Wednesday 17 August 2022 11:51 AM IST : By സ്വന്തം ലേഖകൻ

'മറ്റു സ്ത്രീകളുമായി ഭാര്യയെ താരതമ്യപ്പെടുത്തല്‍' ക്രൂരം; വിവാഹമോചനത്തിനുള്ള കാരണമായി പരിഗണിക്കും: കേരള ഹൈക്കോടതി

comparison-with-other-ladies-cruelty-cover

മറ്റു സ്ത്രീകളുമായി താരതമ്യപ്പെടുത്തി ഭാര്യയെ പരിഹസിക്കുന്നത് സഹിക്കാൻ പറ്റാത്ത മാനസിക ക്രൂരതയാണെന്നു കേരള ഹൈക്കോടതി. ഭാര്യ തന്റെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നില്ലെന്ന ഭർത്താവിന്റെ അധിക്ഷേപവും ക്രൂരതയാണ്. ഇതെല്ലാം വിവാഹ മോചനത്തിനുള്ള കാരണമായി പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. ക്രൂരതയെന്നാൽ ശാരീരികം മാത്രമല്ല മാനസികവുമാകാമെന്നാണു മുൻ കോടതിവിധികൾ ഉദ്ധരിച്ച് ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, സി.എസ്.സുധ എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയത്.

ക്രൂരതയ്ക്കു സമഗ്രമായ നിർവചനം നൽകുക ബുദ്ധിമുട്ടാണ്. അതു കാലാനുസൃതമായി മാറും. വൃത്തികെട്ട ഭാഷ ഉപയോഗിച്ച് വാക്കാലുള്ള അധിക്ഷേപങ്ങളും മാനസിക ക്രൂരതയിൽപെടുമെന്നും കോടതി പറഞ്ഞു. ഭാര്യയുടെ ഹർജിയിൽ വിവാഹമോചനം അനുവദിച്ച കുടുംബ കോടതി വിധിക്കെതിരെ ഭർത്താവ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ അപ്പീൽ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ സുപ്രധാന പരാമർശങ്ങൾ.

ഭർത്താവ് തന്നെ നിരന്തരം ശാരീരികമായി പീഡിപ്പിക്കാറുണ്ടെന്നു ഭാര്യ മൊഴി നൽകിയിരുന്നു. ഭാര്യ തന്റെ സങ്കൽപ്പത്തിലുള്ളത്ര സുന്ദരിയല്ലെന്നും, മറ്റ് സ്ത്രീകളുമായി താരതമ്യപ്പെടുത്തുമ്പോൾ താൻ നിരാശനാണെന്നും ഭർത്താവ് അധിക്ഷേപിക്കാറുണ്ട്. പുരുഷ സുഹൃത്തുക്കളിൽനിന്ന് എന്തെങ്കിലും സന്ദേശങ്ങൾ ലഭിച്ചാൽ ഭർത്താവ് വലിയ രീതിയിൽ അസൂയപ്പെടാറുണ്ടെന്നും ഭാര്യയുടെ മൊഴിയിൽ പറയുന്നു.

ഇതെല്ലാം മാനസിക ക്രൂരതയാണെന്നും, വിവാഹമോചനത്തിന് മതിയായ കാരണങ്ങളാണെന്നും കോടതി വിലയിരുത്തി. വിവാഹബന്ധം സാധ്യമാകുന്നിടത്തോളം നിലനിർത്തണമെന്നാണ് സമൂഹത്തിന്റെ താൽപര്യം. എന്നാൽ ദുരിതമുണ്ടാക്കുന്ന സാഹചര്യങ്ങൾ അനന്തമായി തുടരുന്നതിനു നേരെ കണ്ണടക്കാൻ നിയമത്തിനാവില്ലെന്നും കോടതി വ്യക്തമാക്കി.