Saturday 21 September 2019 01:51 PM IST

എനിക്കെന്തോ ആപത്തു വരാൻ പോകുന്നുണ്ട്! ബഷീർ മരണത്തിനു തൊട്ടു മുമ്പ് പറഞ്ഞ ആ വാക്കുകൾ; നീറുന്ന ഓർമ

Tency Jacob

Sub Editor

baseer

ആയിരം ആശ്വാസ വാക്കുകള്‍ കൊണ്ട് തുലാഭാരം നടത്തിയാലും ആ വിയോഗം സമ്മാനിച്ച വേദനയൊഴിയില്ല. ഒരു പുഞ്ചിരിയോടെ മാത്രം സുഹൃത്തുക്കളെ കണ്ടിരുന്ന മനുഷ്യൻ. കെഎം ബഷീർ എന്ന സൗമ്യനായ മനുഷ്യന്‍ ഓർമ്മച്ചെപ്പിൽ സൂക്ഷിക്കാൻ തന്നിട്ടു പോയത് ഒരായിരം നിമിഷങ്ങൾ... സൗഹൃദത്തിന്റെ ആഴവും പരപ്പും അളന്നു കുറിച്ചായിരുന്നില്ല കെഎം ബഷീർ ഏവരോടും അടുത്ത് ഇടപഴകിയിരുന്നത്. ആദ്യമായി കാണുന്നവരെപ്പോലും തന്റെ സൗഹൃദച്ചെപ്പിലേക്ക് ചേർത്തു നിർത്താനുള്ള എന്തോ ഒരു മാജിക്ക് അദ്ദേഹത്തിന് വശമുണ്ടായിരുന്നു. ബഷീറിന്റെ വിയോഗം സമ്മാനിച്ച വേദന കനലായെരിയുന്ന നിമിഷത്തിൽ ‘വനിത’ അദ്ദേഹത്തിന്റെ കുടുംബത്തിനരികിലേക്ക് എത്തി. വനിത ഓണ പതിപ്പിലായിരുന്നു ബഷീറിന്റെ കുടുംബാംഗങ്ങളുമായുള്വ ഹൃദയം നുറുക്കുന്ന സമാഗമം...ടെൻസി ജെയ്ക്കബ് തയ്യാറാക്കിയ അഭിമുഖത്തിൽ നിന്നുള്ള പ്രസക്ത ഭാഗം ചുവടെ...

ഞങ്ങൾക്ക് നീതി വേണം

‘‘ബന്ധുക്കളെല്ലാം ചേർന്നൊരു വാട്സാപ്പ് ഗ്രൂപ്പുണ്ട്. അതിൽ വെള്ളിയാഴ്ച രാത്രി ഒൻപതരയ്ക്ക് ബഷീറിന്റെ മെസേജുണ്ടായിരുന്നു.‘ബലി പെരുന്നാൾ പന്ത്രണ്ടിന്’. അതായിരുന്നു അവസാന കയ്യൊപ്പ്. പിന്നെ കേൾക്കുന്നത്...’’ ബഷീറിന്റെ മൂത്ത സഹോദരൻ അബ്ദുറഹിമാൻ പറഞ്ഞു തുടങ്ങി.

‘‘അബദ്ധത്തിൽ സംഭവിച്ച തെറ്റാണെന്നു കരുതി ഞങ്ങൾ ഉറ്റവരൊന്നും ഒരു പ്രകോപനവും ഇതുവരെ നടത്തിയിട്ടില്ല. പക്ഷേ, നീതി നടപ്പാക്കേണ്ട ഒരു വ്യക്തി തെറ്റിനെ മായ്ക്കാൻ നടത്തുന്ന ശ്രമങ്ങൾ എല്ലാവരും കാണുന്നുണ്ടല്ലോ. തെറ്റിനെക്കുറിച്ച് പൂർണ ബോധ്യം ഉള്ള ആളാണ് എല്ലാ പഴുതുകളും അടച്ച് രക്ഷപ്പെടാൻ നോക്കുന്നത്. ഞങ്ങൾക്ക് ആ മനുഷ്യ നോട് ഒരു വിദ്വേഷവും ഇല്ല. അയാളെ അങ്ങനെ ചെയ്യണം ഇ ങ്ങനെ ചെയ്യണം എന്നൊന്നും വിചാരിച്ചിട്ടില്ല. പറ്റിയ തെറ്റ് അംഗീകരിക്കുക എന്നുള്ളതാണ് ശരിയും മനുഷ്യത്വവും. ‘സംഭവിച്ചു പോയി’ എന്ന് ഏറ്റു പറഞ്ഞിരുന്നെങ്കിൽ ഇത്ര വേദനയുണ്ടാകില്ല. അതിനു വേണ്ടി കുറേ നുണകൾ പറയുന്നതു കാണുമ്പോഴാണ് സങ്കടവും വേദനയും തോന്നുന്നത്.

സർക്കാരിൽ ഞങ്ങൾക്ക് വിശ്വാസമുണ്ട്. സത്യം എന്നായാലും പുറത്തു വരും. അന്വേഷണം തൃപ്തികരമായി നീങ്ങുന്നില്ലെങ്കിൽ കേസ് ഉന്നത തലത്തിലേക്ക് കൈമാറുമെന്നാണ് പ്രതീക്ഷ. ആദ്യം കേസന്വേഷിച്ച പൊലീസുകാരിൽ ഞങ്ങൾ തൃപ്തരല്ലായിരുന്നു. പിന്നീടു വന്നവർ, ബഷീർ ജോലി ചെയ്തിരുന്ന സിറാജ് പത്രത്തിന്റെ അധികാരികൾ പരാതി കൊടു ക്കാൻ വൈകിയതു കൊണ്ടാണ് ശ്രീറാമിന്റെ രക്തപരിശോധന സമയത്ത് ചെയ്യാൻ പറ്റാതെ പോയതെന്നെല്ലാം പറയുമ്പോൾ വിശ്വസിക്കാൻ പ്രയാസം തോന്നുന്നു. പൊലീസിന് സ്വമേധയാ കേസെടുക്കാവുന്ന സാഹചര്യമുണ്ടായിട്ടും അതു ചെയ്യാതെ മറ്റുള്ളവരുടെ മേലേ കുറ്റം ചാരുന്നത് ശരിയല്ല. അന്വേഷണം ശരിയായ രീതിയിലേക്ക് വരണം. ബഷീർ പത്രപ്രവർത്തകനായതുകൊണ്ട് ഒരുപാടുപേർ ശബ്ദിക്കാനുണ്ട്. ഞങ്ങളെപ്പോലെ ഒരു സാധാരണക്കാരനായിരുന്നെങ്കിൽ എന്തായാനേ..

അസമയത്ത് അവര്‍ രണ്ടുപേരെയും കണ്ടപ്പോൾ ബഷീർ ഫോട്ടോ എടുക്കാൻ ശ്രമിച്ചിട്ടുണ്ടാവും, അവരെ പിന്തുടർന്നിട്ടുണ്ടാവും എന്നെല്ലാമുള്ള വാദങ്ങൾ വരുന്നുണ്ട്. ഇതൊരു അപകടമരണമാണോ കൊലപാതകമാണോ എന്നതൊക്കെ പുറത്തു വരണമെന്ന് ഞങ്ങൾക്ക് ആഗ്രഹമുണ്ട്. ബഷീറിന്റെ രണ്ടു ഫോണിൽ സ്മാർട്ട് ഫോൺ ഇതുവരെ കണ്ടെത്താത്തത് ദുരൂഹത തന്നെയാണ്.’’

തുടക്കകാലത്ത് സിറാജിന്റെ തിരൂരിലെ റിപ്പോർട്ടറായിരുന്നു ബഷീർ. പിന്നീട് മലപ്പുറത്തേക്ക് മാറി. അവിടെ നിന്നാണ് തിരുവനന്തപുരത്തേക്കു പോകുന്നത്. അവിെട ബ്യൂറോചീഫായിരുന്നു. നിയമസഭാ റിപ്പോർട്ടിങ്ങിലെ മികവിനു കേരള മീഡിയ അക്കാദമിയുടെ അവാർഡും കിട്ടിയിട്ടുണ്ട്. വ്യക്തിപരമായി അറിയപ്പെടാൻ ഓൻ ഇഷ്ടപ്പെട്ടിരുന്നില്ല. തൊണ്ണൂറു ശതമാനം നാട്ടുകാരും ബഷീറിന്റെ മരണശേഷമാണ് ഓനെന്തായിരുന്നു എന്ന് തിരിച്ചറിയുന്നത്.

നാട്ടുകാർക്കോ ബന്ധുക്കൾക്കോ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലോ കാന്‍സര്‍ െസന്‍ററിലോ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഒാനാണു സഹായിച്ചിരുന്നത്. ആർസിസിയിലുള്ളവരൊക്കെ പറഞ്ഞിട്ടുണ്ട്, ‘ബഷീറിനെ കണ്ടാൽ മതി. ഒരു ടോക്കൺ ഞങ്ങൾ മാറ്റി വയ്ക്കുമെന്ന്.’

ചെറിയ അനിയന്റെ കല്യാണമുണ്ടായിരുന്നു മൂന്നരമാസം മുൻപ്. അതോടൊപ്പം തന്നെ പൊരേകൂടലും നടത്താമെന്നു തീരുമാനിച്ച് കുറച്ച് ധൃതിയിൽതന്നെയാണ് പണികൾ നടത്തിയത്. അതുകൊണ്ട് കുറച്ചു കടബാധ്യതകളുമുണ്ട്.

ഒരു മാസം മുൻപ് ഒാന്‍റെ പഴ്സ് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടയിൽ നഷ്ടപ്പെട്ടു. ഉപ്പ ചെറുപ്പത്തിൽ കൊടുത്ത ഒരു പത്തുരൂപ നോട്ട് അതിൽ സൂക്ഷിച്ചു വച്ചിരുന്നു. പിന്നീട്, പഴ്സും അതിലുണ്ടായിരുന്ന രേഖകളും തിരിച്ചു കിട്ടിയെങ്കിലും പണം നഷ്ടപ്പെട്ടിരുന്നു.‘എനിക്കെന്തോ ആപത്തു വരാൻ പോകുന്നുണ്ട്, അതുകൊണ്ടാണ് ഉപ്പ തന്ന ആ നോട്ടു പോയതെന്ന്’ ബന്ധുക്കളോട് പറഞ്ഞിരുന്നുവത്രേ.

ഓന്റെ ഭാര്യ ജസീലയോട് അപകടം പറ്റിയെന്നേ ആദ്യം പറഞ്ഞുള്ളൂ. ഓള് ഉടനെതന്നെ ബഷീറിന്റെ കൂട്ടുകാരൻ പ്രദീപിന് വിളിച്ചു. പ്രദീപ് ഒന്നും പറയാനാകാതെ കരഞ്ഞുപോയി. ജസീലയ്ക്ക് കാര്യങ്ങൾ മനസ്സിലായിരിക്കണം. പിന്നെ അവർ ബോധം മറഞ്ഞു വീണു. ഇപ്പോൾ ഒന്നു ശരിയായി വരുന്നേയുള്ളൂ... അവരുടെ നിക്കാഹ് കഴിഞ്ഞിട്ട് ഡിസംബറിലേക്ക് പത്തുകൊല്ലമേ ആവുന്നുള്ളൂ.

ഫോട്ടോ ഇൻസാഫ്

Tags:
  • Relationship