Saturday 16 November 2019 05:43 PM IST

മറ്റുള്ളവർക്കു കിറുക്കെന്ന് തോന്നാവുന്ന സ്വപ്നങ്ങളും സഞ്ചിയിലാക്കി സഞ്ചരിക്കുന്ന ‘ഉറുമ്പുപിടുത്തക്കാര’ന്റെയും ‘പക്കിപിടുത്തക്കാര’ന്റെയും കഥ!

Nithin Joseph

Sub Editor

DSC_7535

‘മനോജേ, നാളെ ലീവായിട്ട് എന്താണ് പരിപാടികൾ?’

‘കലേഷ് ഡോക്ടറിനൊപ്പം ഹണ്ടിങ്.’

‘ഹണ്ടിങ്’ എന്നു കേൾക്കുമ്പോഴേ ശിക്കാരി ശംഭുവിനെയാണ്  ഒാർമ വന്നതെങ്കിൽ സോറി. ഇത് വേറെ ലെവൽ ഹണ്ടിങ്ങാണ്. കാടും മലയും കീഴടക്കിയുള്ള ഇവരുടെ സഞ്ചാരം ആനയെയും കടുവയെയും വെടിവയ്ക്കാനല്ല.

ഇത് രണ്ടു സ്വപ്നസഞ്ചാരികളുടെ കഥയാണ്. മറ്റുള്ളവർക്കു കിറുക്കെന്ന് തോന്നാവുന്ന സ്വപ്നങ്ങളും സഞ്ചിയിലാക്കി സഞ്ചരിക്കുന്ന ഒരു ‘ഉറുമ്പുപിടുത്തക്കാര’ന്റെയും ‘പക്കിപിടുത്തക്കാര’ന്റെയും കഥ.

പൂമ്പാറ്റകളുടെ സ്വന്തം ഡോക്ടർ

091A8653

‘ഡോക്ടർക്ക് ‘കിക്ക്’ കിട്ടണമെങ്കിലേ, പൂമ്പാറ്റയുടെ പിന്നാലെ പോണം.’ കൂട്ടുകാർ കളിയാക്കുമ്പോൾ  തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർ കലേഷ് സദാശിവന്‍ അതങ്ങു സമ്മതിച്ചു കൊടുക്കുകയേ ഉള്ളൂ.

‘‘ശരിയാണ്. ചിലർക്കു മദ്യപിക്കുമ്പോൾ ഒരു ‘കിക്ക്’ ലഭിക്കുന്നു, ചിലർക്കു പുക വലിക്കുമ്പോൾ, ചിലർക്കു മറ്റെന്തെങ്കിലും ചെയ്യുമ്പോൾ. എന്റെ ‘കിക്ക്’ ചിത്രശലഭങ്ങളാണ്.

ചെങ്ങന്നൂരിലെ ബുധനൂർ എന്ന ഗ്രാമത്തിലാണ് ജനിച്ചത്. പശുക്കളും  മീനും കിളികളുമൊക്കെയായിരുന്നു അന്നേ ഇഷ്ടങ്ങൾ. ഏഴാം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് അച്ഛന്‍ കുറെ പുസ്തകങ്ങൾ വാങ്ങിത്തന്നു. അതിലൊരെണ്ണം ‘സിക്സ്റ്റി ഇന്ത്യൻ ബേഡ്സ്’ (60 ഇന്ത്യൻ പക്ഷികൾ) ആയിരുന്നു. അന്നേ തുടങ്ങിയതാണ് പക്ഷികളോടുള്ള ഇഷ്ടം. എ പ്പോഴും ആകാശത്തേക്ക് നോക്കിയാണ് നടപ്പ് എന്ന കളിയാക്കലൊക്കെ ഇഷ്ടംപോലെ കേട്ടിട്ടുണ്ട്.

പ്ലസ് ടുവിൽ പഠിക്കുന്ന സമയത്താണ് പക്ഷികളെ വിട്ട്   ശലഭങ്ങളുടെ പിന്നാലെ പോയത്. അതുവരെ വെള്ള, നീല, മഞ്ഞ എന്നിങ്ങനെ വിചാരിച്ചിരുന്ന ചിത്രശലഭങ്ങൾക്കെല്ലാം പേരുകൾ ഉണ്ടെന്നും അവയെക്കുറിച്ച് ഒരുപാട് പഠിക്കാനുണ്ടെന്നും മനസ്സിലായി. കൂടുതല്‍ പുസ്തകങ്ങൾ എടുത്ത് വായിക്കാൻ തുടങ്ങി. കഴിഞ്ഞ 18 വർഷങ്ങളായി ശലഭങ്ങളുടെ പിന്നാലെ പറന്നുകൊണ്ടിരിക്കുകയാണ്. ഇടയ്ക്ക് കുറച്ചു നാൾ തവളയെയും ഉറുമ്പിനെയും തുമ്പിയെയും പറ്റി പഠിച്ചു. ഈ ഇ ഷ്ടങ്ങളാണ് ഇന്നോളം അറിയപ്പെടാത്ത 13 പുതിയ ജീവജാലങ്ങളെ കണ്ടെത്താൻ സഹായിച്ചത്.’’

സകല മേഖലയിലും വല്ലഭൻ

IMG_5342

കൈവച്ച മേഖലയിൽ എല്ലാം  കഴിവ് തെളിയിച്ചിട്ടുണ്ട് ഡോ. ക ലേഷ്. പ്ലസ് ടു പഠനത്തിനു ശേഷം മെഡിസിനും എൻജിനീയറിങ്ങിനും എൻട്രൻസ് എഴുതി. രണ്ടിനും ഉയർന്ന മാർക്ക്. തിരുവനന്തപുരം മെഡിക്കൽ കോളജിൽനിന്ന് എംബിബിഎസും എംഎസും  എംസിഎച്ചും പാസ്സായി, അനാട്ടമിയിൽ ഗോൾഡ് മെഡലോടെ. ഇപ്പോൾ മെഡിക്കൽ കോളജിൽ പ്ലാസ്റ്റിക് സ ർജനും അസിസ്റ്റന്റ് പ്രഫസറുമാണ്. ഇതുകൊണ്ടൊന്നും തീരുന്നില്ല, ചിത്രരചന, പെയിന്റിങ്, ക്ലേ മോഡലിങ്, ഫൊട്ടോഗ്രഫി.... എല്ലായിടത്തുമുണ്ട് ഡോക്ടറുടെ സാന്നിധ്യം.

ഡോ. കലേഷിന്റെയും കൂട്ടുകാരുടെയും പ്രകൃതിസ്നേഹത്തിൽനിന്നാണ് 2011ൽ ട്രാവൻകൂർ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി എന്ന എൻജിഒ രൂപംകൊണ്ടത്. കേരളത്തിൽ മാത്രമല്ല, ഇന്ത്യയൊട്ടാകെയുള്ള കാടുകളിലൂടെ ചിത്രശലഭത്തെ തേടി നടന്നിട്ടുണ്ട്, ഡോക്ടർ. വെറുതെ കാട് കാണാനിറങ്ങുന്നതു പോലെ എളുപ്പമല്ല പൂമ്പാറ്റയെ തേടിയുള്ള യാത്ര.

‘‘ഓരോ യാത്രയ്ക്കു മുൻപും കൃത്യമായ പഠനം ആവശ്യമാണ്. ചില ചിത്രശലഭങ്ങളുടെ പ്രത്യേകതകളും  ആവാസവ്യവസ്ഥയും അറിഞ്ഞാലേ അവയെ അന്വേഷിക്കേണ്ട സ്ഥലം പോലും കണ്ടെത്താനാകൂ. ഉറുമ്പുകളുടെ കൂട്ടിൽ മുട്ടയിടുന്ന ചിത്രശലഭങ്ങളുണ്ട്. അത്തരം ശലഭങ്ങളുടെ മുട്ടയുടെ സംരക്ഷണം ഉറുമ്പുകളുടെ ജോലിയാണ്. അത് ലാർവയും പ്യൂപ്പയും പൂമ്പാറ്റയുമാകുന്നതുവരെ സംരക്ഷിക്കണം. അതിനു പ കരമായി പൂമ്പാറ്റയുടെ ശരീരത്തിൽനിന്ന് വരുന്ന ദ്രാവകമാണ് ഉറുമ്പുകൾക്കുള്ള കൂലി. ലാർവ പൂമ്പാറ്റയായി മാറി പറന്നുയരുന്നതോടെ ഉറുമ്പുകളുടെ കടമ തീരും.

അച്ചൻകോവിലിനു സമീപം  ദേവർമല എന്നൊരു മലയു ടെ മുകളിൽ ‘എവർഷെഡ്സ് എയ്സ്’ എന്ന അപൂർവ ഇനം ശ ലഭം ഉണ്ടാകുമെന്ന് അറിഞ്ഞപ്പോൾ പിന്നെയൊന്നും  ആലോചിക്കാതെ അങ്ങോട്ടും വച്ചുപിടിച്ചു. അട്ട മുതൽ ആന വരെയുള്ള കാട്ടിലൂടെ വിശപ്പും ദാഹവുമെല്ലാം സഹിച്ച് കുറെ നടന്നാലേ ദേവർമലയുടെ മുകളിലെത്താൻ പറ്റൂ. പോകേണ്ട ദിവസം, വഴി കാണിക്കേണ്ട ആളിന്റെ കാലിൽ വലിയൊരു മുറിവ് പറ്റി. അയാളെ ചികിത്സിച്ചതു ഞാൻ തന്നെയാണ്. നാലു ദിവസത്തെ അലച്ചിലിനു ശേഷം ഞാനും സുഹൃത്തുക്കളും ലക്ഷ്യത്തിലെത്തി, അന്വേഷിച്ച ശലഭത്തെ കൺകുളിർക്കെ കണ്ടു, ചിത്രങ്ങളും പകർത്തി. ആ നിമിഷം ലോകം കീഴടക്കിയ സന്തോഷമാണ് എനിക്ക് കിട്ടിയത്.’’  

ഔദ്യോഗിക കണക്ക് പ്രകാരം കേരളത്തിൽ 320 തരം ചി ത്രശലഭങ്ങളാണ് ഉള്ളത്. ഇതിൽ 315 എണ്ണവും ഡോ. കലേഷിന്റെ കണ്ണിനു ദർശനം നൽകി. കണ്ട ചിത്രശലഭങ്ങളുടെയെല്ലാം ചിത്രങ്ങൾ ഇദ്ദേഹത്തിന്റെ കയ്യിൽ ഭദ്രമാണ്. കഴിഞ്ഞ നാലു വർഷമായി ‘ബട്ടർഫ്ലൈസ് ഒഫ് കേരള’ എന്നൊരു പുസ്തകത്തിന്റെ പണിപ്പുരയിലാണ്. ‘‘ഇന്നുവരെ ഞാൻ ശലഭങ്ങളെക്കുറിച്ച് നേടിയ അറിവുകളെല്ലാം ചേർത്തൊരു പുസ്തമാണ് ലക്ഷ്യം.’’

എംബിബിഎസ് പഠിച്ചിറങ്ങിയ ഉടനെ സഹപാഠിയെ ത ന്നെയാണ് ഡോ. കലേഷ് ജീവിതസഖിയാക്കിയത്. ഭാര്യ ജ്യോതി വിജയൻ തിരുവനന്തപുരത്ത് ഗൈനക്കോളജിസ്റ്റാണ്. മകൻ സിദ്ധാർഥിന് നാലര വയസ്സ്. ‘‘വിവാഹത്തിന് മുൻപേ ജ്യോതിക്കറിയാമായിരുന്നു, ഇടയ്ക്ക് കാടു കയറുന്ന അസുഖമുണ്ടെന്ന്. ശലഭങ്ങൾ ജീവിതത്തിൽ ഇതുവരെ വിഷമിപ്പിച്ചിട്ടില്ല.’’

ഉറുമ്പ് സംഭവമാണ്, പക്ഷേ, സിംപിളാണ്

091A8610

ജോലി ആനവണ്ടിയിലാണെങ്കിലും മനോജിന് ആനയെക്കാൾ പ്രിയം ഉറുമ്പുകളോടാണ്. തിരുവനന്തപുരം വെമ്പായം സ്വദേശി കെ.മനോജ് ലീവെടുത്ത് കാടും മേ ടും താണ്ടി പോകുന്നതും ഉറുമ്പുകളെ തേടിയാണ്.

‘‘ചെറുപ്പം മുതൽക്കെ കാട് കയറി നടക്കാൻ ഇഷ്ടമായിരുന്നു. ആ ഇഷ്ടത്തെ ഒരിക്കലും സീരിയസായി കണ്ടില്ല. ഐടിഐഡിപ്ലോമ ചെയ്ത ശേഷം കെഎസ്ആർടിസിയിൽ മെക്കാനിക്കായി ജോലിക്കു കയറി. ഒരു ദിവസം  ലൈബ്രറിയിൽ നിന്ന് ‘ഓൺ എ  ട്രയൽ വിത് ആന്റ്സ്’ എന്നൊരു പുസ്തകം കിട്ടി. ഒറ്റവായനയിൽ ഒന്നും മനസ്സിലായില്ല. ഒരാഴ്ച കഴിഞ്ഞ് വീണ്ടും ഒന്നുകൂടി വായിച്ചു. അപ്പോഴാണ് മനസ്സിലായത്, ചുമ്മാ വന്ന് കടിച്ചിട്ടുപോകുന്ന ശല്യക്കാർ മാത്രമല്ല ഉറുമ്പുകൾ എന്ന്.

പിന്നീട് ഉറുമ്പുകളെ ശ്രദ്ധിക്കാൻ തുടങ്ങി. കുറച്ച് പുസ്തകങ്ങളൊക്കെ കിട്ടിയെങ്കിലും അതിലൊക്കെ ഉണ്ടായിരുന്നത് ശാസ്ത്രീയമായ അറിവുകളാണ്. ഒരു ചെറിയ ക്യാമറ വാങ്ങി ഉറുമ്പിന്റെ ഫോട്ടോ എടുത്ത് വിശദമായി പഠിക്കാൻ തുടങ്ങി. പഠനം സീരിയസ് ട്രാക്കിലായപ്പോൾ പിന്നെ, ഒന്നും നോക്കിയില്ല, ഒരു മൈക്രോസ്കോപ്പും സ്വന്തമായി വാങ്ങി.’’

പെരിയാർ വന്യജീവി സങ്കേതത്തിൽനിന്ന് മനോജും സുഹൃത്തുക്കളും ചേർന്ന് കണ്ടെത്തിയ പുതിയ തരം ഉറുമ്പാണ് ‘തൈറാനോ വെർമസ് അലി’. നാലു വർഷങ്ങൾക്കു മുൻപ് ‘കേരളത്തിലെ ഉറുമ്പുകൾ’ എന്ന പുസ്തകവും  പുറത്തിറക്കി.

‘‘ഉറുമ്പുകൾ പരസ്പരം കാണുമ്പോൾ മുട്ടി മുട്ടി എന്താണ് പറയുന്നതെന്ന് ആലോചിച്ചിട്ടുണ്ടോ?. തീറ്റ തേടുമ്പോൾ ഉറുമ്പ്, അത് സഞ്ചരിക്കുന്ന വഴിയിൽ ഒരു അടയാളമിടും. വഴിയിലുടനീളം ഒരു വരയിട്ടുകൊണ്ടാണ് അവ പോകുന്നത്. തിരിച്ചു വരുമ്പോഴും അതേ വഴിയിലൂടെ സഞ്ചരിക്കും. എന്തെങ്കിലും തീറ്റ കണ്ടെത്തിയാൽ തിരിച്ചുള്ള യാത്രയിൽ അവ വേറൊരു അടയാളമിടും. ബാക്കി ഉറുമ്പുക ൾക്കുള്ള സന്ദേശമാണ് ഈ അടയാളങ്ങൾ.

‘ബാഹുബലി’ സിനിമയെ വെല്ലുന്ന തിരക്കഥകളും രാജ തന്ത്രങ്ങളുമെല്ലാമുണ്ട് ഉറുമ്പുകളുടെ സാമ്രാജ്യത്തിൽ. അവ ർക്കു നാട്ടുരാജ്യങ്ങളും സാമ്രാജ്യങ്ങളും രാജ്യാതിർത്തികളുമുണ്ട്. ഭക്ഷണത്തിനു വേണ്ടി ഉറുമ്പുകൾ മറ്റ് കോളനികളെ ആക്രമിക്കുകയും ചെയ്യും.

ഒരു സാമ്രാജ്യത്തെ മറ്റൊന്ന് ആക്രമിച്ച് കീഴടക്കാൻ ശ്രമിക്കും. അങ്ങനെ ആക്രമണം ഉണ്ടാകുമ്പോൾ സാമ്രാജ്യത്തി  ലെ പടയാളികളാണ് മുന്നിൽനിന്ന് യുദ്ധം ചെയ്യുന്നത്. തോൽക്കുമെന്ന്  ഉറപ്പാകുമ്പോൾ ബാക്കിയുള്ളവർ  റാണിയെയും മറ്റ് പ്രധാനപ്പെട്ടവരെയും കൂട്ടി തങ്ങളുടെ മുട്ടകളും എടുത്ത് രക്ഷപ്പെട്ട് പലായനം ചെയ്യും. അതിന് പ്രത്യേകം നിർമിച്ച രഹസ്യവഴികളുമുണ്ട്. ബാക്കിയുള്ളവർ പടക്കളത്തിൽ പൊരുതി വീരമൃത്യു വരിക്കും.

ഉറുമ്പുകളുടെ ലോകത്ത് അന്ധൻമാരുണ്ട്. കണ്ണ് കാണില്ലെങ്കിലും അവർ ആക്രമിക്കുന്നതും ഭക്ഷണമാക്കുന്നതും ക ണ്ണ് കാണാവുന്ന ഉറുമ്പുകളെ ആണ്. ഉറുമ്പുകളുടെ കോളനിയിൽ ഓരോരുത്തർക്കും  ഓരോ ജോലികളുണ്ട്. ചിലർ തീറ്റ കണ്ടെത്തും, ചിലർ കാവൽക്കാർ, മറ്റ് ചിലർ റാണിയുടെ സംരക്ഷകർ. ഒരു അനിമേറ്റഡ് സിനിമ കാണുന്ന ത്രിൽ ആണ്.’

ജോലിയും പാഷനും തമ്മിലുള്ള ബാലൻസ്

DSC_5551

‘‘ഉറുമ്പു പഠിത്തത്തിനൊപ്പം  കുടുംബത്തിനും പ്രാധാന്യം കൊടുക്കണമല്ലോ. ഭാര്യ ബിന്ദ്യ സ്വകാര്യ ആശുപത്രിയിൽ നഴ്സാണ്. മകൻ വൈഷ്ണവിന് മൂന്ന് വയസ്സായി. ഞാൻ ഉറുമ്പുകൾക്ക് പിന്നാലെ പുറപ്പെടുമ്പോൾ ആർക്കും അറിയില്ലായിരുന്നു ഈ ഇഷ്ടമൊന്നും. ഇപ്പോൾ ഭാര്യയ്ക്ക് കാര്യങ്ങൾ അറിയാം. ഒരു ദിവസം ഞാൻ വീട്ടിലെത്തിയപ്പോൾ ഭാര്യ ഒരു സർപ്രൈസ് സമ്മാനം  കാത്തുവച്ചിട്ടുണ്ടായിരുന്നു.  കുപ്പിയിൽ കാത്തുവച്ചിരുന്ന ഒരു സുന്ദരൻ ഉറുമ്പ്. കണ്ടപ്പോൾ ഒരു പ്രത്യേകത തോന്നിയതുകൊണ്ട് അവൾ അതിനെ പിടിച്ച് എനിക്ക് പഠിക്കാൻവേണ്ടി സൂക്ഷിച്ചു വച്ചതാണ്. ഇതിൽ കൂടുതൽ എന്ത് പിന്തുണയാണ് വേണ്ടത്.

ചില സമയത്ത് എന്റെ താൽപര്യങ്ങളുടെ പേരിൽ വീട്ടുകാ ർ കഷ്ടപ്പെടേണ്ടി വരാറുണ്ട്. ലീവ് കിട്ടുന്ന സമയമാണ് കാടു കേറാനും  ഉറുമ്പുകളെക്കുറിച്ച് പഠിക്കാനുമെല്ലാം  വിനിയോഗിക്കുന്നത്. ഒരു യാത്ര ചിലപ്പോൾ മൂന്നോ നാലോ ദിവസങ്ങ ൾ വരെ നീണ്ടുപോകും. പക്ഷേ, അങ്ങനെ വരുമ്പോൾ അവരുടെ ആഗ്രഹങ്ങൾക്കും ആവശ്യങ്ങൾക്കും അധികം സമയം കൊടുക്കാൻ സാധിക്കാതെ വരും.

ഉറുമ്പുകളെ തേടി കേരളത്തിൽ അങ്ങോളമിങ്ങോളം യാത്ര ചെയ്തിട്ടുണ്ട്. ഔദ്യോഗിക കണക്ക് പ്രകാരം 265 തരം ഉറുമ്പുകളാണ് കേരളത്തിൽ ഉള്ളത്. എന്നാൽ, ഞങ്ങൾ ഇതുവരെ 350ഓളം ഉറുമ്പുകളെ കണ്ടെത്തിയിട്ടുണ്ട്. മറ്റേതു ജീവി കളെയും പോലെ തന്നെയാണ് ഉറുമ്പുകളുടെ കാര്യം. അവ വെറുതെ നമ്മളെ ഉപദ്രവിക്കില്ല. നമ്മൾ അങ്ങോട്ട് ചെന്ന് അ തിന്റെ കൂട്ടിൽ ചവിട്ടുമ്പോഴോ അതിനെ കൊല്ലാൻ നോക്കുമ്പോഴോ മാത്രമാണ് ഉറുമ്പിന്റെ കടി കിട്ടുന്നത്.’’

ബയോ ഡൈവേഴ്സിറ്റി ബോർഡിന്റെ അനുമതിയോടെ കേരളത്തിലെ ഉറുമ്പുകളുടെ കണക്കെടുപ്പ് നടത്തിക്കൊണ്ടിരിക്കുകയാണ് മനോജും സംഘവും. ഉറുമ്പുകളെക്കുറിച്ച് സമഗ്ര വിവരങ്ങൾ അടങ്ങുന്ന, സാധാരണക്കാർക്കു പോലും മനസ്സിലാക്കാൻ സാധിക്കുന്ന തരത്തിലൊരു എൻസൈക്ലോപീഡിയ, അതാണ് മനോജിന്റെ മനസ്സിലെ വലിയ ലക്ഷ്യം.

ഡോ. കലേഷും മനോജുമെല്ലാം സ്ഥിരം നേരിടുന്നൊരു ചോദ്യമുണ്ട്. ‘ഈ പൂമ്പാറ്റയുടെയും  ഉറുമ്പിന്റെയുമൊക്കെ പുറകെ നടക്കുന്നത് വെറും കിറുക്കല്ലേ. ഇതിനെക്കുറിച്ച് പഠിച്ചിട്ട് എന്താണ് പ്രയോജനം.’

ഇത്തരക്കാർക്കുള്ള വ്യക്തമായ മറുപടിയുണ്ട് ഇവരുടെ കൈവശം.‘‘ചിത്രശലഭങ്ങളും ഉറുമ്പുകളുമെല്ലാം ‘ഇൻഡിക്കേറ്റർ സ്പീഷ്യസ്’ ആണ്. പ്രകൃതിയിലുണ്ടാകുന്ന ചെറിയ മാറ്റങ്ങൾ പോലും ആദ്യം ബാധിക്കുന്നത് ഇത്തരം ചെറുജീവികളെയാണ്. പ്രകൃതിദുരന്തങ്ങൾ, കാലാവസ്ഥാവ്യതിയാനം പോലുള്ള പ്രശ്നങ്ങൾ മനുഷ്യനെ ബാധിക്കുന്നതിനു മുൻപേ കണ്ടെത്തി തടയാൻ ഇവയെ നിരീക്ഷിച്ചാൽ മാത്രം മതി.

ഓണത്തുമ്പികൾ ഇവിടെ നിന്ന് ആഫ്രിക്ക വരെ സഞ്ചരിക്കുന്നുവെന്ന് പറഞ്ഞാൽ നിങ്ങൾക്കു വിശ്വസിക്കാൻ പറ്റുമോ? ഇന്തോനേഷ്യയിൽനിന്ന് പലായനം ചെയ്ത് നമ്മുടെ നാട്ടിലെത്തിയ ഉറുമ്പുകളുണ്ടെന്ന് പറഞ്ഞാലോ? നമ്മൾ കാണുന്ന ഇത്തിരിക്കുഞ്ഞൻമാരായ ചിത്രശലഭങ്ങളിൽ ചിലത് റഷ്യയിൽനിന്ന് ഇവിടംവരെ പറന്നു വന്നതാണെന്നും ശലഭങ്ങളെ നിരീക്ഷിച്ചാൽ മഴയുടെ പെയ്ത്ത് കൃത്യമായി പ്രവചിക്കാൻ കഴിയുമെന്നും പറ‍ഞ്ഞാലോ? വിശ്വസിച്ചാലും  ഇല്ലെങ്കിലും ഇതെല്ലാം സത്യമാണ്, ഏറെ രസമുള്ള സത്യങ്ങൾ.’’

Tags:
  • Spotlight
  • Vanitha Exclusive