Thursday 18 February 2021 02:49 PM IST

‘ഞങ്ങൾക്ക് ഒരു കാര്യത്തിലും ഒരു കുറവും തോന്നിയിട്ടില്ല’: പപ്പയ്ക്കൊപ്പം പത്രമിടാനിറങ്ങിയ മക്കളുടെ കഥ

Rakhy Raz

Sub Editor

news-glrs

പേരിയക്കാരുടെ മുറ്റത്തു നിത്യവും വീഴുന്ന പത്രത്തിന് തിളക്കമുള്ള ജീവിതപാഠത്തിന്റെ കൂടെ മണമുണ്ട്. ഓരോ ദിവസവും കാസർകോട്ടെ പേരിയ എന്ന പ്രദേശം പുഞ്ചിരിയോടെ ആ വിജയത്തിന്റെ വളർച്ച കാണുന്നു.

പത്രവിതരണം കൊണ്ടു മാത്രം മൂന്നു പെൺകുട്ടികളെ പഠിപ്പിച്ചു നല്ല നിലയിലാക്കിയ ദേവസ്യാ ചേട്ടൻ എന്ന സെബാസ്റ്റ്യന്റെ ജീവിതപാഠം നാട്ടുകാർക്ക് മാതൃകയാണ്. മൂത്തമകൾ സർക്കാർ സർവീസിൽ നഴ്സ് ആയപ്പോൾ രണ്ടാമത്തെ മകൾ നഴ്സ് ആയി വിദേശത്ത്. മൂന്നാമത്തെ മകൾ പത്രപ്രവർത്തനം പഠിച്ച് റാങ്കോടെ പാസായി വ്ലോഗറായി. ‘എല്ലാം പത്ര ഏജൻസി വഴിയാണ്.’ ദേവസ്യാ ചേട്ടൻ വിനയമുള്ള പുഞ്ചിരി ചേർത്ത് പറയുന്നു.

കുടുംബത്തെ കരകയറ്റാനുള്ള ശ്രമത്തിൽ ദേവസ്യാ ചേട്ടനൊപ്പം ഭാര്യയും പെൺമക്കളും എന്നും ഉണ്ടായിരുന്നു. ന്യൂസ്പേപ്പർ ഫാമിലി എന്നു വിളിക്കാവുന്ന ദേവസ്യാ ചേട്ടന്റെയും ഭാര്യ റോസയുടേയും മൂന്നു പെൺമക്കളുടെയും പത്രയാത്രയ്ക്കൊപ്പം പോകാം.

റോഡ് പോലും ഇല്ലാത്ത കാലം

‘‘വലിയ പ്രദേശമാണ് പേരിയ. പണ്ടൊക്കെ കുറ്റിക്കാടുകളും കുന്നുകളും വ ഴിയില്ലാ വഴികളും കടന്നു വേണം പലയിടങ്ങളിലും പത്രമെത്തിക്കാൻ. അ തുകൊണ്ട് മറ്റാളുകളൊന്നും പത്ര ഏജന്റിന്റെ കഷ്ടപ്പാടുള്ള പണി ഏറ്റെടുക്കാൻ ഉണ്ടായിരുന്നില്ല.

ആദ്യ കാലത്ത് ഞാൻ മാത്രം ഓടുമ്പോൾ ഉച്ചയ്ക്ക് രണ്ട് മണിയായാലും പത്രം പലയിടത്തും എത്തുമായിരുന്നില്ല. എങ്കിലും ആളുകൾക്ക് പരാതിയില്ലായിരുന്നു. വാർത്തകൾ അറിയാൻ ഞാൻ എത്തുന്നതും കാത്ത് അവർ ഇരിക്കും. അന്നൊക്കെ ടിവിയും മൊബൈലും പല വീടുകളിലും ഇല്ലല്ലോ. പത്രവിതരണം വൈകരുതാത്ത കാലമായപ്പോഴാണ് പെൺമക്കളെക്കൂടി കൂട്ടുവിളിച്ചത്.’’ ദേവസ്യാ ചേട്ടൻ ക ഥകളുടെ കെട്ട് പൊട്ടിച്ചു. ‘‘പേരിയയിലെ പത്രവിതരണം എന്റെ അച്ഛൻ തുടങ്ങിയതാണ്. മൂന്നു വർഷത്തോളം അദ്ദേഹം അതു ചെയ്തു. പിന്നീട് ഞാൻ ഏറ്റെടുത്തു.

ഞാൻ ഏജൻസി ഏറ്റെടുത്തതിനു ശേ ഷം അഞ്ച് കൊല്ലത്തോളം യാത്രാ സൗകര്യങ്ങൾ പോയിട്ട് റോഡ് പോലുമുണ്ടായിരുന്നില്ല പേരിയയിൽ. ഒരേയൊരു പ്രധാന റോഡുള്ളത് ഉയർന്നും താഴ്ന്നുമാണ് പോകുന്നത്. സൈക്കിൾ ചവിട്ടി കയ റ്റാനാകില്ല. അതുകൊണ്ട് സൈക്കിളൊന്നും വാങ്ങിയില്ല. നടന്നു ത ന്നെ പത്രം കൊടുത്തു. ഇരുപത്തിയഞ്ച് കിലോമീറ്ററൊക്കെ നടന്നു ചെന്ന് പത്രം കൊടുത്തിരുന്നു അക്കാലത്ത്.

രാവിലെ ഒന്‍പത് മണിക്കാണ് മാനന്തവാടിയിൽ നിന്നു ബ സിൽ പേരിയയിൽ പത്രക്കെട്ട് എത്തുന്നത്. ബസിറങ്ങിയ പത്രം അടുക്കിപ്പെറുക്കി എത്തേണ്ടയിടത്ത് എത്തിച്ചു തീരുമ്പോൾ മണി മൂന്നാകും. എൺപത്തിമൂന്നിലെ കാര്യമാണ് പറയുന്നത്.

അന്ന് പേരിയ ഒട്ടും വികസനം എത്താത്ത നാടാണ്. മഴക്കാലമായാൽ വഴിയിൽ പലയിടത്തും വെള്ളം പൊങ്ങും. പത്രം നനയാതെ ആവശ്യക്കാർക്ക് എത്തിക്കുക വലിയ ബുദ്ധിമുട്ട് തന്നെയായിരുന്നു.

എൺപത്തിമൂന്നിൽ തന്നെയായിരുന്നു എന്റെ കല്യാണം. തുടക്കത്തിൽ 50 മനോരമയും പത്തു പന്ത്രണ്ട് മറ്റു പത്രങ്ങളുമായി തുടങ്ങിയതാണ്. നന്നായി പ്രയത്നിച്ചാണ് വരിക്കാരെ വർധിപ്പിച്ചത്. ഈ നാട്ടിൽ കർഷകരാണ് കൂടുതൽ. അ വരെ പത്രവായനക്കാരാക്കി മാറ്റാൻ കഴിഞ്ഞു എന്നത് ജീവിതോപാധി എന്നതിനുപരി സന്തോഷം തരുന്ന കാര്യമാണ്.

തുടക്കത്തിൽ ഒരു ചെറിയ തയ്യൽക്കടയും തുണിക്കടയും ഒക്കെയുണ്ടായിരുന്നെങ്കിലും പിന്നീട് പത്ര ഏജൻസി മാത്ര മായി. ലഭിക്കുന്ന വരുമാനം നല്ല രീതിയിൽ ഉപയോഗിച്ച് മക്കളെ പഠിപ്പിക്കുകയും വിവാഹം കഴിച്ചയയ്ക്കുകയും മെച്ചപ്പെട്ട രീതിയിൽ ജീവിക്കുകയും ചെയ്യുന്നു. ഇപ്പോൾ എനിക്ക് ഇതില്ലാ തെ പറ്റില്ല എന്ന സ്ഥിതിയാണ്.

ന്യൂസ് പേപ്പർ ഗേൾസ്

മൂന്നു പെൺമക്കളാണ് എനിക്ക്. ഷിന്റു, പിങ്കി, പിഞ്ചു. മക്കൾ അഞ്ചാം ക്ലാസ് ആയപ്പോൾ മുതൽ പത്രവിതരണത്തിന് കൂടെ കൂട്ടിയിരുന്നു. ആദ്യം ഷിന്റുവിനെ. അവൾ പഠിത്തത്തിന്റെ തിരക്കിലായപ്പോൾ രണ്ടാമത്തെയാളെ. ഒടുവിൽ പിഞ്ചുവിനെ. ഇതിൽ ഏറ്റവും കൂടുതൽ കാലം എന്നെ പത്രവിതരണത്തിന് സഹായിച്ചിട്ടുള്ളത് പിഞ്ചുമോളാണ്.

പത്രവിതരണം ചെയ്യാൻ സഹായത്തിന് ഒരാളെ കൂലി കൊടുത്ത് വച്ചാൽ അത് നഷ്ടമാകും. അതുകൊണ്ടാണ് മക്കളെ തന്നെ പത്രവിതരണത്തിന് കൂട്ടിയത്. അവർ കണ്ടറിഞ്ഞ് കൂടെ നിന്നു. സന്തോഷത്തോടെ പത്രവിതരണത്തിൽ സഹായിച്ചു. മക്കൾ മാത്രമല്ല, ഭാര്യ റോസയും.

എന്റെ പ്രയാസങ്ങളിലും സന്തോഷങ്ങളിലും റോസ ഒരു മനസ്സായി ഒപ്പം ഉണ്ടായിരുന്നു. അതുകൊണ്ടു മാത്രമാണ് മൂന്നു പെൺകുട്ടികളെയും നന്നായി പഠിപ്പിക്കാനും വളർത്താനും ആയത്.

മക്കളുടെ എല്ലാ ആഗ്രഹവും നടത്തിക്കൊടുത്തല്ല ഞാൻ അവരെ വളർത്തിയത്. സ്കൂളിൽ നിന്ന് കൂടുതൽ പണച്ചെലവുള്ള ടൂറിനൊക്കെ പൊയ്ക്കോട്ടേ എന്നു ചോദിക്കുമ്പോ ൾ വിടാറില്ലായിരുന്നു. അതിൽ അവർക്ക് ചിലപ്പോൾ വിഷമം തോന്നിയിട്ടുണ്ടാകും. പക്ഷേ, ഭാവിയിൽ നല്ല ജീവിതം കെട്ടിപ്പടുക്കാൻ അത് ഗുണം ചെയ്തു എന്നാണ് എന്റെ തോന്നൽ.

ഇന്ന് അവർക്കു മൂന്നു പേർക്കും ജോലിയും വരുമാനവു മുണ്ട്. പക്ഷേ, അവരൊന്നും ധാരാളികളല്ല. ചെറിയ വരുമാനത്തിലൊതുങ്ങി ജീവിക്കാൻ പണ്ടേ ശീലിച്ചിരുന്നല്ലോ.

വിശദമായ വായന വനിത ഫെബ്രുവരി ആദ്യ ലക്കത്തിൽ