Monday 22 November 2021 03:30 PM IST : By സ്വന്തം ലേഖകൻ

പൊന്നുമ്മയേകി, പുത്തനുടുപ്പു നൽകി: യാത്രയാക്കുമ്പോൾ വികാരനിർഭര രംഗങ്ങൾ: വേദനയോടെ ആന്ധ്രദമ്പതികൾ

andhra-baby-741

കുഞ്ഞിനെ ദത്തു നൽകിയ കേസിൽ നിയമപോരാട്ടം ഡിഎൻഎ പരിശോധനയില്‍ വരെ എത്തി നിൽക്കുമ്പോൾ കണ്ണീരണിയുന്നൊരു അമ്മ മനസുണ്ട്. കുഞ്ഞിക്കാലടികൾക്കായി കാത്തിരുന്ന് ഒടുവിൽ നിയമത്തിന്റെ നൂലാമാലകൾ താണ്ടി ആ കുഞ്ഞിനെ സ്വന്തമാക്കിയ അമ്മ. കുഞ്ഞിനെ ദത്തെടുത്ത ആന്ധ്രയിലെ അധ്യാപക ദമ്പതികളുടെ കയ്യിൽ നിന്ന് ഇന്നലെയാണ് അനുപമയുടെ കുഞ്ഞിനെ നാട്ടിലെത്തിച്ചത്. സ്വന്തം ചോരയിൽ പിറന്ന പൈതലല്ലെങ്കിലും നിയമം അനുവദിച്ചു നൽകിയ കുഞ്ഞിനെ കണ്ണിലെ കൃഷ്ണമണി പോലെ വളർത്തിയ ആ അമ്മ ഈ നിമിഷത്തിൽ വേദനയാകുകയാണ്.

കുഞ്ഞിനെ തിരികെയെത്തിക്കാൻ ആന്ധ്രയിലെ വിജയവാഡയിലെത്തിയ ഉദ്യോഗസ്ഥ സംഘം സാക്ഷിയായത് വികാരനിർഭരമായ രംഗങ്ങൾക്ക്. പുതിയ വസ്ത്രങ്ങളടക്കം നൽകിയാണ് ദമ്പതികൾ കുഞ്ഞിനെ യാത്രയാക്കിയത്. ‘ഒരു പ്രശ്നവുമില്ലാതെ നടപടികൾ പൂർത്തിയാക്കാന്‍ കഴിഞ്ഞു.’ സംഘത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരിൽ ഒരാൾ പ്രതികരിച്ചു.

കുട്ടിയെ കൈമാറണമെന്ന ശിശുക്ഷേമ സമിതിയുടെ നിർദേശം ദത്തെടുത്ത അധ്യാപക ദമ്പതികളെ നേരത്തേ തന്നെ അറിയിച്ചിരുന്നു. ഉദ്യോഗസ്ഥ സംഘം പുറപ്പെടുന്ന കാര്യവും ഔദ്യോഗികമായി അറിയിച്ചു. കോടതിയുടെ ഉത്തരവില്ലാതെ കുട്ടിയെ കൈമാറിയാൽ നിയമപ്രശ്നം ഉണ്ടാകുമോയെന്ന് ദമ്പതികൾ ആരാഞ്ഞു. കോടതി നിർദേശങ്ങൾ ഉദ്യോഗസ്ഥർ ദമ്പതികളെ അറിയിച്ചു. വാർത്തകളിലൂടെ വിവരങ്ങൾ അറിഞ്ഞിരുന്നതായി വ്യക്തമാക്കിയ ദമ്പതികൾ യഥാർഥ അമ്മയ്ക്കു നീതി ലഭിക്കണമെന്ന നിലപാടാണെന്ന് അറിയിച്ചു.

ദത്തെടുത്തത് നടപടിക്രമങ്ങൾ പാലിച്ചാണെന്ന് ദമ്പതികൾ ഉദ്യോഗസ്ഥരോടു പറഞ്ഞു. ദത്തെടുക്കുന്നതിനുള്ള കേന്ദ്ര സർക്കാരിന്റെ സൈറ്റിൽ ഓൺലൈൻ വഴി അപേക്ഷിച്ചു. വഞ്ചിയൂർ കുടുംബക്കോടതിയിൽ സിറ്റിങ് ഉണ്ടായിരുന്നു. വിവാദങ്ങൾ മനോവിഷമമുണ്ടാക്കിയെന്നും അവർ ഉദ്യോഗസ്ഥരോട് പറഞ്ഞു. കുട്ടിയെ ദത്തെടുത്തശേഷം സ്വന്തം സ്ഥലത്തുനിന്നുമാറി മറ്റൊരു സ്ഥലത്താണ് ദമ്പതികൾ താമസിച്ചിരുന്നത്. കുട്ടിയെ അപ്രതീക്ഷിത സാഹചര്യത്തില്‍ തിരിച്ചു കൊടുക്കേണ്ടി വന്നതിനാൽ വീണ്ടും ദത്തിന് അപേക്ഷിക്കുകയാണെങ്കിൽ ദമ്പതികൾക്കു മുൻഗണന ലഭിക്കും.

താൽക്കാലിക ദത്തിന് ഏൽപിച്ചിരുന്ന ആന്ധ്രയിലെ ദമ്പതികളിൽനിന്നു കുഞ്ഞിനെ സ്വീകരിച്ച കേരളത്തിൽനിന്നുള്ള ഉദ്യോഗസ്ഥസംഘം ഇന്നലെ രാത്രി എട്ടരയോടെയാണു വിമാനമാർഗം തിരുവനന്തപുരത്തെത്തിയത്. ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥയും പൊലീസുകാരും ഉൾപ്പെട്ടതായിരുന്നു സംഘം. കുഞ്ഞിനെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ മേൽനോട്ടത്തിൽ ജില്ലാ ശിശുസംരക്ഷണ ഓഫിസറുടെ അനുമതിയോടെ പാളയത്തെ നിർമല ശിശുഭവനിലാക്കി.

ഇന്നു വിശദമായ വൈദ്യപരിശോധനയ്ക്കു ശേഷം കുഞ്ഞിന്റെ ഡിഎൻഎ സാംപിളെടുക്കും. പരാതിക്കാരായ അനുപമ, അജിത്കുമാർ എന്നിവരുടെ ഡിഎൻഎ സാംപിളുകൾ ഇന്നു ശേഖരിക്കുമോ എന്നു വ്യക്തമല്ല. ഇവർക്ക് ഇതു സംബന്ധിച്ച് അറിയിപ്പൊന്നും നൽകിയിട്ടില്ല.

തന്റെ സാന്നിധ്യത്തിൽ കുഞ്ഞിന്റെ വൈദ്യപരിശോധന ഇന്നുതന്നെ നടത്തണമെന്നാവശ്യപ്പെട്ടു സിഡബ്ല്യുസിക്കും ബാലാവകാശ കമ്മിഷനും അനുപമ നിവേദനം നൽകി. ഡിഎൻഎ സാംപിൾ എടുത്ത ശേഷം കോടതിവിധി വരുന്നതുവരെ തിരിമറികളൊന്നും നടക്കാതിരിക്കാനാണ് ഈ ആവശ്യമെന്നും നിവേദനത്തിൽ പറയുന്നു. 2020 ഒക്ടോബർ 23ന് ശിശുക്ഷേമ സമിതിയിൽ ലഭിച്ച കുഞ്ഞ് തന്റേതാണെന്ന അനുപമയുടെ അവകാശവാദവും പരാതിയും നിലനിൽക്കെയാണു കഴിഞ്ഞ ഓഗസ്റ്റ് 6ന് കുഞ്ഞിനെ ആന്ധ്രയിലെ ദമ്പതികൾക്കു കൈമാറിയത്.