Monday 18 October 2021 12:48 PM IST : By സ്വന്തം ലേഖകൻ

ഉരുൾപൊട്ടലിൽ കടപുഴകിയത് ഒരു കുടുംബം മുഴുവൻ; വീടിനു മുകളിലേക്കു മണ്ണിടിഞ്ഞ് മൂന്നു പേർ മരിച്ചു, മൂന്നുപേരെ കാണാതായി

kottayam-mundakkayam-landslide.jpg.image.845.440

കോട്ടയം മുണ്ടക്കയം കൂട്ടിക്കലിൽ ഉരുളിന്റെ കലിയിൽ തകർന്നത് ഒരു കുടുംബം അപ്പാടെ. കാവാലി ഒട്ടലാങ്കൽ (വട്ടാളക്കുന്നേൽ) മാർട്ടിന്റെ (റോയി - 47) കുടുംബത്തിൽ മൂന്നു പേർ മരിക്കുകയും മൂന്നു പേരെ കാണാതാകുകയും ചെയ്തു. മാർട്ടിന്റെ ഭാര്യ സിനി (35), മകൾ സോന (10), അമ്മ ക്ലാരമ്മ ജോസഫ് (65) എന്നിവരുടെ മൃതദേഹം കണ്ടെത്തി. മാർട്ടിൻ, മറ്റു രണ്ടു മക്കളായ സ്നേഹ (13), സാന്ദ്ര (9) എന്നിവരെ കാണാതായി. കുന്നിൻപ്രദേശത്തെ വീടിനു മുകളിലേക്കു മണ്ണിടിഞ്ഞു വീഴുകയായിരുന്നു.

അരമണിക്കൂറിനു ശേഷം ഇതേ പഞ്ചായത്തിലെ പ്ലാപ്പള്ളിയിലുണ്ടായ ഉരുൾപൊട്ടലിൽ ആറ്റുചാലിൽ ജോമിയുടെ ഭാര്യ സോണി (45), മകൻ അലൻ (8), പന്തലാട്ടിൽ മോഹനന്റെ ഭാര്യ സരസമ്മ (58), മുണ്ടകശേരി വേണുവിന്റെ ഭാര്യ റോഷ്നി (50) എന്നിവരെ കാണാതായി. രണ്ടു ഭാഗത്തേക്കുമുള്ള റോഡുകൾ വെളളപ്പാച്ചിലിൽ തകർന്നതു രക്ഷാപ്രവർത്തനത്തിനു തടസ്സമായി. കൊക്കയാർ നാരകപ്പാറയിൽ വെള്ളം കയറിയ വീട്ടിൽനിന്നു സാധനങ്ങളെടുക്കാൻ പോയപ്പോഴാണ് ആൻസി എന്ന വീട്ടമ്മ ഒഴുക്കിൽപെട്ടു മരിച്ചത്. 

തൊടുപുഴ– മൂലമറ്റം റോഡിലെ അറക്കുളം മൂന്നുങ്കവയൽ കച്ചിറമറ്റം തോടിനു കുറുകെയുള്ള പാലത്തിലാണു കാർ ഒഴുക്കിൽപ്പെട്ട് കൂത്താട്ടുകുളം കിഴകൊമ്പ് അമ്പാടിയിൽ നിഖിൽ ഉണ്ണികൃഷ്ണൻ (30), കൂത്താട്ടുകുളം ഒലിയപ്പുറം വട്ടിനാൽപുത്തൻപുരയിൽ നിമ കെ വിജയൻ (31) എന്നിവർ മരിച്ചത്.

Tags:
  • Spotlight