Monday 14 June 2021 05:11 PM IST

ഇത് ആഢംബരമല്ല, പുലർന്നു പോകുന്നത് അനേകായിരം കുടുംബങ്ങൾ!

Delna Sathyaretna

Sub Editor

‘‘ഞങ്ങൾ മുടി സ്ട്രെയ്റ്റൻ ചെയ്ത്, കണ്ണെഴുതി, ലിപ്സ്റ്റിക്കിട്ടു നടക്കുന്നതു കൊണ്ട് എല്ലാവരുടെയും ധാരണ ഞങ്ങൾക്ക് പ്രാരാബ്ധങ്ങളിലെന്നാണ്. ഞങ്ങളും മനുഷ്യരാണ്. വീടിനു വാടക കൊടുക്കേണ്ടി വരുന്ന, കുഞ്ഞുങ്ങൾക്കുള്ള ഭക്ഷണത്തിനായി കഴിയുന്ന ജോലിയെടുത്ത് നന്നായി അധ്വാനിക്കുന്ന മനുഷ്യർ’’. കൊല്ലത്തെ ഷൈമ റാണിയെന്ന ബ്യൂട്ടീഷ്യനു പറയാനുള്ളത് ലോക്ക് ഡൗൺ കാലത്ത് ബ്യൂട്ടീഷന്മാർക്ക് നേരിടേണ്ടി വരുന്ന അവഗണനകളെക്കുറിച്ചാണ്. ആഢംബര മേഖലയെന്ന വേർതിരിവുള്ളതുകൊണ്ട് ഇവർക്ക് ആനുകൂല്യങ്ങളൊന്നും തന്നെ ലഭിക്കുന്നില്ലെന്ന പരാതിയാണ് കേരളമൊന്നാകെ കേൾക്കുന്നത്. ഇതിനെതിരായി ഇന്ന് കണ്ണു മൂടിക്കെട്ടി പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തു, യൂണിറ്റി ഓഫ് ബ്യൂട്ടീഷൻസ് എന്ന കൂട്ടായ്മ.   ലോക്ക്ഡൗണിൽ ആദ്യം തന്നെ അടയ്ക്കുന്നതും ഏറ്റവും ഒടുവിൽ പ്രവർത്തനാനുമതി കിട്ടുകയും ചെയ്യുന്നവയാണ് ബ്യൂട്ടി പാർലറുകൾ . എന്നിട്ടും പലിശരഹിത വായ്പകളോ, മറ്റേതെങ്കിലും വിധത്തിലെ കൈത്താങ്ങുകളോ തങ്ങൾക്ക് കിട്ടുന്നില്ലെന്ന് ഇവർ പരിഭവപ്പെടുന്നു. നൽകുന്നത് ആഢംബര സർവ്വീസാണെങ്കിലും അതിലൂടെ ജീവിച്ചു പോകുന്നത് ഒട്ടും ആഢംബര ജീവിതം നയിക്കുന്നവരല്ല. ഈ മേഖലയിൽ ഭൂരിപക്ഷം പേരും സ്ത്രീകളാണ്. കുടുംബത്തിനും കുട്ടികൾക്കും പുരുഷന്റെ തണൽ നഷ്ടമായ അവസ്ഥയിൽ , ജീവനോപാധി തേടിയിറങ്ങിയ അനേകം പേരുണ്ട് ഇതിൽ. അന്തസായി ജോലിയെടുത്ത് കുടുംബം പുലർത്തുന്നവർ .ലോക്ക്ഡൗണിൽ പക്ഷേ ജോലിയെടുക്കാൻ അവസരമില്ലല്ലോ. എന്നിട്ടും ലോണുകൾ മുടക്കം കൂടാതെ അടയ്ക്കാൻ  നിർബന്ധിതരാകുകയാണ് ഈ സ്ത്രീ സംരഭകർ. ബാങ്കുകൾ പ്രത്യേക വാട്സ്ആപ് ഗ്രൂപ്പുകളുണ്ടാക്കി ലോണിന്റെ മാസത്തവണ മുടങ്ങാതിരിക്കാൻ നിർബന്ധിക്കുന്നു, വീട്ടു വാടകയും മുടക്കാനാകില്ല. പിന്നെ ജീവിതം എങ്ങനെ മുൻപോട്ടു കൊണ്ടു പോകുമെന്ന ആശങ്കയിലാണിവർ.

img03


     കോവിഡിനെക്കുറിച്ച് കേട്ടു കേൾവിയുണ്ടാകുന്നതിനു മുൻപു തന്നെ സാനിറ്റൈസർ, ഗ്ലവ്സ്, മാസ്ക് എന്നിങ്ങനെ വൃത്തികാര്യങ്ങളിൽ ശ്രദ്ധ പുലർത്തുന്നവയാണ് മിക്ക ബ്യൂട്ടിപാർലറുകളും. ഏതെങ്കിലും ബ്യൂട്ടി പാർലറിൽ നിന്ന് കോവിഡ് വ്യാപകമായി പടർന്നുവെന്ന് കേട്ടു കേൾവിയുണ്ടോ ഇതുവരെ..ഇല്ലെന്ന് അടിവരയിട്ട് പറയുകയാണ് ഈ പ്രതിഷേധത്തിന്റെ സംഘാടകർ. എന്നിട്ടും ആഢംബര മേഖലയാണെന്ന വിവേചനം ഞങ്ങളോടെന്തിനു കാണിക്കുന്നു? കുടുംബം പുലർത്താൻ പാടു പെടുന്ന സ്ത്രീസംരംഭകർക്കെതിരേയുള്ള നീതി നിഷേധമല്ലേയത്. ലഘു തവണകളായി തിരിച്ചടയ്ക്കാവുന്ന ധന സഹായങ്ങളോ, വായ്പാ ഇളവുകളോ ഞങ്ങളും അർഹിക്കുന്നില്ലേ? ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്തിയേയും പ്രതിപക്ഷ നേതാവിനെയും എല്ലാ ജില്ലകളിലെയും എം എൽ എ മാരെയും സമീപിച്ചിരുന്നു. ചമയങ്ങളില്ലാത്ത ജീവിത യാഥാർത്ഥ്യങ്ങളും കൺമഷി ചിതറിയൊലിച്ച് ചാലു കീറിയ ചോദ്യങ്ങളും സമൂഹത്തിനു നേരേ ഉയർത്തുകയാണ് ആയിരത്തി അഞ്ഞൂറിലേറെ വരുന്ന സൗന്ദര്യ പരിപാലകർ.
 

img02
Tags:
  • Spotlight
  • Glam Up
  • Fashion
  • Vanitha Exclusive
  • Vanitha Fashion