Tuesday 30 June 2020 01:57 PM IST : By സ്വന്തം ലേഖകൻ

മാതൃസ്നേഹത്തിന്റെ വാത്സല്യച്ചൂട് കലർന്ന കണ്ണീർതുള്ളികൾ; 18 വർഷം മുൻപ് കൈവിട്ടുപോയ മകളെ തിരികെ കിട്ടിയ സന്തോഷത്തിൽ പ്രസന്ന

angel9978yf9y

വര്‍ഷങ്ങള്‍ക്ക് മുന്‍പ് വഴിപിരിഞ്ഞുപോയ അമ്മയും മകളും. ഒരുപാടുപേരുടെ പരിശ്രമം കൊണ്ട് ഇരുവരും ജീവിതത്തിൽ വീണ്ടും ഒന്നിക്കുകയാണ്. കലയപുരം ആശ്രയയില്‍ കഴിയുന്ന പ്രസന്നയും വാഴക്കുളം പ്രോവിഡന്‍സ് ഹോമിൽ കഴിയുന്ന മകൾ എയ്ഞ്ചലുമാണ് നിരവധി ജീവിത പരീക്ഷണങ്ങൾക്ക് ശേഷം വീണ്ടും കണ്ടുമുട്ടുന്നത്. ആശ്രയ ചാരിറ്റബിൾ സൊസൈറ്റിയുടെ ഫെയ്സ്ബുക് പേജിലാണ് പ്രസന്നയുടെയും മകൾ എയ്ഞ്ചലിന്റെയും കഥ പങ്കുവച്ചിരിക്കുന്നത്. 

ആശ്രയ ചാരിറ്റബിൾ സൊസൈറ്റി പങ്കുവച്ച കുറിപ്പ് വായിക്കാം; 

ഈ സന്തോഷ വാർത്ത ഏവർക്കും ഷെയർ ചെയ്യാം... കാരണം, വർഷങ്ങൾക്ക് ശേഷം തൻറെ കുഞ്ഞുമാലാഖയെ കണ്ട കൊട്ടാരക്കര ആശ്രയയിലെ പ്രസന്നാമ്മയുടെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷത്തിൽ എല്ലാവർക്കും പങ്കുചേരാം. പതിനെട്ട് വർഷങ്ങൾക്ക് ശേഷം സ്വന്തം മകളുടെ ഫോട്ടോയിലേയ്ക്ക് ആ അമ്മ ഇമചിമ്മാതെ നോക്കിയിരുന്നപ്പോൾ മാതൃസ്നേഹത്തിന്റെ വാത്സല്യച്ചൂട് കലർന്ന കണ്ണീർതുള്ളികൾ അവരുടെ ഇരു കണ്ണുകളിൽ നിന്നും ഒഴുകിയിറങ്ങി. മൊബൈൽ ഫോണിന്റെ ചതുര സ്‌ക്രീനിൽ തെളിഞ്ഞുവന്ന ചിരിതൂകിയ മകളുടെ ഫോട്ടോയിൽ വിറയാർന്ന കൈകൾ കൊണ്ട് അവർ പതിയെ തലോടി. പ്രസന്നാമ്മയുടെ ചുണ്ടുകൾ ഇതെന്റെ പൊന്നുമോളാണെന്ന് മന്ത്രിച്ചുകൊണ്ടേയിരുന്നു.

ഇതുവരെ അവരുടെ ഓർമ്മകളിലെ മകൾക്ക് ഒരു മൂന്നുവയസ്സുകാരിയുടെ ചിണുങ്ങൽ മാത്രമാണ് ഉണ്ടായിരുന്നത്. മകൾ മുട്ടിലിഴഞ്ഞതും, വാവിട്ടു നിലവിളിച്ചതുമായ എല്ലാ ഓർമ്മകളും ആ അമ്മയുടെ മനസിലേയ്ക്ക് ഇരമ്പിയെത്തി. എന്നാൽ ഇന്നവൾക്ക് 21 വയസ്സായി. വളർന്നു വലുതായ തൻറെ മകൾ ഏയ്ഞ്ചലിനെ കൗതുകത്തോടെ മതിവരുവോളം പ്രസന്നാമ്മ നോക്കികൊണ്ടിരുന്നു. ആ സന്തോഷ നിമിഷത്തിന് സാക്ഷ്യം വഹിച്ച്‌ കൊട്ടാരക്കര ആശ്രയയും.

മൂന്നര വർഷങ്ങൾക്ക് മുൻപാണ് കൊല്ലം റെയിൽവേ സ്റ്റേഷനിൽ താളം തെറ്റിപ്പോയ മനസ്സുമായി അവശനിലയിൽ കിടക്കുകയായിരുന്ന പ്രസന്നയെന്ന വയോധികയെ സ്റ്റേഷൻ മാസ്റ്ററുടെ നിർദ്ദേശപ്രകാരം കൊട്ടാരക്കര ആശ്രയ ഏറ്റെടുത്തത്. അശാന്തമായൊഴുകുന്ന അവരുടെ മനസ്സ് ശാന്തമാകുമ്പോഴെല്ലാം എവിടെയാണെന്നറിയാത്ത തന്റെ മകളെക്കുറിച്ചോർത്ത് അവർ വിഷമിക്കുകയായിരുന്നു.

മകളുടെ കുഞ്ഞുമുഖം ഓർമ്മകളിലേക്ക് ചിറകടിച്ചെത്തുമ്പോഴെല്ലാം അവൾ ജീവനോടെയുണ്ടോ? ഉണ്ടെങ്കിൽ എവിടെയായിരിക്കും? എന്ന വേദന നിറഞ്ഞ ചോദ്യം ആശ്രയ ജനറൽ സെക്രട്ടറി കലയപുരം ജോസിനോടും സഹപ്രവർത്തകരോടും അവർ ചോദിച്ചുകൊണ്ടേയിരുന്നു. ഒടുവിൽ ആ അമ്മയുടെ വേദനയ്ക്ക് പരിഹാരമായി.

ഇരുപത് ദിവസങ്ങൾക്ക് മുൻപാണ് പ്രസന്നാമ്മയുടെ വാർത്ത സാമൂഹ്യമാധ്യമങ്ങളിൽ ആശ്രയ പോസ്റ്റ് ചെയ്തത്. മകളെ തേടുന്ന ഒരു അമ്മയുടെ നോവുന്ന ഹൃദയവേദനകളായിരുന്നു അതിന്റെ ഉള്ളടക്കം. വാർത്ത ശ്രദ്ധയിൽപ്പെട്ട കൊല്ലം ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി ഓഫീസിലെ സ്റ്റാഫായ ഷൈൻ ഈ സന്ദേശം കോട്ടയം ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി ഓഫീസിലെ സ്റ്റാഫായ ശ്രീജയ്ക്ക് പി. നായർക്ക് കൈമാറി. അവരുടെ അന്വേഷണം ഒടുവിൽ എറണാകുളം ജില്ലയിലെ മുവാറ്റുപുഴയ്ക്കടുത്ത് വാഴക്കുളത്ത് പ്രവർത്തിക്കുന്ന പ്രൊവിഡൻസ് ഹോമിലെത്തി.

അവിടെ ഏയ്ഞ്ചൽ എന്ന പേരിൽ ഒരു കുട്ടിയെ 2009 ൽ കോട്ടയം ജില്ലയിലെ തോട്ടയ്ക്കാട്ടിലെ ഒരു അനാഥാലയത്തിൽ നിന്നും എത്തിച്ച കാര്യം സ്ഥാപന അധികാരികളിൽ നിന്നും അറിയാൻ കഴിയുകയും കൂടുതൽ അന്വേഷണത്തിൽ അത് പ്രസന്നയുടെ കുഞ്ഞാണെന്ന് തിരിച്ചറിയുകയും ചെയ്തു. ഇപ്പോൾ അവൾ അവരുടെ സ്നേഹത്തണലിലാണ്. ഭർത്താവ് ഉപേക്ഷിച്ചുപോയ പ്രസന്ന തൻറെ ജീവിതം തുന്നിപിടിപ്പിക്കാനായി കൂലിപ്പണിയെടുത്തുവരികയായിരുന്നു. കൂടെ പറക്കമുറ്റാത്ത ഒരു പെൺകുഞ്ഞും. അമ്മയുടെ മരണമേൽപ്പിച്ച ആഘാതമായിരുന്നു പ്രസന്നയുടെ മനസിന്റെ താളം തെറ്റിച്ചത്. ഒടുവിൽ പതിനെട്ട് വർഷങ്ങൾക്ക് മുൻപ് മകളെ തോട്ടയ്ക്കാടുള്ള ഒരു അനാഥാലയത്തിന് കൈമാറി. എന്നാൽ തനിക്കൊരു മകളുണ്ടായിരുന്നുവെന്ന ഓർമ്മപോലുമില്ലാതെ ആ അമ്മ താളം തെറ്റിയ മനസ്സുമായി തെരുവോരങ്ങളിലൂടെ പല വർഷങ്ങൾ അലഞ്ഞു നടന്നു.

ഒടുവിൽ കലയപുരം ആശ്രയ സങ്കേതത്തിലെ സാന്ത്വന ചികിത്സ പ്രസന്നാമ്മയുടെ ചിന്തകളിലേക്ക് ആശ്വാസത്തിന്റെ വെളിച്ചം പകർന്നു. ഇപ്പോൾ അവരുടെ ജീവിതത്തിൽ മറക്കാനാവാത്ത സന്തോഷം മകളുടെ രൂപത്തിൽ തേടിയെത്തി. ഇന്നവർ കൂടുതൽ പ്രസന്നവതിയാണ്. കൊറോണ തീർത്ത ഈ ദുരിതകാലം തീരുമ്പോൾ മകൾ ഏയ്ഞ്ചലിനെ നേരിൽ കാണാമെന്ന സന്തോഷ വർത്തമാനം ആശ്രയയിലെ എല്ലാവരോടും ആ അമ്മ ഇപ്പോൾ പങ്കുവച്ചുകൊണ്ടിരിക്കുകയാണ്. ഈ നല്ലൊരു കാര്യത്തിനായി പ്രവർത്തിച്ച എല്ലാ നല്ല മനസുകളോടും കൊട്ടാരക്കര ആശ്രയ നന്ദി പറയുന്നു. ഒരു അമ്മയ്ക്ക് നഷ്ടപ്പെട്ടുപോയെന്നു കരുതിയ മകളെ തിരിച്ചു നൽകിയതിന്...

Tags:
  • Spotlight
  • Social Media Viral