Saturday 22 February 2020 10:46 AM IST : By സ്വന്തം ലേഖകൻ

ശസ്ത്രക്രിയക്ക് ശേഷം മാംസം മൂടാൻ മറന്നു; ഡോക്ടർമാരുടെ അബദ്ധം മാളവികയ്ക്ക് തിരികെ നൽകിയത് ജീവിതം; കുറിപ്പ്

malavika

വിധിയുടെ തമാശ അങ്ങനെയാണ്. ഒരൊറ്റ നിമിഷത്തിൽ ജീവിതം കീഴ്മേൽ മറിക്കും. മറുനിമിഷത്തിൽ വേദനിപ്പിച്ചതിനെല്ലാം ചേർത്ത് അതേ വിധി പ്രായശ്ചിത്തം ചെയ്യും. മാളവിക അയ്യറുടെ ജീവിതത്തിലും കാണും വിധി നടപ്പാക്കിയ ഇതേ നാടകീയത. പതിമൂന്നാം വയസിൽ മാളവികയുടെ കയ്യിലിരുന്ന് ഗ്രനേഡ് പൊട്ടിത്തെറിക്കുമ്പോൾ ആ ജീവിതം തന്നെ തുലാസിലാകുമായിരുന്നു. ബിക്കാനീറിലുണ്ടായ ഗ്രനേഡ് ആക്രമണത്തിലാണ് മാളവികയ്ക്ക് കൈകൾ നഷ്ടമായി. പതിമൂന്ന് വയസിന്റെ പക്വതയിൽ എന്താണ് സംഭവിക്കുന്നതെന്ന് പോലും തിരിച്ചറിയാതെ പോയ നിമിഷങ്ങൾ.

ആശുപത്രിലേക്ക് മാളവികയെത്തുമ്പോഴാണ് കാര്യങ്ങൾ വീണ്ടും കീഴ്മേൽ മറിയുന്നത്. മാളവികയുടെ  ജീവൻ രക്ഷിക്കാനുള്ള തിരക്കിൽ ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാർക്കു പറ്റിയ അബദ്ധം മുറിവിൽ മുളകു പുരട്ടുന്ന മറ്റൊരു വേദനയായി. പക്ഷേ ‘ഉർവശി ശാപം ഉപകാരമെന്ന’ പോലെ വിധി മാളവികയെ തുണച്ചു. അമ്പരപ്പും അത്ഭുതവും നിറയുന്ന ആ വാർത്ത സോഷ്യൽ മീഡിയയിലും നിറയുകയാണ്.

'ബോംബ് വീണ് എന്റെ കൈകൾക്ക് ഗുരുതരമായി പരുക്കേറ്റിപ്പോള്‍ എന്‍റെ ജീവന്‍ രക്ഷിക്കാനുള്ള തിരക്കില്‍ വലിയ സമ്മര്‍ദത്തിലായിരുന്നു ഡോക്ടര്‍മാര്‍. അങ്ങനെയാണ് വലതുകൈയ്ക്ക് നടത്തിയ ശസ്ത്രക്രിയയിൽ  അബദ്ധം പറ്റുന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷം മാംസം തുന്നിച്ചേർക്കാതെയാണ് അവർ വലതുകൈ വച്ചുകെട്ടിയത്. വേദനകൊണ്ട് പുളഞ്ഞ  ഞാൻ മരണം നേരിൽ കണ്ട നിമിഷങ്ങളായിരുന്നു അത്. എന്നാൽ അദ്ഭുതം എന്നു പറയാം, വലതുകൈയിൽ  വച്ചുകെട്ടിയ സ്റ്റമ്പിനൊപ്പം ഒരു അസ്ഥിയും ഉണ്ടായിരുന്നു. ഡോക്ടർമാർക്കു സംഭവിച്ച ആ  അബദ്ധം കൊണ്ടാണ് ഞാന്‍ പിഎച്ച്ഡി പൂര്‍ത്തിയാക്കിയത്. എനിക്കുള്ള ഈ ഒരു വിരൽ ഉപയോഗിച്ചാണ് പിഎച്ച്ഡി പ്രബന്ധം മുഴുവൻ ടൈപ്പ് ചെയ്തത്' - മാളവിക കുറിച്ചു.

‘അസ്ഥിവിരൽ’ എന്ന് അതിനെ സ്നേഹത്തോടെ വിളിക്കാനാണ് എനിക്കിപ്പോൾ ഇഷ്ടം എന്നും മാളവിക പറയുന്നു. മാളവികയുടെ ട്വീറ്റ് വൈറലാവുകയും ചെയ്തു.