Saturday 06 March 2021 03:12 PM IST

‘ദൈവം എല്ലാം കൂടി ഒന്നിച്ചു തരില്ല എന്ന് പറയുന്നത് സത്യമാണ്; വലിയ ഭാഗ്യം എന്നെ തേടിയെത്തിയപ്പോൾ സന്തോഷിക്കാൻ ഭാര്യയില്ല’

Lakshmi Premkumar

Sub Editor

biggbbnn4555

ഒരു രാത്രി ഉറങ്ങിയെണീക്കുമ്പോൾ കോടീശ്വരനാവുക. പലരും സ്വപ്നം കാണുന്ന കാര്യമൊക്കെതന്നെ. എന്നാൽ സത്യത്തിൽ ഇതു സംഭവിച്ചാൽ എന്തായിരിക്കും അവസ്ഥ? അതറിയണമെങ്കിൽ ഭാഗ്യദേവത അതിഭീകരമായി കടാക്ഷിച്ചവരോടു തന്നെ ചോദിക്കണം. പ്രത്യേകിച്ചും മണലാരണ്യത്തിൽ ഒഴുക്കുന്ന വിയർപ്പിന്റെ കൂലിയിൽ നിന്നു മിച്ചം പിടിച്ച് ഭാഗ്യം പരീക്ഷിച്ചവരോട്.  ജീവിതായുസ്സിലേക്ക് വേണ്ടത് മുഴുവൻ ഒരു സുപ്രഭാതത്തിൽ ലഭിച്ചവരോട്. മറുനാട്ടിലെ ഏറ്റവും പ്രശസ്ത സൗഭാഗ്യമായ ബിഗ് ടിക്കറ്റ്, 2018 ലെ നറുക്കെടുപ്പിൽ 10 മില്യൺ ദിർഹം – 19 കോടി രൂപ ലഭിച്ച വാഴപ്പള്ളിൽ യോഹന്നാൻ സൈമണെ പരിചയപ്പെടാം.

ഇതു ദൈവത്തിന്റെ തീരുമാനം

‘‘1000 ദിർഹമാണ് ഒരു ബിഗ് ടിക്കറ്റിന്റെ വില. ഏതാണ്ട് 20000 രൂപ. അതുകൊണ്ടു തന്നെയാണ് പലപ്പോഴും സാധാരണക്കാർ അഞ്ചും ആറും പേര് ചേർന്ന് ഒരു ടിക്കറ്റ് എടുക്കുന്നത്.’’ യോഹന്നാന്‍ ബിഗ് ടിക്കറ്റ് ലോട്ടറിയുെട കഥ പറഞ്ഞു തുടങ്ങി. ‘‘പലരുടെയും ശമ്പളം പോലും 1500 ദിർഹമൊക്കെയായിരിക്കും. അതിൽ തന്നെ വീട്ടിലേക്ക് അയയ്ക്കണം, മാസ ചെലവ് നോക്കണം. അങ്ങനെ വരുമ്പോൾ ഭാഗ്യ പരീക്ഷണം പിന്നീടാകാം എന്നു കരുതും.’’

കൂട്ടുകാർക്കൊപ്പം നിരവധി തവണ എടുത്തിട്ടും യോഹന്നാനെ ഭാഗ്യദേവത കനഞ്ഞില്ല. എന്നാൽ കയ്യിലെ പണം സ്വരുക്കൂട്ടി ഒറ്റയ്ക്ക് എടുത്ത ബിഗ് ടിക്കറ്റിൽ അടിച്ചത് അഞ്ചും പത്തുമല്ല, പതിെനട്ടു േകാടിയുെട ഒന്നാം സമ്മാനം. കുണ്ടറ സ്വദേശി വാഴപ്പള്ളിൽ യോഹന്നാൻ സൈമൺ താമസിക്കുന്നത് ദുബായിലാണ്.

‘‘ഒറ്റയ്ക്ക് ഒരു ബിഗ് ടിക്കറ്റ് സ്വന്തമാക്കുക എന്നത് വലിയ സ്വപ്നമാണ് പലർക്കും. നാലോ അഞ്ചോ തവണ കൂട്ടുകാർക്കൊപ്പം പലതവണ ടിക്കറ്റ് എടുത്തു. ചെറിയ ശമ്പളത്തിൽ നിന്നു മിച്ചം പിടിച്ചാണ് പണം സ്വരുക്കൂട്ടുക. പക്ഷേ, റിസല്‍ട്ട് പ്രഖ്യാപിക്കുമ്പോൾ നമ്മുെട േപരില്ല.

2018 ൽ എനിക്കു തോന്നി ഒറ്റയ്ക്കൊന്ന് ശ്രമിച്ചു നോക്കാമെന്ന്. ഒരു പ്രത്യേക ഓഫറും ബിഗ് ടിക്കറ്റ് ടീം അത്തവണ നൽകുന്നുണ്ടായിരുന്നു. രണ്ട് ടിക്കറ്റ് എടുത്താൽ ഒരെണ്ണം സൗജന്യം.

രണ്ടും കൽപിച്ച് രണ്ടു ടിക്കറ്റെടുത്തു. മൂന്നാമതൊരു ടിക്കറ്റ് ഫ്രീയായിട്ടും കിട്ടി. പിന്നെ, ജീവിതം പഴയ പടിയായി. എല്ലാ ദിവസത്തെയും പോലെ ജോലിക്കു പോകും തിരിച്ച് റൂമിൽ വ രും അത്രതന്നെ.

ഒരു ദിവസം പണി സ്ഥലത്ത് നില്‍ക്കുമ്പോൾ ഫോൺ‌,   ഇംഗ്ലിഷിലാണ് സംസാരം. ‘ഹലോ, മിസ്റ്റര്‍ സൈമൺ വാളപ്പള്ളിൽ.’

ഞാൻ തിരുത്തിപ്പറഞ്ഞു, ‘വാളപ്പള്ളിലല്ല, വാഴപ്പള്ളിൽ.’

പിന്നീടവര്‍ പറഞ്ഞ കാര്യം കേട്ട് ആദ്യമൊന്നു െഞട്ടി. ‘നിങ്ങൾക്കാണ് ഇത്തവണ ബിഗ് ടിക്കറ്റ് ലഭിച്ചിരിക്കുന്നത്.’

എനിക്ക് ആകെപ്പാടെ ഒരു വശപിശക് തോന്നി. തൊട്ടു തലേദിവസം ഒരു മില്യൺ രൂപ സമ്മാന കൂപ്പൺ അടിച്ചിട്ടുണ്ടെന്നു പറഞ്ഞ് ഒരു ഫോൺകോൾ വന്നിരുന്നു. അതു പറ്റിപ്പായിരുന്നു. അതുെകാണ്ട് ഈ േകാള്‍ വന്നിട്ടും എനിക്കെന്തോ വലിയ എക്സൈറ്റ്മെന്റ് ഉണ്ടായില്ല. പക്ഷേ, േഫാണിലൂെട ആരൊക്കെയോ വിളിച്ചു പറയുന്നത് കേട്ടു ‘യൂ ആർ ദ് വിന്നർ...’

ലൈവായാണ് ഈ സംഭവം നടക്കുന്നതെന്ന് അപ്പോള്‍ എനിക്ക് ‘കത്തിയില്ല’. ആളുകളുടെ ബഹളം കൂടി കേട്ടപ്പോൾ ഞാനുറപ്പിച്ചു ഇത് ‘ഫേക്ക്’ തന്നെയെന്ന്. ഇതിനിടയിൽ എ ന്റെ ഫോണിലേക്ക് തുരു തുരാ വിളികൾ വരാൻ തുടങ്ങി. ലൈവായി ഈ പരിപാടി കാണുന്ന സുഹൃത്തുക്കളാണ് വിളിക്കുന്നത്, മഹാഭാഗ്യത്തിെന്‍റ കാര്യം പറയാന്‍. അങ്ങനെ പതുക്കെ ഞാൻ യാഥാർഥ്യം തിരിച്ചറിഞ്ഞു.

ഞാൻ ആദ്യം തിരഞ്ഞെടുത്ത നമ്പറിനായിരുന്നു സമ്മാനം. അവർ പറഞ്ഞ ദിവസം ചെന്നു ചെക്ക് വാങ്ങി. അവിടുത്തെ സമ്പ്രദായ പ്രകാരം മുൻ വിജയിയാണ് അടുത്ത ഭാഗ്യശാലിയെ തിരഞ്ഞെടുക്കുക. തൊട്ട് മുൻപേ ഏഴു മില്യൺ ദിർഹം ലഭിച്ച ടോജോ മാത്യുവെന്ന മലയാളിയാണ് എന്നെ തിരഞ്ഞെടുത്തത്. അതു വളരെ കൗതുകമായിരുന്നു അവിെട എല്ലാവ ർക്കും. എന്നാൽ വീണ്ടും ഒരു വമ്പൻ ട്വിസ്റ്റ് നടന്നു. ഞാന്‍ തിര‍ഞ്ഞെടുത്തതും ഒരു മലയാളിയെ തന്നെയായിരുന്നു. ഒരു മലയാളി മറ്റൊരു മലയാളിയെ രക്ഷിച്ച്, ആ മലയാളി മറ്റൊരു മലയാളിയെ കൂടി രക്ഷിച്ച മഹാസംഭവം.

ദൈവം എല്ലാം തന്നു, ഒന്നൊഴികെ...  

ജീവിതത്തിൽ ഒരുപാട് കഷ്ടപ്പാടുകൾ അനുഭവിച്ചയാളാണ് ഞാൻ. വിവാഹം കഴിഞ്ഞ് ആദ്യ അഞ്ചു വർഷം കുഞ്ഞുങ്ങളില്ലാത്ത ദുഃഖം. പ്രാർഥനയുടെ ഫലമായി ദൈവം ഇരട്ട ആൺമക്കളെ തന്നു. അതിനു ശേഷം ഒരു മകനേയും കൂടി തന്നു.

പക്ഷേ, അപ്പോഴേക്കും എനിക്ക് കുറച്ച് കടബാധ്യതകളും പ്രശ്നങ്ങളുമെല്ലാമായിരുന്നു. നാട്ടിലെ വീടും സ്ഥലവും വിറ്റാണ് കടം തീർത്തത്. ചെയ്ത ബിസിനസിലും കുറച്ച് പാളിച്ചകൾ പറ്റി. സത്യം പറഞ്ഞാൽ ഉള്ള ഭക്ഷണം മക്കൾക്ക് കൊടുത്തിട്ട് ഞാനും ഭാര്യ സുമിയും പട്ടിണിക്ക് ഇരുന്ന എത്രയോ ദിവസങ്ങളുണ്ട്. വിദേശത്ത് വന്ന് ചെയ്യാത്ത പണികളില്ല. ഒരു ഹോട്ടലിലെ അടുക്കളയിൽ തുടങ്ങി മാനേജർ പോസ്റ്റിൽ വരെ ഇരുന്നിട്ടുണ്ട്.

വർഷങ്ങൾക്ക് ശേഷം ഫർണിച്ചർ വർക്കുമായി ബന്ധപ്പെട്ട സ്ഥാപനത്തിൽ ജോലി ചെയ്ത് ജീവിതം ഒരുവിധത്തിൽ കരയ്ക്ക് അടുപ്പിക്കുമ്പോഴാണ് ഭാര്യയുടെ അവിചാരിത മരണം.

സാധാരണ ഓരോ ആറുമാസം കൂടുമ്പോഴും ഞാൻ നാട്ടിലേക്ക് പോകും. മക്കളുടെ അവധിക്കാലത്ത് അവർ നാലുപേരും കൂടി ഇങ്ങോട്ട് വരും. 2016 ൽ അങ്ങനെ അവരെല്ലാം കൂടി എന്റെയടുത്തേക്കു വന്നു. പത്താം ദിവസം രാത്രി പെട്ടെന്ന് സുമിക്കൊരു ഫിറ്റ്സ് വന്നു. ബ്രെയിൻ ഡത്ത് സംഭവിച്ചു. അപ്പോൾ തന്നെ ഹോസ്പിറ്റലിൽ വെന്റിലേറ്ററിൽ കയറ്റി. ഇനിയൊരു തിരിച്ചു വരവ് ഇല്ലെന്ന് ഡോക്ടർ പറഞ്ഞു.  

നമ്മുടെ നാട്ടിൽ മസ്തിഷ്ക മരണം സംഭവിച്ചാലും ‘ഇനി പ്രതീക്ഷയില്ല’ എന്ന് ഉറപ്പായാൽ വേണ്ടപ്പെട്ടവർ ഒപ്പിട്ടു കൊടുത്താൽ മതി വെന്റിലേറ്റര്‍ മാറ്റും. പക്ഷേ, ഇവിടെ എപ്പോഴാണ് രോഗി മരിക്കുന്നത് അതുവരെ വെന്റിലേറ്ററിൽ തന്നെ വയ്ക്കും. സാധാരണക്കാർക്ക് താങ്ങാൻ കഴിയുന്നതിനും അപ്പുറമാണ് ചാർജ്. അങ്ങനെ 28 ദിവസം അവൾ വെന്റിലേറ്ററിൽ ആയിരുന്നു. പിന്നെ, ദൈവത്തിന്റെയടുത്തേക്ക് മടങ്ങി.

ദൈവം എല്ലാം കൂടി ഒന്നിച്ചു തരില്ല എന്ന് പറയുന്നത് സത്യമാണ്. ഇത്രയും വലിയ ഭാഗ്യം എന്നെ തേടിയെത്തിയപ്പോൾ സന്തോഷിക്കാൻ ഭാര്യയില്ല. പക്ഷേ, സാഹചര്യങ്ങളുമായി ന മ്മൾ പൊരുത്തപ്പെടണം. മൂന്നാൺ മക്കളും ഇപ്പോൾ പഠിക്കുകയാണ്. ഞാൻ ബിസിനസും കാര്യങ്ങളുമായി തിരക്കിലും.

മക്കളുടെ പേരും വിവരങ്ങളും പുറത്തു വിടാറില്ല. കാരണം ലോട്ടറി ലഭിച്ച സമയത്ത് എന്റെ ഇളയ മോന്റെ സ്കൂളിലേക്ക് പോലും ആളുകൾ സഹായം അഭ്യർഥിച്ച് കത്തുകൾ അയയ്ക്കാൻ തുടങ്ങി. ആറു മാസത്തോളം എന്റെ ഫോണിന് വിശ്രമമില്ലായിരുന്നു. ഇങ്ങനെ പണം കിട്ടുന്നവരൊക്കെ ഫോൺ നമ്പർ മാറ്റുമെന്ന് ഞാൻ കേട്ടിട്ടുണ്ട്. അവരെ തെറ്റു പറയാൻ കഴിയില്ല. കാരണം അത്രയധികം ഫോൺകോളുകളാണ് വരിക. എന്തൊക്കെയാണെങ്കിലും നമ്മളും മനുഷ്യരല്ലേ?

Tags:
  • Spotlight