Saturday 03 April 2021 03:59 PM IST

‘ശ്രീക്കുട്ടിക്ക് സമ്മാനം നൽകാൻ പോയതാണ് തുടക്കം’; നോവിൽ നിന്നുണർന്ന് അമ്മക്കിളിക്കൂടുകൾ, ആലുവ എംഎൽഎ അൻവർ സാദത്ത് പറയുന്നു

Rakhy Raz

Sub Editor

anwar-sadathffbbb566

വഴിയിൽ വീണു കിടക്കുന്നവരെ വാരിയണയ്ക്കുന്ന നല്ല ശമരിയാക്കാർ ഇപ്പോഴും നമുക്കിടയിലുണ്ട്. മറ്റുള്ളവരുടെ കഷ്ടപ്പാടും ഇല്ലായ്മകളും കാണുമ്പോൾ ‘എന്തെങ്കിലും ചെയ്തേ തീരൂ’ എന്ന ചിന്ത മനസ്സിനെ പിടികൂടുന്ന അപൂര്‍വം ചിലർ. ആ അസ്വസ്ഥതയെ പ്രവൃത്തി കൊണ്ട്   പരിഹരിക്കുകയും  ചെയ്യുന്നു,  ഈ നല്ല മനുഷ്യർ. അവർ ആരും വലിയ ധനികരല്ല. സാധാരണ കു ടുംബങ്ങളിൽ നിന്നു വന്ന, തികച്ചും സാധാരണ ജീവിതപരിസരങ്ങളില്‍ കഴിയുന്നവര്‍. വീടില്ലാത്തവർക്ക് ഇവര്‍ വീടു വച്ചു നൽകുന്നത് നിലപാടിന്റെ കരുത്തിലും ഹൃദയത്തിലെ അളവില്ലാത്ത കരുണയുടെ സാന്നിധ്യത്താലും ആണ്. ആലുവ എംഎൽഎ അൻവർ സാദത്ത് ഒരുക്കിയ സ്നേഹവീടുകളു‍ടെ കഥകളിലൂടെ...

നോവിൽ നിന്നുണർന്ന് അമ്മക്കിളിക്കൂടുകൾ

പെരുമ്പാവൂരിൽ ജിഷ എന്ന പെൺകുട്ടി ക്രൂരമായി  കൊല ചെയ്യപ്പെട്ട നാളുകൾ. ‘കുട്ടിക്ക് അച്ഛനും അമ്മയും സുഹൃത്തുക്കളും നല്ലവരായ അയൽക്കാരും ഉണ്ടായിരുന്നു. എന്നിട്ടും അവൾക്ക് എന്തുകൊണ്ട് ഇതു സംഭവിച്ചു.’  ഉറക്കമില്ലാത്ത രാത്രികളായിരുന്നു ഈ സംഭവം ആലുവ നിയോജക മണ്ഡലം എംഎൽഎ അൻവർ സാദത്തിന് സമ്മാനിച്ചത്. ഒരു അനുശോചനത്തിലൊതുങ്ങി പതിയെ എല്ലാവരും മറന്നു കളയുന്ന സംഭവം. പക്ഷേ, അൻവർ സാദത്ത് അത് മറന്നില്ല. മറ്റുള്ളവരുടെ വേദനകൾ വെറുതേ കണ്ടു മറക്കാൻ ശീലിച്ചിട്ടില്ല അദ്ദേഹം.

‘‘എന്തെങ്കിലും ചെയ്യണം എന്ന തോന്നൽ കലശലായെങ്കിലും ആരോടും പറഞ്ഞില്ല. കാരണം ഭരണത്തിന്റെ അവസാന ഘട്ടമാണ്, ഇലക്‌ഷൻ വരികയാണ്. എന്തു പറഞ്ഞാലും രാഷ്ട്രീയ നേട്ടത്തിനായുള്ള പ്രചരണായുധമാണെന്നേ മിക്കവരും പറയൂ.

രണ്ടാം തവണയും ജനം ജയിപ്പിച്ചു വിട്ടപ്പോൾ ആത്മവിശ്വാസമേറി. ആവശ്യക്കാരെ കണ്ടെത്തണം, സ്പോൺസേഴ്സിനെയും കണ്ടെത്തണം. അർഹരായവർ ആരൊക്കെ എന്നാണ് ആദ്യം ചിന്തിച്ചത്. അതിൽ തന്നെ ഏറ്റവും യോഗ്യരെ കണ്ടെത്തണം എന്നു നിശ്ചയിച്ചു.

IMG-20210304-WA0049-copy

കൂട്ട് നഷ്ടപ്പെട്ടവർക്ക് കുടയാകാൻ

ജീവിതത്തിൽ പെട്ടെന്ന് ഒറ്റപ്പെട്ടു പോകുന്നവരാണ് വിധവകൾ. പലർക്കും ജീവിതം പിന്നീടെങ്ങനെ മുന്നോട്ട് കൊണ്ടുപോകണം എന്നറിയില്ല. വീട് എന്നത് അവരിൽ പലർക്കും സ്വപ്നമായിരിക്കും. ഭർത്താവിന്റെ മരണത്തോടെ അത് ഒരിക്കലും നടക്കാത്ത സ്വപ്നമായി മാറിയിട്ടുണ്ടാകും. വീട്ടുചെലവ്, കുട്ടികളുെട വിദ്യാഭ്യാസ ചെലവ്, എല്ലാം പൊടുന്നനെ അവരുടെ ചുമലിലാകും.

വാടക വീട്ടിൽ താമസിക്കുന്നവരാണെങ്കിൽ ഓരോ പതിനൊന്ന് മാസം കൂടുമ്പോഴും മാറിക്കൊടുക്കണം. അല്ലെങ്കിൽ വാടക കൂട്ടിക്കൊടുക്കണം. സ്ഥലമുണ്ടെങ്കിൽ പോലും ലോണെടുത്ത് വീടു വയ്ക്കാൻ ഇവർ മുതിരില്ല. കാരണം മറ്റു ചെലവുകളെ അത് ബാധിക്കും. ഈ അവസ്ഥയിൽ  കുറഞ്ഞ വാടകയിൽ വീടു ലഭിക്കാനായി ഇവർ തങ്ങളുടെ പ്രദേശം വിട്ട് അപരിചിതമായ നാടുകളിൽ ഉൾപ്രദേശങ്ങളിൽ പോയി താമസിക്കും. ചിലർ തങ്ങളുടെ സ്ഥലത്ത് പരസ്യ ബോർഡുകളുടെ ഷീറ്റുകളും കമ്പുകളും മറ്റും കൊണ്ടു കെട്ടിയുണ്ടാക്കിയ ഷെഡുകളിൽ ഭയന്നും വിറച്ചും കഴിച്ചു കൂട്ടും. പെൺകുട്ടികളുളള അമ്മമാരെയാണ് ഇത് ഏറ്റവും വിഷമിപ്പിക്കുന്നത്. ജിഷയ്ക്ക് അപകടം സംഭവിച്ചത് ഇതിനാലാണ്. അടച്ചുറപ്പുള്ള ഒരു വീടില്ലാത്തതിനാൽ.

ഇങ്ങനെയൊക്കെ ചിന്തിക്കുന്ന സമയത്താണ് ആലുവ എസ്എൻഡിപി സ്കൂളിൽ എല്ലാ വിഷയത്തിനും എ പ്ലസ് വാങ്ങി ജയിച്ച ശ്രീക്കുട്ടി എന്ന കുട്ടിക്ക് സമ്മാനം നൽകാൻ പോകുന്നത് പഠിക്കാൻ മിടുക്കിയായ അവളുടെ വിവരങ്ങൾ ചോദിച്ചറിഞ്ഞപ്പോഴാണ് വിധവയായ അമ്മയുടെ മകളാണ് എന്നും വീടില്ല എന്നും അറിയുന്നത്. അവൾക്ക് വീട് വച്ചു നൽകിക്കൊണ്ട് മനസ്സിലെ ആശയത്തിന് തുടക്കമിടാം എന്നു നിശ്ചയിച്ചു.

എന്റെ സുഹൃത്തു കൂടിയായ സിനിമാതാരം നാദിർഷയാണ് ‘അമ്മക്കിളിക്കൂട്’ എന്ന പേര് നിർദേശിക്കുന്നത്.  അങ്ങനെ പദ്ധതി പ്രഖ്യാപിക്കുകയും ശ്രീക്കുട്ടിക്ക് വീട് പണിതു നൽകുകയും ചെയ്തു. ആദ്യ വീടിന് കല്ലിട്ടത് ജയറാമും വീട് പണിതു തന്നത് ഉജാല രാമചന്ദ്രൻ ചേട്ടനുമാണ്. ഇപ്പോൾ ഈ പദ്ധതി അൻപതാമത്തെ വീട് എന്നതിൽ എത്തി നിൽക്കുന്നു.

IMG-20210309-WA0037

വിധവകളിൽ തന്നെ രണ്ടു പെൺമക്കൾ ഉള്ളവരെയാണ് ആദ്യം പരിഗണിക്കുന്നത്. രണ്ട് ബെഡ് റൂം, ഒരു അടുക്കള, ഒരു ബാത്‌റൂം, ഒരു സിറ്റൗട്ട് എന്നിവയടങ്ങിയ 510 സ്ക്വയർഫീറ്റ് വീടുകളാണ് അമ്മക്കിളിക്കൂട്  നിർമിച്ചു നൽകുന്നത്.  ഏഴു ലക്ഷം രൂപയാണ് ചെലവ് വരിക. മെറ്റീരിയലിന്റെ വില അനുസരിച്ച് ചെറിയ വ്യത്യാസം വരാമെന്നു മാത്രം. ചിലരുടെ കയ്യിൽ അൽപം പണം കാണും. അവർ സൗകര്യം കൂടുതലുള്ള വീട് പണിതു തരണം എന്ന് അഭ്യർഥിക്കുന്ന പക്ഷം അതു ചെയ്തു കൊടുക്കാറുണ്ട്.

ജനസേവനം ലക്ഷ്യമായതിനാലാണ് സ്കൂൾ കാലം മുതൽ രാഷ്ട്രീയത്തിലേക്ക് കടന്നത്. എന്നാൽ അതിലുപരി  ജനങ്ങൾ തന്ന ‘എംഎൽഎ’ എന്ന മൂന്നക്ഷരത്തിളക്കത്തിന് പകരം എന്തെങ്കിലും എന്റേതായ വിധത്തിൽ നൽകണം എ ന്നും ചിന്തിച്ചിരുന്നു. എന്റെ ആഗ്രഹങ്ങൾ മനസ്സിലാക്കി കൂടെ നിൽക്കുന്ന ഭാര്യ സബീനയുടെയും ഉപ്പയുടെ ഇഷ്ടങ്ങളോട് നൂറിരട്ടി ഇഷ്ടം ഉള്ള മക്കൾ സിമി ഫാത്തിമയും സഫ ഫാത്തിമയും തരുന്ന പിന്തുണ വലുതാണ്. ഒപ്പം ഉപ്പ അബ്ദുൾ സത്താറും ഉമ്മ ഐഷ ബീവിയും. അവരാണ് എല്ലാത്തിലും എന്റെ ശക്തി.’’

ഈ സഹായത്തിന് എന്ത് പകരം തരും എന്നു കണ്ണു നിറയുന്നവരോട് അൻവർ സാദത്തിന് ഒന്നേ പറയാറുള്ളു. ‘പ്രാർഥിക്കണം.. ആവശ്യക്കാർക്കായി ഇനിയും വീടുകൾ നിർമിച്ചു നൽകാൻ, അവരുടെ ചുണ്ടുകളിലും ഇതേ ചിരി വിടർത്താൻ ഞങ്ങൾക്ക് കഴിയുന്നതിനായി..’

Tags:
  • Spotlight
  • Inspirational Story