Friday 28 May 2021 05:20 PM IST

പെമ്പിള്ളേര്‍ ടാങ്കര്‍ ഓടിച്ചാല്‍ എന്താ കുഴപ്പം?: അച്ഛന്റെ ലോറിയിലെ കിളി, ഹസാഡ്‌സ് ലൈസന്‍സുള്ള ഡ്രൈവർ: ഡെലീഷ പുലിയാണ് കേട്ടാ...

Binsha Muhammed

deleesha-c

നൂലുപിടിച്ച മാതിരിയുള്ള സൂക്ഷ്മതയും കണ്ണിമവെട്ടാത്ത കൃത്യതയുമായി റോഡിലൂടെ വരുന്ന ടാങ്കര്‍ ലോറി. ശ്രദ്ധയൊന്നു പാളിയാല്‍ അപകടം ഒളിഞ്ഞിരിക്കുന്ന അതിന്റെ അമരത്ത് ചങ്കുറപ്പുള്ളൊരു പെണ്ണ്. കാറിന്റെ ഡ്രൈവിംഗ് സീറ്റില്‍ പെണ്ണിനെ കണ്ടാല്‍ കമന്റടിക്കുന്നവരെ പോലും അമ്പരപ്പിച്ചുള്ള ആ വരവ് തന്നെ രാജകീയമാണ്.

22-ാം വയസില്‍  ടാങ്കര്‍ ലോറിയുടെ വളയവും പിടിച്ച ആ പെണ്‍പുലിയേത് എന്ന അന്വേഷണം എത്തി നിന്നത് തൃശൂര്‍ കണ്ടച്ചാംകടവിലാണ്. ലോറിയോടിക്കുന്ന പെണ്ണോ എന്ന് ചോദിച്ചവരോട് വേണ്ടി വന്നാല്‍ വോള്‍വോ ബസും ഓടിക്കും എന്ത്യേ... എന്ന് തന്റേടത്തോടെ ചോദിക്കുന്ന ഒന്നാന്തരം പിജിക്കാരി. ഡെലീഷ ഡേവിസ്! സോഷ്യല്‍ മീഡിയയുടെ അഭിനന്ദനപ്പെരുമഴകള്‍ക്കു നടുവില്‍ നിന്ന് അവള്‍ ആ ഡ്രൈവിംഗ് മാഹാത്മ്യത്തിന്റെ കഥപറയുകയാണ്... 

ഡ്രൈവര്‍ ഡെലീഷ

ഇരുമ്പനത്തു നിന്ന് ടാങ്കറും നിറച്ച് നൂറു കണക്കിന് കിലോമീറ്ററുകളും താണ്ടി എന്റെ അപ്പച്ചന്‍ ഒരു വരവു വരും. വീടിന്റെ മുറ്റത്ത് ബ്രേക്കിട്ട് പുള്ളിക്കാരന്‍ നീട്ടിയൊരു ഹോണടിക്കും. കിളിയും ക്ലീനറും ഇല്ലാത്ത വണ്ടിയിലേക്ക് ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ ചാടിക്കയറിയതാണ്. അന്നത്തെ ആ സവാരി കൊണ്ടൊരു ഗുണമുണ്ടായി.  ലോറി ഡ്രൈവിങ്ങിന്റെ എബിസിഡി പുഷ്പം പോലെ പഠിച്ചെടുത്തു- ചിരിയോടെ ഡെലീഷ പറഞ്ഞു തുടങ്ങുകയാണ്.

എല്ലാം പെണ്‍കുട്ടികളേയും പോലെ സ്‌കൂട്ടിയിലാണ് തുടങ്ങിയത്. അതും ഏഴാം ക്ലാസില്‍ പഠിക്കുമ്പോ. അപ്പച്ചന്റെ ഡ്രൈവിംഗ് കമ്പം എന്റെ ജീനിലും ഉണ്ടെന്ന് 9-ാം ക്ലാസ് എത്തിയപ്പോഴേക്കും ഉറപ്പിച്ചു. വീടിനു മുന്നില്‍ നീണ്ടു നിവര്‍ന്നു കിടന്ന അംബാസിഡറില്‍. ഡ്രൈവിംഗ് ബാലപാഠങ്ങള്‍ സ്വായത്തമാക്കി. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ അപ്പച്ചന്റെ പാര്‍ട് ടൈം കിളിയായ ചാര്‍ജെടുത്തു- തമാശയോടെ ഡെലീഷയുടെ വാക്കുകള്‍.

deleesha-2

ഇരുമ്പനത്തെ പ്ലാന്റില്‍ നിന്ന് തൃശൂരിലേക്കെത്തുമ്പോള്‍ ഞാനാകും പിന്നെ കിളിയുടെ റോളില്‍. കിളിയില്ലാത്ത വണ്ടിയിലെ പകരക്കാരി. അന്ന് ഒരുപാട് കാര്യങ്ങള്‍ അപ്പച്ചനില്‍ നിന്നു പഠിച്ചു. മറ്റുള്ള വണ്ടികളെ പോലെയല്ല ടാങ്കര്‍ ലോറി. അധികം സ്പീഡില്‍ പോകാന്‍ പറ്റില്ല. സഡന്‍ ബ്രേക്കിംഗ് പറ്റില്ല. പിന്നെ അശ്രദ്ധ സംഭവിച്ചാല്‍ തീ പിടിക്കാനുള്ള സാധ്യത. അങ്ങനെ കുറേ കാര്യങ്ങള്‍. മറ്റുള്ള വണ്ടികള്‍ പുഷ്പം പോലെ നമ്മളെ ഓവര്‍ടേക്ക് ചെയ്യുന്നതു കണ്ടപ്പോഴാണ് സംശയങ്ങള്‍ ഇരട്ടിച്ചത്. അന്നു മറുപടി കിട്ടിയ പലതും മനസിലായില്ലെങ്കിലും ഡ്രൈവിംഗ് പാഷനായി മാറുകയായിരുന്നു.

ടാങ്കര്‍ ലോറിയുടെ ഭാഗമാകാന്‍ ഹെല്‍പര്‍ പാസ് നേടുക എന്നതായിരുന്നു ആദ്യ കടമ്പ. എങ്ങനെ ലോഡ് നിറയ്ക്കണം, അപകടമുണ്ടായാല്‍ എന്തു ചെയ്യണം, മറ്റ് മുന്‍കരുതലുകള്‍ എല്ലാം ഈ കടമ്പയിലൂടെ പഠിച്ചെടുക്കണം. അതു നേടിയ ശേഷമാണ് ഡ്രൈവിംഗ് സീറ്റിലേക്ക് കണ്ണെറിഞ്ഞത്. പേടിയില്ലേ എന്നാണ് ആദ്യമേ പലരും ചോദിച്ചത്. നിങ്ങളീ പറയുന്ന ജീവന്‍ പണയംവച്ച് എന്റെ അപ്പച്ചന്‍ എത്രയോ കാലങ്ങളായി ഈ വണ്ടി ഓടിക്കുന്നു. അപ്പച്ചന്റെ ഒപ്പമിരുന്ന് പഠിച്ചതു കൊണ്ടാകണം അത്തരം പേടിയൊക്കെ പൊയ്‌പ്പോയി. അപ്പച്ചന്‍ പകര്‍ന്നു തന്ന ബാലപാഠങ്ങളോടെ ഡ്രൈവിംഗ് സീറ്റില്‍ അമര്‍ന്നിരിക്കുമ്പോഴും ആത്മവിശ്വാസം ഇരട്ടിച്ചതല്ലാതെ പേടിച്ചില്ല. ഓടിക്കുമ്പോ ഇതിനെന്തേ സ്പീഡ് ഇല്ലാത്തത് എന്ന് ചിന്തിച്ചു. പക്ഷേ ടാങ്കര്‍ ലോറിയെ അടുത്തറിഞ്ഞതു കൊണ്ടു തന്നെ ആ സംശയം വേഗം മാറിക്കിട്ടി. 

deleesha

അപകട വണ്ടികളെന്നു വിശേഷിപ്പിക്കുന്ന ഹസാഡ്‌സ് ലൈസന്‍സും സ്വായത്തമാക്കി.  പിന്നീടങ്ങോട്ട് ഡ്രൈവറായ അപ്പച്ചനെ കിളിയാക്കി ഞാനങ്ങനെ ഒഫീഷ്യല്‍ ഡ്രൈവറായി. വയസ് 22 ആകുമ്പോള്‍ നൂറുകണക്കിന് ലോഡുകളാണ് എന്റെ അക്കൗണ്ടിലുള്ളത്. എല്ലാം ദൈവാനുഗ്രഹം- ഡെലീഷ പറയുന്നു. 

മറക്കാനാവാത്ത അനുഭവങ്ങളേറെയുണ്ട്. പെട്ടെന്ന് ഓര്‍മ്മ വരുന്നത്. ഡ്രൈവിംഗ് സീറ്റില്‍ നമ്മളെ കാണുമ്പോള്‍ ചില ചെത്ത് ചെക്കന്‍മാര്‍ വന്ന് അത്ഭുതത്തോടെ വട്ടം വയ്ക്കും. സഡന്‍ ബ്രേക്കിംഗ് ശ്രമകരമായ വണ്ടിക്ക് ക്രോസ് പിടിക്കല്ലേ ചേട്ടന്‍മാരെ എന്ന് മാത്രമാണ് പറയാനുള്ളത്.  എങ്ങനെയെങ്കിലും ഈ പാവം ഓടിച്ചു പൊയ്‌ക്കോട്ടെ. സലിം ചേട്ടന്‍ പറയും പോലെ ആയുധം വച്ചുള്ള കളിയാ...

പെണ്ണുങ്ങള്‍ ടാങ്കര്‍ ലോറി ഓടിക്കുമോ എന്ന് ചോദിച്ചാല്‍ പെണ്ണുങ്ങള്‍ക്കെന്താ ഓടിച്ചാല്‍ എന്ന് തിരിച്ച് ചോദിക്കേണ്ടി വരും. പിന്നെ ലോറി ഓടിക്കുന്ന പെണ്ണോ... ഇത് പെണ്ണുങ്ങള്‍ക്ക് പറ്റിയ പണിയാണോ എന്നുള്ള പഴകിയ ചോാദ്യങ്ങള്‍. കാലം മാറിയില്ലേ... അതൊക്കെ കൊണ്ടു പോയി കടലില്‍ എറിയൂ...എന്റെ ഡ്രൈവിംഗ് ഇഷ്ടം മനസിലാക്കുന്ന ചെക്കന്‍മാര്‍ വന്നാല്‍ മതിയെന്നേ... ടെസ്റ്റ് എഴുതി സര്‍ക്കാര്‍ സര്‍വീസില്‍ ഡ്രൈവറായി കയറണം എന്നാണ് ആഗ്രഹം, എല്ലാം നടക്കും. ഇതിനിടയ്ക്ക് വോള്‍വോ ബസിന്റെ ലൈസന്‍സും എടുക്കണം എന്നുണ്ട്. എംകോം ഫിനാന്‍സിലാണ് ബിരുദാനന്തര ബിരുദ പഠനം പൂര്‍ത്തിയാക്കിയത്. രണ്ട് സഹോദരിമാരാണ്, ചേച്ചി ശ്രുതി, അനിയത്തി സൗമ്യ. ട്രീസയെന്നാണ് അമ്മയുടെ പേര്.- ഡെലീഷ പറഞ്ഞു നിര്‍ത്തി.