Monday 19 July 2021 04:57 PM IST

'അത്തരം ആനുകൂല്യം എനിക്ക് വേണ്ടച്ഛാ...'; എല്ലു നുറുങ്ങുന്ന വേദനയിലും സ്ക്രൈബിന്റെ സഹായം തേടിയില്ല, ഫുൾ എ പ്ലസ് തിളക്കത്തിൽ ഗൗതമി

Priyadharsini Priya

Senior Content Editor, Vanitha Online

gauthami221

"സ്ക്രൈബിനെ വച്ച് പരീക്ഷയെഴുതുമ്പോൾ മൂല്യനിർണ്ണയം ലിബറൽ ആകും. അത്തരം ആനുകൂല്യം അവൾക്ക് വേണ്ടെന്ന് പറഞ്ഞു. സാധാരണ കുട്ടികളുടെ ഉത്തരക്കടലാസുകൾക്ക് ഒപ്പം എന്റെ പേപ്പറും ഇരിക്കട്ടെ അച്ഛാ എന്നാണ് അവൾ പറഞ്ഞത്. പരീക്ഷയ്ക്കിടെ കൈ നന്നായി വേദനിച്ചു. വേദന കടിച്ചുപിടിച്ചാണ് മോൾ പരീക്ഷയെഴുതിയത്."- ഗൗതമിയുടെ പത്താം ക്ലാസ് വിജയത്തെ കുറിച്ച് പറയുമ്പോൾ അച്ഛൻ കൃഷ്ണകുമാറിന്റെ കണ്ണുകളിൽ അഭിമാന തിളക്കം.   

സ്‌പൈനൽ മസ്കുലർ അട്രോഫി എന്ന ജനിതകരോഗത്തെ വെല്ലുവിളിച്ച് എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയാണ് ആലപ്പുഴ മുതുകുളം സ്വദേശിയായ ഗൗതമിയുടെ മിന്നും വിജയം. എല്ലു നുറുങ്ങുന്ന വേദനയിലും സ്ക്രൈബിനെ വയ്ക്കാതെയായിരുന്നു ഗൗതമി പരീക്ഷയെഴുതിയത്. മകളുടെ വിജയ വഴികളെ കുറിച്ച് അച്ഛൻ കൃഷ്ണകുമാർ വനിതാ ഓൺലൈനുമായി സംസാരിക്കുന്നു.   

ക്ലാസുകൾ മുടക്കില്ല 

എട്ടു മാസം ആയപ്പോൾ തന്നെ മോളുടെ രോഗാവസ്ഥ ഞങ്ങൾ മനസ്സിലായിരുന്നു. ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ അമ്മയാണ് മോളെ സ്‌കൂളിൽ കൊണ്ടുപോകുന്നതും മറ്റു കാര്യങ്ങളെല്ലാം നോക്കുന്നതും. ഓട്ടോറിക്ഷയിൽ കൊണ്ടുപോയി സ്‌പെഷൽ ചെയർ ക്ലാസിലിട്ട് ഇരുത്തിയായിരുന്നു പഠനം. അനാവശ്യമായി ക്ലാസുകൾ മുടക്കാറില്ല. 

ചിലസമയം രോഗം മൂലം റെസ്പിറേറ്ററി പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഈ സമയത്ത് മെഡിക്കൽ കോളജിൽ ഐസിയുവിലായിരിക്കും ചികിത്സ. മിക്കവാറും എല്ലാ വർഷവും 30 -37 ദിവസങ്ങളോളം വണ്ടാനം മെഡിക്കൽ കോളജിലെ ഐസിയുവിൽ ആയിരിക്കും. ആ ദിവസങ്ങളിൽ മാത്രം സ്‌കൂളിൽ പോകില്ല. 

പേശി സംബന്ധിച്ച പ്രശ്നമായതുകൊണ്ട് ചലിക്കാൻ ബുദ്ധിമുട്ടാണ്. കിടന്നുകൊണ്ടാണ് എല്ലാം ചെയ്യാറ്. മോളുടെ എല്ലാ കാര്യങ്ങളും അമ്മ എടുത്തു കൊണ്ടുപോയാണ് ചെയ്യിക്കാറ്. അധികനേരം ഇരിക്കാനൊന്നും പറ്റില്ല. പക്ഷെ, ക്ലാസിലായിരിക്കുമ്പോൾ മോളുടെ ധൈര്യവും ആത്മവിശ്വാസവും കൊണ്ടുമാത്രമാണ് കൂടുതൽ നേരം ഇരിക്കാൻ പറ്റുന്നത്. 

'സ്‌പെഷൽ' ആകേണ്ട...

സ്‌പൈനൽ മസ്കുലർ അട്രോഫിക്കാർക്ക് സ്ക്രൈബാണ് സാധാരണ പരീക്ഷയെഴുതി കൊടുക്കാറ്. പക്ഷെ, മോള് ഒന്നാം ക്ലാസ് മുതൽ സ്വന്തമായി എഴുതി തുടങ്ങി. പത്താം ക്ലാസ് ആയപ്പോൾ ഞങ്ങളും അധ്യാപകരുമൊക്കെ സ്ക്രൈബിനെ വയ്ക്കാൻ നിർബന്ധിച്ചു. ഒരു കാരണവശാലും തനിയെ എഴുതരുത്, കൈയ്ക്ക് വേദനയുണ്ടായി എഴുതാൻ കഴിയാത്ത അവസ്ഥയുണ്ടാകുമെന്ന് അവളെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു. പക്ഷെ, മോൾ സമ്മതിച്ചില്ല പോകുന്നിടത്തോളം പോകട്ടെ എന്ന് പറഞ്ഞു. 

gauthamiiihh66777

സ്ക്രൈബിനെ വച്ച് പരീക്ഷയെഴുതുമ്പോൾ മൂല്യനിർണ്ണയം ലിബറൽ ആകും, സ്‌പെഷൽ കാറ്റഗറിയിലാണ് പേപ്പറുകൾ പോകുക. അത്തരം ആനുകൂല്യം അവൾക്ക് വേണ്ടെന്ന് പറഞ്ഞു. സാധാരണ കുട്ടികളുടെ ഉത്തരക്കടലാസുകൾക്ക് ഒപ്പം എന്റെ പേപ്പറും ഇരിക്കട്ടെ അച്ഛാ എന്നാണ് അവൾ പറഞ്ഞത്. അതുകൊണ്ടാണ് സ്വന്തമായി പരീക്ഷയെഴുതാനുള്ള തീരുമാനം അവളെടുത്തത്.  

രണ്ടര മണിക്കൂറിന്റെ മൂന്നു പരീക്ഷകൾ ഉണ്ട്. അതായിരുന്നു ഞങ്ങളുടെ ടെൻഷൻ. ചലഞ്ച് കൂളായി ഏറ്റെടുത്ത് മോള്‍ പരീക്ഷയെഴുതി. റിസൾട്ട് വന്നപ്പോൾ ഇരട്ടി സന്തോഷം, എല്ലാ വിഷയങ്ങൾക്കും ഫുൾ എ പ്ലസ്. പരീക്ഷ തുടങ്ങി ഒരു മണിക്കൂർ കഴിഞ്ഞപ്പോഴേക്കും കൈ കഴച്ചു വേദനിച്ചുവെന്നും, പരീക്ഷ നിർത്തണം എന്നൊക്കെ തോന്നിപ്പോയെന്നും ഇപ്പോഴാണ് മോൾ പറയുന്നത്. അന്ന് പറഞ്ഞാൽ ഞങ്ങൾക്ക് വിഷമമാകുമെന്ന് കരുതി അവൾ മിണ്ടിയില്ല. വേദന കടിച്ചുപിടിച്ചാണ് മോൾ പരീക്ഷയെഴുതിയതെന്ന് ഞങ്ങൾക്കറിയാം. 

പഠിപ്പിച്ച അധ്യാപകരുടെയും നാട്ടുകാരുടെയും നല്ല വാക്കുകൾ കേൾക്കുമ്പോൾ ഒരച്ഛനെന്ന നിലയ്ക്ക് സന്തോഷവും അഭിമാനവും തോന്നുന്നു. നമ്മളെല്ലാം ചെറിയ ആനുകൂല്യത്തിന് വേണ്ടി നെട്ടോട്ടമോടുമ്പോൾ ആനുകൂല്യം അവിടെ നിൽക്കട്ടെ എന്ന് പറഞ്ഞ് പരീക്ഷയെഴുതിയ ആളാണ് ഗൗതമി.  

ഓൺലൈൻ ക്ലാസാണ് ബലം

ട്യൂഷന് പോലും പോകാതെ കൈറ്റ് വിക്ടേഴ്സ് ചാനൽ പൂർണ്ണമായും പ്രയോജനപ്പെടുത്തിയാണ് ഗൗതമി പത്താം ക്ലാസ് പരീക്ഷയ്ക്ക് തയാറെടുത്തത്. ഓൺലൈൻ ക്ലാസാണ് അവളുടെ ബലം. വിക്ടേഴ്സ് ചാനലിലെ എല്ലാ ക്ലാസുകളും മുടങ്ങാതെ ഒന്നും രണ്ടും തവണ കണ്ടയാൾ ഗൗതമി ആയിരിക്കും. 

കൈറ്റ് വിക്ടേഴ്സ് ചാനലിൽ ക്ലാസ് എടുക്കുന്ന അധ്യാപകരുടെ നമ്പർ സംഘടിപ്പിച്ച് അവരുമായിട്ട് നേരിട്ടാണ് മോൾ സംശയനിവാരണം നടത്തിയത്. ഗൗതമിയുടെ വിജയത്തിൽ ഒപ്പം നിന്ന മുതുകുളം സമാജം ഹൈസ്‌കൂളിലെ അധ്യാപകരോട് ഞങ്ങൾക്ക് പ്രത്യേകം നന്ദിയുണ്ട്. പഠിച്ച സ്കൂളിൽ തന്നെ പ്ലസ് ടുവിന് അഡ്മിഷൻ നേടണമെന്നാണ് ഗൗതമിയുടെ ആഗ്രഹം. അക്കൗണ്ടിങ് ആണ് ഇഷ്ടമേഖല. 

ആലപ്പുഴ പത്തിയൂർ തൂണേത്ത് സർക്കാർ എൽപി സ്‌കൂളിൽ അധ്യാപകനാണ് ഗൗതമിയുടെ അച്ഛൻ കൃഷ്ണകുമാർ. അമ്മ ശ്രീകല ഫാർമസിസ്റ്റാണ്. സഹോദരി കൃഷ്ണഗാഥ നാലാം ക്ലാസിൽ പഠിക്കുന്നു. 

gauthamiii777777
Tags:
  • Spotlight
  • Motivational Story