Thursday 21 July 2022 04:30 PM IST

ആരുമറിയാത്ത നേരങ്ങളിൽ അയാൾ പെണ്ണാകും; ടീന, അണിഞ്ഞൊരുങ്ങാൻ ഇഷ്ടമുള്ള ഒരാണ്

Binsha Muhammed

teena-lady-man

ലക്ഷണമൊത്ത ആണാണ് അയാൾ. നോക്കിലും വാക്കിലും വ്യക്തിത്വത്തിലുമൊക്കെ എല്ലാം പുരുഷൻ. പക്ഷേ ചില നേരങ്ങളിൽ, വ്യക്തമായി പറഞ്ഞാൾ അയാൾ അയാളിലേക്ക് തന്നെ ചുരുങ്ങുന്ന ഇഷ്ടനേരങ്ങളിൽ അയാളൊരു പെണ്ണാകും. കണ്ണെഴുതി കരിമഷിയണിഞ്ഞ് ചുണ്ടുകളിൽ ‍‍െചഞ്ചായം പൂശി സുന്ദരിപ്പെണ്ണായ് അണിഞ്ഞൊരുങ്ങും. സാരിയും ടോപ്പും ചുരിദാറുമൊക്കെ അണിഞ്ഞ് അയാളെത്തുമ്പോൾ ‘ആൺപിറന്നോനെന്ന്’ ആരും പറയില്ല.

പെണ്ണായ് അണിഞ്ഞൊരുങ്ങുമ്പോൾ ടീനയാകുന്ന ആ മനുഷ്യനെ അടയാളപ്പെടുത്തുമ്പോൾ ചോദ്യങ്ങൾ ഒരുപാടുണ്ടാകാം. ട്രാൻസ് ജെൻഡറാണോ, ഗേയാണോ, ബൈ സെക്ഷ്വൽ ആണോ... അങ്ങനെ എത്രയെത്ര ചോദ്യങ്ങൾ. പക്ഷേ, എല്ലാത്തിനുമുള്ള ആദ്യത്തെ ഉത്തരം അയാളൊരു പുരുഷനാണ് എന്നു തന്നെയാണ്. പിന്നെ എന്തേ ഇങ്ങനെ? എന്ന ജിജ്ഞാസ കലർന്ന ചോദ്യങ്ങൾക്ക് ‘ടീനയുടെ’ ഫെയ്സ്ബുക്ക് ബയോ ഒറ്റവാക്കില്‍ മറുപടി നൽകും. ‘അണിഞ്ഞൊരുങ്ങാൻ ഇഷ്ടമുള്ള ഒരാണ്.’ പക്ഷേ ആ രഹസ്യം അറിയുന്നവർ അയാളുടെ ചുറ്റും നിഴലായി നിൽക്കുന്ന ഭാര്യയുൾപ്പെടെയുള്ള വിരലിലെണ്ണാവുന്ന ആൾക്കാർ മാത്രം.

ടീനയെന്ന ഫെയ്സ്ബുക്ക് ഐഡിയിലൂടെ പെണ്ണഴകിന്റെ നേർചിത്രമായി നിൽക്കുന്ന ടീനയുടെ കഥ വായനക്കാരോടു പറയുമ്പോൾ ചില പരിമിതികളുണ്ട്. സ്വത്വം കൊണ്ടും രൂപം കൊണ്ടും ആണായി സമൂഹത്തിനിടയിൽ ജീവിക്കുന്ന ആ മനുഷ്യന്റെ യഥാർത്ഥ പേര്, സ്വകാര്യതയെ കരുതി ഇവിടെ പരാമർശിക്കുന്നില്ല. മറിച്ച് ഉള്ളിന്റെയുള്ളിൽ നിന്നും ഇടയ്ക്കിടെ തലപൊക്കുന്ന അയാളുടെ പെൺമയുടെ കഥ, അതിന്റെ കാരണം എല്ലാത്തിനുമുള്ള ഉത്തരം അയാളുടെ വാക്കുകളിലുണ്ട്. പേര് വെളിപ്പെടുത്താത്ത മനുഷ്യൻ ‘ടീനയായി’ വായനക്കാരോടു മനസുതുറക്കുന്നു.

ഉള്ളിലുറങ്ങുന്നു പെൺമ

ആൾമാറാട്ടത്തിനു നിന്നിട്ടില്ല. ട്രാൻസ് ജെൻ‌ഡറോ, ഗേയോ അല്ല. എന്തിനു പറയണം എന്റെ ഈ അപൂർവമായ ഹോബി കൊണ്ട് ആർക്കും ഇന്നുവരെയും ഒരു ശല്യവും ഞാനുണ്ടാക്കിയിട്ടില്ല. ഈ പെൺരൂപം, ഈ അണിഞ്ഞൊരുങ്ങൽ... എല്ലാം എന്റെ മനസിനെ ഞാനായി പറഞ്ഞു പഠിപ്പിച്ചെടുത്ത ഭ്രാന്തമായൊരു ഇഷ്ടമാണ്. എനിക്കു മാത്രം മനസിലാകുന്ന ഇഷ്ടം. അതിനെ നിങ്ങൾ ക്രോസ് ഡ്രസിങ് എന്നു വിളിച്ചോളൂ.– ടീന പറഞ്ഞു തുടങ്ങുകയാണ്.

ജനനം കൊണ്ട് ആണാണ് ഞാൻ. ഇക്കഴിഞ്ഞ 42 വർഷത്തിനിടയ്ക്ക് ആണായാണ് സമൂഹത്തിൽ ജീവിക്കുന്നത്. വ്യക്തമായി പറഞ്ഞാൽ അന്നും ഇന്നും പെണ്ണിനോടു തന്നെയാണ് എന്റെ ആകർഷണം.. പക്ഷേ, പെണ്ണായി അണിഞ്ഞൊരുങ്ങാനുള്ള എന്റെ ഇഷ്ടത്തിനു പിന്നിൽ വലിയൊരു കഥയുണ്ട്.

എറണാകുളമാണ് സ്വദേശം. സ്കൂളിങ്ങും ഇവിടെത്തന്നെയായിരുന്നു. അന്ന് അഞ്ചാം ക്ലാസുകാരനായ എന്നോട് അയൽപക്കത്തുള്ള ചേട്ടന് വലിയ വാത്സല്യമായിരുന്നു. ആ സ്നേഹം പരിധി വിടാൻ തുടങ്ങി എന്നു പിന്നെയാണ് മനസിലാകുന്നത്. നീണ്ട ആറു വർഷത്തോളം അയാളെന്നെ സെക്ഷ്വലി അബ്യൂസ് ചെയ്തു. ആ സംഭവങ്ങൾ എന്നെ മനസിനെ കൊണ്ടെത്തിച്ചത് വല്ലാത്തൊരു മാനസികാവസ്ഥയിലാണ്. ഓരോ തവണം അയാളെന്നെ സെക്ഷ്വലി അബ്യൂസ് ചെയ്യുമ്പോഴും ഞാനൊരു പെണ്ണാണോ എന്ന ചിന്ത മനസിൽ കടന്നു കൂടി. അന്ന് വിശാലമായി ചിന്തിക്കാനുള്ള പക്വതയും പാകതയും എനിക്കില്ലാതെ പോയി. ഓപ്പോസിറ്റ് സെക്സിനോട് തോന്നുന്നതല്ലേ ഇതെല്ലാം... ഞാനും ആ രീതിയിൽ മാനസികമായി ടോണ്‍ ചെയ്യപ്പെട്ടോ എന്നൊരു തോന്നൽ മാത്രം.

പത്താം ക്ലാസു കഴിഞ്ഞ് വീടുമാറി മറ്റൊരിടത്തേക്ക് പോകും വരെ ആ ബന്ധവും ആ ചിന്തയും സമാനമായ രീതിയിൽ തുടർന്നു? ഞാനൊരു പെണ്ണാണോ? അതു കൊണ്ടാണോ ഇങ്ങനെയൊരു അടുപ്പവും ബന്ധവും എന്ന തോന്നൽ...

ആരുമില്ലാത്ത നേരങ്ങളിൽ അമ്മയുടെ സാരി, നൈറ്റി, കമ്മൽ, നൈൽ പോളിഷ് എന്നിവ ഉപയോഗിച്ചു തുടങ്ങി. സ്കൂളിൽ ഒരിക്കൽ നാടകത്തിന് പെണ്ണായി വേഷം കെട്ടേണ്ടി വന്നപ്പോൾ അത്യാവേശത്തോടെ അണിഞ്ഞൊരുങ്ങാൻ തയ്യാറായി. അമ്മയോടു പറഞ്ഞ് മേക്കപ്പ് സാധനങ്ങളും കോസ്റ്റ്യൂമും ഒക്കെ താത്പര്യത്തോടെ വാങ്ങി. അമ്മയ്ക്കും അതു വലിയ സന്തോഷമായിരുന്നു. അതിൽ പിന്നെ ഓരോ തവണയും നാടകത്തിനെന്നു പറഞ്ഞ് കള്ളം പറഞ്ഞ് കോസ്റ്റ്യൂമും മേക്കപ്പ് സാധനങ്ങളും വാങ്ങാൻ അമ്മയിൽ നിന്ന് കാശ് മേടിച്ചു. കോളജിൽ ചേരുമ്പോഴും ആ കള്ളത്തിനു മാറ്റമുണ്ടായില്ല. നാടകമെന്നും പ്രോഗ്രാമെന്നുമൊക്കെ കള്ളം പറഞ്ഞ് ഓരോ തവണയും ഞാനൊരുങ്ങി... അടിമുടി പെണ്ണായി.

പെണ്ണായി ഒരുങ്ങുമ്പോൾ ഞാൻ എങ്ങനെയുണ്ടാകും എന്ന് കാണാനുള്ള പൂതിയായി പിന്നീട്. ക്യാമറയുള്ള കൂട്ടുകാരനോട് പള്ളിയിൽ ഒരു നാടകമുണ്ടെന്നും ഡ്രസ് റിഹേഴ്സൽ വേണമെന്നും പറഞ്ഞ് അവനെക്കൊണ്ട് ഒരു ഫോട്ടോ എടുപ്പിച്ചു. പെണ്ണായി ഒരുങ്ങിയാൽ ശരിയാകുമോ എന്നറിയാനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് അവനോടും ആദ്യം കള്ളം പറഞ്ഞു. പക്ഷേ, ഞങ്ങൾ മാത്രമുള്ള ആ നിമിഷങ്ങളിൽ ഒരു നിമിഷം. കൃത്യമായി പറഞ്ഞാൽ പെണ്ണായി ഞാനൊരുങ്ങിയ നിമിഷം. ഞങ്ങൾക്കിടയിലും വല്ലാത്തൊരു അടുപ്പം ഉണ്ടായി. അത് ഫിസിക്കൽ റിലേഷനിലേക്ക് വരെയെത്തി എന്നത് മറ്റൊരു സത്യം. കാലം കടന്നു പോകുമ്പോൾ ആ ഓർമകൾ ഞങ്ങൾക്ക് രണ്ടുപേർക്കും വെറുമൊരു ഓർമ മാത്രമാണ്. അവൻ ഇന്ന് വിവാഹം കഴിഞ്ഞ് സുഖമായി ജീവിക്കുന്നു. എന്റെ ഈ രഹസ്യം അറിയാവുന്ന നല്ലൊരു സുഹൃത്ത് കൂടിയാണ് ആ കുട്ടുകാരൻ. പിന്നെ എല്ലാത്തിനും തുടക്കമിട്ട എന്നെ സെക്ഷ്വലി അബ്യൂസ് ചെയ്ത അയൽപക്കത്തെ ആ ചേട്ടന്‍. പത്താം ക്ലാസിൽ വീടു മാറിയ ശേഷം ഒരിക്കൽ മാത്രം അയാളെ അകലെ നിന്നു കണ്ടു. അത്ര തന്നെ.

teena-2

എനിക്കും എന്റെ മനസിനും അറിയുന്ന രഹസ്യം

കടന്നു പോയ സംഭവങ്ങള്‍ നല്ലതെന്നോ ചീത്തയെന്നോ ഞാൻ പറയുന്നില്ല. അയൽപക്കത്തുള്ള വ്യക്തിയുമായും സുഹൃത്തുമായും ബന്ധം ഉണ്ടാകുമ്പോഴും അരുതാത്തതാണ് സംഭവിക്കുന്നതെന്നും ഇതൊന്നും നല്ലതല്ല എന്നുമുള്ള തോന്നൽ ഉള്ളിലുണ്ടായിരുന്നു. അതിനേക്കാളേറെ ആ ബന്ധങ്ങളെ തുടർന്ന് എനിക്കുണ്ടായ പെണ്ണായി ഒരുങ്ങാനുള്ള ഇഷ്ടം അറിയുമോ എന്നുള്ള കാര്യത്തിൽ ഞാൻ ഇന്നത്തെപ്പോലെ അന്നും കോൺഷ്യസ് ആയിരുന്നു. ആരെങ്കിലും അറിയുമോ നാണക്കേടാകുമോ ഞാൻ മോശക്കാരൻ ആകുമോ എന്നൊരു ഉൾഭയം എപ്പോഴുമുണ്ടായിരുന്നു. പക്ഷേ ഇഷ്ടം മാത്രം മനസിൽ പറിച്ചു വിടാനാകാത്ത വിധം അള്ളിപിടിച്ചിരുന്നു.

ഓരോ തവണ ഒരുങ്ങുമ്പോഴും കൃത്യമായ തയ്യാറെടുപ്പുകൾ നടത്താറുണ്ട്. ബ്ലൗസ്, സാരി, മേക്കപ്പ് സാധനങ്ങൾ എല്ലാം ഞാന്‍ തന്നെ വാങ്ങി രഹസ്യമായി സൂക്ഷിച്ചു. ഓരോ തവണ ഒരുങ്ങിക്കഴിയുമ്പോഴും ഒരു കുറ്റബോധം മനസിൽ ഉണ്ടാകും. ചില ഫൊട്ടോസ് ഞാൻ തന്നെ കീറി കളഞ്ഞിട്ടുണ്ട്. പക്ഷേ വീണ്ടും വീണ്ടും ഞാൻ ആ ഇഷ്ടത്തിലേക്ക് യാന്ത്രികമായി വീണു കൊണ്ടേയിരുന്നു. അപ്പോഴും ഒരു കാര്യം ആവർത്തിച്ചു പറയട്ടെ, എന്റെ ഇഷ്ടങ്ങളും വികാരങ്ങളും പുരുഷന്റേതു തന്നെയായിരുന്നു. എന്നെ ആകർഷിച്ചതും പെൺകുട്ടികളായിരുന്നു.

പഠനം കഴിഞ്ഞ് ബിസിനസിലേക്കാണ് ഇറങ്ങിയത്. അന്ന് എന്റെ ഓഫീസിന് അടുത്തുള്ള ഒരു പെൺകുട്ടിയോട് എനിക്ക് അടുപ്പമുണ്ടായി. ഞങ്ങൾ രണ്ടു പേരും ഒന്നാന്തരമായി തന്നെ പ്രണയിച്ചു. വിവാഹം എന്ന ഘട്ടത്തിലേക്ക് അടുത്തപ്പോൾ എനിക്ക് അവളോട് എല്ലാം പറയണമെന്ന് തോന്നി. മനസു തുറന്ന് എന്റെയുള്ളിലെ ‘പെൺ ഇഷ്ടത്തെക്കുറിച്ചു പറഞ്ഞപ്പോൾ അവൾ സ്റ്റക്കായി പോയി. പക്ഷേ ക്ഷമയോടെ അവൾ കാര്യങ്ങൾ മനസിലാക്കി. എനിക്കുറപ്പുണ്ട് വേറെ ഏത് പെണ്ണാണെങ്കിലും ആ നിമിഷം ആ ബന്ധം അപ്പാടെ ഉപേക്ഷിക്കുമായിരുന്നു. എല്ലാവരുടേയും അനുഗ്രഹത്തോടെ ഞങ്ങൾ ഒന്നായി. വിവാഹത്തോടെ എന്റെ ഈ രഹസ്യം അറിയുന്ന ഒരാൾ കൂടിയുണ്ടായി. എന്റെ ഭാര്യ... അവൾക്കറിയാം എന്റെ ഈ ഇഷ്ടം. എന്നെപ്പോലെ തന്നെ അവളും അതു മനസിൽ സൂക്ഷിക്കുന്നു. ഞങ്ങൾക്ക് രണ്ട് കുട്ടികൾ.

എന്റെ ഈ വ്യത്യസ്തമായ ഇഷ്ടം സോഷ്യൽ മീഡിയയിൽ പരസ്യപ്പെടുത്തണമെന്ന് ഒരിക്കലും തോന്നിയിട്ടില്ല. പക്ഷേ, ലോക്ഡൗണിലെ വിരസമായ ഇടവേളയും ബിസിനസിലുണ്ടായ ചില ചീറ്റിങ്ങുകളും എന്നെ വല്ലാതെ തളർത്തി. അന്നേരം സോഷ്യൽ മീഡിയയായിരുന്നു എന്റെ ലോകം. ടീന എന്ന പേരിൽ എന്റെ യഥാർത്ഥ പേരോ എന്നെ സംബന്ധിക്കുന്ന വിവരങ്ങളോ നൽകാതെ ഒരു പേജ് തുടങ്ങിയത് അങ്ങനെയാണ്. അതൊരിക്കലും ആൾമാറാട്ടമോ, ചീറ്റിങ്ങോ ആയിരുന്നില്ല. അണിഞ്ഞൊരുങ്ങാൻ ഇഷ്ടമുള്ള ആണ് എന്ന് കൃത്യമായി ഞാൻ ബയോയിൽ പറഞ്ഞിട്ടുണ്ട്. പിന്നെ മേൽപ്പറഞ്ഞതു പോലെ ഈ രൂപം വച്ച് ഞാനൊരു ചീറ്റിങ്ങിനോ ഫ്രോഡ് പരിപാടികൾക്കോ നിന്നിന്നിട്ടില്ല.

teena-4

സോഷ്യൽ മീഡ‍ിയയിൽ ചില കമന്റുകൾ കാണുമ്പോൾ മനസു വല്ലാതെ വിഷമിക്കാറുണ്ട്. അയാളുടെ ഭാര്യയുടെ വിധി, കഷ്ടം തന്നെ എന്നൊക്കെ. അതൊക്കെ ഞങ്ങളുടെ മാത്രം കാര്യമല്ലേ. ഞങ്ങൾക്ക് വിടൂ. ഏറ്റൊവും ഒടുവിൽ എത്രനാൾ ഇങ്ങനെയെന്ന ചോദ്യം. ഞാൻ മരിക്കും വരെ എന്നു മാത്രമാണ് അതിനുള്ള ഉത്തരം. ഇതെനിക്കും എന്റെ മനസിനും മാത്രം മനസിലാകുന്ന എന്റെ മാത്രം ഇഷ്ടമാണ്. അത് മറ്റൊരാളുടെ കണ്ണുകൊണ്ട് നിർവചിക്കാനോ വിധിയെഴുതാനോ കഴിയില്ല.– ടീനയെന്ന ആ പുരുഷൻ പറഞ്ഞു നിർത്തി.