Monday 29 November 2021 05:37 PM IST : By സ്വന്തം ലേഖകൻ

പിങ്ക് പൊലീസിന്റെ നടപടി കാക്കിയുടെ അഹങ്കാരം, ഉദ്യോഗസ്ഥയുടെ നടപടി നീതീകരിക്കാനാവില്ല: കേരള ഹൈക്കോടതി

pink-police-Attingal-cover

മോഷണക്കുറ്റം ആരോപിച്ച് ആറ്റിങ്ങലില്‍ അച്ഛനെയും മകളെയും പരസ്യമായി ചോദ്യം ചെയ്ത പിങ്ക് പൊലീസിന്റെ നടപടി കാക്കിയുടെ അഹങ്കാരമാണെന്നും ഉദ്യോഗസ്ഥയുടെ നടപടി നീതീകരിക്കാനാവില്ലെന്നും കേരള ഹൈക്കോടതി പറഞ്ഞു. മൊബൈൽ ഫോൺ സുരക്ഷിതമായി സൂക്ഷിക്കേണ്ടത് പൊലീസുകാരിയുടെ ചുമതല ആണ്. എന്തിനാണ് കുട്ടിയെ ചോദ്യം ചെയ്തതെന്നും കോടതി ചോദിച്ചു. കുട്ടിയെ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ ചോദ്യം ചെയ്യുന്ന ദൃശ്യങ്ങൾ പരിശോധിച്ച കോടതി, ദൃശ്യങ്ങള്‍ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണെന്ന് പറഞ്ഞു. ആറ്റിങ്ങൽ പിങ്ക് പൊലീസ് അതിക്രമത്തിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി.

ഈ പൊലീസ് ഉദ്യോഗസ്ഥ ഒരു അമ്മയാണോ, അവര്‍ സ്ത്രീയാണോ? പൊലീസ് ഇത്തരത്തിൽ പെരുമാറുന്നതു കൊണ്ടാണ് ഇവിടെ ആത്മഹത്യകൾ വരെ ഉണ്ടാകുന്നതെന്നും കോടതി പറഞ്ഞു. പൊലീസിനോട് തിരിച്ചെന്തെങ്കിലും പറഞ്ഞാൽ കേസെടുക്കാനാണ് ശ്രമം. സംഭവത്തിൽ ക്ഷമാപണം നടത്താന്‍ ഉദ്യോഗസ്ഥ തയാറാകാത്തത് സങ്കടകരമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

കാണാതിരുന്ന തന്റെ മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ച് പിങ്ക് പൊലീസ് ഉദ്യോഗസ്ഥ ബാലികയെയും പിതാവിനെയും പരസ്യമായി അവഹേളിച്ചു. പിന്നീട് സ്വന്തം ബാഗിൽ മൊബൈൽ ഫോൺ കണ്ടെത്തി. പൊലീസിനെതിരെ നടപടിയെടുക്കണമെന്നും നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് ബാലിക ഹൈക്കോടതിയെ സമീപിച്ചു.