Tuesday 18 January 2022 04:49 PM IST : By സ്വന്തം ലേഖകൻ

കയ്യിൽ ഫോൺ നമ്പർ പച്ചകുത്തി, 6 വർഷം മുമ്പ് കാണാതായ മകനെ ഓം പ്രകാശിന് തിരിച്ചുകിട്ടി: അവിശ്വസനീയം

father-son

വെള്ളിമാടുകുന്ന് സാമൂഹിക നീതി കോംപ്ലക്സിലെ എച്ച്എംഡിസിയിലെ മുറിയിൽ പുറത്തേയ്ക്കു കണ്ണും നട്ടിരുന്ന ഉത്തർപ്രദേശ് സ്വദേശി ഗോകുലിനു (രവി–20) മുന്നിൽ പിതാവ് ഓം പ്രകാശ് സിങ് വന്നു നിന്നപ്പോൾ ഇരുവർക്കും അതു അവിശ്വസനീയ നിമിഷങ്ങളായിരുന്നു. 6 വർഷം മുൻപു കാണാതായ മകന്റെ മുഖം തന്റെ മുന്നിൽ യാഥാർഥ്യമായി നിൽക്കുന്നത് കണ്ടു അദ്ദേഹം അമ്പരന്നു. കാറിൽ വന്നിറങ്ങിയ പിതാവിനെ കണ്ടപ്പോൾ ഗോകുലും ഇതേ മാനസികാവസ്ഥയിലായിരുന്നു.

കേൾവി, സംസാരശേഷിയില്ലാത്ത ഗോകുലിനെ 6 വർഷം മുൻപാണു കാണാതായത്. മുൻപും ഇത്തരത്തിൽ കാണാതായതിനാൽ വീട്ടിലെ ഫോൺ നമ്പർ ഗോകുലിന്റെ കയ്യിൽ പച്ച കുത്തിയിരുന്നു. ഈ ഫോൺ നമ്പറാണ് വീട്ടുകാരെ കണ്ടെത്താൻ സഹായിച്ചത്. 2018– വരെ തിരുവനന്തപുരത്തായിരുന്ന ഗോകുലിനെ അവിടെ നിന്നാണ് ഇവിടേക്കു കൊണ്ടുവന്നത്. കഴിഞ്ഞ നവംബറിൽ ഇവിടെ നടന്ന ചൈൽഡ് വെൽഫെയർ കമ്മിറ്റി സ്പെഷൽ സിറ്റിങ്ങിനിടെ ഗോകുലിനോട് സംസാരിക്കുന്നതിനിടെയാണു കയ്യിൽ പച്ച കുത്തിയതു കണ്ടത്.

തുടർന്നു സാമൂഹിക പ്രവർത്തകൻ ശിവൻ കോട്ടൂളിയുടെ സഹായത്തോടെയാണു വീട്ടുകാരെ കണ്ടെത്തിയത്. ഗോകുലിന്റെ പിതാവും മറ്റൊരു ബന്ധുവും ഇന്നലെ വൈകിട്ടോടെയാണ് ഇവിടെ എത്തിയത്. ഞായറാഴ്ചയായിട്ടും സിഡബ്ല്യുസി സ്പെഷൽ സിറ്റിങ് നടത്തിയാണ് ഗോകുലിനെ പിതാവിനൊപ്പം വിട്ടത്. ചെയർമാൻ പി.എം.തോമസ്, കെ.ബി.സ്മിത, യു.സോണി എന്നിവർ പങ്കെടുത്തു.  എച്ച്എംഡിസി (ഹോം ഫോർ മെന്റലി ഡെഫിഷ്യന്റ് ചിൽഡ്രൻ) സൂപ്രണ്ട് വി.ജി.ജയകുമാർ, ജീവനക്കാർ, ശിവൻ കോട്ടൂളി തുടങ്ങിയവരോടെല്ലാം ഓം പ്രകാശ് സിങ് പ്രത്യേകം നന്ദി പറഞ്ഞു. ഇവർ ഇന്നു വൈകിട്ട് 4.30നുള്ള ട്രെയിനിൽ നാട്ടിലേക്കു പോകും. എച്ച്എംഡിസിയിൽ നിന്നാണ് ഇവർക്കുള്ള ട്രെയിൻ ടിക്കറ്റ് ബുക്കു ചെയ്തു നൽകിയത്.

More