Thursday 20 September 2018 05:41 PM IST

‘പാടിയുറക്കാൻ എന്താണ് അമ്മ വരാത്തത്?’; ശ്രുതിയും താളവും നഷ്ടപ്പെട്ട വീട്ടിൽ നെടുവീർപ്പുകളും കണ്ണീരും മാത്രം!

V R Jyothish

Chief Sub Editor

F ഫോട്ടോ: സുനിൽ ആലുവ

ണ്ണാം തുമ്പീ പോരാമോ....

എന്നോടിഷ്ടം കൂടാമോ?

നിന്നെക്കൂടാതില്ലല്ലോ?

ഇന്നെന്നുള്ളിൽ പൂക്കാലം.......’

മഞ്ജുഷ, മകൾ ദേവൂട്ടിക്കു വേണ്ടി ആ പാട്ട് പാടുമായിരുന്നു. അതു കേട്ടാലേ അവൾ കുഞ്ഞുറക്കത്തിലേക്ക് വീഴുമായിരുന്നുള്ളു. അന്നു പക്ഷേ, ആ പാട്ടു പാടാൻ മഞ്ജുഷ വന്നില്ല. പകരം മഞ്ജുഷയുടെ അമ്മ ആനന്ദവല്ലി ശ്രുതിയും താളവുമൊപ്പിച്ച് അതേ പാട്ടു പാടിക്കൊടുത്തു. എന്നിട്ടും ദേവൂട്ടി ഉറങ്ങിയില്ല. രാത്രി മുഴുവൻ കരഞ്ഞു െകാണ്ടിരുന്നു.

പിന്നീടിങ്ങോട്ട് പത്തു പതിനഞ്ചു രാത്രികളിലായി ആനന്ദവല്ലി ആ പാട്ടു പാടി. പതിവു പോലെ േദവൂട്ടി കരയുകയും കരഞ്ഞു കരഞ്ഞു തളര്‍ന്ന് ഉറങ്ങുകയും െചയ്തു. തിരിച്ചറിവില്ലാത്ത ഏതോ യാഥാർഥ്യങ്ങൾ അവളും മനസ്സിലാക്കി െകാണ്ടിരുന്നു. ഇടയ്ക്കൊക്കെ വാശിയെടുക്കാതെ കാണുന്നവരോടൊക്കെ കുഞ്ഞിക്കണ്ണുകള്‍ െകാണ്ട് അവള്‍ ചോദിക്കുന്നുണ്ട്, ‘പാടിയുറക്കാൻ എന്താണ് അമ്മ വരാത്തത്...’ എന്ന്.

നൃത്തം നിലച്ചു പോയ അരങ്ങു പോലെ വളയൻചിറങ്ങരയിലെ വിമ്മല നാലുകെട്ട് എന്ന വീട്. ശ്രുതിയും താളവും ചിലങ്കയുടെ ചിരിയും ഇല്ലാതെ നെടുവീർപ്പുകളും കണ്ണീരും മാത്രം. ഇടയ്ക്കിടയ്ക്ക് ദേവൂട്ടിയുടെ ഒച്ച ഉയരും. വരുന്നവരോടൊക്കെ ചിരിച്ചും അവരോടൊക്കെ കൈവീശിയും അവർക്കൊക്കെ ഉമ്മ കൊടുത്തും അവളൊരു നൊമ്പരക്കാഴ്ചയാകുന്നു.

SUN_1672 ഫോട്ടോ: സുനിൽ ആലുവ

പാട്ടുകാരിയായും നർത്തകിയായും ഒരേ സമയം മലയാളികളുടെ മനസ്സിൽ കൂട്ടുകൂടിയ മഞ്ജുഷയുടെ നിഷ്കളങ്കമായ ചിരി ഇന്ന് നൊമ്പരമുയർത്തുന്ന ഒരോർമയാണ്. കലാകാരൻമാരുടെ നാടായ വിളയൻചിറങ്ങരയെന്ന ഗ്രാമത്തിൽ നിന്നു മലയാളികളുടെ മനസ്സിലേക്ക് ഇറങ്ങിവന്നവൾ. എത്രയും വേണ്ടപ്പെട്ടവർക്ക് ശ്രീക്കുട്ടിയായിരുന്നു മഞ്ജുഷ. അതുകൊണ്ടുതന്നെ ശ്രീക്കുട്ടിയുടെ വേർപാട് അവർക്ക് ഇനിയും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടുമില്ല.

റിയാലിറ്റി ഷോയിലൂടെ മലയാളി മനസ്സിൽ ഇടം പിടിച്ച മുഖമായിരുന്നു മഞ്ജുഷ മോഹൻദാസ്. മ്യൂസിക്കൽ റിയാലിറ്റി ഷോകളുടെ നല്ല കാലത്ത് വീടുകളിൽ വിരുന്നിനെത്തിയ പെ ൺകുട്ടി. ആദ്യ സംഗീത മത്സരത്തിൽ പാടി പത്താമതെത്തിയ കൊച്ചുമിടുക്കി മാത്രമായിരുന്നില്ല മഞ്ജുഷ. മൂന്നര വയസു മുതൽ താനൊരു കലാകാരിയാണെന്ന് മാതാപിതാക്കളെ ബോധ്യപ്പെടുത്തിയ പ്രതിഭ. കലയുടെ വലിയ ഉയരങ്ങൾ കീഴടക്കാനിരുന്ന, ഇന്ത്യയിലെ എണ്ണപ്പെട്ട നർത്തകിമാരിൽ ഒരാളാകാൻ ആഗ്രഹിച്ച കലാകാരി. വിധി പക്ഷേ, ചെയ്തത് മറ്റൊന്നായിരുന്നു; അപകടത്തിന്റെ രൂപത്തിൽ ആ ഗാനം നിലച്ചു. ആ ജീവിതനൃത്തത്തിന് തിരശീലയിട്ടു.

ബാലതാരമായി തുടക്കം

മഞ്ജുഷയുടെ മുഖം മലയാളികൾ ആദ്യം കണ്ടത് സിനിമയിലൂടെയാണ്. കലാഭവൻ മണി നായകനായ ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ എന്ന സിനിമയിൽ പ്രവീണയുടെ ബാല്യകാലം അഭിനയിച്ചായിരുന്നു അരങ്ങേറ്റം. പിന്നീട് ചില പരസ്യചിത്രങ്ങളിലും അഭിനയിച്ചു.

അതിനു ശേഷമായിരുന്നു റിയാലിറ്റി ഷോയിലെത്തിയത്. വ്യത്യസ്തമായ ആലാപനശൈലി കൊണ്ട് അന്ന് എല്ലാവരുടേയും ശ്രദ്ധ പിടിച്ചുപറ്റി. ദൂരദർശൻ സംപ്രേഷണം ചെയ്ത ‘കാട്ടിലെ കണ്ണൻ’ എന്ന പരമ്പരയിൽ മുപ്പത്തിരണ്ടു പാട്ടുകൾ പാടിയതും അന്ന് ആറാം ക്ലാസ് വിദ്യാർഥിയായിരുന്ന മഞ്ജുഷയായിരുന്നു. അങ്ങനെ സ്വരവും ലയവും താളവും കുഞ്ഞുനാളിേല അനുഗ്രഹിച്ച കലാകാരിയായി മഞ്ജുഷ.

ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോള്‍ തന്നെ മഞ്ജുഷ നൃത്തച്ചുവടുകള്‍ പറഞ്ഞു െകാടുക്കുന്ന ഗുരുനാഥയുമായി. ലാസ്യ സ്കൂൾ ഓഫ് ഡാൻസ് ആൻഡ് മ്യൂസിക് എന്നു പേരുമിട്ടു. വീടിന്റെ മുറ്റത്തായിരുന്നു ആദ്യം ക്ലാസുകൾ. സ്കൂളിലെ സഹപാഠികളും അധ്യാപകരുടെ മക്കളുമൊക്കെയായിരുന്നു ശിഷ്യഗണങ്ങൾ. ആ ഡാൻസ് ടീച്ചറെ പലരും തമാശയായി കണ്ടെങ്കിലും ക്രമേണ അവർക്ക് മഞ്ജുഷയെന്ന കലാകാരിയെ അംഗീകരിക്കേണ്ടി വന്നു. വളയൻചിറങ്ങര ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് പ്ലസ് ടു കഴി‍ഞ്ഞ് പുറത്തിറങ്ങുമ്പോഴേക്കും നർത്തകിയെന്ന പേരെടുത്തിരുന്നു മഞ്ജുഷ.

പിന്നീട് സ്വദേശത്തും വിദേശത്തുമായി എത്രയോ വേദിക ൾ. എന്നാൽ പഠനത്തിനായിരുന്നു എന്നും പ്രാധാന്യം. കാലടി ശ്രീ ശങ്കര യൂണിവേഴ്സിറ്റിയിലെ എം. എ വിദ്യാർത്ഥിനിയായിരുന്നു അപകടത്തിൽപ്പെടുമ്പോൾ. മൂന്നാം സെമസ്റ്ററിന്റെ പേപ്പറുകളുമായി രാവിലെ അധ്യാപകരെ കാണാൻ സുഹൃത്ത് അഞ്ജനയുമായി ഇരുചക്രവാഹനത്തിൽ പോകുമ്പോഴാണ് മിനിലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടം.

‘‘കാറിലായിരുന്നു എന്നും യാത്ര. അന്നു പക്ഷേ നേരത്തെ എത്താൻ ഇരുചക്രവാഹനം തിരഞ്ഞെടുത്തു. അതു പക്ഷേ അവസാനത്തെ യാത്രയായി. ആരോടും, എന്നോടു പോലും ഒന്നും പറയാതെ അവള്‍ പോയി..’ ജീവന്റെ പകുതിയായ പ്രിയദർശന്‍റെ ഒാര്‍മകളില്‍ പോലും കണ്ണീരിന്‍റെ നനവ്. മകള്‍ ദേവൂട്ടി െെകവലയത്തിലിരുന്ന് െവറുെത ചിണുങ്ങി.

വിവാഹമുറപ്പിക്കും മുമ്പ് പ്രിയദർശനോട് മഞ്ജുഷ ഒരുകാര്യമേ ആവശ്യപ്പെട്ടുള്ളു. നൃത്തവും പാട്ടും ഉപേക്ഷിക്കാൻ പറയരുത്. കലാപാരമ്പര്യമുള്ള കുടുംബത്തിൽ നിന്നു വന്ന പ്രിയദർശന് അതിൽ സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. പ്രണയവിവാഹമായിരുന്നില്ല, അവിചാരിതമായി കണ്ടുമുട്ടി. പിന്നെ വീട്ടുകാർ തമ്മിൽ ആലോചിച്ച് ഉറപ്പിക്കുകയായിരുന്നു. വിവാഹശേഷം മഞ്ജുഷയുടെ ഉപദേശകനും വിമര്‍ശകനും പ്രിയപ്പെട്ട ആസ്വാദകനും എല്ലാം പ്രിയദർശനായിരുന്നു. പഠനകാര്യങ്ങളിലും ശ്രദ്ധിച്ചിരുന്നു.

‘‘നൃത്തത്തെക്കുറിച്ചു കൂടുതല്‍ പഠിക്കണം, മുപ്പതു വയസ്സിനു മുൻപ് നൃത്തത്തിൽ ഡോക്ടറേറ്റ് എടുക്കണം. അതിനുശേഷം നമുക്ക് ജീവിച്ചു തുടങ്ങാം..’ എന്നു ഞാന്‍ അവളോടു പറയുമായിരുന്നു.’’ പ്രിയദർശന്‍ ഒാര്‍ക്കുന്നു. ‘‘പക്ഷേ, ഒന്നിനും നിന്നില്ല. ജീവിക്കാനും ഡോക്ടറേറ്റ് എടുക്കാനും ഒന്നിനും.... ലോകമറിയുന്ന നര്‍ത്തകിയാക്കണം എന്ന മോഹവും ആരോടും പറയാതെ മനസ്സില്‍ സൂക്ഷിച്ചിരുന്നു...’’

കലാകാരന്മാരുെടയും മേളത്തിന്‍റെയും നാടായ മട്ടന്നൂര്‍ ആണ് പ്രിയദർശന്‍റെ വീട്. ഗൾഫിൽ എൻജിനീയറായി ജോലി ചെയ്യുന്നു.

ഈ വീടും പരിസരവും എപ്പോഴും ചിലങ്കയുടെ ചിരികളാ ൽ സമൃദ്ധമായിരുന്നു. നൃത്തം അഭ്യസിക്കാന്‍ എത്തിയിരുന്നത് ഇരുനൂറോളം കുട്ടികൾ. അവരുടെ ചിലങ്കകൾ തീർത്തിരുന്ന താളപ്പെരുക്കം ഇവിടം കലാമണ്ഡലം പോലെയാക്കി. ‘‘വിജയദശമിക്ക് സ്കൂളിന് വേറൊരു ബ്രാഞ്ചു കൂടി തുടങ്ങണമെന്നായിരുന്നു മറ്റൊരു മോഹം. അതിനുവേണ്ടിയുള്ള തയാറെടുപ്പുകളും അവള്‍ തന്നെ നടത്തി. കൂട്ടത്തിലുള്ള ഒന്നുരണ്ടു പേർക്ക് ഉപജീവനമാർഗവുമാകുമല്ലോ എന്നും ഇടയ്ക്കു പറഞ്ഞു. എല്ലാ പ്രതീക്ഷകളും പോയി...’ പ്രിയദര്‍ശന്‍ പറയുന്നു.

‘വല്ല അപകടവും സംഭവിച്ച് എന്റെ ൈകയോ കാലോ ഒടിഞ്ഞാൽ‌ പിന്നെ ഞാനെങ്ങനെ ജീവിക്കും. ഡാൻസ് ചെയ്യാനോ പാട്ടു പാടാനോ കഴിയാതെ വന്നാൽ പിന്നെ ജീവിച്ചിരിക്കില്ല കേട്ടോ’ എന്നു തമാശയ്ക്കാെണങ്കിലും അവൾ കൂടെക്കൂടെ പറയുമായിരുന്നു.’’ സഹോദരൻ മിഥുൻ മോഹൻദാസ് കണ്ണീരോടെ ഒാര്‍ക്കുന്നു. കാനഡയിൽ വിദ്യാർഥിയാണു മിഥുൻ.

ചിലങ്ക കെട്ടിയ സ്വപ്നങ്ങൾ

ചിലങ്ക കെട്ടി ചുവടു വയ്ക്കുന്ന ചേച്ചിമാർ. അവർക്കൊപ്പം നൃത്തം െചയ്യുന്ന അമ്മ. ഇടയ്ക്കിടയ്ക്ക് അമ്മ നൽകുന്ന ചിരി. ദേവൂട്ടിയുെട കണ്ണുകൾ പരതുന്നത് ഈ ഒരു കാഴ്ച കൂടിയായിരിക്കണം.

B

‘ആഹാരം കൊടുത്താൽ പോലും കഴിക്കാൻ അവൾ വിസമ്മതിക്കും. ഞങ്ങൾ പിന്നെ പ്രയാസപ്പെട്ടാണ് എടുത്തു കൊണ്ടുവരുന്നത്.’ ദേവൂട്ടിയെ മടിയിലിരുത്തി മഞ്ജുഷയുടെ അ ച്ഛൻ മോഹൻദാസ് വിങ്ങിപ്പൊട്ടുന്നു. പുറത്ത് ആഞ്ഞുവീശുന്ന പ്രളയം പോലെ ഈ വീട്ടിലുള്ളവരുടെ ഹൃദയങ്ങളിലും പ്രളയമാണ്. കണ്ണീരിന്റെ തോരാത്ത പ്രളയം.

ലാസ്യ നൃത്ത വിദ്യാലയത്തിന്റെ പത്താം വാർഷികം ഏ താനും മാസം മുൻപ് വിപുലമായ രീതിയിലാണ് മഞ്ജുഷ ആഘോഷിച്ചത്. ‘‘അതൊരു കുടുംബസംഗമം പോലെയായിരുന്നു.’’ സംഗീത സംവിധായകൻ ശരത്തിന്റെ വാക്കുകൾ. ‘‘തനിക്കു പ്രിയപ്പെട്ടവരെയൊക്കെ മഞ്ജുഷ അന്നു വീട്ടിലേക്കു വിളിച്ചു. എല്ലാവരും വന്നു. അതെന്തോ കരുതിക്കൂട്ടി ചെയ്തതുപോലെ തോന്നുന്നു.’’

ശ്രീശങ്കര യൂണിവേഴ്സിറ്റിയിലെ അധ്യാപകനും കലാഭവ ൻ മണിയുടെ സഹോദരനുമായ ആർ. എൽ. വി. രാമകൃഷ്ണനും പറയാനുണ്ട് മഞ്ജുഷയെക്കുറിച്ച്; ‘നല്ല വിദ്യാർഥികളെ കിട്ടുന്നത് അധ്യാപകരെ സംബന്ധിച്ചിടത്തോളം ഭാഗ്യമാണ്. ആ രീതിയിൽ എനിക്കു കിട്ടിയ ഭാഗ്യമായിരുന്നു മഞ്ജുഷ. ചേട്ടനോടുള്ള സൗഹൃദവും ആദരവും സ്നേഹവും അവൾ എന്നോടും കാണിച്ചിരുന്നു. ആദ്യ സിനിമയിൽ ബാലതാരമായി വന്നതു മുതൽ േചട്ടനുമായി തുടങ്ങിയ സൗഹൃദമാണ്. അത് ചേട്ടന്റെ മരണം വരെ തുടർന്നു. അപകടത്തിന് ഒരു ദിവസം മുൻപ് കണ്ടപ്പോൾ ഞങ്ങള്‍ സംസാരിച്ചത് മുഴുവനും നൃത്ത പരിപാടിയെക്കുറിച്ചായിരുന്നു. അത്രക്കിഷ്ടമായിരുന്നു ആ കുട്ടിക്ക് കലയുെട ലോകം.’’

ജോലി കൊടുത്തു സജനെ പറ്റിച്ചു, 21 മാസമായി ശമ്പളം പൂജ്യം! നീന്തൽകുളത്തിലെ മലയാളി വിസ്മയത്തോട് കേരള സർക്കാർ ചെയ്ത വഞ്ചന ഇങ്ങനെ

സൗഹൃദങ്ങളായിരുന്നു മഞ്ജുഷയുെട ശക്തി. നിഷ്കളങ്കമായ ചിരി കൊണ്ട് ആരെയും ഒപ്പം കൂട്ടാൻ അവൾക്ക് കഴിഞ്ഞു. വിങ്ങുന്ന മനസുമായി നൂറു കണക്കിന് സുഹൃത്തുക്കൾ ഇപ്പോഴും വിളിക്കുന്നുണ്ട് ഈ വീട്ടിലേക്ക്.

സിനിമയിൽ ധാരാളം അവസരങ്ങളുണ്ടായിരുന്നു മഞ്ജുഷയ്ക്ക്. എന്നാൽ പാട്ടും നൃത്തവും കുടുംബവും വിട്ട് മറ്റൊന്നിനുമില്ലെന്ന തീരുമാനമെടുത്തത് മഞ്ജുഷ തന്നെയായിരുന്നു. എന്നും രാവിലെ ഒരു മണിക്കൂർ സാധകം ചെയ്യും. എത്ര തിരക്കിനിടയിലും അത് മുടക്കില്ല. കഴിഞ്ഞ കുറച്ചു നാളായി അമ്മയുടെ പാട്ടു കേൾക്കാൻ മകളും ഉണർന്നു വരും. താളം പിടിച്ച് പാട്ടു “കേട്ടിരിക്കും. ഇപ്പോൾ മൗനം പാട്ടു പാടുന്ന ആ വീട്ടിൽ ദേവൂട്ടി അന്വേഷിക്കുന്നത് അമ്മ പാടാൻ വരാത്തത് എന്തു കൊണ്ടെന്നാണ്?

തകർന്ന മനസ്സോടെയിരിക്കുമ്പോഴും ദേവൂട്ടിയെന്ന ചിലങ്കയാണ് പ്രിയദർശന്റെ ഇനിയുള്ള സ്വപ്നം. ‘‘ഇവളെ നല്ലൊരു നർത്തകിയായി വളർത്തും. അമ്മയുടെ ആഗ്രഹങ്ങൾ ഇവൾ പൂർത്തീകരിക്കും. ഇനിയുള്ള എന്റെ ജീവിതം അതിനുവേണ്ടിയായിരിക്കും.’’ പ്രിയദർശൻ പറയുന്നു.

അപകടത്തെത്തുടര്‍ന്ന് ആശുപ്രതിയിലായ മഞ്ജുഷയുെട അവസാന നിമിഷങ്ങൾക്കു സാക്ഷികളായവർ ആ രംഗം ഒരിക്കിലും മറക്കില്ല.

നൂറു കണക്കിന് അരങ്ങുകളിൽ മഞ്ജുഷ അണിഞ്ഞ ചിലങ്കകൾ മഞ്ജുഷയുടെ കൈകളിൽ നിന്ന് ദേവൂട്ടി ഏറ്റു വാങ്ങി. ചിലങ്ക ൈകമാറിയ മഞ്ജുഷയോ ഏറ്റുവാങ്ങിയ ദേവൂട്ടിയോ ഒന്നും അറിഞ്ഞില്ല. എങ്കിലും ആ ചടങ്ങ് കണ്ടു നിന്നവരുെട കണ്ണു നനച്ചു.

‘‘ആ ചിലങ്കയുടെ നാദം ഒരിക്കലും നിലയ്ക്കാൻ പാടില്ല. ദേവൂട്ടിയിലൂെട ഇത് വീണ്ടും അരങ്ങിലെത്തണം.’’ ഒരു ശപഥം പോലെ പ്രിയദർശൻ പറയുന്നു. ‘അമ്മേ...’ എന്ന് അവ്യക്തമായി വിളിച്ച് ദേവൂട്ടി ആ പ്രതിജ്ഞ ഏറ്റു ചൊല്ലുന്നു...

‘ഇതാരപ്പാ ചിട്ടി റോബോട്ടോ?’; കാൽക്കുലേറ്ററിൽ കവിതയെഴുതിയ കണക്കപ്പിള്ള ഇവിടെയുണ്ട്–വിഡിയോ