Tuesday 23 November 2021 04:20 PM IST : By സ്വന്തം ലേഖകൻ

‘എന്റെ കുഞ്ഞിനെ കയ്യിൽ കിട്ടുന്ന നിമിഷത്തിനായി കാത്തിരിക്കുന്നു’: വാക്കുകള്‍ മുറിഞ്ഞ് അനുപമ; വിഡിയോ

anupama-baby-dna

വിവാദങ്ങൾക്കും സങ്കീർണതകൾക്കൊടുവിൽ അനുപമയെ തേടി സന്തോഷവാർത്ത. അമ്മയറിയാതെ കുഞ്ഞിനെ ദത്തു നല്‍കിയ കേസില്‍ ഡിഎന്‍എ പരിശോധന ഫലം അനുപമയ്ക്ക് അനുകൂലം. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയാണ് കുഞ്ഞിന്റെ സാംപിള്‍ പരിശോധിച്ച് ഡിഎന്‍എ റിപ്പോര്‍ട്ട് സിഡബ്ല്യുസിക്ക് കൈമാറിയത്. കഴിഞ്ഞ ഒരാഴ്ചയിലേറെ കാലമായി സമരമിരിക്കുന്ന പന്തലിൽ മിഠായി വിതരണം ചെയ്തുകൊണ്ടാണ് അനുപമ പരിശോധന ഫല വാർത്തയെ സ്വീകരിച്ചത്.

'പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം. ഒരു വർഷത്തിലേറെയായി ഉള്ള കാത്തിരിപ്പിന്റെയും പോരാട്ടത്തിന്റെയും ഫലമാണിത്. കുഞ്ഞിനെ കയ്യിൽ കിട്ടുന്ന നിമിഷം മാത്രമാണ് ഇപ്പോൾ മനസ്സിലുള്ളത്. അതിനായി കാത്തിരിക്കുന്നു.’– അനുപമ പറയുന്നു.

സന്തോഷം കൊണ്ട് വാക്കുകൾ കിട്ടുന്നില്ല. ഈ വേദന അനുഭവിക്കാൻ തുടങ്ങിയിട്ട് ഒരു വർഷത്തിലേറെയായി. കുഞ്ഞിനെ കണ്ടിട്ടും അത്രയും കാലമായി. വല്ലാത്തൊരു റിലീഫാണ് ഇപ്പോൾ അനുഭവിക്കുന്നത്. ഇതുവരെ ഉണ്ടായ കാലതാമസം ഇനി ഉണ്ടാകരുത്,  എത്രയും പെട്ടെന്ന് കയ്യിലേക്ക് തരണമെന്ന് അഭ്യര്‍ഥന. കുഞ്ഞിനെ കയ്യിൽ കിട്ടുന്നത് വരെ സമരമുറ മാറ്റി മറ്റ് ആവശ്യങ്ങളുന്നയിച്ചുള്ള പോരാട്ടം തുടരും. . എത്രയും വേഗം കയ്യിൽ കിട്ടണം എന്ന ആഗ്രഹം മാത്രമേയുള്ളൂ’– അനുപമയുടെ വാക്കുകൾ.

ഒരുപാട് ഓഫീസുകൾ കയറിയിറങ്ങി. ഒത്തിരി അധികാരികളുടെ മുന്നിലെത്തി. അവിടെ നിന്നെല്ലാം നിരാശയായിരുന്നു കിട്ടിയത്. ഇങ്ങനെ ആകുമെന്ന് പ്രതീക്ഷിച്ചില്ല. ഒത്തിരി സന്തോഷം– അജിതിന്റെ പ്രതികരണം ഇങ്ങനെ.