Monday 23 May 2022 12:43 PM IST : By സ്വന്തം ലേഖകൻ

‘എനിക്കങ്ങ് വരണം അച്ഛാ... ഇവിടെ നിർത്തിയിട്ടു പോയാൽ എന്നെ കാണില്ല’: ആദ്യനാൾ മുതൽ പീഡനം

vismaya-father

ആദ്യനാൾ മുതൽ പീഡനം ശബ്ദരേഖ പുറത്ത്

കൊല്ലം ∙ വിവാഹത്തിന്റെ ആദ്യ ദിവസം മുതൽ തന്നെ വിസ്മയ സ്ത്രീധനത്തിന്റെ പേരിൽ ശാരീരിക മാനസിക പീഡനങ്ങൾക്ക് ഇരയായിരുന്നെന്ന് തെളിയിക്കുന്ന ശബ്ദരേഖ പുറത്ത്. വിവാഹം കഴിഞ്ഞ് ഒൻപതാം ദിവസം വിസ്മയ അച്ഛൻ ത്രിവിക്രമനോട് ഇങ്ങനെ തുടരാൻ വയ്യെന്നും താൻ ആത്മഹത്യ ചെയ്തു പോകുമെന്നും കരഞ്ഞു പറയുന്ന ശബ്ദസന്ദേശമാണ് പുറത്തുവന്നത്. സംഭാഷണം ഇങ്ങനെ;

‘‘ഇവിടെ നിർത്തിയിട്ടു പോകുവാണെങ്കിൽ എന്നെ കാണത്തില്ല നോക്കിക്കോ.. ഞാനെന്തെങ്കിലും ചെയ്യും അച്ഛാ.. എന്നെക്കൊണ്ട് പറ്റത്തില്ല..
എനിക്കങ്ങ് വരണം അച്ഛാ.. എനിക്കിവിടെ പേടിയാ..’’
‘‘ഇങ്ങ് പോര്.. കുഴപ്പമില്ല’’
‘‘എന്നെ അടിക്കും അച്ഛാ.. എനിക്ക് പേടിയാ..’’
‘‘ഇങ്ങ് പോര്.. പോര്’’
‘‘എനിക്കിവിടെ വയ്യ അച്ഛാ.. എന്നെ അടിക്കും അച്ഛാ, ഇവിടുന്ന് ഇറങ്ങി പോവാനൊക്കെ പറഞ്ഞൂ..’’
‘‘അതൊക്കെ ദേഷ്യം വരുമ്പോ പറയുന്നതല്ലേ.. അങ്ങനൊക്കെ തന്നെ മക്കളെ ജീവിതം’’
‘‘എന്നെ അടിക്കും അച്ഛാ..’’
‘‘അത് നേരത്തെയല്ലേ..?’’
‘‘എന്നെക്കൊണ്ട് പറ്റൂല്ല അച്ഛാ.. ഇവിടെ നിർത്തിയിട്ടു പോയാൽ എന്നെ കാണില്ല’’

2020 മേയ് 30 നാണ് അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ ആയിരുന്ന കിരൺകുമാർ വിസ്മയയെ വിവാഹം കഴിക്കുന്നത്. 2021 ജൂൺ 21 നാണ് കിരണിന്റെ കൊല്ലം പോരുവഴിയിലെ വീട്ടിൽ വിസ്മയയെ തൂങ്ങിയ നിലയിൽ കണ്ടെത്തുന്നത്.

സ്ത്രീധനവും സമ്മാനമായി നല്‍കിയ കാറും  തന്‍റെ പദവിക്ക് കുറഞ്ഞുപോയെന്ന് പറഞ്ഞ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ കിരണ്‍കുമാര്‍ ഭാര്യയെ മര്‍ദിച്ച് ആത്മഹത്യയിലേക്ക് തള്ളിവിട്ടെന്നാണ് പ്രോസിക്യൂഷന്‍ കേസ്. ജൂണ്‍  21ന് പുലര്‍ച്ചെയാണ് ഭര്‍തൃഗൃഹത്തിലെ കുളിമുറിയില്‍ ആത്മഹത്യ ചെയ്തത്. സ്ത്രീധന പീഡനത്തനെ തുടര്‍ന്നാണ് ആത്മഹത്യ എന്ന് സ്ഥാപിക്കാന്‍ വിശാലമായ ഡിജിറ്റല്‍ തെളിവുകളാണ് പ്രോസിക്യൂഷന്‍ ഹാജാരാക്കിയത്. സാധാരണ സ്ത്രീധന പീഡനക്കേസുകളില്‍ നിന്നും വിഭിന്നമായി  102 സാക്ഷികളും 98 രേഖകളും 56 തൊണ്ടിമുതലുമാണ്  കേസിലുള്ളത്. സ്ത്രീധനത്തിന്റെ പേരിൽ കിരൺകുമാർ പീഡിപ്പിക്കുന്നതായി വിസ്മയ സുഹൃത്തക്കളോട് ചാറ്റ് ചെയ്തതിന്റെ ഡിജിറ്റൽ തെളിവുകൾ, പിതാവിനോട് അടക്കമുള്ള ഫോണ്‍ സംഭാഷണങ്ങള്‍ എന്നിവയും പ്രോസിക്യൂഷന്‍റെ തെളിവുകളായി ഹാജരാക്കി. ആരും കേസില്‍ കൂറുമാറിയില്ല എന്നതും നിര്‍ണായകമായി.