Monday 22 March 2021 03:57 PM IST

ഫിറു പറഞ്ഞു, ഖൽബാണ് നീ ഫാത്തിമ! വീൽചെയറിൽ അവളുടെ കൈ പിടിക്കാൻ ലക്ഷദ്വീപിൽ നിന്ന് അവനെത്തി

Binsha Muhammed

fathima-asla

ഫിറൂ... അവനെനിക്ക് ആരാണ് ?...

‘എന്റെ ചെക്കൻ എന്ന് പരിചയപ്പെടുത്താം. എന്നാലും എന്നെ ജഡ്ജ് ചെയ്യാത്തവൻ എന്നു വിശേഷിപ്പിക്കാനാണ് എനിക്കിഷ്ടം. സഹതാപ കണ്ണുകൾ എറിയുന്നവരുടെ ലോകത്ത് എന്റെ മനസറിഞ്ഞ എനിക്കേറ്റവും പ്രിയപ്പെട്ടവനാണിവൻ.’

നിലാവു പോലെ ചിരിക്കുന്ന പാത്തു, അവളുടെ ഓരം ചേർന്ന് ഫിറൂ എന്ന ഫിറോസ് നെടിയത്ത് നിൽക്കുമ്പോൾ എന്തെന്നില്ലാത്ത ചന്തമുണ്ട്. അവളെ സ്നേഹിക്കുന്നവർ ആ പുഞ്ചിരി കണ്ട് കൊതിച്ച് നിൽക്കുമ്പോൾ പാത്തു ഒരിക്കൽ കൂടി അവൾക്ക് പ്രിയപ്പെട്ടവനെ പരിചയപ്പെടുത്തി. – ‘ഫിറോസ് എന്നെ നിക്കാഹ് കഴിക്കാൻ പോകുന്ന ചെക്കനാണ്. ഇൻഷാ അല്ലാഹ്... ഈദിനു ഓഗസ്റ്റിൽ  ശേഷം ഞാനെന്റെ ഫിറുവിന്റെ മഹർ സ്വീകരിക്കും. അവന്റെ പെണ്ണാകും.’– നാണം ഇതളിട്ട മുഖത്തോടെ ഫാത്തിമ അസ്‍ല പറഞ്ഞു തുടങ്ങുകയാണ്.

ഒടിഞ്ഞുനുറുങ്ങുന്ന അസ്ഥികളുമായി ശരീരം പിന്നോട്ടുവലിച്ചപ്പോഴും ആത്മബലത്തിന്റെ നട്ടെല്ലിൽ നിവർന്നുനിന്ന പാത്തു ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷത്തെ കുറിച്ച് ‘വനിത ഓൺലൈനോട്’ പറയുമ്പോൾ, നാണം ആ മുഖത്ത് തൂനിലവായി പരന്നാഴുകി. വേദനകളുടെ കാർമേഘങ്ങൾ ഒഴിഞ്ഞു പോയ നിമിഷത്തിലെപ്പോഴോ പ്രതീക്ഷയുടെ അമ്പിളിക്കല പോലെ തന്നിലേക്കെത്തിയ ചങ്ങാതിയായിരുന്നു ഫാത്തിമയ്ക്ക് ഫിറോസ്. കണ്ണും ഖൽബും അടുത്ത നിമിഷത്തിലെപ്പോഴോ അവരിൽ പ്രണയം ഇതൾ വിടർന്നു. ആ പ്രണയത്തിന്റെ സാക്ഷാത്കാരമാണ് നിക്കാഹിന്റെ രൂപത്തിൽ പടിവാതിൽക്കലെത്തി നിൽക്കുന്നത്. ഫാത്തിമയുടെ അതിജീവനം ഹൃദയത്തിലേറ്റിയവർ ആശംസയും ആശീർവാദങ്ങളുമായി എത്തുമ്പോൾ പാത്തു പറയുന്നു, ആ പ്രണയം ഇതൾ വിരിഞ്ഞ കഥ.

asla-2

ഖൽബറിഞ്ഞ കൂട്ടുകാരൻ

മനസ് തകർന്ന് വേദനിച്ച്, കഴിച്ചു കൂട്ടിയ ദിവസങ്ങളിൽ സൗഹൃദത്തണലിലേക്ക് ചേർത്തു നിർത്തിയ ചങ്ങാതിയായിരുന്നു എനിക്കവൻ. എന്റെയും അവന്റെയും കോമൺ ഫ്രണ്ട്സിലൂടെയാണ് ഞങ്ങൾ അടുത്തത്. വിധിയാണ് ഞങ്ങളെ ഒരുമിപ്പിച്ചതെന്നു വേണമെങ്കിലും പറയാം. അല്ലെങ്കിൽ തിരുവനന്തപുരത്ത് ഫൈൻ ആർട്സ് കോളജിൽ പഠിപ്പിക്കുന്ന ലക്ഷദ്വീപുകാരൻ ചെക്കനെ എനിക്ക് പടച്ചോൻ തരില്ലല്ലോ.– പ്രണയത്തിനു മുന്നില്‍ ദൂരം അലിഞ്ഞില്ലാതായ കഥ പറഞ്ഞാണ് പാത്തു തുടങ്ങിയത്.

ലോക് ഡൗൺ എനിക്ക് സങ്കടങ്ങളുടേതായിരുന്നു. വല്ലാതെ ഒറ്റപ്പെട്ടു. കൂട്ടുകാരെ കാണാതെ ഏറെ വിഷമിച്ചു. ഞാനെന്റെ വേദനകളെ മറന്നത് സൗഹൃദക്കൂട്ടത്തിനു നടുവിൽ നിന്നാണെന്ന് അറിയാല്ലോ. അതിനേക്കാൾ എല്ലാം ഏറെ, ഒരു ബ്രേക്കപ്പ് എന്നെ വല്ലാതെ തളർത്തിക്കളഞ്ഞു. മറ്റുള്ളവരുടെ മുൻവിധികൾക്ക് ഉത്തരം നൽകാൻ നമ്മുക്ക് എപ്പോഴും കഴിയണമെന്നില്ലല്ലോ? ആ ബന്ധം അതോടെ അവസാനിച്ചു.

ഞാൻ ആർക്കു മുന്നിലും എന്റെ ജീവിതം കാഴ്ച വസ്തുവാക്കി വച്ചിട്ടില്ല. സഹപാതം തേടി പോയിട്ടുമില്ല. ഞാൻ ഡോക്ടർ കുപ്പായം വരെ അണിഞ്ഞത് എന്റെ നിശ്ചയദാർഢ്യത്തിന്റെ കരുത്തിലാണ്. അതിനിടെ ആ പ്രണയബന്ധം എനിക്ക് ഒരിക്കലും മറക്കാനാകാത്ത ട്രോമയായി. പക്ഷേ ഇപ്പോഴും അവനെ ഞാൻ കുറ്റപ്പെടുത്തില്ല. ഒരുപക്ഷേ അവന്റെ വീട്ടുകാരുടെ സമ്മർദ്ദം കൊണ്ടാകാം അങ്ങനെയൊക്കെ സംഭവിച്ചത്. വേദനിപ്പിക്കുന്ന ആ ഭൂതകാലം മറന്ന് ജീവിച്ചു തുടങ്ങിയപ്പോൾ കരുതലായി കൂട്ടുകാരുണ്ടായിരുന്നു. ആ ചങ്ങാതിക്കുട്ടത്തിൽ ഒരാളായിരുന്നു ഫിറൂ. എല്ലാം അറിയുന്ന അവൻ മറ്റാരേക്കാളും എന്നെ മനസിലാക്കി എന്നതാണ് സത്യം. അത് ഞങ്ങളുടെ മനസിനേയും അടുപ്പിച്ചു. – പാത്തു പറയുന്നു.

asla-3

പടച്ചവൻ തന്ന ഗിഫ്റ്റ്

ഫിറൂ എന്നെ ഒരിക്കലും സഹതാപത്തോടെ കണ്ടിരുന്നില്ല. അതുതന്നെയാകും അവന്റെ ഏറ്റവും വലിയ ക്വാളിറ്റി. സൗഹൃദത്തിന്റെ കംഫർട്ട് സോണിലിരുന്ന് പരസ്പരം പറയാതെ തന്നെ ഞങ്ങൾ പ്രണയം തിരിച്ചറിഞ്ഞു. എന്നെ ഇഷ്ടമാണോ എന്ന സിനിമാറ്റിക് ഡയലോഗ് ചോദിക്കും മുമ്പേ മനസു കൊണ്ട് ആയിരംവട്ടം ഇഷ്ടമാണെന്ന് ഞങ്ങള്‍ മനസിലാക്കി. ഞാൻ ജീവിതത്തിൽ ഏറ്റവും ആഗ്രഹിച്ചത് ഫ്രീഡമാണ്. എന്റെ ബോധ്യങ്ങളെ തിരിച്ചറിയുക, അതിന് മനസുണ്ടാകുക എന്നത് തന്നെ വലിയ കാര്യമായിരുന്നു. അത് ഫിറോസിന് ഉണ്ടായി.

മറ്റൊരു സന്തോഷം ഫിറോസിന്റെ വീട്ടുകാരാണ്. അവർ എന്റെ വീൽചെയറിലേക്ക് നോക്കി വിലയിരുത്താനോ മാർക്കിടാനോ വന്നില്ല. രണ്ടു ദിവസം മുൻപ് ഫിറോസ് വീട്ടുകാരുമായെത്തി എല്ലാവരുടേയും ആശീർവാദത്തോടെ എന്റെ കയ്യിൽ മോതിരം അണിയിച്ചു. കോവിഡ് പശ്ചാത്തലത്തിൽ ഫിറുവിന്റെ ഉമ്മയ്ക്ക് വരാൻ കഴിഞ്ഞില്ലെന്നത് മാത്രം സങ്കടമായി. പക്ഷേ ഉമ്മയുടെ വിളിയെത്തിയതോടെ സന്തോഷം ഇരട്ടിയായി. ‘ഇത് ഫിറുവിന്റെ ലൈഫാണ് മോളേ. അവന്റെ ഇഷ്ടം. മോളെ അവന് ഇഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ എനിക്കും നൂറുവട്ടം സമ്മതം. അവന്റെ പെണ്ണ് എനിക്ക് സ്വന്തം മകളാണ്.’– വിഡിയോ കോളിൽ ഫിറുവിന്റെ ഉമ്മ ഇത് പറയുമ്പോൾ ശരിക്കും സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞു.

എന്തായാലും ഇതെനിക്ക് പുതിയൊരു തുടക്കമാണ്. ജീവിതത്തിൽ ‍ഡോക്ടറാകണം എന്നതിനപ്പുറം വേറൊന്നും ഞാൻ ആഗ്രഹിച്ചിരുന്നില്ല. എന്റെ വേദനകൾക്ക് പകരമെന്നോണം പടച്ചവൻ തന്ന ഗിഫ്റ്റാണ് ഫിറു. ജീവിതത്തിലെ വലിയ ഗിഫ്റ്റ്. എല്ലാവരും കൂടെയുണ്ടാകണം, പ്രാർത്ഥിക്കണം.– ഫാത്തിമയുടെ ഖൽബിൽ പ്രണയത്തിന്റെ നറുതേൻ മധുരം.

asla-1