Tuesday 29 March 2022 11:00 AM IST

‘അമ്മാ എന്നെ അറിയോ...’: മുഖത്തേക്ക് നോക്കിയതല്ലാതെ തിരിച്ചറിഞ്ഞില്ല: അമ്മയുണ്ടായിട്ടും അനാഥൻ: അശ്വിന്റെ ജീവിതം

Binsha Muhammed

aswin-cover

‘അച്ഛനും അമ്മയും മരിച്ച് അനാഥരായി ജീവിക്കുന്ന കുഞ്ഞുങ്ങളെ കണ്ടിട്ടുണ്ടോ? മരിച്ച് മണ്ണോട് ചേരുമ്പോഴും അവരുടെ ഓർമകളെങ്കിലും ആ കുഞ്ഞുങ്ങൾക്ക് കൂട്ടായുണ്ടാകും. മരണമില്ലാത്ത ആ ഓർമകളിലായിരിക്കും ആ മക്കൾ ജീവിക്കുന്നതു പോലും. പക്ഷേ എന്റെ ജീവിതം ദൈവത്തിന്റെ രസകരമായ തമാശയാണ്. എന്റെ അമ്മ ജീവിച്ചിരിപ്പുണ്ട്... പക്ഷേ, ഞാൻ അനാഥനാണ്. ആരുമില്ലാത്തവനാണ്. ജന്മം നൽകിയ അമ്മ വാരിപ്പുണരണമെന്നും ഉമ്മകൾ നൽണമെന്നും മോനേ... എന്ന് വിളിക്കണമെന്നും ഞാനും കൊതിക്കുന്നുണ്ട്. പക്ഷേ ദൈവത്തിന്റെ വിധി...’– കണ്ഠമിടറിയ നിമിഷം അശ്വിന്റെ കണ്ണിൽ നിന്നും കണ്ണീരൊഴുകി. ആകാശത്തേക്കു നോക്കി, തന്റെ വിധിയെ ഓർത്തു നിസ്സംഗമായി പുഞ്ചിരിച്ചു.

വേദികളിൽ മാജിക് വിസ്മയം തീർക്കുന്ന അശ്വിൻ വിജയ് എന്ന ചെറുപ്പക്കാരനെ ചിലർക്കെങ്കിലും പരിചയമുണ്ടാകും. കണ്ണുചിമ്മുന്ന വേഗതയിൽ ഇന്ദ്രജാലത്തിന്റെ കാണാക്കാഴ്ചകൾ അവതരിപ്പിക്കുന്ന കലാകാരൻ. തിരുവനന്തപുരം മാജിക് പ്ലാനറ്റിലെ ജീവനക്കാരന്‍. മുഖത്തു ചായം പൂശി ചുണ്ടിൽ നിറപുഞ്ചിരി വിരിയിച്ചു വേദികളിൽ നിറഞ്ഞാടുമ്പോഴും അശ്വിന്റെ നെഞ്ചകം വിധിയുടെ ക്രൂരമായ ചില തമാശകളിൽ എരിഞ്ഞു കൊണ്ടേയിരിപ്പുണ്ടാകും. പക്ഷേ, അത് പുറത്തു കാണില്ല. കലാകാരന്റെ നിയോഗം എന്നും വേദനകളെ അടക്കി വച്ച് കാണികളെ രസിപ്പിക്കുക എന്നതാണല്ലോ?

ഞൊടിയിടയിൽ മാറിമറിയുന്നൊരു കൺകെട്ട് പോലെയാണ് അശ്വിന്റെ ജീവിതം. വിധിയുടെ ആ മാജിക്കിൽ നഷ്ടക്കണക്കുകളുടെ തുലാഭാരം മാത്രമേയുള്ളൂ. ആദ്യം അച്ഛൻ ആത്മഹത്യ ചെയ്തു. മകനാണെന്ന് പോലും തിരിച്ചറിയാത്ത മാനസിക രോഗിയായ അമ്മ... തെരുവിൽ അന്തിയുറങ്ങിയ നാളുകൾ. ജീവിതത്തിന്റെ തിരശീല ഉയരുമ്പോൾ അശ്വിനും ചങ്ങലകളാൽ ബന്ധിക്കപ്പെട്ടിരിക്കുകയാണ്. അവിടുന്ന് രക്ഷപ്പെടാനുള്ള മന്ത്രവടി ദൈവത്തിന്റെ ദൈവത്തിന്റെ കയ്യിലാണെന്നു മാത്രം. 24–ാം വയസിലും അനാഥത്വം പേറി ജീവിക്കുന്ന സിനിമാക്കഥയെ വെല്ലുന്ന ആ ജീവിതം അശ്വിൻ പറയുന്നു... വനിത ഓൺലൈനോട്.

കൺകെട്ടല്ല ജീവിതം

‘തിരുവനന്തപുരം വിതുരയിലെ ഒരു കൊച്ചുഗ്രാമം. അവിടെയാണ് ഞാൻ ജനിക്കുന്നത്. വിജയന്റെയും ലതയുടെയും മകനായി. അച്ഛന്റെയും അമ്മയുടേയും വിവാഹം കഴിഞ്ഞു സന്തോഷകരമായ ജീവിതം മുന്നോട്ടു പോയി. ഒരു കൊല്ലം കഴിഞ്ഞപ്പോഴേയ്ക്കും രണ്ടു കാര്യങ്ങൾ സംഭവിച്ചു. ഒന്ന് ഞാൻ ജനിച്ചു. പിന്നാലെ എന്റെ അച്ഛനും അമ്മയും വേർപിരിഞ്ഞു’– വാക്കുകളിൽ സസ്പെൻസ് നിറച്ച് അശ്വിൻ പറഞ്ഞു തുടങ്ങുകയാണ്.

‘മാനസിക അസ്വാസ്ഥ്യമുള്ള ആളായിരുന്നു എന്റെ അമ്മ. അത് മറച്ചു വച്ചായിരുന്നുവത്രേ അവരുടെ വിവാഹം. ഇക്കാരണം കൊണ്ട് തന്നെ അവരുടെ ജീവിതത്തിൽ പ്രശ്നങ്ങളുണ്ടായി. ഞാൻ ജനിച്ചതിനു പിന്നാലെ അച്ഛനും അമ്മയും വേർപിരിഞ്ഞു. അമ്മയെ അമ്മയുടെ വീട്ടിലേക്ക് കൊണ്ടുപോയി. അന്നെനിക്ക് ഒരു വയസു പോലും ആയിട്ടില്ല.

വേർപിരിഞ്ഞതോടെ അച്ഛന്റെ അമ്മ വിശാലാക്ഷിയുടെ തണലിലാണ് ഞാൻ ജീവിച്ചത്. അച്ഛനും അമ്മൂമ്മയും കൂലിപ്പണി ചെയ്തു കിട്ടുന്ന വരുമാനം കൊണ്ടാണ് വീട്ടിൽ അടുപ്പു പുകഞ്ഞിരുന്നത്. ജീവിതം മുന്നോട്ടു പോകുമ്പോഴും അച്ഛന്റെ മനസിൽ ജീവിതത്തില്‍ സംഭവിച്ച വലിയ ദുരന്തത്തിന്റെ വേദനകളുടെ മുറിവുകളുണ്ടായിരുന്നു. അദ്ദേഹം മാനസികമായി തളർന്നു. ഒരു വശത്ത് അമ്മയില്ലാത്ത കുഞ്ഞ്, മറുവശത്ത് ഇരുവഴിയിലായ ജീവിതം. ആ വേദനയുടെ മൂർധന്യാവസ്ഥയിൽ അച്ഛൻ ആത്മഹത്യ ചെയ്തു. എല്ലാ ഭാരങ്ങൾക്കും അവധി നൽകി സ്വയം അവസാനിപ്പിച്ചു. അച്ഛന്റെ ആത്മഹത്യയോടെ പൂർണമായും അമ്മൂമ്മയുടെ തണലിലായി ഞാൻ. ആ പാവം കൂലിപ്പണിയെടുത്ത് എന്നെ വളർത്തി. അച്ഛന്റെയും അമ്മയുടെയും സാമീപ്യമറിയാതെ ഞാൻ അമ്മൂമ്മയുടെ മകനായി ജീവിച്ചു.

പഠിക്കുന്ന കാലത്താണ് ഡാൻസ് മനസിൽ കയറിപ്പറ്റുന്നത്. യുപി സ്കൂളിലൊക്കെ പഠിക്കുമ്പോള്‍ അത്യാവശ്യം ബ്രേക്ക് ഡാൻസും ഫോക്ക് ഐറ്റമായ നാടോടി നൃത്തവുമൊക്കെ പയറ്റിനോക്കി. സ്കൂൾ കലോത്സവങ്ങളിലും സബ്ജില്ലയിലുമൊക്കെ പോയി പ്രൈസ് നേടി. പക്ഷേ അവിടുന്നങ്ങോട്ട് എന്റെ കഴിവുകൾ ഉയർന്നില്ല. പിന്നിൽ നിന്ന് സപ്പോർട്ട് ചെയ്യാൻ എനിക്ക് ആരും ഉണ്ടായില്ല. അങ്ങനെയിരിക്കേ നാട്ടിലെ അമ്പലത്തിൽ ഉത്സവം വരികയാണ്. അന്ന് പ്രധാനപ്പെട്ട ഒരു ഐറ്റം മാജിക് ഷോ ആയിരുന്നു. പത്രം നിവർത്തിവച്ച് അതിലേക്ക് പാൽ ഒഴിക്കുന്ന മാന്ത്രികൻ. നോക്കുമ്പോ പാലിന്റെ കണിക പോലുമില്ല. പാൽ എങ്ങോട്ട് പോയെന്നറിയില്ല, അപ്രത്യക്ഷമാകുന്നു. ആ കാഴ്ചയിൽ കണ്ണുടക്കി. മാജിക് പഠിച്ചേ തീരുവെന്ന ആശയായി. വീട്ടിലെത്തി അമ്മൂമ്മയെ കാഴ്ചക്കാരിയാക്കി പാലിനു പകരം വെള്ളമൊഴിച്ച് പരാജയപ്പെട്ട മാജിക് ഇന്നും രസമുള്ള ഓർമയാണ്. അന്നതു കണ്ട് മുത്തശ്ശി പറഞ്ഞത് ഇതൊക്കെ കുട്ടിച്ചാത്തന്റെ വേലയാണെന്നാണ്.

പക്ഷേ, ഞാൻ വിട്ടു കൊടുത്തില്ല. ബാലരമ പോലുള്ള പ്രസിദ്ധീകരണങ്ങളിലൂടെ ഞാൻ തിരിച്ചറിഞ്ഞു. കുട്ടിച്ചാത്തൻ വേലയല്ല, മറിച്ച് മാജിക് ലോകം അംഗീകരിക്കുന്ന കലയാണെന്ന്. ബാലരമയിൽ അക്കാലത്ത് പ്രസിദ്ധീകരിച്ച നുറുങ്ങ് മാജിക്കുകൾ പഠിച്ചു. കൂട്ടുകാരുടെ മുന്നിൽ അവതരിപ്പിച്ച് സ്റ്റാറായി. ബാലപ്രസിദ്ധീകരണങ്ങളിൽ വരുന്ന നുറുങ്ങ് മാജിക്കുകളിൽ നിന്നും കുറേയൊക്കെ പഠിച്ച് ഞാൻ തന്നെ എന്റേതായ രീതിയിൽ രൂപം നൽകി. അങ്ങനെ ആദ്യമായി എന്റെ നാട്ടിലെ ചെറിയൊരു അമ്പലത്തിൽ എന്റെ ഇത്തിരിപ്പോന്ന മാജിക് അരങ്ങേറുകയാണ്. അന്ന് കിട്ടിയ കയ്യടികൾ ജീവിതം കയ്യെത്തിപ്പിടിക്കാനുള്ള ഊർജമായിരുന്നു. ഞാൻ വീണ്ടും വീണ്ടും പഠിച്ചു കൊണ്ടേയിരുന്നു. ഞങ്ങൾ മൂന്നാല് കുട്ടികൾ ചേർന്ന് അന്ന് ചെറിയൊരു ട്രൂപ്പുണ്ടാക്കി. ഇരുന്നൂറും മുന്നൂറും രൂപയ്ക്ക് ചെറിയ ചെറിയ പരിപാടികൾ പിടിച്ചു. സാരി വലിച്ചു കെട്ടിയ ചെറിയ വേദികളിൽ ഞങ്ങളുടെ പരിപാടികൾ നടത്തി. അതൊന്നും പട്ടിണി മാറ്റാൻ പോന്ന തുകയായിരുന്നില്ല. കിട്ടുന്ന ഇരുന്നൂറ് രൂപ തരാനും പലർക്കും മടിയായിരുന്നു. ഇടയ്ക്ക് ട്രൂപ്പ് വിപുലീകരിച്ചു. കുറച്ച് ഡാൻസർമൊരൊക്കെ ഞങ്ങൾക്കൊപ്പം കൂടി. തിരുവനന്തപുരം മാജിക് വിഷനെന്ന പേരിൽ ഞങ്ങളും വളർന്നു. പക്ഷേ ഞങ്ങളുടെ പ്രശ്നങ്ങൾ മാത്രം അവസാനിച്ചില്ല. ജീവിതം തട്ടിമുട്ടി തന്നെ മുന്നോട്ട്.

aswin-5

എന്റെ താത്പര്യം അറിഞ്ഞിട്ടാകണം നാട്ടിലുള്ള ഒരു ചേട്ടൻ ചോദിച്ചു. മാജിക് പഠിക്കാൻ താത്പര്യമുണ്ടോയെന്ന് അതേയെന്ന് ആകാംക്ഷയോടെ മറുപടി പറഞ്ഞു. വെള്ളനാട്ടുള്ള ബിസി സേനൻ സാറിന്റെ ശിഷ്യനായി ഞാനെത്തുന്നത് അങ്ങനെയാണ്. അതൊരു തുടക്കമായിരുന്നു. മാജിക്കിന്റെ ബാലപാഠങ്ങൾ കടന്ന് പുതിയ അറിവുകളിലേക്കുള്ള വാതിൽ. പഠനത്തിനൊപ്പം മാജിക്ക് പഠനവും ഉയിർപോലെ കൊണ്ടു നടന്നു.

പത്താം ക്ലാസിൽ 70 ശതമാനം മാർക്കുണ്ടായിരുന്നു എനിക്ക്. പ്ലസ്ടുവിന് വിതുര സ്കൂളിൽ വിഎച്ച്എസ്ഇയിൽ അഡ്മിഷന്റെ നേരമെത്തിയപ്പോൾ ദാരിദ്ര്യവും പട്ടിണിയും വീണ്ടും വില്ലനായി. 2000 രൂപ അഡ്മിഷൻ ഫീസ് കൊടുക്കാനില്ലാത്തത് കൊണ്ട് അമ്മൂമ്മ പഠിത്തം നിർത്താൻ പറഞ്ഞു. പക്ഷേ, എന്റെ വിഷമം കണ്ടപ്പോൾ മനസ് അനുവദിക്കാതെ ആ പാവം എവിടുന്നൊക്കെയോ 2000 രൂപ കടംവാങ്ങിയെത്തി. അഡ്മിഷനെടുത്ത് സ്കൂളിലെത്തുമ്പോൾ യൂണിഫോം വാങ്ങാനുള്ള കാശ് കൂടിയില്ല. അന്ന് ഒറ്റപ്പെട്ടുപോയ നിമിഷം ഓർക്കുമ്പോൾ ഇന്നും ചങ്കിലൊരു പിടപ്പുണ്ട്. സ്കൂളിലെ പരാതിപ്പെട്ടിയിൽ ആരുമറിയാതെ ഞാനെന്റെ അവസ്ഥയെഴുതിയിട്ടു. അന്നൊരു ടീച്ചറാണ് എനിക്ക് യൂണിഫോം വാങ്ങി നൽകി സഹായിച്ചത്. എന്തു ചെയ്യാം... ഞൊടിയിടയിൽ വസ്ത്രത്തിന്റെ നിറം മാറുന്ന മാജിക് ‘മാജിക്കിലേ’ സംഭവിക്കൂ. ജീവിതത്തിൽ സംഭവിക്കില്ല. അധികം വൈകിയില്ല. എന്നെ വേദനിപ്പിച്ച് മാത്രം പരിചയമുള്ള വിധി അടുത്ത പരീക്ഷണവും നൽകി. എന്റെ അമ്മൂമ്മയും എന്നെ വിട്ട് പോയി. ഞാൻ ആരുമില്ലാത്തവനായി.

aswin-3

വേദനയുടെ നാളുകൾ

തിരുവനന്തപുരം മാജിക് പ്ലാനറ്റിലേക്ക് മജീഷ്യൻമാരെ വേണമെന്ന പരസ്യം കണ്ടാണ്അവിടെത്തിയത്. മാത്രമല്ല എന്നെപ്പോലുള്ള കലാകാരൻമാർക്കുള്ള അഭയം കൂടിയായിരുന്നു ഗോപിനാഥ് മുതുകാട് സാറിന്റെ ആ സ്ഥാപനം.

എന്നെയും എന്റെ യോഗ്യതയും അളന്നു. തിരഞ്ഞെടുത്താൽ അറിയിക്കാമെന്ന് പറഞ്ഞ് വിട്ടു. വിളിക്കുമെന്ന പ്രതീക്ഷയിൽ ഞാൻ നാട്ടിലേക്കുള്ള വണ്ടി പിടിച്ചില്ല. തിരുവനന്തപുരം റെയിൽവേപ്ലാറ്റ്ഫോമിൽ അന്തിയുറങ്ങി, ദിവസങ്ങളോളം. പച്ചവെള്ളം കുടിച്ചും, കയ്യിയുള്ള ചെറിയ നാണയത്തുട്ടുകൾക്ക് ചെറുകടികള്‍ വാങ്ങിക്കഴിച്ചും പിടിച്ചു നിന്നു. റെയിൽവേ പ്ലാറ്റ്ഫോമിനു ചുറ്റുമുള്ള ബിയർ കുപ്പികൾപെറുക്കി വിറ്റു കിട്ടുന്ന ഇത്തിരിക്കാശു കൊണ്ട് തിരുവനന്തപുരം മഹാനഗരത്തിൽ എന്റെ ദിവസങ്ങൾ കടന്നുപോയി. അതുകൊണ്ടും നിൽക്കക്കള്ളിയില്ലാതെ വന്നപ്പോൾ കയ്യിൽ കിടന്ന കുഞ്ഞൊരു മോതിരം വിറ്റു. ഒരു ഹോസ്റ്റലിൽ അഡ്മിഷനെടുത്തു. അവിടെയും ഒരിക്കലും മറക്കാത്ത കുറേ മോശം അനുഭവങ്ങളുണ്ടായി. സുഹൃത്തുക്കൾ എന്ന് പറഞ്ഞ് ഒപ്പം കൂടിയ കുറേപേർ എന്നിൽ മയക്കുമരുന്ന് കുത്തിവച്ചു. കുറേപേര്‍ എന്നെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചു. അന്ന് അവിടുന്ന് ജീവനും കൊണ്ടാണ് നാട്ടിലേക്കോടിയത്. പക്ഷേ ആ വേദനകളും പരീക്ഷണങ്ങളും ഒന്നും വെറുതെയായില്ല. മാജിക് പ്ലാനറ്റിൽ നിന്നും എനിക്ക് വിളിവന്നു. ഞാൻ കാത്തിരുന്ന ജോലിക്കുള്ള വിളി.

2016മാജിക് പ്ലാനറ്റിൽ ജോലിക്കു കയറുന്നത്. അവിടെ അന്ധവിശ്വാസങ്ങളും മാജിക്കും എന്ന വിഭാഗത്തിലായിരുന്നു ഞാനെന്റെ മാജിക് പുറത്തെടുത്തത്. കപട സന്യാസിമാരും ബ്ലാക്ക് മാജിക്കുകാരും മനുഷ്യദൈവങ്ങളും കാട്ടുന്ന തട്ടിപ്പിനെ മാജിക്കിലൂടെ തന്നെ ഞാൻ പൊളിച്ചു കാട്ടും. അതായിരുന്നു എന്റെ ജോലി. അവിത്തെ ജോലി, ആ നല്ല ദിനങ്ങൾ, സ്ഥിര വരുമാനം എല്ലാം കൊണ്ടും നല്ല രീതിയിൽ മുന്നോട്ടു പോയി. നഷ്ടപ്പെട്ട സന്തോഷങ്ങൾ തിരികെ വരികയാണെന്ന് തോന്നി.

തിരികെ കിട്ടിയ നിധി

ജീവിതം പച്ചതൊട്ടപ്പോഴാണ് ഉപേക്ഷിച്ചു പോയ എന്റെ അമ്മയെ കാണണെമെന്നുള്ള ആഗ്രഹം മനസിലെത്തുന്നത്. അമ്മയ്ക്ക് സംഭവിച്ചതും അച്ഛന്റെ ആത്മഹത്യയുമെല്ലാം അമ്മൂമ്മ പറഞ്ഞ് എനിക്കറിയാമായിരുന്നു. ആ ദുരന്ത സത്യം മുന്നിലുള്ളതു കൊണ്ടാകണം, എന്നെ അമ്മയിലേക്ക് എത്താൻ അമ്മൂമ്മയും മറ്റു ബന്ധുക്കളും എന്നെ അനുവദിച്ചിരുന്നില്ല. എന്നെ തിരിച്ചറിയുക പോലും ചെയ്യാത്ത മാനസിക രോഗിയായ ഒരാളുടെ അരികിലേക്ക് എന്തിന് എന്നെ കൊണ്ടു പോകണം എന്ന് അവർ കരുതിയിട്ടുണ്ടാകണം. പക്ഷേ, അറിയാവുന്ന പ്രായത്തിൽ ഞാൻ അമ്മയെ ആഗ്രഹിച്ചു. കാണാൻ കൊതിച്ചു. ആകെ അറിയാവുന്നത് അമ്മയുെട പേര്, അമ്മയുടെ അമ്മയുടെ പേര് സ്വദേശമായ മണക്കാട് അത്രമാത്രം.

ഈ കഥയെല്ലാം ഞാനൊരിക്കൽ നമ്മുടെ മാജിക് പ്ലാനറ്റിലെ ഫുഡ്കോർട്ടിലെ ചേച്ചിയോട് പറഞ്ഞു. ദൈവത്തിന്റെ ‘മാജിക്’ നോക്കണേ... ആ ചേച്ചിയുടെ വീടിന്റെ അടുത്തായിരുന്നു എന്റെ അമ്മയുടെ കുടുംബം. സ്വർഗം കിട്ടിയ സന്തോഷത്തോടെ ഞാൻ അവിടെയെത്തി, അന്വേഷിച്ചു. അറിയാൻ കഴിഞ്ഞത് അമ്മ ഏതോ അഗതി മന്ദിരത്തിലാണെന്നാണ്. പക്ഷേ എവിടെയാണെന്നു മാത്രം അവർക്കറിയില്ലത്രേ. വീണ്ടും പരീക്ഷിക്കുകയാണോ ദൈവമേ എന്ന് തോന്നിപ്പോയി. പക്ഷേ വിട്ടില്ല. തിരുവനന്തപുരം ജില്ലയിലെ ഓരോ അനാഥ–അഗതി മന്ദിരത്തിലും പേരും വിലാസവും പറഞ്ഞ് അമ്മയെ തിരക്കി. ഓരോയിടത്തു നിന്നും നിരാശ കലർന്ന മറുപടി.

aswin-2

അങ്ങനെയിരിക്കേ തിരുവനന്തപുരം ചിറയിൻകീഴിലെ ഒരു മഹിളാമന്ദിരത്തിലെ നമ്പര്‍ കൂടി എനിക്ക് കിട്ടി. വിളിച്ചു നോക്കിയപ്പോൾ അവിടുന്ന് മറുപടി. ‘നിങ്ങളുടെ അമ്മ ഇവിടെയുണ്ട്...’ ഒട്ടും വൈകിയില്ല. ഓടിയെന്റെ അമ്മയുടെ അരികിലേക്ക്. വർഷങ്ങൾക്കു ശേഷം എന്റെ അമ്മയെ കാണുന്ന സന്തോഷമായിരുന്നു എനിക്ക്. ആ നിമിഷം എങ്ങനെ വിവരിക്കണമെന്ന് എനിക്കറിയില്ല. അമ്മയെ പാർപ്പിച്ചിരിക്കുന്ന മുറിയിലെത്തി നീട്ടി വിളിച്ചു. അമ്മാ... എന്റെ മുഖത്തേക്ക് നോക്കിയല്ലാതെ എന്നെ അവർ തിരിച്ചറിയുന്നു പോലുമുണ്ടായിരുന്നില്ല. അന്ന് മാനസികാസ്വസ്ഥ്യത്തിന്റെ പേരിലാണ് അമ്മയും അച്ഛനും വേർപിരിഞ്ഞത്. കാലം ഇന്നും ആ വേദനയ്ക്ക് മാറ്റം കൊണ്ടുവന്നിട്ടില്ല. എന്റെ അമ്മ ഇന്നും മാനസിക രോഗിയാണ്. ഞാൻ മകനാണെന്ന് തിരിച്ചറിയാൻ എന്റെ അമ്മയ്ക്കു കഴിയില്ല.... എന്തൊരു വിധിയാണിത്. കാത്തിരുന്ന് കണ്ടപ്പോൾ എന്നെ മോനേ എന്ന് വിളിക്കുമെന്നു കരുതി... കെട്ടിപ്പിടിക്കുമെന്നു കരുതി... പക്ഷേ...’– ഒരു നിമിഷം അശ്വിന്റെ കണ്ണുനിറഞ്ഞു.

‘വേദനിപ്പിച്ച വിധിയോടും അനുഭവിച്ച ദുരിതങ്ങളോടും പരാതികളില്ല. ഒന്നുമില്ലെങ്കിലും എന്റെ അമ്മയെ എനിക്കു തിരിച്ചു കിട്ടിയില്ലേ. അവർ തിരിച്ചറിയുന്നില്ലെങ്കിലും എന്റെ അമ്മ ജീവിച്ചിരിപ്പുണ്ട് എന്ന സന്തോഷം മാത്രം മതി എനിക്ക്. ആരുമില്ലെങ്കിലും എനിക്കെന്റെ അമ്മയുണ്ടല്ലോ. പ്രതീക്ഷകളുടെ ചിറകിലേറി വീണ്ടും ഞാൻ മുന്നോട്ടു പോകുകയാണ്. എന്റെ അമ്മയ്ക്കൊപ്പം ജീവിക്കണം, അതിന് അടച്ചുറപ്പുള്ളൊരു വീടു വേണം. വറുതിയുടെ കോവിഡ് കടന്ന് വീണ്ടും എന്റെ ജീവിതത്തിൽ വീണ്ടും വെളിച്ചം വീശും. ആ മാജിക് സംഭവിക്കുന്ന നാളിനായി കാത്തിരിക്കുകയാണ് ഞാൻ’– അശ്വിൻ പറഞ്ഞു നിര്‍ത്തി.