Friday 27 July 2018 04:01 PM IST

ആരോഗ്യത്തിനും ഉന്മേഷത്തിനും എങ്ങനെയാണ് കുളിക്കേണ്ടത്? ആയുർവേദം പറയുന്നത് ഇങ്ങനെ

Tency Jacob

Sub Editor

ayurveda_bath ഫോട്ടോ:ശ്യാം ബാബു, ലൊക്കേഷൻ : കുമരകം ലേക്ക് റിസോർട്ട്

കുളി ഉന്മേഷദായകമാണ്. വ്യായാമം കൊണ്ടുണ്ടായ വിയർപ്പ് വറ്റിയശേഷം ശരീരം പതുക്കെ തടവി കുളിക്കണം. വാത കഫ പ്രകൃതിക്കാർക്ക് ഇളം ചൂടുവെള്ളവും പിത്ത പ്രകൃതിക്കാർക്ക് തണുത്ത വെള്ളവുമാണ് നല്ലത്. കുളിക്കാനുള്ളവെള്ളം നാല്പാമരം പോലുള്ള ഔഷധങ്ങളോ, തുളസി, ആവണക്കില, പഴുത്ത പ്ലാവില, ആര്യവേപ്പില എന്നിവയിട്ടു തിളപ്പിച്ചതാണെങ്കിൽ നല്ലതാണ്. മെഴുക്കിളക്കുന്നതിനു വാകപ്പൊടിയോ കടല, ചെറുപയർ എന്നിവയുടെ പൊടിയോ ഉപയോഗിക്കാം.

തലയിൽ തണുത്തവെള്ളം ഒഴിച്ചേ കുളിക്കാൻ പാടുള്ളൂ. ചൂടുവെള്ളം ഉപയോഗിച്ചാൽ മുടിയുടെ ശക്തി ക്ഷയിപ്പിക്കാനും അകാല നരയ്ക്കും കൊഴിച്ചിലിനും കാരണമാകും. കണ്ണിനും ദോഷകരമായിരിക്കും. തല കഴുകുന്നതിനു താളിയും ഉണക്കിയ നെല്ലിക്കപ്പൊടി, കടലപ്പൊടി, ചെറുപയർപൊടി എന്നിവയിലേതെങ്കിലും ചേർത്തു മുടി നനച്ചശേഷം നന്നായി തേച്ച് എണ്ണ കഴുകി കളയണം. എണ്ണതേച്ചു കുളി കഴിഞ്ഞാൽ മുടി ഉണങ്ങിയശേഷം മാത്രമേ ചീകാവൂ.

അർധരാത്രിയിലും ഭക്ഷണം കഴിഞ്ഞ ഉടനെയും കുളിക്കരുത്. സ്കൂളിൽ പോകുന്ന കുട്ടികളെ സൗകര്യത്തിനുവേണ്ടി അമ്മമാർ പ്രാതൽ കഴിഞ്ഞ് കുളിപ്പിക്കാറുണ്ട്. ദഹനസംബന്ധമായ അസുഖങ്ങളുണ്ടാകാൻ അതു കാരണമാകും. ആരോഗ്യവാനായ ഒരാൾ എല്ലാ ദിവസവും കുളിക്കണം. ചൂടുകാലത്ത് തണുത്തവെള്ളത്തിലാണ് കുളിക്കേണ്ടത്. കുളി കഴിഞ്ഞതിനുശേഷം സുഗന്ധദ്രവ്യങ്ങൾ അരച്ച് മുഖത്തിലും ശരീരത്തിലും പൂശുന്നത് വളരെയേറെ ആരോഗ്യദായകമാണ്.

വിയർപ്പ്, ദുർഗന്ധം, നിറഭേദം, തളർച്ച തുടങ്ങിയ വിഷമതകൾ ഒഴിവാകും. കുങ്കുമം, ചന്ദനം, കാരകിൽ എന്നിവ അരച്ച് മുഖത്തു പുരട്ടുന്നത് സൗന്ദര്യം വർധിപ്പിക്കും. ദിവസവും രണ്ടുനേരം കുളിക്കണം. സന്ധ്യക്ക് ശേഷമാണ് കുളിയെങ്കിൽ തല കുളിക്കുന്നത് ഒഴിവാക്കാം. പനി, വാതരോഗം, വയറിളക്കം, ദഹനക്കേട് തുടങ്ങിയ രോഗങ്ങളുളളവർ കുളിക്കാതെ ദേഹം തുടയ്ക്കാനേ പാടുള്ളൂ.

അമ്പത് വയസ്സിനു ശേഷം ആരോഗ്യസംരക്ഷണത്തിൽ അൽപ്പം ആയുർവേദമാകാം; ഇതാ വഴികൾ

{വനിത ആയുർവേദം സ്പെഷ്യൽ}

വിവരങ്ങൾക്കു കടപ്പാട്്: ഡോ.ബി.രാജ്കുമാർ, സീനിയർ മെഡിക്കൽ ഒാഫിസർ, വെഞ്ഞാറമൂട്,

ഗവ. ആയുർവേദ ഡിസ്പെൻസറി

ഡോ.എം.എൻ. ശശിധരൻ, ചീഫ് ഫിസിഷ്യൻ, അപ്പാവു വൈദ്യൻ ആയുർവേദിക്സ്, കോട്ടയം

ഡോ. സി.വി. അച്ചുണ്ണി വാരിയർ, കോട്ടയ്ക്കൽ ആര്യവൈദ്യശാല