Friday 08 March 2019 02:17 PM IST

തുറിച്ചു നോക്കുന്നതെന്തിനാ, ഇവരെയ് എന്റെ അച്ഛന്റെ ഭാര്യയാ...

Lakshmi Premkumar

Sub Editor

alli

പെൺമയുടെ ആഘോഷ ദിനമാണിന്ന്. കരുത്തും കരുതലും കൈമുതലാക്കിയ പെൺമനസുകൾക്കു മുന്നിൽ ലോകം ശിരസു നമിക്കുന്ന നിമിഷം. അന്താരാഷ്ട്ര വനിതാ ദിനം ഒരുപിടി ഓർമപ്പെടുത്തലുമായി നമുക്ക് മുന്നിലെത്തുമ്പോൾ വനിത ഓൺലൈൻ പരിചയപ്പെടുത്തുകയാണ് ചില പെൺമണികളെ. പലരും നമുക്ക് ചിരപരിചിതർ. വെള്ളിത്തിരയിലും, എഴുത്തിന്റെ ലോകത്തും, ബ്ലോഗറായുമൊക്കെ മികവു തെളിയിച്ച പെൺതരികൾ.

കവയത്രി അല്ലി ഓർത്തെടുക്കുകയാണ്, ഇന്നലെകളിൽ സുഗന്ധം പടർത്തിയ ബാല്യകാലസ്മരണകളെ...

ഈ തൊട്ടാവാടിയുടെ ഇല വാടാതെ ഒന്നു പറിച്ചു തരുമോ ?" എന്റെ ജീവിതത്തിൽ ഞാൻ നേരിട്ടിട്ടുള്ള ഏറ്റവും വലിയ വെല്ലുവിളി ആയിരുന്നു അത്. ബാല്യത്തിലെ ഒാർമകൾ എപ്പോഴും ചെന്നെത്തുന്നത് എന്റെ റോസാപ്പൂ കുഞ്ഞാവയിലാണ്. ആദ്യ കാഴ്ചയിൽ അവൾക്കു റോസ് നിറമായിരുന്നു. അനിയത്തിക്കുട്ടിയാണ് തൊടിയിലെ തൊട്ടാവാടിയില വാടാതെ പറിച്ചു കൊടുക്കാമോ എന്ന് ആദ്യമായി എന്നെ ചാലഞ്ച് ചെയ്തത്.

കാലമിങ്ങനെ അന്തോം കുന്തോം ഇല്ലാതെ മുന്നോട്ടു പോവും തോറും ഞങ്ങളുടെ കുസൃതികളുടെ എണ്ണവും കൂടി കൂടി വന്നു. ഞങ്ങൾ ഒന്നിച്ചു നടന്നുപോകുമ്പോഴെല്ലാം എതിരെ വരുന്ന പയ്യന്മാർ ചൂളി നോക്കുന്നത് ഞാൻ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്. പിന്നീട് ആണ് കാര്യം മനസ്സിലാകുന്നത്. എനിക്കൊപ്പം നടന്ന് എതിരെ വരുന്ന ചെറുക്കൻമാരെ നോക്കി കണ്ണിറുക്കി കാണിക്കുന്നത് അവളുടെ ഹോബി ആയിരുന്നുവെന്ന്.
ഒരിക്കൽ ഞങ്ങൾ ആദ്യമായിട്ട് ഒരു കല്യാണം കൂടാൻ പള്ളിയിൽ പോയപ്പോൾ പള്ളീലച്ചനെ കണ്ട് 'രാജാവ്' എന്ന് അലറി വിളിച്ചതും അതു കേട്ട് ആ പള്ളി മുഴുവൻ കുലുങ്ങി ചിരിച്ചതും അവളുടെ ഇന്നോ നാളെയോ എന്ന് കരുതി ആടി തൂങ്ങി നിന്ന മുന്നിലെ പല്ല് ഏതോ ഒരു ദുർബല നിമിഷത്തിലെ അടിയിൽ തെറിച്ചു പോയതും അതു ഈ പാവം ഞാൻ അടിച്ചു പറിച്ചതാണെന്നു അവൾ മുഴുവൻ ലോകത്തെയും വിശ്വസിപ്പിച്ചതും എങ്ങനെ മറക്കാൻ കഴിയും.

ഒരിക്കൽ ഞങ്ങൾ എല്ലാവരും ആലപ്പുഴ പോയി. കൂടെ അച്ഛന്റെ ഒരു സുഹൃത്തിന്റെ കുടുംബവും ഉണ്ടായിരുന്നു. അവിടെ ഞങ്ങൾ പെഡൽ ബോട്ടിൽ കറങ്ങികൊണ്ടിരിക്കുകയായിരുന്നു. ഒരു ബോട്ടിൽ ഞങ്ങളും വേറൊന്നിൽ അവരും. ബോട്ടുകൾ അടുത്ത് എത്തുമ്പോൾ ഞങ്ങൾ പരസ്പരം ബിസ്കറ്റുകൾ കൈമാറും. ഇടയ്ക്ക് അവൾ കരയാൻ തുടങ്ങി.എന്താണ് സംഭവം എന്ന് അന്വേഷിച്ചു ചോദിച്ചപ്പോളാണ് പറയുന്നത് ‘എന്റെ ബിസ്‌ക്കറ് ആലപ്പുഴയിൽ വീണു പോയി.’

കൈമാറ്റത്തിനിടയിൽ ആ കായലിൽ ഒരു ബിസ്‌ക്കറ്റ് വീ ണു പോയിരുന്നു. അവൾ കരുതിയിരിക്കുന്നത് ആ കായലാണ് ആലപ്പുഴ എന്നാണ്.

മറ്റൊരിക്കൽ ഞാനും അമ്മയും അവളും കൂടി ട്രെയിനിൽ പോകുന്നു. തൊട്ടു മുന്നിൽ ഇരിക്കുന്ന മാഷ് അച്ഛന്റെ അടുത്ത സുഹൃത്താണ്. മാഷും അമ്മയും ലോകകാര്യങ്ങളും വിശേഷങ്ങളും ചർച്ച ചെയ്യുന്നു. എനിക്കാണേൽ ഒന്നും ചെയ്യാനില്ലാതെ അപ്പർ ബർത്തിൽ കിടന്ന് ബോറടിച്ചു. ലോകത്തെ എങ്ങനെ തല തിരിഞ്ഞു കാണാം എന്നതിന്റെ പരീക്ഷണം ആയിരുന്നു പിന്നെ. വവ്വാലിനെ പോലെ അപ്പർ ബർത്തിൽ നിന്ന് തല താഴേക്കിട്ട് നോക്കും. ഇടയ്ക്ക് ഞാനെന്റെ റോസാപ്പൂ കുഞ്ഞാവയെ ശ്രദ്ധിക്കും.

അവളാണെങ്കിൽ അമ്മയുടെ മടിയിലിരുന്ന് മാഷിനെ സൂക്ഷിച്ചു നോക്കുകയാണ്. ഇവളുടെ നാവ് എവിടെ പോയി എന്നു ഞാൻ ഓർത്തതേ ഒള്ളൂ അവൾ നേരെ എണീറ്റു ചെന്ന് മാഷിന്റെ കൈക്കിട്ട് ഒരു തട്ട്.
‘ഇങ്ങളെന്താ, ഇവരെ തന്നെ തുറിച്ചു നോക്കുന്നത്. ഇവരെയ്, എന്റെ അച്ഛന്റെ ഭാര്യയാ. അറിയാമോ ?’ സ്വതവേ അവൾക്ക് ശബ്ദം അൽപം കൂടുതലാണ്. ദേഷ്യം വന്നതു കൊണ്ട് അത് പതിവിലും കൂടി.
അമ്മ ഉൾപ്പെടെ ഉള്ളവരുടെ മുഖത്ത് ഇഞ്ചി കടിച്ച ഭാവം. മാഷാണെൽ വിയർത്തും പോയി. നിശബ്ദത നീക്കി കൊണ്ട് അവിടെ ഒരു ചിരി ഉയർന്നു. പിന്നെ, അതൊരു കൂട്ട ചിരിയായി. ഞങ്ങളുടെ അമ്മ അച്ഛന്റെ ഭാര്യ ആണെന്ന തിരിച്ചറിവിൽ ഞാൻ അദ്ഭുതപ്പെട്ടു. ഇതുപോലെ കുഞ്ഞുചിരിയുടെ തിരകൾ ഇനിയുമുണ്ട് ഒരുപാട്.