Wednesday 17 July 2019 04:11 PM IST

‘വായ്പ തിരികെ ചോദിക്കുമ്പോൾ നമ്മളെക്കാൾ ക്രൂരരായി ആരുമില്ല; എല്ലാവര്‍ക്കും അമര്‍ഷമാണ് ഞങ്ങള്‍ ബാങ്കുകാരോട്!’

Roopa Thayabji

Sub Editor

bank-empl998 ലക്ഷ്മി രാജൻ, രേഖ പിള്ള, ടി. ആതിര (ഫോട്ടോ: ഷിജിൻ സോൾ ബ്രദേഴ്സ്)

വായ്പകൾ കിട്ടാക്കടമാകുമ്പോൾ റിക്കവറി നടപടി സ്വീകരിക്കുക സ്വാഭാവികമാണ്. അപ്രകാരമേ നെയ്യാറ്റിൻകരയിലും നടന്നിട്ടുള്ളൂ എന്ന് ആൾ ഇന്ത്യ ബാങ്ക് ഓഫിസേഴ്സ് കോൺഫെഡറേഷൻ സംസ്ഥാന സെക്രട്ടറി എബ്രഹാം ഷാജി ജോൺ പറയുന്നു. ‘‘2004ലെ രജനി എസ്. ആനന്ദിന്റെ ആത്മഹത്യ പലരും ഓർക്കുന്നുണ്ടാകും. വിദ്യാഭ്യാസ വായ്പ ലഭിക്കാത്ത വിഷമത്തിൽ തിരുവനന്തപുരത്തെ ഹൗസിങ് ബോർഡ് കെട്ടിടത്തിൽ നിന്നു ചാടി ആത്മഹത്യ ചെയ്തു എന്നായിരുന്നു വാർത്ത. തുടർന്ന് രജനിക്ക് വിദ്യാഭ്യാസ വായ്പ നിഷേധിച്ച ഇന്ത്യൻ ഓവർസീസ് ബാങ്കിനെതിരേ കേരളമൊട്ടാകെ പ്രതിഷേധമുയർന്നു.

ആ ആത്മഹത്യയ്ക്ക് കാരണം കണ്ടെത്താൻ സർക്കാർ കമ്മിഷനെ നിയമിച്ചിരുന്നു, ഖാലിദ് കമ്മിഷൻ 55ലേറെ സിറ്റിങ്ങും നടത്തി. വായ്പ നൽകുന്നത് റിസർവ് ബാങ്ക് ചട്ടങ്ങളുടെ ചുവടുപിടിച്ചാണ്. നടപടികൾക്കിടെ വായ്പയെടുത്തയാ ൾ അപായകരമായി എന്തെങ്കിലും  ചെയ്താൽ ബാങ്ക് മാനേജരെയോ മറ്റോ പ്രതി ചേർക്കാൻ പാടില്ലെന്ന നിലപാടാണ് സംഘടന അന്നുമെടുത്തത്. ഖാലിദ് കമ്മിഷൻ അടുത്ത വർഷം തന്നെ സർക്കാരിനു സമർപ്പിച്ച റിപ്പോർട്ട് ഇതുവരെ വെളിച്ചം കണ്ടിട്ടില്ല. വായ്പ കിട്ടുമോ എന്നന്വേഷിച്ച് രജനി സമീപിച്ച ബാങ്ക് മാനേജർ അന്നു 12 ദിവസം ഒളിവിൽ കഴിഞ്ഞു. കോട്ടയം കുടമാളൂരിലെ എച്ച്ഡിഎഫ്സി ബാങ്ക് ശാഖയിൽ നിന്ന് വിദ്യാഭ്യാസ വായ്പയെടുത്ത വ്യക്തി, ജപ്തി പേടിച്ച് ആത്മഹത്യ ചെയ്തതിനെ തുടർന്ന് മാനേജർ ജയിലിൽ കിടന്നതു നാലു ദിവസമാണ്.

കേന്ദ്രസർക്കാരും  ആർബിഐയും നിർദേശിച്ച റിക്കവറി നടപടികളാണ് ബാങ്കുകൾ തുടർന്നു പോരുന്നത്. നിയമം നടപ്പാക്കാനായി നിയമിക്കപ്പെടുന്ന മാനേജർമാരെ പ്രതിസ്ഥാനത്തു നിർത്തുന്നത് തെറ്റല്ലേ. നിക്ഷേപകരുടെ പണമാണ് വായ്പയായി നൽകുന്നത്. നിക്ഷേപിച്ച തുക പലിശസഹിതം തിരികെ കിട്ടിയില്ലെങ്കിൽ ഇടപാടുകാരൻ വെറുതേയിരിക്കുമോ. വായ്പ തിരിച്ചടവിന്റെ കാര്യത്തിൽ ബാങ്ക് എടുക്കുന്ന നിലപാടും അതു തന്നെയാണ്. വായ്പ കിട്ടാക്കടമായി മാറുന്നത് ബാങ്കുകളുടെ നിലനിൽപിനെ തന്നെ ബാധിക്കും.’’

ബാങ്കിങ് ഇടപാടിനു വരുന്ന കസ്റ്റമേഴ്സിന് ഇപ്പോൾ പഴയതുപോലെ ക്ഷമയില്ലെന്നു തോന്നാറുണ്ടെന്ന് കോർപറേഷൻ ബാങ്കിന്റെ ആലപ്പുഴ, എഴുപുന്ന ബ്രാഞ്ചിലെ ശോഭ നായ രും സഹപ്രവർത്തകരും പറയുന്നു. ‘‘പണ്ട് മിക്ക കാര്യങ്ങളും സ്വയംചെയ്യാൻ പറ്റുമായിരുന്നു, ഇപ്പോൾ പക്ഷേ, എല്ലാം കംപ്യൂട്ടറിലൂടെയാണ്. ഒരു ഇടപാട് നടത്തി പത്തുമിനിറ്റിനകം പണം പിൻവലിക്കാൻ പറ്റിയില്ലെങ്കിൽ കാര്യമന്വേഷിക്കാനല്ല മുതിരുക, ബ്രാഞ്ചിലെത്തി വഴക്കുണ്ടാക്കാനാണ്. ഞങ്ങളുടെ ബാങ്കിന്റെ നിയമ പ്രകാരം റിക്കവറി നടപടിക്കു മുൻപ് ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ഇടപാടുകാരനെ നേരിൽ കണ്ട് കാര്യങ്ങൾ വിശദീകരിക്കണമെന്നാണ്. പലപ്പോഴും ഈ സമയത്ത് കേൾക്കുന്ന ഭീഷണിക്കു കണക്കുണ്ടാകില്ല.’’

സർക്കാർ ചട്ടങ്ങളും റിസർവ് ബാങ്കിന്റെ നിർദേശങ്ങളും ബാങ്ക് പോളിസികളുമൊക്കെ അനുസരിച്ച് പ്രവർത്തിക്കുന്ന ഉദ്യേഗസ്ഥരോട് ശത്രുക്കളെ പോലെ പെരുമാറിയിട്ട് എന്തുകാര്യമെന്നാണ് ഫെഡറൽ ബാങ്ക്, കോട്ടയം വാകത്താനം ബ്രാഞ്ച് മാനേജരായ കെ.ഡി. നിഷയും സഹപ്രവർത്തകരും ചോദിക്കുന്നത്. ‘‘ബാങ്കിങ് ഇടപാടുകൾ പൂർണമായും ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായാണ് വിഡ്രോവൽ ഫോമിന് ജൂൺ ഒന്നു മുതൽ 28 രൂപ വാങ്ങാൻ തുടങ്ങിയത്. പക്ഷേ, പലർക്കും അമർഷമാണ്. ചെക്ക് ലീഫുകൾ ഉപയോഗിക്കാനും, മൊബൈൽ ബാങ്കിങ്ങും നെറ്റ് ബാങ്കിങ്ങുമൊക്കെ പ്രോത്സാഹിപ്പിക്കാനുമാണ് ഈ പോളിസി. കേന്ദ്രസർക്കാർ നോട്ടു നിരോധിച്ച സമയത്തും എല്ലാത്തിനും കാരണം ബാങ്ക് ഉദ്യോഗസ്ഥരാണെന്ന് ചിലരെങ്കിലും കരുതിയിരുന്നു.’’

Handshakes with customer after contract signature ആർ.ജയന്തി ദേവി, എം.ശ്രീദേവി, കെ.ഡി.നിഷ

ഒരു ശതമാനം മതി

ടെക്നിക്കൽ പ്രശ്നം കാരണം  ജോലി തടസ്സപ്പെട്ടാലും പഴി ജീവനക്കാർക്കാണെന്ന് തിരുവനന്തപുരത്ത് ബാങ്ക് ജീവനക്കാരിയായ ടി.എം. രാജലക്ഷ്മി പറയുന്നു. ‘‘സിസ്റ്റം അപ്ഡേഷൻ നടക്കുന്ന സമയത്ത് പണയം പുതുക്കി വയ്ക്കാൻ ഒരാൾ വന്നു. മൂന്നുമണി വരെ കൗണ്ടർ പ്രവർത്തിച്ചതുമാണ്. ഈ ടെക്നിക്കൽ പ്രശ്നമുള്ളതുകൊണ്ട് നാളെ വരാമോ എന്നു ചോദിച്ചതോടെ അയാൾ ബഹളം തുടങ്ങി. സന്ധ്യ കഴിഞ്ഞും പ്രശ്നം തുടർന്ന അയാളെ പൊലീസെത്തിയാണ് അനുനയിപ്പിച്ചത്. റിക്കവറിക്ക് പോകുമ്പോൾ നെയ്യാറ്റിൻകര സംഭവത്തിന്റെ പശ്ചാത്തലത്തിലാകും ഇനി മിക്ക ആളുകളുടെയും പ്രതികരണം. ഇത്തരം കാര്യങ്ങളിൽ കൂടി സർക്കാർ ഗുണപരമായ ഇടപെടൽ നടത്തിയാൽ നല്ലത്.’’

99 ശതമാനം ഇടപാടുകാരും നന്നായി പെരുമാറുമ്പോൾ ഒരു ശതമാനം ഉണ്ടാക്കുന്ന പ്രശ്നം മതി ദിവസം  മുഴുവൻ തലവേദനയാകാനെന്നു പറഞ്ഞത് കനറാ ബാങ്ക് ഓഫിസേഴ്സ് അസോസിയേഷൻ വനിതാ പ്രതിനിധിയായ പാലക്കാട്ടെ ബാങ്ക് ഉദ്യോഗസ്ഥ വി.പി. അമ്പിളിയാണ്. ‘‘ലോൺ കൊടുക്കുമ്പോൾ ഏറ്റവും നല്ലവരാണ് ഞങ്ങൾ, വായ്പ തിരികെ ചോദിക്കുമ്പോൾ ഞങ്ങളെക്കാൾ ക്രൂരരായി ആരുമില്ല എന്ന മട്ടാണ് ഇടപാടുകാർക്ക്. റിക്കവറിക്കു പോകുന്ന സ്ത്രീ ഓഫിസർമാരെ അപകീർത്തിപ്പെടുത്തി വരെ സംസാരിക്കും. വിജയ് മല്യയുടെ ലോൺ തിരിച്ചുപിടിക്കാതെ പാവപ്പെട്ടവന്റെ കഴുത്തിനു പിടിക്കാൻ പോകുന്നു എന്നൊക്കെയാണ് പറയുന്നത്. ഇതല്ലേ ഞങ്ങളുടെ ജോലി, ചെയ്യാതിരിക്കാൻ പറ്റില്ലല്ലോ.’’

സ്ത്രീയായതു കൊണ്ടുതന്നെ സമ്മർദം ചെലുത്തിയാൽ കാര്യങ്ങൾ എളുപ്പം നടത്തിയെടുക്കാമെന്നു കരുതുന്നവർ കുറവല്ലെന്നാണ് ഇന്ത്യൻ ഓവർസീസ് ബാങ്ക് ഓഫിസേഴ്സ് അസോസിയേഷൻ വെസ്റ്റ് സോൺ ലേഡി എജിഎസും, കോട്ടയത്ത് ബാങ്ക് ഉദ്യോഗസ്ഥയുമായ രേഖ പിള്ളയും സഹപ്രവർത്തകരും പറയുന്നത്. ‘‘വളരെക്കൂടുതൽ വനിതകൾ ബാങ്കിങ് ജോലി ചെയ്യുന്നു. ഇപ്പോഴും ഞങ്ങളെ പേടിപ്പിച്ചാൽ ന ടപടി ഒഴിവാക്കാമെന്നു കരുതുന്നവർ കുറവല്ല. രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ് ഇടപാടുകളുടെ സമയമെങ്കിലും പണം എണ്ണി തിട്ടപ്പെടുത്തുന്നത് അടക്കമുള്ള ജോലികൾതീർക്കുന്നത് അതിനു ശേഷമാണ്. എങ്ങാനും ടാലി ആകാതെ വന്നാൽ കണ്ടുപിടിച്ച് അക്കൗണ്ട് ക്ലിയർ ആക്കണം. അപ്പോഴൊന്നും സ്ത്രീയാണെന്നു കരുതി വിട്ടുനിൽക്കാറില്ലല്ലോ.’’

bank-empl556 കെ.ആർ. അമ്പിളി, വി.ടി. ഗീത, ശോഭ നായർ, നീതു രാജ്

തന്ത്രങ്ങൾ പലത്

റിക്കവറിക്ക് വേണ്ടി പോകുമ്പോൾ ഇടപാടുകാരുടെ ഭീഷണി അടക്കം പലതും നേരിടേണ്ടി വരാറുണ്ടെന്ന് കോഴിക്കോട്ടെ ബാങ്ക് റിക്കവറി ഓഫിസറും AIBOC കേരള ഘടകം വൈസ് പ്രസിഡന്റുമായ കെ.പി. ജ്യോതി പറയുന്നു. ‘‘സിജെഎം കോടതിയിൽ നിന്നു അഡ്വക്കറ്റ് കമ്മിഷനോടൊപ്പം  പോയാണ്  ജ പ്തി നടത്തുന്നത്. പലപ്പോഴും ഇടപാടുകാർ സ്ഥലത്തു നിന്ന് മാറിക്കളയും. സ്ത്രീളോ കുട്ടികളോ മാത്രം ഉള്ളിടത്തു നടപടി നീട്ടിവച്ച് മടങ്ങും. ചിലർ വീടു പൂട്ടി പൊയ്ക്കളയും. പൂട്ട് തുറന്നു കയറാൻ പിന്നെ കോടതിയിൽ നിന്ന് ഉത്തരവൊക്കെ വാങ്ങണം. എറണാകുളത്ത് ഒരിടത്തു ജപ്തിക്കു ചെന്നപ്പോൾ അവർ പട്ടിയെ അഴിച്ചുവിട്ടു. മുറ്റത്തു പോലും കടക്കാനാകാതെ അന്ന് തിരികെ പോന്നു. ചിലർ ഗുണ്ടകളെ  വിളിച്ചുനിർത്തി ജപ്തി തടയും.

നോട്ടിസ് വായ്പക്കാരൻ കൈപ്പറ്റി 60 ദിവസം പൂർത്തിയായിട്ടേ ജപ്തി നടപടികൾ നടത്തൂ. നേരത്തേ പലവട്ടം നൽകിയ അവധികൾക്ക് പുറമെയാണ് ഈ സമയം നൽകുന്നത്. ഇതിനുള്ളിൽ പണം കുറച്ചെങ്കിലും അടച്ച് വായ്പ പുനക്രമീകരിക്കാൻ ഇടപാടുകാരനാകും. യാതൊരു ഇടപെടലും ഉണ്ടാകാത്ത അവസരത്തിൽ 60 ദിവസത്തിനു ശേഷം വസ്തു ഏറ്റെടുത്തു നോട്ടിസ് പതിക്കും (പ്രതീകാത്മക ജപ്തി). കൃത്യമായി പ്രതിമാസ അടവ് നടത്തി ലോൺ തീർക്കാമെന്നിരിക്കെ, അപ്പോഴൊന്നും പണമടയ്ക്കാതെ തിരിച്ചടവ് ഭീമമാക്കുന്നതിൽ ഇടപാടുകാർക്കും ചെറുതല്ലാത്ത പങ്കുണ്ട്.’’

Tags:
  • Spotlight
  • Vanitha Exclusive