Saturday 23 May 2020 04:55 PM IST : By സ്വന്തം ലേഖകൻ

വീട്ടിൽ തന്നെ ശുദ്ധീകരിക്കാം പഴങ്ങളും പച്ചക്കറികളും പായ്ക്ക് ചെയ്ത ഭക്ഷണവും; അറിയേണ്ടതെല്ലാം...

food-sanitizeeeww

കൊറോണ വൈറസിനെ ഭയന്ന് പുറത്തുനിന്നും കൈമാറി കിട്ടുന്ന വസ്തുക്കളിൽ സ്പർശിക്കാനും ഉപയോഗിക്കാനും മടിക്കുകയാണ് പലരും. പഴങ്ങളും പച്ചക്കറികളും പാൽ പാക്കറ്റും ഉൾപ്പെടെ ദൈനംദിന ജീവിതത്തിൽ ഉപയോഗിക്കുന്ന അവശ്യവസ്തുക്കൾ പോലും കൈകൊണ്ടു തൊടാൻ പലർക്കും പേടിയാണ്. ഓർഡർ ചെയ്തു കിട്ടുന്ന വേവിച്ച ഭക്ഷണം കൈകാര്യം ചെയ്യുന്നതും ആശങ്കയുണ്ടാക്കുന്നു. വീട്ടിൽ എത്തുന്ന ഭക്ഷ്യവസ്തുക്കൾ എങ്ങനെ ശുദ്ധീകരിക്കാമെന്ന് താഴെ പറയുന്നു. 

പച്ചക്കറികളിലും പഴങ്ങളിലും സാനിറ്റൈസർ വേണ്ടേ വേണ്ട!

കൊറോണ വൈറസ് പഴങ്ങളിലും പച്ചക്കറികളിലും 6-8 മണിക്കൂർ തുടരാൻ സാധ്യതയുണ്ട്. ചൂടിൽ വൈറസിന്റെ ആയുസ്സ് നാല് മണിക്കൂറിൽ താഴെയായിരിക്കും. പച്ചക്കറികൾ വാങ്ങുമ്പോൾ അത് പാക്കറ്റിനുള്ളിൽ തന്നെ നാല് മണിക്കൂർ പുറത്ത് സൂക്ഷിക്കണം. പിന്നീട് പാക്കറ്റിൽ നിന്നെടുത്ത് ചെറുചൂടുള്ള വെള്ളത്തിൽ ഇടുക അല്ലെങ്കിൽ ചൂടുവെള്ളവും ബേക്കിങ് സോഡയും ഉപയോഗിച്ച് കഴുകി എടുക്കാം.

പച്ചക്കറികളിലും പഴങ്ങളിലും സാനിറ്റൈസർ ഉപയോഗിക്കുന്നത് നല്ലതല്ല. അതിൽ രാസവസ്തുക്കൾ അടങ്ങിയിട്ടുള്ളതിനാൽ അവ ആരോഗ്യത്തിന് ദോഷകരമാണ്. മാത്രമല്ല, പച്ചക്കറികളിലും പഴങ്ങളിലും സാനിറ്റൈസർ ഉപയോഗിച്ച് വൈറസിനെ കൊല്ലാൻ കഴിയുമെന്നതിന് തെളിവുകളൊന്നുമില്ല. നമ്മുടെ കൈകൾ, ശരീരം, ലോഹം അല്ലെങ്കിൽ ഉരുക്ക് പ്രതലങ്ങളിൽ മാത്രം സാനിറ്റൈസറുകൾ ഉപയോഗപ്രദമാണ്. 

പച്ചക്കറികളും പഴങ്ങളും അണുവിമുക്തമാക്കാൻ ചൂടുവെള്ളം ഉപയോഗിച്ചാൽ മതി. അല്ലെങ്കിൽ കെ‌എം‌എൻ‌ഒ 4 അല്ലെങ്കിൽ പൊട്ടാസ്യം പെർമാങ്കനെയ്റ്റിന്റെ ഒരു തുള്ളി ചെറുചൂടുള്ള വെള്ളത്തിൽ ചേർത്തി അതിൽ ഭക്ഷ്യവസ്തുക്കൾ മുക്കി എടുക്കാം. ബേക്കിങ് സോഡ ചെറുചൂടുള്ള വെള്ളത്തിൽ ഉപയോഗിക്കാം. ഇങ്ങനെ ചെയ്യുമ്പോൾ മാസ്ക് ധരിക്കുക. വെള്ളത്തിൽ കഴുകാൻ പറ്റാത്ത വാഴപ്പഴം, ഉള്ളി തുടങ്ങിയ ഇനങ്ങൾ ചൂട് നേരിട്ട് എത്താത്ത അടച്ചുറപ്പുള്ള സ്ഥലത്ത് സൂക്ഷിക്കണം. ഇങ്ങനെ 3-4 മണിക്കൂർ പുറത്ത് സൂക്ഷിക്കണം. ഇങ്ങനെ അണുവിമുക്തമാക്കുന്ന പച്ചക്കറികളും പഴങ്ങളും ഉടനടി വേവിക്കുകയോ കഴിക്കുകയോ ചെയ്യരുത്.

ചീസ്, പാൽ എന്നിവ നാലു മണിക്കൂർ പുറത്ത്... 

ചീസും പാലും പായ്ക്ക് ചെയ്തിട്ടുണ്ടെങ്കിൽ പാക്കറ്റ് സോപ്പ് വെള്ളത്തിൽ കഴുകുകയും ശേഷം ഉടൻതന്നെ നീക്കം ചെയ്യുകയും വേണം. ഈ പാക്കറ്റുകൾ തുറന്ന ഡസ്റ്റ്ബിന്നിൽ കളയരുത്. ആളുകൾ നേരിട്ട് എത്തിപ്പെടാത്ത സ്ഥലങ്ങളിൽ ഉപേക്ഷിക്കണം. പ്ലാസ്റ്റിക്, മെറ്റൽ അല്ലെങ്കിൽ കോൾഡ് ഡ്രിങ്ക് ക്യാനുകളിലെ ഇനങ്ങളുടെ കാര്യത്തിൽ, വൈറസ് 24 മുതൽ 48 മണിക്കൂർ വരെ നിലനിൽക്കും. അതുകൊണ്ടു ഇവ ഫ്രിഡ്ജിൽ സൂക്ഷിക്കരുത്. മുറിയിലെ സാധാരണ താപനിലയിൽ സൂക്ഷിക്കുക.

വേവിച്ച ഭക്ഷണം സുരക്ഷിതം  

ഉയർന്ന താപനിലയിൽ ചൂടാക്കിയതിനാൽ പുറത്തുനിന്ന് കിട്ടുന്ന വേവിച്ച ഭക്ഷണം സുരക്ഷിതമാണ്. ഇതിൽ വൈറസ് നിലനിൽക്കില്ല. പക്ഷേ, ഇവ കൈകാര്യം ചെയ്യുന്ന രീതി ആശങ്കയുണ്ടാക്കുന്നു. പായ്ക്കിങ്, വിതരണം എന്നിവയിൽ നിരവധി തവണ ഭക്ഷണം കൈമാറ്റം ചെയ്യപ്പെടുന്നു. പരമാവധി പുറത്തുനിന്നുള്ള പാകം ചെയ്ത ഭക്ഷണം ഒഴിവാക്കണം. ഇനി ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളുണ്ടെങ്കിൽ, ഭക്ഷണ പാക്കറ്റ് ഉടനടി ഉപേക്ഷിക്കുന്നുവെന്ന് ഉറപ്പാക്കണം. 

Tags:
  • Spotlight