര കൂടാതെ ചവിട്ടി പ്രവർത്തിപ്പിക്കുന്ന കറവ യന്ത്രം, ചൂട് കഞ്ഞിവെള്ളം ശരീരത്തിൽ വീഴാതെ വാർക്കാൻ കഴിയുന്ന വാർപ്പു പാത്രം എന്നിവയും ഡോ. ജിപ്പു ജേക്കബ് നിർമിക്കുകയും പേറ്റന്റ് സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്.

2010 ൽ തവനൂർ കോളജിലെ അസോസിയേറ്റ് പ്രഫസറും ഡീനും ആയി സേവനമനുഷ്ഠിച്ച ശേഷം റിട്ടയർ ചെയ്ത പ്രഫ. ജിപ്പു ജേക്കബ് ഇപ്പോൾ കാഞ്ഞിരപ്പള്ളി അമർജ്യോതി എൻജിനീയറിങ് കോളജിൽ മെക്കാനിക്കൽ വിഭാഗത്തിൽ പ്രഫസറായി സേവനം അനുഷ്ഠിക്കുന്നു. പ്രഫ. ജോബി ബാസ്റ്റിൻ ഇപ്പോൾ കേരള കാർഷിക സർവകലാശാലയുടെ മങ്കൊമ്പ് റീജ്യണൽ അഗ്രിക്കൾച്ചറൽ റിസർച്ച് സ്റ്റേഷനിൽ പ്രഫസറാണ്.