Thursday 21 October 2021 04:59 PM IST : By സ്വന്തം ലേഖകൻ

‘എന്റെ കുഞ്ഞിനെ കടത്താൻ അവർ കൂട്ടുനിന്നു, ശിശുക്ഷേമ സമിതിക്കും പങ്ക്’: വീണ്ടും ഗുരുതര ആരോപണവുമായി അ

anupama741

പ്രസവിച്ചു മൂന്നാം മാസം എടുത്തു മാറ്റിയ കുഞ്ഞിനെ തേടിയുള്ള അനുപമയുടെ നിയമ പോരാട്ടം തുടരുകയാണ്. തന്റെ സമ്മതത്തോടെയാണ് കുഞ്ഞിനെ ശിശുക്ഷേമ സമിതിയില്‍ ഏല്‍പ്പിച്ചതെന്ന മാതാപിതാക്കളുടെ വാദത്തിനു മറുപടിയായി ഗുരുതരമായ ആരോപണമാണ് അനുപമ ഉന്നയിക്കുന്നത്. ഇഷ്ടമില്ലാത്ത ബന്ധത്തിലുണ്ടായ കുഞ്ഞിനെ കടത്തുന്നതിന് തന്റെ മാതാപിതാക്കള്‍ക്ക്, ശിശുക്ഷേമസമിതിയും സി.ഡബ്ല്യു.സിയും കൂട്ടുനിന്നെന്ന് അനുപമ ആരോപിക്കുന്നു. നിലവില്‍ പേരൂര്‍ക്കട പൊലീസ് നടത്തുന്ന അന്വേഷണം കേസ് അട്ടിമറിക്കാനാണ്. അന്വേഷണ മേല്‍നോട്ടമാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് കുഞ്ഞിനെ നഷ്ടപ്പെട്ട അമ്മ അനുപമയുടെ തീരുമാനം. മനോരമ ന്യൂസിനോട് സംസാരിക്കുകയായിരുന്നു അനുപമ. 

നിലവിലെ നിയമങ്ങളെല്ലാം അട്ടിമറിച്ചുകൊണ്ടാണ് സംസ്ഥാന ശിശുക്ഷേമ സമിതി കുഞ്ഞിനെ സ്വീകരിച്ചതെന്നും, പരസ്പര വിരുദ്ധമായ അഭിപ്രായങ്ങളാണ് ശിശുക്ഷേമ സമിതി ജനറൽ ജനറല്‍ സെക്രട്ടറി ഷിജുഖാന്‍ പറയുന്നതെന്നും അനുപമയുടെ തുറന്നു പറയുന്നു. കുഞ്ഞിനെ തട്ടിക്കൊണ്ടു പോയെന്നു ഏപ്രിലില്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ലെന്നും അനുപമ പറയുന്നു. നിലവിലെ അന്വേഷണത്തിനെതിരെ കോടതിയെ സമീപിക്കാനാണ് അനുപമയുടെ തീരുമാനം.

കുഞ്ഞിനെ ഒളിപ്പിച്ചതിനു അനുപമയുടെ പിതാവും സിപിഎം ലോക്കല്‍ കമ്മിറ്റിയംഗവുമായ ജയചന്ദ്രനും ബ്രാഞ്ച് കമ്മിറ്റിയംഗമായ മാതാവ് സ്മിതാ ജയിംസിനുമെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. ഡിവൈഎഫ്ഐ മേഖലാ പ്രസിഡന്റായ അജിത്തും എസ്എഫ്ഐ നേതാവായ അനുപമയും ഒരു വര്‍ഷം മുൻപു നല്‍കിയ പരാതിയിലാണു കേസെടുത്തത്.

വിവാഹിതരാവാതെ ഗര്‍ഭം ധരിച്ചതിന്റെ പേരില്‍ പ്രസവിച്ചു മൂന്നു ദിവസം കഴിഞ്ഞയുടനെ കുഞ്ഞിനെ അച്ഛനും അമ്മയും സഹോദരിയും ചേര്‍ന്നു നിര്‍ബന്ധപൂര്‍വം മാറ്റിയെന്നായിരുന്നു ഒരു വര്‍ഷം മുന്‍പ് അനുപമ നല്‍കിയ പരാതി. പേരൂര്‍ക്കട പൊലീസ് മുതല്‍ മുഖ്യമന്ത്രിക്കും സിപിഎം ഉന്നത നേതാക്കള്‍ക്കും വരെ പരാതി നല്‍കിയിരുന്നു. അനുപമയുടെ അനുമതിയില്ലാതെ ശിശുക്ഷേമ സമിതിക്കു കൈമാറിയ കുഞ്ഞിനെ ദത്ത് നല്‍കിയെന്നാണു ലഭിക്കുന്ന വിവരമെന്നു അനുപമ പറയുന്നു. ഏറെ നാള്‍ പൊലീസ് സ്റ്റേഷനുകളില്‍ കയറി ഇറങ്ങിയശേഷം കുഞ്ഞിന് ഒരു വയസു തികയുന്ന ദിനത്തിലാണ് കേസെടുത്തതെന്നും അനുപമ പറയുന്നു.

അജിത്തിന്‍റെ ജാതിയാണു പ്രധാന പ്രശ്നമായി കമ്യൂണിസ്റ്റ് കുടുംബമായ മാതാപിതാക്കള്‍ ചൂണ്ടികാട്ടുന്നതെന്നും, ഇടപെടലിനായി ഉന്നത സിപിഎം നേതാക്കളെയടക്കം സമീപിപ്പിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും അനുപമ കൂട്ടിച്ചേര്‍ത്തു. മറ്റൊരു ഭാര്യയും കുട്ടിയുമായി കഴിഞ്ഞിരുന്ന അജിത്ത് അനുപമയ്ക്കു കുട്ടിയുണ്ടായ ശേഷമാണ് ആദ്യഭാര്യയില്‍ നിന്നു വിവാഹമോചനം നേടുകയും അനുപമയെ വിവാഹംകഴിക്കുകയും ചെയ്തത്.